ഉരുൾദുരന്തം ജീവനും ജീവിതവും കവർന്നെടുത്ത വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തബാധിതരെ കേന്ദ്രസർക്കാർ പൂർണമായും കൈയൊഴിഞ്ഞിരിക്കുകയാണ്. ദുരന്തത്തിൽ ഉയിരു മാത്രം ബാക്കിയായ ആയിരക്കണക്കിന് ആളുകളുടെ അവസാന ജീവിതപ്രതീക്ഷകളെയും നിറംകെടുത്തിക്കൊണ്ട്, നിർലജ്ജം മോദിസർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു: ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായാഭ്യർഥന തള്ളിയതിനു പുറമെ, സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായ കെ.വി. തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് കഴിഞ്ഞദിവസം കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ കരണംമറിച്ചിൽ. തെളിച്ചു പറഞ്ഞാൽ, നേരത്തേ പലരും സംശയിച്ചതുപോലെ വയനാട് ദുരന്തബാധിതർ അക്ഷരാർഥത്തിൽതന്നെ വഞ്ചിക്കപ്പെട്ടു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രതിപക്ഷ സംസ്ഥാനങ്ങൾക്കു നേരെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം തുടരുന്ന മോദി സർക്കാറിന്റെ ഈ സമീപനം വിഷയത്തെ കൂടുതൽ സങ്കീർണമാക്കുമെന്നുറപ്പാണ്. കേന്ദ്രസഹായത്തിന്റെ അഭാവത്തിൽ, വയനാട്ടിൽ പ്രഖ്യാപിക്കപ്പെട്ട ടൗൺഷിപ് ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാകും. ആഗസ്റ്റ് പത്തിന് വയനാട് സന്ദർശിച്ച നരേന്ദ്ര മോദി പ്രഖ്യാപിച്ചത്, പണത്തിന്റെ അഭാവം പുനരധിവാസത്തെ ഒരിക്കലും തടസ്സപ്പെടുത്തില്ലെന്നായിരുന്നു. ആ ഉറപ്പാണിപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ ‘കൊടും ചതി’ എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല.
മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തത്തെ അതിതീവ്ര പ്രകൃതിവിനാശമായും ദേശീയ ദുരന്തമായും പ്രഖ്യാപിക്കണമെന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമായിരുന്നു. പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്; സംസ്ഥാന സർക്കാറും ഇതേ നിലപാട് പലകുറി ആവർത്തിച്ചു. മറ്റൊന്ന്, കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തെ സംബന്ധിച്ചായിരുന്നു. ഇതിനായി വിശദമായ മെമ്മോറാണ്ടവും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, കേരളത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും നാഷനൽ സീസ്മോളജിക്കൽ സെന്ററിന്റെയും കേന്ദ്രങ്ങൾ തുടങ്ങുക, കാലാവസ്ഥാ നിരീക്ഷണത്തിന് അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽവെച്ചു. ഇതിൽ ആദ്യത്തെ രണ്ട് ആവശ്യങ്ങളുമിപ്പോൾ തള്ളിയിരിക്കുന്നത് സാങ്കേതിക ന്യായങ്ങൾ നിരത്തിയാണ്. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽ ഒരു പ്രകൃതിദുരന്തത്തെ ‘ദേശീയ ദുരന്ത’മായി പ്രഖ്യാപിക്കാൻ വകുപ്പില്ലത്രെ. മാത്രവുമല്ല, പ്രസ്തുത നിയമപ്രകാരം ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നുമാണ് കേന്ദ്രം പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള തുക ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് (എസ്.ഡി.ആർ.എഫ്) ഉപയോഗിക്കേണ്ടതെന്നും ഇപ്പോൾതന്നെ അതിൽ 394.99 കോടി രൂപ ഉണ്ടെന്നുമാണ് കേന്ദ്രത്തിന്റെ മറ്റൊരു ന്യായം. നോക്കൂ, എത്ര സമർഥമായാണ് മോദിസർക്കാർ ഈ വിഷയം സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടുന്നതെന്ന്! ഒരു പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത് യഥാർഥത്തിൽ സാങ്കേതികതയുടെ പുറത്തല്ല; മറിച്ച്, അതിന്റെ തീവ്രത രാജ്യത്തെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്താൻവേണ്ടിയാണ്. ദുരന്തമേഖലയും അവിടെയുള്ള അതിജീവിതരും കൂടുതൽ സഹായവും ശ്രദ്ധയും അർഹിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. അക്കാര്യത്തിൽ നിഷേധാത്മക സമീപനം സ്വീകരിച്ച കേന്ദ്രമിപ്പോൾ അർഹമായ സാമ്പത്തിക സഹായത്തിനുപോലും തയാറല്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം പോക്കറ്റിൽ വല്ലതും അവശേഷിക്കുന്നുണ്ടെങ്കിൽ അതെടുത്ത് ചെലവഴിക്കൂ എന്ന അത്യന്തം ധാർഷ്ട്യം കലർന്ന പ്രസ്താവനയാണ് കേന്ദ്രത്തിന്റേത്. ദുരന്തനിവാരണ നിയമപ്രകാരം, വർഷാവർഷം കേന്ദ്രം നൽകേണ്ട പണം മാത്രമേ നിലവിൽ എസ്.ഡി.ആർ.എഫിലുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അപര്യാപ്തവുമാണ്. കേന്ദ്രത്തിനും ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണല്ലോ, സഖ്യകക്ഷികൾ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ദുരന്തനിവാരണത്തിനായി ബജറ്റിൽ കോടികൾ അനുവദിച്ചത്. അതുകൊണ്ടുതന്നെ, കേരളത്തോടുള്ള ഈ വിവേചനം, നേരത്തേ തുടർന്നുപോരുന്ന സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായിത്തന്നെ കണക്കാക്കണം.
പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രത്തിന്റെ ഫാഷിസ്റ്റ് മനോഭാവത്തെക്കുറിച്ച് കേവല ധാരണയുള്ള ആരും വയനാട്ടിലെ വഞ്ചനയിൽ അത്ഭുതപ്പെടില്ല. അത്തരം പ്രതിലോമ സമീപനത്തിന്റെ തുടർച്ചതന്നെയാണ് കേന്ദ്രമന്ത്രിയുടെ കത്തിലും പ്രതിഫലിക്കുന്നത്. ദുരന്ത സമയത്തുതന്നെ, കേന്ദ്രത്തിന്റെ ഈ നീക്കത്തെക്കുറിച്ച സൂചനകളുണ്ടായിരുന്നു. ജൂലൈ 30നുണ്ടായ ദുരന്തത്തിന്റെ ആദ്യനാളുകളിൽ പ്രധാനമന്ത്രി സ്ഥലത്തെത്താത്തതും അടിയന്തര സഹായം പ്രഖ്യാപിക്കാത്തതും പലരും അന്നേ ചോദ്യംചെയ്തിരുന്നു. ദുരന്തമേഖല സന്ദർശിച്ച ശേഷമായിരിക്കും കേന്ദ്രത്തിന്റെ സഹായ പ്രഖ്യാപനമെന്നാണ് ആ സമയങ്ങളിൽ ബി.ജെ.പിയും സംഘ്പരിവാർ കേന്ദ്രങ്ങളുമെല്ലാം പ്രചരിപ്പിച്ചത്. പതിനൊന്നാം നാൾ മോദി വയനാട്ടിലെത്തിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ചതും അതുതന്നെയായിരുന്നു. പക്ഷേ, അതുണ്ടായില്ല; പകരം, സഹായം ലഭ്യമാകണമെങ്കിൽ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചു. രണ്ടാഴ്ചക്കകം അതും സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിപ്രകാരം, വയനാട്ടിൽ പ്രാഥമിക വിലയിരുത്തലിൽതന്നെ 1202 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് ഏതാണ്ട് 1500 കോടിയാണ്. പുനരധിവാസത്തിന് കണക്കാക്കിയിരിക്കുന്ന ചെലവ് ഏതാണ്ട് 2262 കോടി വരും. അഥവാ, ടൗൺഷിപ് ഉൾപ്പെടെയുള്ള പദ്ധതികളെല്ലാം മുന്നിൽ നിൽക്കെ കേരളം ഉന്നയിച്ച മിനിമം ആവശ്യമാണ് കേന്ദ്രം നിഷ്കരുണം തള്ളിയിരിക്കുന്നത്. എസ്.ഡി.ആർ.എഫിനെ മാത്രം ആശ്രയിച്ചാൽ പിന്നെയും 1800 കോടി കേരളം സ്വന്തമായി കണ്ടെത്തണമെന്ന വിചിത്രവാദം സത്യത്തിൽ ഫാഷിസത്തിന്റെ ഉറഞ്ഞുതുള്ളലാണ്. സർവ ജനാധിപത്യ മര്യാദകളും കാറ്റിൽപറത്തിയുള്ള ഈ നീക്കത്തെ ചെറുത്തുതോൽപിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ ജനാധിപത്യ വിശ്വാസികളും വയനാടിനായി കൈകോർക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.