കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ജൂൺ 15ന് രാത്രി ഇന്ത്യ-ചൈന സൈനികവ്യൂഹങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപക്ഷത്തും ആൾനാശമുണ്ടായതായി ഒടുവിൽ ചൈനക്ക് സമ്മതിക്കേണ്ടി വന്നു. കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് റാവുവടക്കം 20 സൈനികർ വീരമൃത്യു വരിച്ചുവെന്ന് ഇന്ത്യ ആദ്യമേ വ്യക്തമാക്കിയപ്പോൾ മൗനംപാലിച്ച ചൈന പിന്നീട് ഭാഗികമായെങ്കിലും സത്യം തുറന്നുസമ്മതിക്കേണ്ടിവന്നത് വീണ്ടും ഒരു ഏറ്റുമുട്ടലിന് കളമൊരുക്കുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ്പാർട്ടി പത്രമായ 'ഗ്ലോബൽ ടൈംസി'െൻറ വിശദീകരണം. അതിലടങ്ങിയ സൂചന ഇനിയൊരു ഏറ്റുമുട്ടലിനോ സംഘർഷത്തിനോ ചൈന ആഗ്രഹിക്കുന്നില്ല എന്നാണെങ്കിലും അത് മുഖവിലക്കെടുക്കാൻ ഇന്ത്യ തയാറാവുമെന്ന് കരുതിക്കൂടാ. ചൈന അവകാശവാദമുന്നയിക്കുകയും കയറിപ്പിടിക്കുകയും ചെയ്ത അതിർത്തിപ്രദേശങ്ങളിൽ വൻതോതിൽ സൈനിക സജ്ജീകരണത്തിലേർപ്പെട്ടിരിക്കെ സ്വാഭാവികമായും ഏതു പ്രകോപനത്തെയും നേരിടാനുള്ള തയാറെടുപ്പിൽനിന്ന് പിന്മാറാൻ ഈ രാജ്യത്തിന് വയ്യ. നമ്മുടെ പ്രതിരോധ സേനയുടെയും ജനങ്ങളുടെയും മനോവീര്യം തളർത്താൻ മാത്രമേ അത്തരമൊരു സംയമനം വഴിയൊരുക്കൂ. അതിനാൽതന്നെ, ഇന്ത്യയുടെ കര-വ്യോമ സേനകൾ ഒരേപോലെ നവീന സന്നാഹങ്ങളോടെ അതിർത്തിസംരക്ഷണത്തിൽ വ്യാപൃതരാെണന്ന വിവരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, 1962 ആവർത്തിക്കാതിരിക്കാനും യുദ്ധം ഒഴിവാക്കാനുമുള്ള നയതന്ത്ര നീക്കങ്ങൾ ഇരുഭാഗത്തുനിന്നും നടക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകൾ. അഭിമാനവും സുരക്ഷയും അടിയറവെക്കാതെയുള്ള സമാധാനശ്രമങ്ങൾ തന്നെയാണ് തീർച്ചയായും സന്ദർഭത്തിെൻറ താൽപര്യം.
അതേയവസരത്തിൽ, ചൈനീസ് കമ്പനികളുമായുള്ള കരാറുകൾ റദ്ദാക്കാനും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുമുള്ള ആഹ്വാനങ്ങളും കാൽവെപ്പുകളും ഇന്ത്യയുടെ ഭാഗത്ത് സജീവമാണ്. മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 പദ്ധതി പ്രകാരം ഒരാഴ്ച മുമ്പ് ഒപ്പുവെച്ച പുണെയിലെ 5000 കോടി രൂപയുടെ ചൈനീസ് നിക്ഷേപപദ്ധതികൾ കേന്ദ്ര സർക്കാറുമായി ആലോചിച്ചശേഷം മഹാരാഷ്ട്ര മരവിപ്പിച്ചതാണ് പുതിയ സംഭവവികാസം. ചൈനീസ് കമ്പനിയായ ഗ്രേറ്റ്വാൾ മോട്ടോഴ്സ് 3770 കോടി രൂപയുടെ വാഹന നിർമാണ യൂനിറ്റാണ് മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ച മറ്റൊരു സംരംഭം. കിഴക്കൻ ചരക്ക് ഇടനാഴിയിൽ 400 കിലോ മീറ്റർ റെയിൽവേ ലൈനിൽ സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താൻ ബെയ്ജിങ് നാഷനൽ റെയിൽവേ ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ 500 കോടിയുടെ കരാർ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയതിനു പിന്നാലെയാണ് മഹാരാഷ്ട്രയുടെ നടപടി. ഇന്ത്യൻ വിപണിയാകെ നിറഞ്ഞുകവിഞ്ഞുനിൽക്കുന്ന ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനമാണ് മറ്റൊരു വശത്ത് തീവ്രതരമാവുന്നത്. ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനേക്കാൾ ഏഴിരട്ടിയെങ്കിലും ഇന്ത്യ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. 2018-19 വർഷത്തിൽ 16.7 ബില്യൻ ഡോളറിെൻറ കയറ്റുമതി മാത്രമാണ് ഇന്ത്യ ചൈനയിലേക്ക് നടത്തിയതെങ്കിൽ ഇങ്ങോട്ടുള്ള ഇറക്കുമതി 70.3 ബില്യൻ ഡോളറിേൻറതായിരുന്നു. 53.6 ബില്യെൻറ ഈ വ്യാപാര കമ്മി കുറക്കാനായിരുന്നു ഈ വർഷം ആദ്യം 371 ചൈനീസ് ഉൽപന്നങ്ങളുടെമേൽ കൈവെക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നത്. അത് പക്ഷേ, നടപ്പായില്ല. ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികൾ, മൊബൈൽ ഫോൺ, ഓർഗാനിക് കെമിക്കൽ, സൗരോർജം, പ്ലാസ്റ്റിക്, കളിക്കോപ്പുകൾ എന്നീ മേഖലകളിലെ ഉൽപന്നങ്ങളാണ് ഇറക്കുമതി നിയന്ത്രണം ബാധിക്കുക. മാറിയ സാഹചര്യത്തിൽ അത് ശക്തമായി നടപ്പാക്കാനായിരിക്കും സർക്കാറിെൻറ തീരുമാനം. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള മുറവിളിയുടെ ഭാഗമായി നടത്തപ്പെട്ട ഒരു സർവേയിൽ 87 ശതമാനം പേർ അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
എന്നാൽ, നിലവിലെ വൈകാരികാവസ്ഥ മാറ്റിനിർത്തിയാൽ അവധാനപൂർവമായ ഒരു വിലയിരുത്തലിൽ ൈചനീസ് കമ്പനികൾക്കുള്ള വിലക്കും ഇറക്കുമതിയിലെ നിയന്ത്രണവും അധിക ഇറക്കുമതി നികുതി ചുമത്തലും എത്രത്തോളം പ്രായോഗികമാണ് എന്ന ചോദ്യം വ്യാപാര വ്യവസായ സാമ്പത്തിക മേഖലകളിൽനിന്നുയരുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ചൈനയുടെ ഇറക്കുമതി വെറും രണ്ടു ശതമാനമേ വരൂ എന്ന വസ്തുത കണക്കിലെടുത്താൽ നമ്മുടെ ബഹിഷ്കരണം നടപ്പായാൽതന്നെ അത് ചൈനയെ വല്ലാതെയൊന്നും പ്രയാസപ്പെടുത്താനിടയില്ലെന്നത് ഒരു കാര്യം. അതിനേക്കാൾ പ്രധാനമാണ് ചൈനീസ് ഉൽപന്നങ്ങളേക്കാൾ വിലകുറഞ്ഞ വസ്തുക്കൾ ഇന്ത്യൻ വിപണികളിൽ ലഭ്യമാവുക മിക്കവാറും അസാധ്യമാണെന്നത്. ഗുണനിലവാരം കൂടിയതും കുറഞ്ഞതുമായ എല്ലാതരം ചൈനീസ് ഉൽപന്നങ്ങളും വിപണി കീഴടക്കിയിരിക്കെ നമ്മുടെ വ്യാപാരികളെയും ഉപഭോക്താക്കളെയും ബഹിഷ്കരണം വല്ലാതെ പ്രയാസപ്പെടുത്തും. ഇത്തരം ബഹിഷ്കരണങ്ങൾ ചരിത്രത്തിൽ പലതവണ നടന്നിട്ടുണ്ടെങ്കിലും എല്ലാം പരാജയമായിരുന്നു എന്നതും അനുഭവമാണ്. 1930കളിൽ ജാപ്പനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ച ചൈന, 2003ൽ ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ശ്രമിച്ച അമേരിക്കൻ കൺസ്യൂമർ ഫോറങ്ങൾ, ഇസ്രായേലിനെ പിന്താങ്ങുന്നു എന്ന കാരണത്താൽ അമേരിക്കൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ച അറബ് രാജ്യങ്ങൾ- എല്ലാറ്റിെൻറയും ഗതി ഒടുവിൽ വിഫലമായി കലാശിച്ചതായിരുന്നു. താൽക്കാലിക സമ്മർദങ്ങൾക്കേ കവിഞ്ഞാൽ ഉൽപന്ന ബഹിഷ്കരണം ഉതകൂ. എന്നുവെച്ച്, ഇന്ത്യ നിഷ്ക്രിയമായിരിക്കണം എന്നല്ല. 'മേക്ക് ഇൻ ഇന്ത്യ' എന്ന മുദ്രാവാക്യം ഉറക്കെ ചൊല്ലിയതുകൊണ്ടോ ചൊല്ലിച്ചതുകൊണ്ടോ അവസാനിപ്പിക്കാതെ ഗുണനിലവാരത്തിൽ ചൈനീസ് ഉൽപന്നങ്ങളോട് കിടപിടിക്കുന്ന വസ്തുക്കൾ രാജ്യത്ത് നിർമിക്കാനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം. ഇന്ത്യയിലെ അതുല്യ മാനവിക വിഭവശേഷി തദനുസൃതമായി വളർത്തിയെടുക്കണം. സ്വയം പര്യാപ്തതയാവണം എല്ലാ രംഗത്തും നമ്മുടെ ലക്ഷ്യം. അതിന് തടസ്സമായ അലസതയും അഴിമതിയും വെറും വൈകാരിക വിഷയങ്ങളിലെ സമയ ദുർവിനിയോഗവും അയൽബന്ധങ്ങളിലെ ദുശ്ശാഠ്യങ്ങളും അവസാനിപ്പിക്കുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.