കഴിഞ്ഞദിവസം പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിമുഖീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ചെയ്ത പ്രസംഗത്തിൽ 1975ൽ അന്നത്തെ പ്രധാനമന്ത്രി രാജ്യത്തിനുമേൽ അടിച്ചേൽപിച്ച അടിയന്തരാവസ്ഥയെ അപലപിക്കാൻ പ്രത്യേക താൽപര്യമെടുത്തതിന്റെ പശ്ചാത്തലം ഒട്ടും ദുരൂഹമല്ല.

പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസും ഭരണഘടനയെയും ജനാധിപത്യത്തെയും ഉയർത്തിപ്പിടിക്കുന്നതിനോടുള്ള പരോക്ഷ പ്രതിരോധമാണ് അത് ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. സഭാധ്യക്ഷനായി ഓം ബിർള രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഉടനെ അവതരിപ്പിച്ച പ്രമേയമാകട്ടെ, പ്രത്യക്ഷത്തിൽതന്നെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള ശ്രമമായിരുന്നു. അടിയന്തരാവസ്ഥയിൽ ദുരിതമനുഭവിച്ചവരെ സ്മരിച്ച് സഭ മൗനമാചരിക്കാൻ ആവശ്യപ്പെട്ട ലോക്സഭ സ്പീക്കർ 1975 ജൂൺ 25 ഇന്ത്യയിലെ ചരിത്രത്തിലെ ഇരുൾനിറഞ്ഞ അധ്യായമാണെന്ന് അനുസ്മരിക്കാൻ മറന്നില്ല.

‘ഈ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപിച്ചതും ഡോ. ബാബാ സാഹേബ് അംബേദ്കർ തയാറാക്കിയ ഭരണഘടനയെ ആക്രമിച്ചതും’ എന്ന് അസാധാരണ പ്രമേയാവതരണത്തിലൂടെ ഓം ബിർള ഓർമിപ്പിച്ചത് നിശ്ചയമായും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തിതന്നെയാണ്. അതേസമയം, ആ ഇന്ദിരഗാന്ധിയെ സിഖുകാരായ അംഗരക്ഷകർ സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിയുടെ പ്രതികാരമായി വെടിവെച്ചുകൊന്നതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ മകൻ രാജീവ് ഗാന്ധിക്ക്​ അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ മുൻപന്തിയിൽ ആർ.എസ്.എസും ഉണ്ടായിരുന്നു എന്ന ചരിത്രസത്യം നിശ്ശേഷം വിസ്മരിക്കപ്പെട്ടു. അതേസമയം, തന്റെ അധികാരത്തിനും പ്രധാനമന്ത്രിപദവിക്കും സംഭവിച്ചേക്കാവുന്ന ഭീഷണി മുന്നിൽകണ്ട് രാജ്യത്ത് ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ നടപടി തീർത്തും ഭരണഘടനതത്ത്വങ്ങൾക്കും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമായിരുന്നുവെന്നതും വിസ്മരിക്കാൻ പാടില്ല. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്തു, പ്രതിപക്ഷ നേതാക്കളെ മുഴുവൻ ജയിലിലടച്ചു, തന്റെ പാർട്ടിക്ക് മാത്രം പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചു, മാധ്യമങ്ങൾക്ക് സെൻസർ ഏർപ്പെടുത്തി, സ്തുതിപാഠകർക്കും തന്നെ പിന്താങ്ങുന്നവർക്കും അഴിഞ്ഞാടാൻ അവസരം നൽകി, തനിക്ക്​ അഹിതകരമായ സംഘടനകൾക്ക് വിലക്കേർപ്പടുത്തി. ഇപ്രകാരം രണ്ടുവർഷക്കാലം തുടർന്ന ഏകാധിപത്യവാഴ്ചയെ കിട്ടിയ ഒന്നാമത്തെ സന്ദർഭത്തിൽ ഇന്ത്യൻ ജനത കുടഞ്ഞെറിഞ്ഞു.

ഇനിയൊരിക്കലും ആവർത്തിക്കുകയില്ലെന്ന് ഇന്ദിരഗാന്ധിക്ക് പറയേണ്ടിയും വന്നു. പക്ഷേ, പിന്നിട്ട പത്തുവർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നടപ്പാക്കിയതിൽ ഖേദമോ വീണ്ടുവിചാരമോ അശേഷമില്ലാത്ത നരേന്ദ്ര മോദിക്കും സംഘ്പരിവാറിനും ജനാധിപത്യ നിഷേധത്തിന്റെ പേരിൽ ആശങ്കപ്പെടാനും ജാഗ്രത പുലർത്തണമെന്ന് രാജ്യത്തോട് ആവശ്യപ്പെടാനും ധാർമികാവകാശമുണ്ടോ എന്നതാണ് ഇപ്പോൾ പ്രസക്തമാവുന്ന ചോദ്യം. പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് താൻ അവകാശപ്പെട്ട നാന്നൂറിലധികം സീറ്റുകൾ ലഭിച്ചില്ലെന്നതോ പോവട്ടെ, ഒറ്റക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം പോലും ജനങ്ങൾ നൽകാതിരുന്നത് എന്തുകൊണ്ട് എന്ന്​ അദ്ദേഹം ചിന്തിക്കുന്നില്ല.

ആർ.എസ്.എസ് വിഭാവന ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രനിർമിതിയെ ഒരുവിധത്തിലും പിന്തുണക്കാത്ത ടി.ഡി.പിയും ജെ.ഡി.യുവും കനിഞ്ഞതുകൊണ്ടുമാത്രം തൽക്കാലം മൂന്നാമതും പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്യാൻ ഭാഗ്യം ലഭിച്ച മോദി തന്റെ ചിരകാല ശൈലിയിലോ നിലപാടുകളിലോ മാറ്റത്തിനുള്ള ഒരു സൂചനയും നൽകുന്നില്ല. അതിന്റെ പ്രത്യക്ഷോദാഹരണമാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.

പരമ്പരാഗതമായി പ്രതിപക്ഷത്തിന് നൽകിപ്പോന്ന ഡെപ്യൂട്ടി സ്പീക്കർ പദവി 234 എം.പിമാരുള്ള ശക്തമായ പ്രതിപക്ഷത്തിന് അനുവദിക്കാൻ തയാറാവാതിരുന്നത് എന്തുതരം ജനാധിപത്യ ധർമമാണ്? ഉപാധ്യക്ഷപദവി തങ്ങൾക്കനുവദിച്ചാൽ ഭരണപക്ഷത്തിന്റെ സഭാധ്യക്ഷ സ്ഥാനാർഥിയെ തങ്ങൾ പിന്തുണക്കാമെന്ന് ഇൻഡ്യ മുന്നണി നൽകിയ ഉറപ്പുപോലും പരിഗണിക്കപ്പെട്ടില്ല. ‘ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യത്തിലുള്ള പൂർണ വിശ്വാസം പ്രകടിപ്പിച്ചു’ എന്ന് സ്വാഭിമാനം ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി രാജ്യത്തെ ഇരുപതു കോടി വരുന്ന ഏറ്റവും വലിയ ന്യൂനപക്ഷത്തെ പ്രതിയോഗിസ്ഥാനത്ത് നിർത്തി പ്രധാനമന്ത്രി നടത്തിയ കടന്നാക്രമണപരമ്പരയാണ് അദ്ദേഹത്തിന് ഏറ്റവും വലിയ തിരിച്ചടിയായതെന്ന സത്യം സൗകര്യപൂർവം വിസ്മരിക്കേണ്ടിവന്നു.

ആ സമുദായത്തിൽനിന്ന് മരുന്നിനുപോലും ഒരാൾ മന്ത്രിസഭയിൽ ഇല്ലാതെ പോയത് ജനാധിപത്യ താൽപര്യമാണെന്ന് ജനം ധരിച്ചുകൊള്ളണം! ഈ സാഹചര്യത്തിൽ ‘നമ്മുടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത കുറച്ചുകാണിക്കാനുള്ള ഏതു ശ്രമത്തെയും നാം കൂട്ടായി തള്ളിപ്പറയണം’ എന്ന രാഷ്ട്രപതി മുർമുവിന്റെ ആഹ്വാനം അക്ഷരാർഥത്തിൽ ഉൾക്കൊള്ളാനുള്ള നിശ്ചയദാർഢ്യം ഇന്ത്യൻ ജനത ഇനിയങ്ങോട്ട് പ്രകടിപ്പിക്കുകയാണ് രക്ഷാമാർഗം.

Tags:    
News Summary - Democracy protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.