ക്രിമിനൽകേസുകളിൽ പ്രതികളായ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് വിചാരണക്ക് ഹാജരാക്കാൻ പൊലീസ് വിമുഖത കാണിക്കുന്നുവെന്ന് കേരള ഹൈകോടതി ചൂണ്ടിക്കാട്ടിയതായി സുപ്രീംകോടതിക്ക് അമിക്കസ് ക്യൂറി റിപ്പോർട്ട്്. കേരളത്തിലെ കീഴ്കോടതികളിൽ എം.പിമാരും എം.എൽ.എമാരും പ്രതികളായ 324 കേസുകൾ നടപടിയില്ലാതെ കിടക്കുന്നുണ്ട്. എട്ടു കേസുകൾ സെഷൻസ് കോടതികളിലും ആറ് കേസുകൾ വിജിലൻസ് കോടതിയിലും 310 കേസുകൾ മജിസ്ട്രേറ്റ് കോടതികളിലുമാണ്. പുറമെ 12 കേസുകൾ ഹൈകോടതിയിലുമുണ്ട്. ഇത് തീർപ്പാക്കാൻ പ്രേത്യക ബെഞ്ച് രൂപവത്കരിച്ചിട്ടുണ്ട്.
കേസുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജയ് ഹൻസാരിയക്ക് മുമ്പാകെ ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്ത് ജനപ്രതിനിധികൾ പ്രതികളായ കേസുകൾ നീളുന്നതിനെതിരെ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസുമാരോട് കഴിഞ്ഞമാസം 16ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. കാലവിളംബത്തിന് പരിഹാരമായി, സമൻസ് നൽകാനും വാറൻറ് നടപ്പാക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് കേരള ഹൈകോടതി നിർദേശിച്ചിരിക്കുന്നത്.
ജനപ്രതിനിധികൾ പ്രതികളായി രാജ്യത്ത് മൊത്തം 48,589 കേസുകളുണ്ട്. യു.പിയിലാണ് ഏറ്റവും കൂടുതൽ -1374. കേരളം 336 കേസുകളുമായി ആറാം സ്ഥാനത്താണ്. ക്രിമിനൽ പ്രതികളെ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയപാർട്ടികൾ മത്സരരംഗത്തിറക്കുന്നതും അവരിൽ വളരെ പേർ മസിൽപവറും മണിപവറുംകൊണ്ട് ജയിച്ച് നിയമസഭാംഗങ്ങേളാ പാർലമെൻറംഗങ്ങളോ തുടർന്ന് മന്ത്രിമാർ പോലുമോ ആവുന്നതും രാജ്യത്ത് പുതിയ സംഭവമല്ല. ഓരോ തെരഞ്ഞെടുപ്പിലും ഈ പ്രവണത ശക്തിപ്പെടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഇതിനെതിരെ നിയമനിർമാണം നടത്തണമെന്ന് ഇലക്ഷൻ കമീഷൻ പലതവണ ആവശ്യപ്പെട്ടതാണെങ്കിലും സർക്കാറിെൻറ ഭാഗത്തുനിന്നോ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നോ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. കാരണം ലളിതം. നല്ല പങ്കും ക്രിമിനലുകളടങ്ങിയ പാർലമെൻറാണല്ലോ ഇലക്ഷൻ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് നിയമനിർമാണം നടത്തേണ്ടത്. തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും ശുദ്ധീകരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സന്നദ്ധസംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 15 വർഷങ്ങളിൽ ക്രിമിനൽകേസുകളിൽ പ്രതികളായ എം.പിമാരുടെ എണ്ണം കുത്തനെ കൂടിവരുകയാണ്.
ഇലക്ഷൻകമീഷെൻറ ചട്ടപ്രകാരം സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിക്കുേമ്പാൾ ഏതെങ്കിലും കേസുകളിൽ പ്രതികളാണെങ്കിൽ ആ വിവരം വെളിപ്പെടുത്തേണ്ടതുണ്ട്. നാമനിർദേശ പത്രിക തള്ളപ്പെടാതിരിക്കാനോ പിന്നീട് ഇലക്ഷൻ അഴിമതിക്കേസുകളിൽ അകപ്പെടാതിരിക്കാനോ ആവാം വിവിധ പാർട്ടികളുടെ സ്ഥാനാർഥികൾ സാമാന്യേന ഈ ചട്ടം പാലിക്കാറുമുണ്ട്. ഉദാഹരണത്തിന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിൽനിന്ന് ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച എസ്.പി. ഉദയകുമാർ തെൻറ പേരിൽ, ജനകീയസമരങ്ങളിലെ പങ്ക് അടക്കമുള്ള 382 ക്രിമിനൽ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇടുക്കിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച പാർലമെൻറ് അംഗമായ ഡീൻ കുര്യാക്കോസ് തെൻറ പേരിൽ 204 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നതാണ്. 2019 തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ എം.പിമാരിൽ ബി.ജെ.പിക്കാർ 38.7 ശതമാനവും ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടികളുടെ എം.പിമാരിൽ 40 ശതമാനത്തിലധികവുമുണ്ട് ക്രിമിനൽ പ്രതികൾ. ജനപ്രതിനിധികളുടെ പേരിലുള്ള കേസുകളിൽ ഒരു വർഷത്തിനകം തീർപ്പുകൽപിക്കണമെന്ന് 2014ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നതാണ്. 2017ൽ സുപ്രീംകോടതി പ്രത്യേക കോടതികൾ ഏർപ്പെടുത്തി രാഷ്ട്രീയപാർട്ടി സ്ഥാനാർഥികളുടെയും ജനപ്രതിനിധികളുടെയും പേരിലുള്ള കേസുകൾ തീർപ്പാക്കാൻ ഒരു പദ്ധതി തയാറാക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. 1951ലെ ജനപ്രാതിനിധ്യ നിയമഭേദഗതി ചെയ്തുവേണം ക്രിമിനലുകൾക്കുനേരെ നിയമനിർമാണസഭകളുടെ വാതിലുകൾ കൊട്ടിയടക്കാൻ. അത്തരമൊരു ഭേദഗതി കൊണ്ടുവരാൻ പാർലമെൻറിൽ മൃഗീയഭൂരിപക്ഷമുള്ള ബി.ജെ.പി നേതൃത്വങ്ങളിലെ എൻ.ഡി.എക്കു പോലും താൽപര്യമില്ലെന്നതാണ് വസ്തുത.
പ്രതിയോഗികൾ കള്ളക്കേസുകളിൽ കുടുക്കി രാഷ്ട്രീയ പാർട്ടികളുടെ പ്രമുഖരെ മത്സരരംഗത്തുനിന്ന് തടയുമെന്നതാണ് ഇതിനെതിരെ ഉന്നയിക്കപ്പെടുന്ന ഒരു ന്യായം. കൊലപാതകം, ബലാത്സംഗം, ഭീമമായ തട്ടിപ്പുകൾ, വൻ അഴിമതി തുടങ്ങിയ പ്രമാദമായ കേസുകളിൽ സുപ്രീംകോടതി നിർദേശിച്ചപോലെ ബന്ധപ്പെട്ട കോടതികൾ ഒരുവർഷത്തിനകം വിധിപറഞ്ഞാൽ അത്തരം വ്യക്തികളെ സ്ഥാനാർഥികളാക്കാതിരിക്കാൻ പാർട്ടികൾ നിർബന്ധിതരാവും. രാഷ്ട്രീയം, അങ്ങേയറ്റം വഷളാവുകയും മൂല്യബോധം വെറുക്കപ്പെട്ട പ്രയോഗമായി മാറുകയും ചെയ്തിരിക്കുന്ന വർത്തമാനകാലത്ത് ജനങ്ങളുടെ മനോഭാവത്തിൽ വന്ന മാറ്റവും സഗൗരവമായ ശ്രദ്ധയർഹിക്കുന്നു. കുറ്റകൃത്യങ്ങളിൽ മുഴുകിയാലും അഴിമതി കാട്ടിയാലും അത്തരക്കാരാണ് തങ്ങൾക്കു വേണ്ടി വല്ലതും ചെയ്യുന്നവർ, അതുകൊണ്ട് അവർക്കുതന്നെ കിടക്കട്ടെ വോട്ട് എന്ന് സമ്മതിദായകർ പരസ്യമായി പ്രതികരിക്കുന്നേടത്ത് എത്തിയിരിക്കുന്നു നമ്മുടെ മൂല്യമുക്ത രാഷ്ട്രീയം. എന്നിരിക്കെ നിയമപരിഷ്കരണങ്ങളോടൊപ്പം ജനങ്ങളെ പ്രബുദ്ധരാക്കുന്ന യത്നവും കൃത്യമായി നടന്നാൽ മാത്രമേ നിയമനിർമാണസഭകളെയും ഭരണകൂടങ്ങളെയും നേർവഴി നടത്താൻ സാധ്യത തെളിയൂ. അല്ലാതെ, കേസ് കൈകാര്യം ചെയ്യുന്നത് ഉന്നത പൊലീസുദ്യോഗസ്ഥരായതു കൊണ്ടുമാത്രം അത്ഭുതമൊന്നും സംഭവിക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.