ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കാൻ ഒരുങ്ങുമ്പോൾ വീണ്ടും ഒരു ‘ട്രംപ് യുഗം’ വരുന്നതിനെക്കുറിച്ച ആകുലതകൾ പല കോണുകളിലുമുയരുന്നുണ്ട്. അമേരിക്കൻ ജനത സാമാന്യം നല്ല ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ഒരു പ്രസിഡന്‍റിന്‍റെ വിജയത്തെ അങ്ങനെ ചോദ്യം ചെയ്യുന്നതിൽ അനൗചിത്യം കണ്ടേക്കാം. എന്നാൽ, അമേരിക്കൻ വോട്ടർമാരിൽ ഏതാണ്ട് പകുതി വരുന്ന സംഖ്യതന്നെ ഒരർഥത്തിൽ ഈ ആശങ്ക പങ്കുവെച്ചതാണ്. ജനകീയവോട്ടിൽ 50.27 ശതമാനം ട്രംപിന് കിട്ടിയപ്പോൾ 48.11 ശതമാനം കമല ഹാരിസിനും ലഭിച്ചിരുന്നുവെന്ന കാര്യം ഓർക്കുക.
അമേരിക്കയുടെയും ആഗോള വ്യവസ്ഥയുടെയും സാമ്പത്തിക, രാഷ്ട്രീയമേഖലകളിൽ ആശങ്ക ജനിപ്പിക്കുന്നവയാണ് ട്രംപിന്‍റെ നിലപാടുകളും ഭൂതകാല നടപടികളും എന്നതാണ് മുഖ്യം. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലക്ക് സാമ്പത്തികരംഗത്ത് തന്നെ അത് ദൃശ്യമാണ്. കോവിഡ് മഹാമാരിയും അതിന്‍റെ സാമ്പത്തിക അനന്തരഫലങ്ങളും ഉണ്ടായിട്ടുപോലും ബൈഡന് കീഴിൽ സമ്പദ്‌വ്യവസ്ഥ വളർച്ച രേഖപ്പെടുത്തിയതും നാണ്യപ്പെരുപ്പം ഏതാണ്ട് രണ്ടരശതമാനത്തിൽ ഒതുക്കിയതും (അത് ദീർഘകാല നിരക്കിനെക്കാൾ താഴെയായിട്ടും) അമേരിക്കൻ വോട്ടർമാർ അത്ര ഗൗനിച്ചില്ല എന്നതും വേറെ കിടക്കുന്നു. വോട്ടർമാർക്ക് എളുപ്പം മറക്കാൻ കഴിയാത്ത ട്രംപിന്‍റെ ട്രാക്ക് റെക്കോഡും ജനമനസ്സുകളിലുണ്ട്. നാല് ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ടതും ഒരു ചലച്ചിത്ര താരത്തിനെതിരെയുള്ള ലൈംഗിക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതും നീതി തടസ്സപ്പെടുത്തിയതിന്‍റെ പേരിൽ രണ്ടുതവണ ഇമ്പീച്ച് ചെയ്യപ്പെട്ടയാളുമാണ് ട്രംപ്. അതിനുമപ്പുറം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സ്ഥിരമായി തള്ളിപ്പറയുന്നതും സ്ത്രീകളെക്കുറിച്ച ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതും ഇനിയും ട്രംപ് തുടരുമോ എന്നതും കാണാനിരിക്കുന്നു.
ഇതിനകം സെനറ്റിൽ ലഭിച്ചതും ഫലങ്ങൾ പൂർത്തിയായാൽ ജനപ്രതിനിധി സഭയിൽ ലഭിക്കുന്നതുമായ ഭൂരിപക്ഷം വെച്ച് കോൺഗ്രസിൽ തന്നിഷ്ടമുള്ള നിയമനിർമാണം നടത്താൻ ട്രംപിന് വലിയ തടസ്സങ്ങളുണ്ടാവില്ല. എന്നാൽ, ഇതിൽ ഡെമോക്രാറ്റിക് പക്ഷത്തിന്റെയും ട്രംപ് നയങ്ങളിൽ പ്രതിഷേധിക്കുന്ന ബഹുജന മുന്നേറ്റങ്ങളുടെയും എതിർപ്പുകൾ അവഗണിക്കാൻ പറ്റില്ല. തെരുവിലും സർവകലാശാലകളിലും ശിക്ഷാ നടപടികളെ തെല്ലും ഭയക്കാതെ സമരം ചെയ്യുന്നവരും ‘കറുത്ത ജീവന് വിലയുണ്ട്’ എന്ന മുദ്രാവാക്യവുമായി ന്യൂനപക്ഷവിവേചനങ്ങളെ ചെറുക്കുന്നവരുമായ ഒരു വലിയ വ്യൂഹം അവിടെയുണ്ട് താനും. അനധികൃത കുടിയേറ്റക്കാരെ കൂട്ട നാടുകടത്തൽ നടത്തുന്നതിലൂടെ ട്രംപ് പുതിയ മാനുഷിക ദുരന്തങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരം വിഷയങ്ങളിൽ അനുകമ്പയോ മാനുഷിക പരിഗണനയോ കാണിച്ച ആളല്ല ട്രംപ്. എന്തിനധികം, തെക്കേ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരെ തടഞ്ഞ് മതിലിന് ഇരുവശവും കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയ ക്രൂരതയുടെ ചരിത്രവും ട്രംപിനുണ്ട്. ട്രംപിന്‍റെ പുതിയ സെക്രട്ടറിമാരുടെ പട്ടികയിൽ വരുന്നവരും ഇത്തരം കുടുസ്സായ നിലപാടുകളുടെ വക്താക്കൾതന്നെ. ‘അമേരിക്ക അമേരിക്കക്കാർക്ക്, അവർക്ക് മാത്രം’ എന്ന് ഈയിടെ പോലും പറഞ്ഞ സ്റ്റീഫൻ മില്ലറാണ് വൈറ്റ് ഹൗസ് സ്റ്റാഫ് ഉപമേധാവിയായി വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
ട്രംപ് ടീമിൽ വരുന്ന മറ്റൊരു മുഖം മുൻ പൊലീസ് ഉദ്യോഗസ്ഥനും വലതുപക്ഷ ചാനലുകളിലെ പരിചിത മുഖവുമായ ടോം ഹോമൻ, സ്റ്റേറ്റുകളെ താക്കീത് ചെയ്താണ് തന്‍റെ റോളിന് ഒരുങ്ങിയതുതന്നെ. ഡെമോക്രാറ്റിക് ഗവർണർമാർ കുടിയേറ്റ നിരോധത്തിന് തടസ്സം നിൽക്കാതെ മാറിനിന്നു കൊള്ളണമെന്നായിരുന്നു ആ മുന്നറിയിപ്പ്. ട്രംപിന്‍റെ ‘അതിർത്തി സാർ’ എന്നു വിളിക്കപ്പെടുന്ന ഹോമനെ ട്രംപ് സ്വാഗതം ചെയ്തതുതന്നെ കടും നടപടികൾക്ക് അദ്ദേഹം സമർഥനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആഭ്യന്തര സുരക്ഷയുടെ സെക്രട്ടറിയായി നിർദേശിക്കപ്പെടുന്ന സൗത്ത് ഡകോട്ട ഗവർണർ ക്രിസ്റ്റി നോമും അതിർത്തി പരിപാലനത്തിന്‍റെ മൂന്നാം കണ്ണിയായി വരുമ്പോൾ കഴുകൻനയക്കാരായ ത്രിമൂർത്തികൾ കുടിയേറ്റ വിരുദ്ധ സംവിധാനത്തിന്‍റെ ചുക്കാൻ പിടിക്കുന്ന അവസ്ഥയാണ് മുന്നിൽ കാണേണ്ടത്. സമ്പദ് രംഗത്ത് ട്രംപിന്‍റെ കഴിഞ്ഞ ഊഴത്തിലെപോലെ ചൈനയുമായുള്ള ഇറക്കുമതി ചുങ്കങ്ങൾ ഏറ്റുമുട്ടലുകൾ വിളിച്ചുവരുത്തും. മൂന്നു ട്രില്യൺ വരുന്ന ഇറക്കുമതിയുടെമേൽ 10 മുതൽ 20 ശതമാനംവരെ നികുതി ചുമത്തുമെന്നും ഇത് ചൈനയുടെ ഉൽപന്നങ്ങളുടെ കാര്യത്തിൽ 60 ശതമാനംവരെ പോകാമെന്നുമുള്ള സൂചനകൾ ഒരു നികുതി യുദ്ധത്തിന്റെ സാധ്യതകളാണ് സൃഷ്ടിക്കുക.
അതിനെക്കാൾ അന്താരാഷ്ട്ര സമൂഹം ഭയപ്പെടുന്ന സാഹചര്യങ്ങൾ യുക്രെയ്ന്‍റെയും ഇസ്രായേലിന്‍റെയും കാര്യത്തിലാണ്. അമേരിക്ക തങ്ങളുടെ ഉള്ളിലേക്ക് കൂടുതൽ ശ്രദ്ധതിരിക്കുമെന്ന് പറയുന്ന ട്രംപ് നയത്തിൽ ഇസ്രായേലിനെപോലുള്ള അക്രമി രാഷ്ട്രങ്ങൾക്ക് സ്വന്തം നിലക്ക് അധിനിവേശവും അക്രമവും നിർവിഘ്‌നം തുടരാനുള്ള സൗകര്യമാവും ലഭിക്കുക. ഇസ്രായേലിനെ ഏറ്റവും നല്ല സുഹൃത്തായി കാണുകകൂടി ചെയ്യുന്നു ട്രംപ്. യുക്രെയ്ൻ വിഷയത്തിൽ ട്രംപ് കൂടുതൽ സൗഹൃദം പുലർത്തുന്നത് റഷ്യൻ പ്രസിഡന്‍റ് പുടിനുമായാണ് എന്ന കൗതുകം കൂടിയുണ്ട്. നാറ്റോ രാഷ്ട്രങ്ങൾക്കുള്ള ആവലാതി ട്രംപിന് യുക്രെയ്ൻ വിഷയത്തിൽ ഏതായാലുമില്ല. അതിനാൽ പിടിച്ചെടുത്ത മേഖലകൾ കൈവിടാതെ മറ്റു മേഖലകളിൽ സൈനിക സാന്നിധ്യം നിലനിർത്താൻ പുടിന് എളുപ്പമാവുമെന്നതിൽ സംശയമില്ല.
നേരും നെറിയും ന്യായവും നീതിയും പുലരുന്ന ഒരു ലോകക്രമത്തിനുള്ള രാഷ്ട്രീയവും നേതൃപരവുമായ ചേരുവകൾ മാനവികതക്ക് നഷ്ടമാവുന്ന ഒരു യുഗത്തെക്കുറിച്ച അപായസൂചനകളാണ് ആസന്നമായ ട്രംപ് യുഗം നൽകുന്നത്. ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും അനുഗുണമായി അമേരിക്കൻ നയങ്ങൾ പരുവപ്പെടാൻ ലോക സംഭവങ്ങളും ഇതര രാഷ്ട്രങ്ങളുടെ നയങ്ങളും എത്രമാത്രം ഉതകും എന്നാണ് ഇനി കാണാനിരിക്കുന്നത്. അതിനുള്ള ഉത്തരവാദിത്തം ലോകരാഷ്ട്രങ്ങൾ പൊതുവായും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതലുള്ളവർ വിശേഷിച്ചും കാണിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഭാവി ലോകത്തിന്‍റെ സ്വാസ്ഥ്യവും സമാധാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.