അധികാരത്തിന്‍റെ തിണ്ണബലത്തിൽ പൗരജനങ്ങളുടെ മേക്കിട്ടുകയറുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും ചെവിക്കൊള്ളാതിരുന്ന ഉത്തർപ്രദേശ് ഭരണകൂടത്തിന് സുപ്രീംകോടതി നൽകിയ ശക്തമായ താക്കീതും ‘പിഴ’യും തല്ലും കൊല്ലും പൊളിയും ഭരണരീതിയാക്കി മാറ്റിയ സർക്കാറുകളെ നേർവഴിക്ക് നടത്തുമോ? റോഡ് വികസനത്തിന്‍റെ പേരിൽ രായ്ക്കുരാമാനം ആളുകൾ അധിവസിക്കുന്ന പാർപ്പിടങ്ങൾ പൊളിച്ചുകളഞ്ഞ ആദിത്യനാഥ് സർക്കാറിന്‍റെ നടപടി നിയമവിരുദ്ധമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.പി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധിച്ചത്. വീട് പോയ മുഴുവനാളുകൾക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
2019ൽ മഹാരാജ് ഗഞ്ച് ജില്ലയിലെ തന്‍റെ വീട് പൊളിച്ചതിനെതിരെ മനോജ് തിബ്രെവാൾ ആകാശ് എന്നയാളുടെ പരാതിയിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ വിധി. പാതിരാനേരത്ത് ബുൾഡോസറുമായി ചെന്ന് വീടുകൾ ഇടിച്ചുനിരത്തി ജനത്തെ വഴിയാധാരമാക്കാൻ പറ്റില്ലെന്ന് പരമോന്നത കോടതി യു.പി ഗവൺമെന്‍റിനെ ഓർമിപ്പിച്ചു. മുൻകൂട്ടി നോട്ടീസ് നൽകാതെ, ഉച്ചഭാഷിണിയിലൂടെ വിവരം അറിയിച്ച് ചെയ്യേണ്ടതല്ല കുടിയിറക്കലെന്നും ഇത് ജനാധിപത്യഭരണകൂടത്തിന്‍റെ രീതിയല്ല, കൈയൂക്കിന്‍റെ രീതിയാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ‘‘പരാതിക്കാരൻ 3.7ചതുരശ്രമീറ്റർ അതിക്രമിച്ച് കൈവശപ്പെടുത്തിയെന്ന് നിങ്ങൾ പറയുന്നു. അതുശരി, അതിന് ഞങ്ങൾ സാക്ഷ്യപത്രമൊന്നും നൽകുന്നില്ല. എന്നാൽ, ഇങ്ങനെ നിങ്ങളെങ്ങനെ ആളുകളുടെ വീടുകൾ പൊളിച്ചുകളയും? നോട്ടീസില്ലാതെ പാഞ്ഞുചെന്ന് ഏതു വീടും പൊളിച്ചുകളയുന്നത് നിയമരാഹിത്യമാണ്’’-കടുത്ത ഭാഷയിൽ കോടതി ഓർമിപ്പിച്ചു.
രാജ്യത്ത് നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിൽ ഭരണകൂടം നിയമം കൈയിലെടുക്കുന്ന രീതി പതിവായിട്ടുണ്ട്. പൗരർക്ക് പട്ടിണിയും പരിവട്ടവുമില്ലാതെ നോക്കേണ്ടതും ഭീതിയിൽ നിന്ന് സുരക്ഷയൊരുക്കേണ്ടതും ഭരണകൂടത്തിന്‍റെ പ്രാഥമികബാധ്യതയാണ്. എന്നാൽ, ഇതുരണ്ടും ഭരണകൂടത്തിന്‍റെ വകയായി അനുഭവിക്കേണ്ടിവരുന്ന ദുര്യോഗമായി മാറിയിരിക്കുന്നു ഇന്ത്യയിൽ. നിയമലംഘനങ്ങളിലെ ശരിതെറ്റുകൾ വിലയിരുത്തി അർഹമായ ശിക്ഷ വിധിക്കാനും അതു നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാനും രാജ്യത്ത് നീതിന്യായ സംവിധാനമുണ്ട്. 2019ലെ കേസിന് ഒരു തീർപ്പിലെത്താൻ ഇത്ര കൊല്ലങ്ങളെടുത്ത കാലവിളംബമടക്കമുള്ള സ്വയം സമ്മതിക്കുന്ന വൈകല്യങ്ങളുണ്ടെങ്കിലും ജുഡീഷ്യറിയെ വിലമതിക്കാതിരിക്കുന്നത് രാജ്യത്ത് അരാജകത്വം വിളിച്ചുവരുത്തും. അതു വെറുമൊരു സങ്കൽപമല്ല, അടുത്ത കാലത്തായി ഇന്ത്യയിൽ കണ്ടുവരുന്ന ഭീകരപ്രതിഭാസമാണിത്.
പൊലീസ് കാവലിലുള്ള കുറ്റാരോപിതരെയും കുറ്റവാളികളെയും പ്രതിയോഗികൾ വെടിവെച്ചുകൊല്ലുക. അപരാധികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനു പകരം പിന്തുടർന്ന് ‘ഏറ്റുമുട്ടലുകൾ’ സംഘടിപ്പിച്ച് വകവരുത്തുക, കോടതി ചുറ്റുവട്ടങ്ങളിൽ കുറ്റാരോപിതരെയും കുറ്റവാളികളെയും കൈയേറ്റത്തിനും കൊലപാതകത്തിനും ഇരയാക്കുക, ഇപ്പോഴത്തെ കോടതിവിധിക്ക് കാരണമായ കേസിൽ പരാമർശിച്ച പോലെ ഭരണകൂടത്തിന്‍റെ ആവശ്യം നിവർത്തിക്കാനും വികസനത്തിന്‍റെ പേരുപറഞ്ഞും പാതിരാവിൽ പൗരരുടെ വീടുകളും കടകളും പൊളിച്ചുകളയുക, ക്രമസമാധാന ലംഘനത്തിന് പൊലീസ് കേസിൽ തുടങ്ങി കോടതിയിൽ സമാപിക്കേണ്ട നിയമവ്യവഹാരങ്ങൾക്കൊന്നും മുതിരാതെ, കല്ലേറിലും സംഘർഷത്തിലും പങ്കുകൊണ്ടെന്നാരോപിക്കപ്പെടുന്നവരുടെ വീടുകളും കടകളും പൊളിച്ചുകളയുക...എന്നിങ്ങനെ അധോലോകവാഴ്ചകളിൽ കണ്ടുവരുന്ന കിരാതചെയ്തികളാണ് ഭരണകൂടങ്ങളുടെ ഒത്താശയോടെ ഇപ്പോൾ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നടന്നുവരുന്നത്. അവിടെ സംസ്ഥാന സർക്കാറുകളുടെ അരുതായ്മകൾ അപലപിക്കപ്പെടുകയല്ല, മുഖ്യന്മാർ ‘ബുൾഡോസർ മാമ’മാരായി വാഴ്ത്തപ്പെടുകയാണ്. തെരഞ്ഞെടുപ്പ് റാലികളിൽ ബുൾഡോസറുകളെഴുന്നള്ളിച്ച് ഈ ചെയ്തിക്ക് പിന്തുണ പാടുകയാണ് അനുയായികൾ. അപ്പോൾ പിന്നെ, നിയമസംവിധാനങ്ങളുടെ അംഗീകൃത വ്യവഹാരങ്ങൾക്ക് കാത്തുനിൽക്കാൻ സമയമില്ലെന്ന മട്ടിൽ ഭരണകൂടത്തിന്‍റെ താൽപര്യങ്ങൾ ഏതുവിധേനയും നടത്തിയെടുക്കണമെന്ന തിണ്ണമിടുക്കിന് അവർക്ക് ആരെയും പേടിക്കാനുമില്ല.
വികസനത്തിന് ‘വിലങ്ങടിച്ചുനിന്ന’ താണ് കേസിനാധാരമായ സംഭവത്തിലെ ഇര മനോജ് ആകാശ് ചെയ്ത കുറ്റം. അയാൾ കൈയേറിയ ഭൂമി എത്രയെന്നല്ലേ? സർക്കാർ പറയുന്നത് വെറും 3.70 ചതുരശ്ര മീറ്ററാണ് എന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ടിൽ പറയുന്നു! ആ തുച്ഛസ്ഥലത്ത് നടത്തിയ നിയമലംഘനത്തിന്‍റെ പേരിൽ ഒരു വീട് ഒന്നടങ്കം പൊളിച്ചുകളയുന്നത് അക്രമമാണെന്ന് കുറ്റപ്പെടുത്തിയ കമീഷൻ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. അടിയന്തര നഷ്ടപരിഹാരമെന്ന നിലയിൽ 25 ലക്ഷം ദുരിതബാധിതന് നൽകാൻ ആവശ്യപ്പെട്ട കോടതി കൂടുതൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് പരാതിക്കാരന് നിയമനടപടി സ്വീകരിക്കാവുന്നതാണെന്നും അറിയിച്ചു.
വികസനത്തിന്റെ പേരിൽ നടന്ന സർക്കാർ അതിക്രമത്തിനെതിരെയാണ് കോടതിവിധി. ഇതിലും കൊടിയ അക്രമമാണ് വംശീയ മുൻധാരണകൾ വെച്ച് ബുൾഡോസറുകൾ കൊണ്ട് എല്ലാം തകർത്തു തരിപ്പണമാക്കി ഒരു വിഭാഗത്തിന്‍റെ പേരും ചൂരും മായ്ച്ചുകളയുന്ന ഉന്മൂലനരീതി. പൗരത്വസമരത്തിൽ പങ്കുകൊണ്ടവരുടെയും വംശീയസംഘർഷങ്ങളിൽ കുറ്റമാരോപിക്കപ്പെടുന്നവരുടെയും വീടുകളും കച്ചവടസ്ഥാപനങ്ങളും ബുൾഡോസർബാബമാരുടെയും മാമമാരുടെയും അധികാര ദുർവിനിയോഗ തേരോട്ടങ്ങളിൽ നിലംപരിശായി. ആയിരക്കണക്കിനാളുകൾ ഭവനരഹിതരും തൊഴിൽരഹിതരുമായി. ഏതാനും ചില കേസുകളിൽ അനുകൂല വിധിയുണ്ടായി. പക്ഷേ, വംശീയ മുൻവിധിയോടെ അധോലോക മാതൃകകൾ പകർത്താൻ വെമ്പുന്ന സർക്കാറുകളെ പിടിച്ചുനിർത്താൻ അതൊന്നും പര്യാപ്തമായിട്ടില്ലെന്നാണ് ഇന്നും തുടരുന്ന പൊളിയജ്ഞം തെളിയിക്കുന്നത്.
ഔദ്യോഗികസംവിധാനങ്ങളുടെയും നടപടിക്രമങ്ങളുടെയും സാങ്കേതികക്കുരുക്കുകൾ പിടിവള്ളിയാക്കി വംശ, വർഗ മുൻവിധികളോടെ പാതിരാപ്പൊളിയന്മാരായി പാവപ്പെട്ടവരുടെയും ദുർബലരുടെയും നെഞ്ചത്തുകയറിയല്ല സ്വന്തം രാഷ്ട്രീയസംസ്കൃതിയുടെയും അധികാരവാഴ്ചയുടെയും കേമത്തം പ്രകടമാക്കേണ്ടത്. മനുഷ്യപ്പറ്റായിരിക്കണം അധികാരികളെയും അവരെ വാഴിക്കുന്ന പാർട്ടികളെയും നയിക്കേണ്ടത്. അതുതന്നെയാണ് ഇപ്പോൾ സുപ്രീംകോടതിയും ഉറക്കെ വിളിച്ചുപറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.