അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജയും ശിലാസ്ഥാപനവും ഇന്ന് ഉച്ചക്ക് 12.30 മുതൽ രണ്ട് മണിവരെ നീളുന്ന വർണാഭമായ ചടങ്ങിൽ നടക്കുമെന്നാണ് ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട്റായി അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ശിലാസ്ഥാപനം നിർവഹിക്കുക.
മോദിക്കുപുറമെ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് പ്രധാനവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ പരിപാടി സമ്പൂർണമായി സംപ്രേഷണം ചെയ്യും.
പ്രതിപക്ഷപാർട്ടി നേതാക്കളുടെ പേരുകളൊന്നും ക്ഷണിതാക്കളിൽ ഇല്ലെങ്കിലും പ്രധാന പ്രതിപക്ഷകക്ഷിയും രാമക്ഷേത്ര നിർമാണ മാർഗത്തിലെ തടസ്സങ്ങൾ നീക്കിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പാർട്ടിയുമായ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ക്ഷേത്രം ദേശീയ ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും സാംസ്കാരിക കൂടിച്ചേരലിെൻറയും അവസരമാകട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്.
നേരത്തേ മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കളായ കമൽനാഥും ദ്വിഗ്വിജയ് സിങ്ങും ക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്തു പ്രസ്താവനകളിറക്കിയിരുന്നു. 2019 നവംബർ ഒമ്പതിന് ബാബരി-രാമജന്മ ഭൂമി ഉടമാവകാശ കേസുകളിൽ സുപ്രീംകോടതി രാമക്ഷേത്രത്തിന് അനുകൂലമായി വിധിപറഞ്ഞ ഉടനെ കോൺഗ്രസ് പ്രസിഡൻറ് സോണിയഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക പ്രവർത്തകസമിതി യോഗം വിധി മാനിക്കുന്നുവെന്നും അയോധ്യയിൽ ക്ഷേത്രനിർമാണത്തെ അനുകൂലിക്കുന്നുവെന്നും പ്രമേയം പാസാക്കിയിരുന്നതാണ്.
ഇടതുപക്ഷ കക്ഷികൾ ഉൾപ്പെടെ പ്രതിപക്ഷെത്ത ഒരു പാർട്ടിയും കോടതിവിധിയെ തള്ളിപ്പറയുകയോ ബാബരി മസ്ജിദ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ബാബരി ധ്വംസനം കേസ് തീർപ്പു കൽപിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോവുന്നതിൽ കാര്യമായ എതിർപ്പൊന്നും ആരും ഉന്നയിച്ചിരുന്നുമില്ല. ഇപ്പോഴും ബി.ജെ.പി-ആർ.എസ്.എസ് പ്രമുഖർ പ്രതികളായ മസ്ജിദ് ധ്വംസന കേസ് അനിശ്ചിതമായി നീളുകയാണ്.
ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ സുപ്രീംേകാടതി വിധി അനുകൂലമായാലും പ്രതികൂലമായാലും മാനിക്കുമെന്ന് ആദ്യമേ വ്യക്തമാക്കിയ പേഴ്സനൽ ബോർഡ് അടക്കമുള്ള മുസ്ലിംവേദികളും സംഘടനകളും അന്തിമവിധി പ്രതികൂലമായപ്പോൾ നേരത്തേ നൽകിയ ഉറപ്പ് പാലിച്ചു സംയമനത്തിെൻറയും സമാധാനത്തിെൻറയും വഴിയാണ് തെരഞ്ഞെടുത്തത്.
വിധിയിലെ വൈരുധ്യങ്ങളും പൊരുത്തക്കേടുകളും പ്രഗത്ഭ നിയമജ്ഞർതന്നെ ചൂണ്ടിക്കാട്ടിയെങ്കിലും പുനഃപരിശോധന ഹരജിക്ക് മുസ്ലിം പക്ഷത്തുനിന്നാരും മുന്നോട്ടുവന്നില്ല. രാജ്യത്തിെൻറ മൊത്തം അധികാരം സംഘ്പരിവാർ കൈയടക്കിയിരിക്കെ മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ ക്ഷേത്രനിർമാണം അവർ പ്രതീക്ഷിച്ചതായിരുന്നു.
പകരം പരമോന്നത കോടതി നിർദേശിച്ച പോലെ അഞ്ചേക്കർ സ്ഥലം പള്ളിനിർമാണത്തിന് സർക്കാർ ഓഫർ ചെയ്തപ്പോഴും മുസ്ലിം കൂട്ടായ്മകൾ അത് ഏറ്റെടുക്കാൻ സന്നദ്ധരായില്ല. യു.പിയിലെ ബി.ജെ.പി സർക്കാർതന്നെ തട്ടിക്കൂട്ടിയ സുന്നി സെൻട്രൽ വഖഫ് ബോർഡും ശിയ വഖഫ് ബോർഡുമാണ് അയോധ്യയിൽനിന്ന് ബഹുദൂരം അകലെ ഒരു ഗ്രാമത്തിൽ പതിച്ചു നൽകിയ ഭൂമി ഏറ്റെടുത്ത് ചില പദ്ധതികൾ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
തൂമ്പായെ തൂമ്പാ എന്നുതന്നെ വിളിക്കാൻ നമുക്ക് വൈമനസ്യമില്ലെങ്കിൽ കാര്യം വ്യക്തമാണ്. നരേന്ദ്ര മോദി വൻ ഭൂരിപക്ഷത്തോടെ രണ്ടാമൂഴം ഉറപ്പിച്ചതോടെ ഇന്ത്യയുടെ ഹിന്ദുരാഷ്ട്രവത്കരണം ഏതാണ്ട് പൂർണമായി വരുകയാണ്. രാജ്യത്തെ മതേതര ജനാധിപത്യരാഷ്്ട്രമായാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെങ്കിലും അത് താത്ത്വികമായും പ്രായോഗികമായും നിരാകരിച്ചവരുടെ കൈകളിലാണ് കേന്ദ്രത്തിെൻറയും അധിക സംസ്ഥാനങ്ങളുടെയും ഭരണം.
ബാക്കി സംസ്ഥാനങ്ങൾ ഭരിക്കുന്ന പ്രതിപക്ഷവും മോദി സർക്കാറിെൻറ മൗലികനയങ്ങളെ ചോദ്യം ചെയ്യുന്നില്ല. സംസ്ഥാനങ്ങൾക്ക് വേണ്ട സാമ്പത്തികവിഹിതം കിട്ടണമെന്നേ അവർക്ക് ശാഠ്യമുള്ളൂ. മർമപ്രധാനമായ പൗരത്വപ്രശ്നത്തിൽപോലും ചകിതരും ഇരകളുമായ മുസ്ലിം ന്യൂനപക്ഷത്തെ ആശ്വസിപ്പിക്കുന്ന ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ പ്രതിപക്ഷത്തിന് പേടിയോ മടിയോ ഉണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ അനുകൂലസാഹചര്യം ഉപയോഗിച്ച് പൗരത്വനിയമങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളിലേർപ്പെട്ട സാമൂഹികപ്രവർത്തകരെ പിടികൂടി ജയിലിലടക്കുന്ന തിരക്കിലാണ് കേന്ദ്രസർക്കാർ.
ഇതിനെതിരെ വിരൽചൂണ്ടാൻ ഏത് സെക്കുലർപാർട്ടിയാണ് മുേമ്പാട്ടുവരുന്നത്? ഒരു അർധരാത്രി ജമ്മു-കശ്മീരിെൻറ സംസ്ഥാന പദവിപോലും റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ബി.ജെ.പി ഒഴിച്ചുള്ള മുഴുവൻ പാർട്ടികളുടെയും നേതാക്കളെ ടെലിഫോൺബന്ധം പോലും വിച്ഛേദിച്ച് തടങ്കലിലിടുകയും ചെയ്തിട്ട് ഇപ്പോൾ ഒരുവർഷം പൂർത്തിയാവുകയാണ്.
രാജ്യത്തെ ഏത് പാർട്ടിയാണ് കശ്മീരികളുടെ മൗലികാവകാശ നിഷേധത്തിനെതിരെ ശബ്ദമുയർത്താൻ ധൈര്യപ്പെട്ടത്? ഇത്തരമൊരു സാഹചര്യത്തിൽ ആരാണ് ബി.ജെ.പിയെ വളർത്തിയതെന്ന കാര്യത്തിൽ പരിഹാസ്യമാംവിധം ശണ്ഠകൂടാൻ സമയം കളയുന്ന മതേതരമെന്ന് അവകാശപ്പെടുന്ന പാർട്ടികൾ രാമക്ഷേത്രത്തെ സ്വാഗതം ചെയ്തതിനെ ചൊല്ലിയും വാക്പയറ്റ് നടത്തുന്നത് യഥാർഥ ദൗർബല്യത്തിൽനിന്നും പരാജയത്തിൽനിന്നും ശ്രദ്ധതിരിക്കാൻ മാത്രമാണ്. ആരെന്തു പറഞ്ഞാലും അയോധ്യയിൽ ശതകോടികൾ ചെലവിട്ട് ക്ഷേത്രനിർമാണം റെക്കോഡ് വേഗത്തിൽ പൂർത്തിയായിരിക്കും.
അത് ഗാന്ധിജി സ്വപ്നം കണ്ട ഐക്യത്തിെൻറയും സർവമത മൈത്രിയുടെയും പരസ്പര സ്നേഹത്തിെൻറയും പ്രതീകമായ രാമരാജ്യനിർമിതിയിലേക്കുള്ള ചുവടുവെപ്പായിരിക്കുകയില്ല. 15 കോടിയോളം വരുന്ന ഏറ്റവും വലിയ മതന്യൂനപക്ഷത്തെ പൂർവാധികം അനിശ്ചിതത്വത്തിലും ഭീതിയിലും ആഴ്ത്തി രണ്ടാംകിട പൗരന്മാരാക്കാനുള്ള ആസൂത്രിത നീക്കത്തിെൻറ ഭാഗം മാത്രമാണ് കണ്ടേടത്തോളം അത്. അതല്ല മനസ്സിലിരിപ്പെങ്കിൽ ആർ എവിടെ ആരുടെ പേരിലും ക്ഷേത്രം പണിയുന്നത് ന്യൂനപക്ഷങ്ങൾക്ക് പ്രശ്നമാവേണ്ട കാര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.