2017 ആഗസ്റ്റ് 7-12 തീയതികളിൽ ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ 63 കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിക്കാനിടയായ ദാരുണസംഭവത്തെത്തുടർന്ന് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാറിെൻറ കണ്ണിലെ കരടായി മാറിയ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാെൻറ പേരിൽ ചുമത്തപ്പെട്ട ദേശരക്ഷ നിയമം റദ്ദാക്കി, അേദ്ദഹത്തെ ഉടൻ ജയിൽമോചിതനാക്കാൻ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ജനസേവന രംഗത്ത് നിസ്വാർഥ സേവനമനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെപ്പോലും വംശീയവിദ്വേഷത്തിെൻറയും മിഥ്യാഭിമാനത്തിെൻറയും പേരിൽ കരിനിയമങ്ങൾ പ്രയോഗിച്ച് കാരാഗൃഹത്തിലടക്കുന്ന ഭരണകൂട ഭീകരതക്കേറ്റ കനത്ത തിരിച്ചടിയാണ്.
ബിൽ കുടിശ്ശിക അടച്ചുതീർക്കാത്തതിെൻറ പേരിൽ ഓക്സിജൻ സിലിണ്ടർ സപ്ലൈ ചെയ്യുന്ന കമ്പനി, വിതരണം നിർത്തിവെച്ചതാണ് യഥാസമയം പ്രാണവായു ലഭിക്കാതെ ഇത്രയേറെ കുട്ടികൾ ഒറ്റയടിക്ക് ജീവൻ വെടിയാൻ കാരണമെന്ന് ബി.ആർ.ഡി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാൻ വെളിപ്പെടുത്തിയതാണ് രാജ്യത്താകെ ഒച്ചപ്പാടായതും താൻ അധികാരമേറ്റശേഷം യു.പി വികസന കുതിപ്പിലാണെന്ന് സദാ വീമ്പിളക്കുന്ന യോഗി ആദിത്യനാഥ്് പ്രതിക്കൂട്ടിലായതും.
നിസ്സഹായനായ കഫീൽഖാൻ സ്വകാര്യ ഏജൻസിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ പെട്ടെന്ന് തരപ്പെടുത്തി സ്ഥിതിഗതികളെ നേരിടാൻ ശ്രമിച്ചുവെങ്കിലും മുഴുവൻ കുട്ടികളെയും രക്ഷിക്കാനായില്ല. അവസരത്തിനൊത്തുയർന്ന കഫീൽഖാനെ അഭിനന്ദിക്കുകയും കുറ്റകരമായ അനാസ്ഥക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനുപകരം അദ്ദേഹത്തിനെതിരെ പകപോക്കുകയായിരുന്നു യോഗിയുടെ ബി.ജെ.പി സർക്കാർ.
കഫീൽഖാൻ ചികിത്സരംഗത്ത് അലംഭാവം കാട്ടുന്നവനും അഴിമതിക്കാരനുമാണെന്ന് ആരോപിച്ച് മെഡിക്കൽ കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ഇന്ത്യൻ ശിക്ഷാനിയമവും അഴിമതി നിരോധനനിയമവും പ്രയോഗിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കുകയുമായിരുന്നു പ്രാഥമിക നടപടി. പക്ഷേ, ആരോപണങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തി അലഹബാദ് ഹൈകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നതുവരെ ഒമ്പത് മാസക്കാലം പൊതുപ്രവർത്തകൻകൂടിയായ ആ ആതുര ശുശ്രൂഷകന് ജയിലിൽ കഴിയേണ്ടിവന്നു. യു.പി സർക്കാർതന്നെ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റമുക്തനാക്കപ്പെട്ടുവെങ്കിലും വേട്ടക്കാർ വെറുതെയിരുന്നില്ല. മറ്റൊരു വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയാണ് യോഗി ഭരണകൂടം ചെയ്തത്.
അതേസമയം തന്നെ ഇക്കൊല്ലം ജനുവരി 29ന് അദ്ദേഹം മുംബൈയിൽ അറസ്റ്റിലായി. ദേശരക്ഷാ നിയമപ്രകാരമായിരുന്നു ഇത്തവണത്തെ അറസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വരജിസ്ട്രേഷനുമെതിരെ, വിദ്വേഷവും ഹിംസയും ഇളക്കിവിടുന്ന തരത്തിൽ അലീഗഢ് യൂനിവേഴ്സിറ്റിയിൽ പ്രസംഗിച്ചു എന്നതായിരുന്നു എൻ.എസ്.എ പ്രകാരം പിടികൂടാൻ കാരണമായി പറഞ്ഞത്. മതസ്പർധ വളർത്തുന്ന പ്രസംഗമാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
അങ്ങനെ മഥുര ജയിലിൽ മൂന്നുമാസം കഴിച്ചുകൂട്ടിയ ഖാെൻറ തടവ് കാലാവധി മൂന്നുമാസത്തേക്ക് വീണ്ടും നീട്ടി. ഡോക്ടറുടെ കസ്റ്റഡിക്കെതിരെ അേദ്ദഹത്തിെൻറ മാതാവ് നുസ്രത്ത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിന്മേൽ സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് അലഹബാദ് ഹൈകോടതിയെ സമീപിച്ചപ്പോഴാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂരും ജസ്റ്റിസ് സൗമിത്ര ദയാലും ചേർന്ന ഡിവിഷൻ ബെഞ്ച് നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കഫീൽഖാൻ അലീഗഢിൽ ചെയ്ത പ്രസംഗം പൂർണമായി വായിച്ചുനോക്കിയപ്പോൾ, വെറുപ്പോ അക്രമമോ വളർത്താനുള്ള ഒരു ശ്രമവും അദ്ദേഹം നടത്തിയതായി കാണുന്നില്ലെന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്.
അലീഗഢിൽ ശാന്തിക്കോ സമാധാനത്തിനോ ഭീഷണി ഉയർത്തുന്നതൊന്നും പ്രസംഗത്തിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാർക്കിടയിലെ ഐക്യത്തിനും ആഹ്വാനം ചെയ്യുന്നതാണെന്നും വിധിയിൽ പറയുന്നു. '1980ലെ ദേശരക്ഷാനിയമപ്രകാരം ഡോ. കഫീൽഖാെൻറ തടവോ തടവ് നീട്ടിയതോ നിയമത്തിെൻറ കണ്ണിൽ നിലനിൽക്കുന്നതല്ലെന്ന കാര്യത്തിൽ ഞങ്ങൾക്കൊരു സംശയവുമില്ല' എന്നാണ് ന്യായാധിപന്മാർ വിധിയിൽ ഖണ്ഡിതമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
യു.പി.എ സർക്കാറിെൻറ പത്തുവർഷക്കാലത്ത് ആരംഭിച്ചതും നരേന്ദ്ര മോദി സർക്കാറിെൻറ ഭരണത്തിൽ ശക്തിപ്പെട്ടതുമായ പ്രവണതയാണ് കരിനിയമങ്ങളായ യു.എ.പി.എയും എൻ.എസ്.എയും തികഞ്ഞ പ്രതികാരബുദ്ധിയോടെയും മുൻവിധിയോടെയും നിരപരാധികളുടെമേൽ ചുമത്തി വർഷങ്ങളോളം വിചാരണപോലും കൂടാതെ കാരാഗൃഹത്തിൽ അടച്ചിടുക എന്നത്.
ജനസേവകനായ ഒരു ഭിഷഗ്വരനെ അങ്ങേയറ്റം കുത്സിതമായി വേട്ടയാടുന്നതിെൻറ ഒരുദാഹരണം മാത്രമാണ് ഇപ്പോൾ അലഹബാദ് ഹൈകോടതി അനാവരണം ചെയ്തിരിക്കുന്നത്. നീതിയോടോ ധർമത്തോടോ ഭരണഘടനതത്വങ്ങളോടോ അശേഷം പ്രതിബദ്ധതയില്ലാത്ത ഭരണകൂടങ്ങൾ ഇവ്വിധമല്ലാതെ എങ്ങനെ പെരുമാറാൻ?.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.