ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് രാഷ്ട്രീയനേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ കള്ളപ്പണം പിടിക്കാനെന്ന പേരിൽ പൊലീസ് നടത്തിയ അസാധാരണ പാതിരാ പരിശോധന വലിയ വിവാദമായി വളരുകയാണ്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ പച്ചയായ ലംഘനമാണ് ദുരൂഹമായ അർധരാത്രി റെയ്ഡിൽ നടന്നത്. കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ എന്നിവരുടെ മുറികളിൽ വേണ്ടത്ര വനിത പൊലീസ് സാന്നിധ്യമില്ലാതെ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശോധനക്കൊടുവിൽ പണമൊന്നും കിട്ടിയില്ല എന്നെഴുതിക്കൊടുത്ത് നാണംകെട്ടു കേരള പൊലീസ്.
അപഹാസ്യമായ ഈ നിശാനാടകം ആരുടെ നിർദേശപ്രകാരമാണ് എന്ന ചോദ്യത്തിന് അധികാരികളും ഇടതുപക്ഷ നേതാക്കളും നൽകുന്ന മറുപടികളിൽ വൈരുധ്യമുണ്ട്. തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയാണ് നടന്നതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എ.എസ്.പി അശ്വതി ജിജി വിശദീകരിക്കുമ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജില്ല കലക്ടറും എസ്.പിയും വ്യക്തമാക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മേൽനോട്ടത്തിലാണ് കള്ളപ്പണ പരിശോധന നടക്കേണ്ടത്. ഇവിടെ വരണാധികാരികൾ വിവരമറിഞ്ഞ് സ്ഥലത്തെത്തിയതുതന്നെ ഏറെ വൈകിയും. പൊലീസ് നടത്തിയ പരിശോധന നിയമലംഘനമാണെന്ന് കൃത്യം. റെയ്ഡിന് അനാവശ്യ ധിറുതി കാണിച്ച പൊലീസ് പെട്ടിയിലെ വസ്തുത അറിയാനും കേസെടുക്കാനും തയാറായില്ല. അതുകൊണ്ടുതന്നെ, ആരുടെ ഇംഗിതം നടപ്പാക്കാനാണ് പൊലീസ് ഈ അന്യായവേട്ട നടത്തിയതെന്ന് വിശദീകരിക്കാൻ അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. പക്ഷേ, നിലവിലെ സർക്കാറിൽനിന്ന് സമീപകാലാനുഭവം വെച്ച് അത്തരമൊരു ജനാധിപത്യപരമായ വിശദീകരണവും നിയമപരമായ സുതാര്യതയും ആരും പ്രതീക്ഷിക്കുന്നില്ല. ഭരണകൂടവും പൊലീസ് സംവിധാനവും എത്തിപ്പെട്ട ജീർണതയുടെ ആഴംകൂടിയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
സി.പി.എമ്മും നേതാക്കളും പാതിരാ റെയ്ഡിലും പെട്ടിവിവാദത്തിലും ശരിക്കും പുലിവാലുപിടിച്ച അവസ്ഥയിലാണ്. പതിവ് പരിശോധനയെന്ന് ആദ്യഘട്ടത്തിൽ പാർട്ടി വ്യാഖ്യാനിച്ചെങ്കിലും പിന്നീട് മുൻകൂട്ടിയുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് തിരുത്തി. യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ കൊണ്ടുവന്ന നീല ട്രോളിബാഗിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ച് അതിന് തെളിവും നിരത്തി. ഇടതുസ്ഥാനാർഥി പി. സരിനാകട്ടെ, ഈ പൊറാട്ടുനാടകത്തിന്‍റെ പിന്നിൽ ഷാഫി പറമ്പിലിന്‍റെയും കോൺഗ്രസിന്‍റെയും ഗൂഢാലോചനയാണ് എന്ന വാദഗതിക്കാരനാണ്. കോൺഗ്രസ് കള്ളപ്പണമെത്തിച്ചുവെന്നും അന്വേഷണം അനിവാര്യമാണെന്നും മന്ത്രി എം.ബി. രാജേഷും ജില്ല നേതൃത്വവും ആവർത്തിച്ചുപറയുമ്പോഴും അത് പ്രചാരണ വിഷയമാക്കരുതെന്ന നിലപാട് ആവർത്തിക്കുകയാണ് സംസ്ഥാന സമിതിയംഗം എൻ.എൻ. കൃഷ്ണദാസ്. കൊടകര കുഴൽപ്പണ ഇടപാട് വെളുപ്പിക്കാനുള്ള സി.പി.എം -ബി.ജെ.പി ഡീലിന്റെ തുടര്‍ച്ചയാണ് ഹോട്ടലിൽ അരങ്ങേറിയത് എന്ന വാദം ജനങ്ങളിലേക്കെത്തിക്കാനാണ് കോൺഗ്രസ് തയാറെടുക്കുന്നത്.
വോട്ടുകിട്ടാനും പ്രചാരണങ്ങൾ കൊഴുപ്പിക്കാനും പ്രവർത്തകരെയും അനുഭാവികളെയും സന്തോഷിപ്പിക്കാനും നേതാക്കളുടെ സാമ്പത്തിക ഗ്രാഫ് ഉയർത്താനുമൊക്കെയായി കള്ളപ്പണമൊഴുക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് സർവസാധാരണമാണ്. കൊടകരയിലെ കുഴൽപ്പണം ഇത്തരത്തിൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു വന്നതായിരുന്നു. അത് തട്ടിയെടുക്കുന്നതിൽ വലുതും ചെറുതുമായ നേതാക്കളാണ് കളിച്ചതെന്ന് വെളിപ്പെടുത്തിയത് കേസിലകപ്പെട്ട ധർമജനും ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷും. കൊടകര കേസ് അന്വേഷിച്ച പ്രത്യേക പൊലീസ് സംഘത്തിന്റെ തലവനായിരുന്ന എ.സി.പി എസ്.വി. രാജു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നത് ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിൽ എവിടെ, ആർക്കെല്ലാം, എങ്ങനെയെല്ലാം പണം എത്തിച്ചു എന്ന് വളരെ വ്യക്തമായി വെളിപ്പെടുത്തിയിട്ടും ഇത്ര പ്രമാദമായ കേസായിട്ടും ചാലക്കുടി മുൻസിഫ് കോടതിയിൽ അത് പൊടിപിടിച്ചുകിടക്കുന്നത് ആരെ സംരക്ഷിക്കാനാണ്? ഹിന്ദുത്വ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും അഭിമുഖീകരിക്കുമ്പോൾ ഇടതുപക്ഷം കാണിക്കുന്ന ഇടർച്ചകളുടെ തുടർച്ചയാണ് ഇവിടെ പ്രകടമാകുന്ന വൈരുധ്യങ്ങൾ.
കോൺഗ്രസുമായി പോരിലേർപ്പെടുമ്പോൾതന്നെ സംഘ്പരിവാറിന്‍റെ അധികാരത്തിലേക്കുള്ള വഴിവെട്ടാകാതിരിക്കാനുള്ള ആശയപരവും കർമപരവുമായ ജാഗ്രത ഇടതുപക്ഷത്തിന് നഷ്ടമാകുന്നതാണ് പ്രിയങ്ക ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ വയനാട് പ്രസംഗവും ഫേസ്ബുക്കിലെ കുറിപ്പും. ഹിന്ദുത്വയുക്തിയിൽ താൽക്കാലിക ലാഭങ്ങൾ നേടാൻ ഒരുപക്ഷേ, സി.പി.എമ്മിന് സാധിച്ചേക്കും. പക്ഷേ, ബംഗാളിന്‍റെയും ത്രിപുരയുടെയും ചരിത്രത്തെ സാക്ഷിയാക്കി ഉറപ്പിച്ചുപറയാനാകും, സി.പി.എം പയറ്റുന്ന ഹിന്ദുത്വയുക്തിയിലുള്ള രാഷ്ട്രീയപരീക്ഷണങ്ങൾ ആ കനലൊരുതരിയെക്കൂടി കെടുത്തുന്നതിലേക്കേ നയിക്കൂ. സത്യവും അസത്യവും അഭ്യൂഹങ്ങളും കത്രികവെച്ചുമുറിച്ച് ഏകപക്ഷീയമായ വസ്തുതകളും കൂട്ടിക്കലർത്തി വോട്ടർമാരെ കബളിപ്പിക്കുന്ന സത്യാനന്തര തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാലക്കാട് ആര് സ്വീകരിച്ചാലും അത് അവർക്കുതന്നെ ദുരന്തമായേ വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.