വോട്ടുയന്ത്രവുമായി (ഇ.വി.എം) ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധി, ഉന്നയിക്കപ്പെട്ട വാദങ്ങളെ സമഗ്രമായി അഭിമുഖീകരിക്കുന്നതിനുപകരം, നിലവിലെ പരിമിതികൾക്കുള്ളിൽ നൽകാവുന്ന ഒന്ന് മാത്രമാണെന്ന് തോന്നുന്നു. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞിരിക്കെ അടിമുടിയുള്ള ഒരു പരിശോധന അപ്രായോഗികമായിരുന്നു; ഇലക്ഷൻ കമീഷന്റെ വാദവും ഈ അപ്രായോഗികതയിലാണ് ഊന്നിയത്. ഹരജിക്കാർ ആവശ്യപ്പെട്ടപോലെ കടലാസ് ബാലറ്റിലേക്ക് തിരിച്ചുപോവുക ഈ ഘട്ടത്തിൽ അസാധ്യമാണ്. അത്രതന്നെ അപ്രായോഗികമാണ് വിവിപാറ്റ് (വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റ് ട്രെയ്ൽ) മുഴുവൻ എണ്ണണമെന്ന ആവശ്യവും. ഈ ഹരജികൾ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ചൂണ്ടിക്കാട്ടിയത്, തിരുത്താനാവാത്ത ന്യൂനതകളെന്തെങ്കിലും ഇപ്പോഴത്തെ വെരിഫിക്കേഷൻ സംവിധാനത്തിൽ ഉണ്ടെന്നതിന് തെളിവില്ലെന്നാണ്. ഊഹാപോഹം വെച്ച് വോട്ടുയന്ത്രത്തെ സംശയിക്കാനാകില്ല. വോട്ടുയന്ത്രത്തെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണെന്ന് കോടതി വിധിക്കുന്നത് ഇതാദ്യമല്ല. എന്നാൽ, ഓരോ തവണയും സംശയങ്ങൾ കൂടിക്കൊണ്ടിരുന്നു എന്നതാണ് വസ്തുത. വിവിപാറ്റ് 50 ശതമാനം പരിശോധനക്കെടുക്കണം എന്ന് ഒരു കേസിലും 100 ശതമാനം പരിശോധിക്കണമെന്ന് മറ്റൊന്നിലും ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു. ഇത്തവണ വോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങൾ പരിഗണിച്ച കോടതിക്ക് അതിലൊന്നും അപാകത കണ്ടെത്താനായില്ല.
പ്രായോഗിക പരിമിതികൾ അംഗീകരിക്കുമ്പോഴും, ഈ കോടതി തീർപ്പുപോലും ജനങ്ങളുടെ സംശയങ്ങൾ അന്തിമമായി ഇല്ലാതാക്കില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ചൂണ്ടിക്കാട്ടിയാണ് കോടതി കമീഷന്റെ തലയിൽ അധികഭാരം ചുമത്തേണ്ട ആവശ്യമില്ലെന്ന് പറയുന്നത്. എഴുപത് വർഷമായി സ്വതന്ത്രവും നീതിപൂർവകവുമായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ ക്രെഡിറ്റ് കമീഷന് നൽകുന്ന കോടതി ഈയിടെ കമീഷന്റെ വിശ്വാസ്യതക്കേറ്റിട്ടുള്ള ക്ഷതം കണ്ടില്ല. 70 വർഷമായി നിലനിന്ന കമീഷൻ ഘടന മൗലികമായി മാറ്റപ്പെട്ടത് ഇപ്പോഴാണ് -നിയമനത്തിൽ ജുഡീഷ്യറിക്കുണ്ടായിരുന്ന നിർണായക സ്ഥാനം ഇല്ലാതായി. ഫലത്തിൽ കമീഷൻ സർക്കാറിന്റെ ഉപവകുപ്പ് പോലെയായി. ജനങ്ങളിൽ ഭൂരിപക്ഷവും വോട്ടുയന്ത്രത്തെ വിശ്വസിക്കുന്നില്ലെന്ന സി.എസ്.ഡി.എസ്-ലോക് നീതി സർവേ വെറുമൊരു സ്വകാര്യ റിപ്പോർട്ട് മാത്രമാണെന്നുപറഞ്ഞ് തള്ളുന്ന കോടതി, ‘രാജ്യത്തിന്റെ പുരോഗതി കുറച്ചുകാട്ടാനും ദുർബലപ്പെടുത്താനുമുള്ള സംഘടിത നീക്ക’ത്തെപ്പറ്റി വിധിയിൽ എഴുതിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? ഒരു ‘സ്വകാര്യ റിപ്പോർട്ടി’ന്റെ പിൻബലംപോലും ചൂണ്ടിക്കാട്ടിയിട്ടില്ലല്ലോ. അതേപോലെ, മൈക്രോ കൺട്രോളറിലെ സ്ഥായിയാക്കപ്പെട്ട ഡേറ്റ (ബേൺട് മെമ്മറി) പരിശോധിക്കാൻ അത് നിർമിച്ച കമ്പനിയിൽനിന്നുള്ള എൻജിനീയർമാരുടെ സംഘത്തെ വെക്കാമെന്ന കൽപനയിലും പൊരുത്തക്കേടുണ്ട്. കമ്പ്യൂട്ടർ സംവിധാനത്തിന് പിഴവു പറ്റിയോ എന്ന് പരിശോധിക്കേണ്ടത് നിർമാതാക്കളാണോ എന്നതാണ് ചോദ്യം. തങ്ങളുടെ ഉൽപന്നത്തിന് പിഴവ് പറ്റിയില്ല എന്ന് സ്ഥാപിക്കാനാവില്ലേ അവർ ശ്രമിക്കുക? സംവിധാനം അന്യൂനമാണെങ്കിൽപോലും ഇത്തരം അയുക്തിക ‘പരിശോധന’കൾ ജനങ്ങളിലെ ശങ്ക വളർത്തുകയേ ചെയ്യൂ.
തന്റെ വോട്ട് ശരിയായിട്ടാണോ രേഖപ്പെടുത്തപ്പെട്ടത് എന്നറിയാനുള്ള വോട്ടറുടെ അവകാശം നിറവേറ്റപ്പെട്ടോ എന്നതാണ് വിഷയമെന്ന് കോടതി പറയുന്നു. വാസ്തവത്തിൽ മൂന്ന് കാര്യങ്ങളിൽ ഉറപ്പുവരുത്തുമ്പോഴേ വോട്ട് സംവിധാനം ശരിയായെന്ന് പറയാനാകൂ. വോട്ടർ ഉദ്ദേശിച്ചയാൾക്ക് തന്നെ വോട്ട് രേഖപ്പെട്ടു എന്നത് അതിൽ ഒന്നുമാത്രം. (അത് ഉറപ്പുവരുത്തുന്ന വിവിപാറ്റ് പോലും മുഴുവൻ എണ്ണേണ്ടതില്ല എന്നുവരുന്നതോടെ ഈ ഉറപ്പിനും ഭംഗം വന്നു). വോട്ടർ ഉദ്ദേശിച്ചയാൾക്ക് വോട്ട് രേഖപ്പെട്ടു എന്നതിനുപുറമെ, ആ രേഖപ്പെട്ടതുതന്നെയാണ് റെക്കോഡിൽ വന്നത് എന്നും, റെക്കോഡിൽ വന്നത് തന്നെയാണ് എണ്ണിയത് എന്നും ഉറപ്പുവേണം. വിവിപാറ്റ് യന്ത്രംകൂടി ചേർന്നതോടെ, ഈ ഓരോന്നും ഉറപ്പില്ലെന്ന് വന്നതായി വിദഗ്ധർ പറയുന്നു. വിവിപാറ്റ് പ്രോഗ്രാമിൽ മാറ്റം വരുത്താതെതന്നെ സിംബൽ ലോഡിങ് യൂനിറ്റിൽ (എസ്.എൽ.യു) ഡേറ്റ വ്യത്യാസപ്പെടുത്തി ഫലത്തെ സ്വാധീനിക്കാനാകുമെന്ന് കരുതുന്ന വിദഗ്ധരുമുണ്ട്. എസ്.എൽ.യു മുദ്രചെയ്ത് സൂക്ഷിക്കണമെന്നല്ലാതെ, അത് പരിശോധിക്കണമെന്ന് കോടതി പറയുന്നില്ല.
ഇലക്ഷൻ കമീഷനെയും ഇലക്ഷൻ സംവിധാനത്തെയും വിശ്വസിക്കുന്നതിലല്ല, അന്യൂനമാക്കുന്നതിലാണ് ജുഡീഷ്യറി ഊന്നേണ്ടത്. വോട്ടുയന്ത്ര കേസിൽ ഹരജി സമർപ്പിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സി (എ.ഡി.ആർ) നെയാവാം ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ വിധിന്യായത്തിൽ കുറ്റപ്പെടുത്തുന്നത്. കോടതിയെ സമീപിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ അവഹേളിക്കാനാണെന്ന സൂചനയും അതിലുണ്ട്. മർമപ്രധാനമായ ഒരു വിഷയത്തിൽ കോടതിയെ സമീപിക്കുന്നവരെ വ്യംഗ്യമായിപ്പോലും അധിക്ഷേപിക്കുന്നത് ദൗർഭാഗ്യകരമാണ്. ‘ഹരജി സമർപ്പിച്ച അസോസിയേഷനെ’പ്പറ്റി സംശയമുന്നയിക്കുന്ന ജഡ്ജി, സ്ഥാനാർഥികളുടെ സ്വത്തും ക്രിമിനൽ പശ്ചാത്തലവുമടക്കം വെളിപ്പെടുത്തണമെന്ന ഹരജിയിൽ എ.ഡി.ആറിന്റെ വാദത്തോട് നൂറുശതമാനം ചേർന്നുനിന്ന് അന്നത്തെ സർക്കാറിന്റെ അട്ടിമറിശ്രമങ്ങൾ പരാജയപ്പെടുത്തിയ ചരിത്രമുണ്ട് സുപ്രീംകോടതിക്ക് എന്നുകൂടി അറിയണം. ഈയിടെ സുപ്രീംകോടതി നിയമവിരുദ്ധമെന്നും ഭരണഘടന വിരുദ്ധമെന്നും വിധിച്ച ഇലക്ടറൽ ബോണ്ട് ചോദ്യം ചെയ്തവരിൽ എ.ഡി.ആറുമുണ്ട്. വോട്ടെടുപ്പിന്റെ വിശ്വാസ്യതയാണ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത. അതാണ് ജനാധിപത്യത്തിന്റെ വിശ്വാസ്യത. അത് ഉറപ്പുവരുത്തേണ്ട ചുമതലയാണ് ഇലക്ഷൻ കമീഷൻ നിർവഹിക്കേണ്ടത്. അക്കാര്യം ഉറപ്പുവരുത്തുന്നതിൽ കോടതി വിജയിച്ചോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.