അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചെന്ന് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇതെഴുതുമ്പോൾ. ഇനി പെട്ടെന്ന് ഫലം വരാൻ കമല ഹാരിസ് പരാജയം സമ്മതിക്കണം. ഒരു തെരഞ്ഞെടുപ്പ് കമീഷനോ ഉദ്യോഗസ്ഥനോ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്ന രീതിയല്ല അവിടെ. 2020ലെ തെരഞ്ഞെടുപ്പിന്‍റെ ഫലം ട്രംപ് തന്നെ അംഗീകരിക്കാതിരിക്കുകയും ശേഷം കാപിറ്റോൾ ഹില്ലിൽ നടന്ന സംഘട്ടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും ചെയ്തത് പലരും ഇതോടനുബന്ധിച്ച് അനുസ്മരിക്കും.
ജനകീയ വോട്ട് കിട്ടുന്ന സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെടുന്നതിനു പകരം ഇലക്ടറൽ കോളജ് സമ്പ്രദായമാണ് വിജയം നിർണയിക്കുന്നതെന്നതും സന്ദിഗ്ധതകൾക്ക് കാരണമാവുന്നു. സംസ്ഥാനങ്ങളുടെ ജനസംഖ്യ അനുസരിച്ചുള്ള 538 പ്രതിനിധികൾ ചേർന്ന ഇലക്ടറൽ കോളജിൽ 270 സീറ്റുകൾ നേടുന്ന സ്ഥാനാർഥി പ്രസിഡന്‍റാവും. സംസ്ഥാനങ്ങൾക്കിടയിൽ ഭൂരിപക്ഷ പിന്തുണയുടെ കാര്യത്തിൽ ഏറ്റവും ചാഞ്ചാട്ടമുണ്ടാവുമെന്ന് പ്രവചിക്കപ്പെടുന്ന പെൻസൽവേനിയ, നെവാഡ, നോർത്ത് കരോലൈന, ജോർജിയ, അരിസോണ, മിഷിഗൺ, വിസ്കോൺസിൻ എന്നീ ഏഴു സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന്‍റെ വിധി നിർണയിക്കുക.
വലിയ പ്രയാസമില്ലാതെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി നാമനിർദേശം ലഭിച്ച മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു മുന്നിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വന്നത് നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനായിരുന്നു. പ്രായാധിക്യവും ആശയ വിനിമയത്തിലെ പ്രശ്നങ്ങളും കാരണം 81 കാരനായ ബൈഡനെ ആദ്യത്തെ ടെലിവിഷൻ സംവാദത്തിനുശേഷം മാറ്റണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്ക് തന്നെ തോന്നുകയും അദ്ദേഹം തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയും ചെയ്തപ്പോഴാണ് നിലവിലെ വൈസ് പ്രസിഡന്‍റ് ഇന്ത്യൻ വംശജ കമല ഹാരിസ് നാമനിർദേശം ചെയ്യപ്പെടുന്നത്. അപ്പോഴേക്കും ആഗസ്റ്റ് മാസത്തേക്ക് കടന്നിരുന്നു-അഥവാ തെരഞ്ഞെടുപ്പിനും പ്രചാരണത്തിനും കേവലം മൂന്നുമാസം ബാക്കി. അമേരിക്കൻ സമ്പ്രദായത്തിലെ വിസ്തരിച്ച പ്രക്രിയ വെച്ചുനോക്കുമ്പോൾ ഹ്രസ്വമായ സമയം. എന്നാൽ, ഈ തടസ്സം ഒരു നേട്ടമാക്കി കമല ഹാരിസ് പ്രചാരണത്തിൽ മുന്നേറ്റം നേടുന്നതാണ് പിന്നീട് കണ്ടത്.
അതിനിടയിൽ ട്രംപുമായുള്ള ടെലിവിഷൻ സംവാദത്തിൽ കമലയുടെ പ്രകടനം ഗുണപരമായും ജനങ്ങളുടെ അംഗീകാരത്തിലും അല്പമെങ്കിലും മുന്നിലാണെന്ന വിലയിരുത്തലിൽ അവരുടെ സ്വീകാര്യത കൂടിയതായി കണ്ടു. പ്രചാരണത്തിൽ ഏതോ നിലക്ക് തെളിഞ്ഞ താര പരിവേഷവും അവർക്ക് സഹായകമാകുമെന്ന നിലയുമുണ്ടായി. പ്രായത്തിന്‍റെ പേരിൽ ബൈഡനെ ഇടിച്ചുതാഴ്ത്തി സംസാരിച്ചുകൊണ്ടിരുന്ന 78 വയസ്സായ ട്രംപിന്‍റെ മുന്നിൽനിൽക്കുന്നത് പൊടുന്നനവെ തന്നെക്കാൾ 19 വയസ്സ് പ്രായക്കുറവുള്ള കമല ഹാരിസായി എന്നതും അവർക്ക് അനുകൂല ഘടകമായി വന്നു. എന്നാൽ, ഇത്തരം ഘടകങ്ങൾ കൊണ്ടുമാത്രം ഒരു പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ജയിക്കാൻ പറ്റില്ല എന്ന് നിരീക്ഷകർ നേരത്തെ പറഞ്ഞത് ശരിവെച്ചുകൊണ്ടാണ് ഇപ്പോൾ ട്രംപ് വിജയിച്ചുനിൽക്കുന്നത്. മാത്രമല്ല, ഒരിക്കൽ തോറ്റ പ്രസിഡന്‍റ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന ബഹുമതിയും 127 വർഷങ്ങൾക്കുശേഷം ആദ്യമായി ട്രംപ് സ്വന്തമാക്കി. അതിന് അദ്ദേഹത്തെ മുഖ്യമായും സഹായിച്ചത് നിർണായകമായ ഏഴ് സംസ്ഥാനങ്ങളിലും തൂത്തുവാരിയ വോട്ടുകളായിരുന്നു.
ചില പ്രതികൂല ഘടകങ്ങളെ തരണം ചെയ്തുകൊണ്ടായിരുന്നു കമലയുടെ രംഗപ്രവേശം. വർണവർഗക്കാരി, സ്ത്രീ എന്നിവ തന്നെ മുഖ്യം. ബറാക് ഒബാമ കറുത്ത വർഗക്കാരോടുള്ള അയിത്തത്തിന്‍റെ പ്രതിബന്ധം പൊട്ടിച്ചിരുന്നെങ്കിലും ഒബാമയുടെ വ്യക്തിപ്രഭാവമോ പാണ്ഡിത്യമോ കമലക്ക് കല്പിക്കാനാവില്ല. 2016ൽ ഏതാണ്ട് ശക്തയായിരുന്ന സ്ത്രീ സ്ഥാനാർഥിയായി ഹിലരി ക്ലിന്‍റൺ മത്സരിച്ചിട്ടും വോട്ടെണ്ണലിലെ അവസാന നിമിഷം വരെ നീണ്ട ഉദ്വേഗങ്ങൾക്കുശേഷം അവരും തോറ്റു. ആഭ്യന്തരവും അന്തർദേശീയവുമായ വിഷയങ്ങളിൽ രണ്ടു സ്ഥാനാർഥികളുടെ നിലപാടുകളിൽ പിന്തുണക്കുന്നവരും എതിർക്കുന്നവരും ഏതാണ്ട് തുല്യമായിരുന്നെന്നു പറയാം. സ്ഥാനാർഥികളുടെ നിലപാടുകളിലെ വ്യക്തത, അവയോട് സമ്മതിദായകരുടെ സമീപനം, സമ്പദ് വ്യവസ്ഥ, തോക്കുനിയന്ത്രണം, കുടിയേറ്റ നിയന്ത്രണം, ആരോഗ്യ ഇൻഷുറൻസ് വഴി വൈദ്യസേവന പരിരക്ഷ, ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ, തൊഴിൽ ലഭ്യത എന്നീ ആഭ്യന്തര ഘടകങ്ങളെക്കുറിച്ച് ട്രംപിനെ കുറിച്ചുള്ള നാലുവർഷത്തെ അനുഭവങ്ങളുണ്ടെങ്കിൽ കമലക്ക് അവ ബൈഡനോട് ചേർത്തുനിന്ന് കൊണ്ടുള്ള നിലപാടുകളായേ അവതരിപ്പിക്കാനുള്ളൂ.
എടുത്തുചാടിയുള്ള നിലപാടുകളുള്ളപ്പോൾ തന്നെ സധൈര്യം തീരുമാനമെടുക്കാനും അതിൽ കടുംപിടിത്തം പിടിക്കാനും ട്രംപിന് കഴിയുമെന്ന ധാരണ സമ്മതിദായകർക്കുണ്ടാവാനുമിടയുണ്ട്. തെക്കേ അതിർത്തി വഴി, മെക്സിക്കോയിൽ നിന്ന് വരുന്ന അനധികൃത കുടിയേറ്റക്കാർ ഒരു ഭാരമായി കാണുന്ന ട്രംപിനെ അക്കാര്യം കൊണ്ടുതന്നെ പിന്തുണക്കുന്നവരും ഒരു ചെറിയ ന്യൂനപക്ഷം എതിർക്കുന്നവരുമായുണ്ട്. എന്നാൽ, വിദേശ നയത്തിൽ മുഖ്യവ്യത്യാസം യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചാവും. അമേരിക്ക റഷ്യൻ വിരുദ്ധ പക്ഷത്ത് നിന്നുകൊണ്ട് ഒരു പ്രത്യയശാസ്ത്ര വാശിയോടെ എന്ന പോലെ പിന്തുണച്ച യുക്രെയ്‌നിന്‍റെ കാര്യത്തിൽ ട്രംപിന്‍റെ തികച്ചും വ്യത്യസ്തമായ നിലപാട് നടപ്പായാൽ അത് ലോക രാഷ്ട്ര സമവാക്യങ്ങളിൽ തന്നെ മാറ്റങ്ങൾ വരുത്താൻ പോന്നതാണ്. അധികാരത്തിലെത്തിയാൽ അതെത്ര മാത്രം പ്രയോഗത്തിൽ വരുത്താനാവുമെന്നതാണ് നിർണായകം.
ഫലസ്തീൻ വിഷയത്തിൽ രണ്ടു സ്ഥാനാർഥികളും ഇസ്രായേലിന്‍റെ 'സുരക്ഷിതത്വ'ത്തിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ആണയിടുന്നവരാണ്. കമല ഗസ്സയിലെ മരിച്ചുവീഴുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഓർത്ത് സഹതപിക്കാറുണ്ടെന്നത് മാത്രമാണ് വ്യത്യാസം. പക്ഷേ, ഭാവി നിർണായകമാവുക ഇറാന്‍റെ കാര്യത്തിലാവും. ആണവ പരീക്ഷണങ്ങളുടെ കാര്യത്തിൽ ബറാക് ഒബാമയുടെ ഭരണകൂടം ഒപ്പിട്ട ഇറാനും ഐക്യരാഷ്ട്രസഭയുമായുള്ള ആണവ പരീക്ഷണ നിയന്ത്രണവും ഉപരോധം ലഘൂകരിക്കുന്നതും ഉൾപ്പെട്ട 2015ലെ ഒത്തുതീർപ്പ് കരാർ ഒരു തടസ്സവുമില്ലാതെ റദ്ദാക്കിയ ട്രംപാണ് വൈറ്റ് ഹൗസിലെ പുതിയ താമസക്കാരനാവാൻ പോകുന്നതെന്നത് അത്ര ശുഭകരമാവില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.