അവിശ്വാസം, അതല്ളേ എല്ലാം!

നോട്ട് അസാധുവാക്കിയതിന്‍െറ രൂക്ഷത രാജ്യത്തെ കലുഷമാക്കുന്നതിനിടെ നിയമനിര്‍മാണങ്ങളും നിയമനങ്ങളും അധികം ചര്‍ച്ചചെയ്യാതെയും ജനാധിപത്യമര്യാദകള്‍ പരിഗണിക്കപ്പെടാതെയും അധികാരത്തിന്‍െറ ഇടനാഴിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ലോക്സഭയില്‍ ഒരു ചര്‍ച്ചയുമില്ലാതെ ആദായ നികുതി ഭേദഗതി പാസായിരിക്കുന്നു. നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം മാത്രം മതി. ആദായ നികുതി ബില്ലില്‍ ഭേദഗതി കൊണ്ടുവന്നതിന്‍െറ ന്യായമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചത് നോട്ടുകള്‍ അസാധുവാക്കിയശേഷം ബാങ്ക് അക്കൗണ്ടുകളില്‍ അവിഹിത പണം നിക്ഷേപിച്ച് വെളുപ്പിക്കുന്നത് കണ്ടത്തെി എന്നതാണ്്.

അതിനര്‍ഥം നോട്ട് റദ്ദാക്കല്‍ നടപടി സ്വീകരിച്ചിട്ടും സര്‍ക്കാര്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ കള്ളപ്പണം വെള്ളപ്പണമാക്കുന്ന പ്രക്രിയ നിര്‍ബാധം രാജ്യത്ത് നടക്കുന്നുവെന്നാണ്. കള്ളപ്പണം ഇല്ലായ്മചെയ്യുന്നതില്‍ പ്രതിപക്ഷത്തെയും സംസ്ഥാന സര്‍ക്കാറുകളെയും വിശ്വാസത്തിലെടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനം, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനും ദുരിതപൂര്‍ണമായ ജനജീവിതത്തെ  സാധാരണ നിലയിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങളെ വൈകിപ്പിക്കുന്നതിനു കാരണമാകുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാവരെയും അവിശ്വാസമാണെന്ന അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരുടെ വിലയിരുത്തലുകളെ സാധൂകരിക്കുന്നതാണ് അദ്ദേഹത്തിന്‍െറയും സര്‍ക്കാറിന്‍െറയും സമീപകാല ചെയ്തികളില്‍ ഭൂരിഭാഗവും. നോട്ട് അസാധുവാക്കല്‍ നടപടി ലോക്സഭയില്‍ സവിസ്തരം ചര്‍ച്ചചെയ്യുകയും തുടര്‍ന്ന് അതിന് അംഗീകാരം നേടുകയുമാണ് ജനാധിപത്യ മര്യാദ. പിന്നീട് ആവശ്യമെങ്കില്‍, പുതിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ പുതിയ നിയമഭേദഗതികള്‍ അവതരിപ്പിക്കുകയും പാസാക്കുകയും വേണം.

യഥാര്‍ഥത്തില്‍, 2016ലെ ടാക്സേഷന്‍ നിയമത്തിന്‍െറ ഭേദഗതി ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച ചെയ്ത് അംഗീകാരം നേടേണ്ട ബില്ലായിരുന്നു. ഗൗരവതരമായ നിയമപ്രശ്നങ്ങളും നികുതി വിതരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രശ്നങ്ങളും അടങ്ങിയ പ്രസ്തുത ബില്‍, പക്ഷേ രാജ്യസഭ അംഗീകാരംതന്നെ ഒഴിവാക്കാന്‍ മണിബില്‍ എന്ന പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ പാസാക്കിയെടുത്തത്. വെളിപ്പെടുത്തുന്ന അവിഹിതസമ്പാദ്യത്തിന്‍െറ നാലിലൊന്ന് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം, അവ നാലു വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ അനുവദിക്കില്ല, അവിഹിതസ്വത്തിന് ഏര്‍പ്പെടുത്തുന്ന 10 ശതമാനം പിഴ പ്രധാനമന്ത്രിയുടെ ഗരീബികല്യാണ്‍ യോജനക്ക് നല്‍കണം തുടങ്ങിയ ബില്ലിലെ പല നിര്‍ദേശങ്ങളുടെയും നിയമസാധുതയെക്കുറിച്ച് നിയമവിദഗ്ധര്‍ സംശയമുന്നയിക്കുന്നുണ്ട്. 

കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്ന് ചെലവുചെയ്യാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ബില്ലിന് രാഷ്ട്രപതിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണമെന്നാണ് ഭരണഘടനയുടെ അനുശാസനം. എന്നാല്‍, അത്തരം ജനാധിപത്യ മര്യാദകള്‍ ലംഘിക്കുകയും രാഷ്ട്രപതിയത്തെന്നെ അവിശ്വസിക്കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. നോട്ട് അസാധുവാക്കല്‍ ഓര്‍ഡിനന്‍സിന് പകരം ഗസറ്റ് വിജ്ഞാപനമാക്കിയത് രാഷ്ട്രപതിയെയും അദ്ദേഹത്തിന്‍െറ ഓഫിസിനെയും പ്രധാനമന്ത്രി അവിശ്വസിക്കുന്നതിനാലാണെന്ന വിമര്‍ശനവും ഉയര്‍ന്നിരിക്കുന്നു.

ഇതുപോലെ അധികം ചര്‍ച്ചചെയ്യപ്പെടാതെപോയ വിഷയമാണ് സി.ബി.ഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല  ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫിസറായ രാകേഷ് ആസ്തനക്ക് കൈമാറിയ നടപടി. രണ്ടുവര്‍ഷ കാലാവധി സി.ബി.ഐ ഡയറക്ടര്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റി യോഗം ചേരുകയും പുതിയ വ്യക്തിയെ നിശ്ചയിക്കുകയുമാണ് വേണ്ടത്.

എന്നാല്‍, അത്തരം യോഗം സമയബന്ധിതമായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തില്ളെന്നു മാത്രമല്ല, സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ചുമതലയേറ്റെടുക്കേണ്ടിയിരുന്ന ആര്‍.കെ. ദത്തയെ ബുധനാഴ്ച രാത്രി അടിയന്തരമായി സ്പെഷല്‍ സെക്രട്ടറിയായി  ആഭ്യന്തരമന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ചരിത്രത്തിലാദ്യമാണ് രണ്ടാമതൊരു സ്പെഷല്‍ സെക്രട്ടറി തസ്തിക സൃഷ്ടിക്കല്‍. ആസ്തനക്ക് താല്‍ക്കാലിക സ്ഥാനവും പിന്നീട് സ്ഥിരനിയമനത്തിനുള്ള വഴിയും എളുപ്പമാക്കിയത് മോദിയുടെയും അമിത് ഷായുടെയും ഇഷ്ടക്കാരനെന്ന പരിഗണന മാത്രമാണ്.

ജനാധിപത്യസംവിധാനത്തോടുള്ള സര്‍ക്കാറിന്‍െറതന്നെ അവിശ്വാസത്തെ തെളിയിക്കുന്നതായിരുന്നു ജി.എസ്.ടിയുടെ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍.  നികുതിഘടന നിശ്ചയിക്കുന്നതിലെ സങ്കീര്‍ണതകളും സംസ്ഥാനങ്ങള്‍ക്ക് സംഭവിക്കുന്ന വരുമാനനഷ്ടവും മുഖവിലക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സില്‍ യോഗത്തില്‍ തയാറായില്ല.  നോട്ട് അസാധുവാക്കിയതിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ധനമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കാനോ സംയുക്തമായി പരിഹാരശ്രമങ്ങള്‍ നടത്താനോ തയാറാകാത്തതിലുള്ള അമര്‍ഷവും ധനമന്ത്രിമാര്‍ യോഗത്തില്‍ ശക്തമായി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാറുകളെ വിശ്വാസത്തിലെടുക്കാതിരുന്നാല്‍ സംഭവിക്കുന്ന പ്രതിസന്ധി എത്ര രൂക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതാണ് നോട്ട് അസാധുവാക്കിയ ശേഷമുള്ള ഇന്ത്യ.

പക്ഷേ, ഭരണനിര്‍വഹണത്തില്‍ വിഭിന്ന ആശയക്കാരെ വിശ്വസിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോഴേ ജനാധിപത്യക്രമത്തിന് സാധുത ലഭിക്കൂ. രാഷ്ട്രപതിയും  ലോക്സഭയും രാജ്യസഭയും മുതല്‍ സംസ്ഥാന ധനമന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരുംവരെ അവിശ്വാസപ്പട്ടികയിലാകുന്ന വൈചിത്ര്യം ജനാധിപത്യത്തിന്‍െറ ഭാവിയെ സംബന്ധിച്ച്  അത്ര ശുഭലക്ഷണമല്ല പ്രകടിപ്പിക്കുന്നത്.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.