സർദാർ പേട്ടൽ അനുസ്മരണ പ്രഭാഷണത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചെയ്ത പ്രസംഗം സാധാരണനിലക്ക് ഒൗപചാരികമായ ഒരു ഭാഷണമായി മാത്രം ഗണിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, അത് ചർച്ചയും വിവാദവും ഉയർത്തിയത് അതിെൻറ ഉള്ളടക്കം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാജ്യത്തിെൻറ ഭാവിയെക്കുറിച്ചും ചില ദിശാസൂചകങ്ങൾ ഉൾക്കൊണ്ടതിനാലാണ്. ജനാധിപത്യ സംസ്കാരത്തിെൻറ മർമത്തെ തൊടുന്ന ഡോവലിെൻറ ചില ചിന്തകൾക്കു പിന്നിലെ യഥാർഥ താൽപര്യങ്ങൾ എന്തെന്ന പരിശോധന അസുഖകരമായ കുറെ വസ്തുതകളിലേക്ക് നമ്മെ നയിക്കുന്നുണ്ടെന്ന് പറയേണ്ടിവരുന്നു. അടുത്ത പത്തു വർഷത്തേക്ക് ഇന്ത്യക്ക് കൂട്ടുകക്ഷി സർക്കാറിെൻറ ദൗർബല്യങ്ങളല്ല ആവശ്യമെന്ന് ഡോവൽ പറയുന്നു- നിശ്ചയദാർഢ്യവും കരുത്തുമുള്ള സുസ്ഥിര സർക്കാറാകണം ഇന്ത്യയെ ഭരിക്കേണ്ടത്. പ്രത്യക്ഷത്തിൽ സ്വീകാര്യമെന്ന് തോന്നാവുന്നതാണ് അദ്ദേഹത്തിെൻറ വാദം. ജനാധിപത്യംതന്നെ ചില സഹജ ദൗർബല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും നമ്മുടെ നാട്ടിൽ ജനാധിപത്യം നടപ്പിൽവരുന്ന രീതിയിൽ പാളിച്ചകളേറെയുണ്ടെന്നും സമ്മതിക്കാതെ വയ്യ. തെരഞ്ഞെടുപ്പു കാലത്ത് കുത്തുന്ന വോട്ടിലൊതുങ്ങും പൗരെൻറ ജനാധിപത്യാവകാശം; നിരക്ഷരരും പാവങ്ങളുമായ കോടിക്കണക്കിനാളുകൾക്ക് അതുപോലും അന്യെൻറ ആജ്ഞക്ക് വിധേയമാണുതാനും. അഴിമതിയും രാഷ്ട്രീയ സ്വാർഥതാൽപര്യങ്ങളും പണാധിപത്യവും ചേർന്ന് ജനാധിപത്യത്തെ പ്രഹസനവും ശരിയായ തീരുമാനങ്ങൾക്ക് വിഘാതവുമാക്കുന്നുണ്ട് എന്നതും നേര്.
എന്നാൽ, ജനാധിപത്യ നടത്തിപ്പിലെ വീഴ്ചകൾക്ക് പരിഹാരം ശക്തവും കേന്ദ്രീകൃതവുമായ ഭരണകൂടമാണെന്ന നിഗമനം എത്രത്തോളം യുക്തിഭദ്രമാണ്? ഡോവൽ തന്നെ ചൂണ്ടിക്കാണിച്ചപോലെ, വ്യക്തികളല്ല നിയമങ്ങളാണ് ഭരണം നിർവഹിക്കേണ്ടത്. നിയമവ്യവസ്ഥ അന്യൂനമാവുക എന്നതാണ് ശരിയായ രീതി. 2014ൽ അധികാരമേറ്റ മോദിസർക്കാർ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും ശക്തമായ, ഏകകക്ഷിബലമുള്ള, ഭരണകൂടമായിരുന്നു. എന്നാൽ, നിയമവാഴ്ചയും നിയമത്തോടുള്ള വിധേയത്വവും നോക്കുേമ്പാൾ അതിന് മുമ്പത്തെ ‘ദുർബലമായ’ കൂട്ടുകക്ഷി സർക്കാറുകൾ എത്രയോ മെച്ചമായിരുന്നു. പാർലമെൻറ്, ബ്യൂറോക്രസി തുടങ്ങിയ അനേകം മേഖലകളിൽ നിലവിലുള്ള നിയമവ്യവസ്ഥിതി തകർക്കുകയാണ് മോദി ചെയ്തിട്ടുള്ളത്. മോദിയുടെ നോട്ടുനിരോധന തീരുമാനം ഉദാഹരണം. റിസർവ് ബാങ്കും ധനകാര്യ വകുപ്പും മറ്റു സംവിധാനങ്ങളും നോക്കുകുത്തിയായിരുന്നു അന്ന്. ഇത്ര വലിയൊരു തീരുമാനത്തിന് വേണ്ടത്ര ‘കരുത്ത്’ ഉണ്ടായി എന്നതുമാത്രമാണ് ആ മടയത്തം സാധ്യമാക്കിയത്. അടുത്ത പത്തു വർഷത്തേക്ക് ‘കടുത്ത തീരുമാനങ്ങളെടുക്കാൻ’ ശേഷിയുള്ള ശക്തമായ സ്ഥിരതയുള്ള, സർക്കാർ വേണമെന്നു പറയുേമ്പാൾ അതിൽ അടിയന്തരാവസ്ഥ പലരും മണക്കുന്നു. കടുത്ത തീരുമാനങ്ങളും കാര്യക്ഷമമായ ഭരണ നിർവഹണവും മുദ്രാവാക്യമാക്കിക്കൊണ്ടുതന്നെയാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നോർക്കണം. ഹിറ്റ്ലറും മുസോളിനിയും അടക്കമുള്ള ഏകാധിപതികളും ജനാധിപത്യത്തിെൻറ പേര് പറഞ്ഞുതന്നെയാണ് ‘ശക്തമായ ഭരണം’ പിടിച്ചുവാങ്ങിയത്.
രാജ്യത്തിെൻറ ‘ലക്ഷ്യങ്ങൾ’ സാധിച്ചെടുക്കാൻ കരുത്തുറ്റ ഭരണം വേണമെന്നുകൂടി ഡോവൽ പറയുന്നു. രാജ്യത്തിെൻറ ‘ലക്ഷ്യങ്ങൾ’ ആരാണ് തീരുമാനിക്കുന്നത്? ‘കാരുണ്യവാനായ സ്വേച്ഛാധിപതി’ (ബെനവലൻറ് ഡിക്ടേറ്റർ) എന്ന ആകർഷകമായ റാപ്പറിൽ പൊതിഞ്ഞ സമഗ്രാധിപത്യം നമുക്ക് പരിചിതമാണ്. അതിൽ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുക അവരല്ല, ഭരണകർത്താക്കളാണ്. അവിടെ തെരഞ്ഞെടുപ്പ് നടക്കും-അഞ്ചു ശതമാനം പേർ പോലും വോട്ട് ചെയ്തില്ലെങ്കിലും അത് സാധുവാകും. അവിടെ പൗരത്വം പോലും തീരുമാനിക്കുക ഭരണകൂടമായിരിക്കും. ഡോവൽ സ്വപ്നം കാണുന്ന ‘ശക്തവും സ്ഥിരവുമായ’ ഭരണത്തിെൻറ ഫലങ്ങൾ കഴിഞ്ഞ നാലരവർഷം നാട് അനുഭവിക്കുന്നുണ്ട്. ആൾക്കൂട്ടങ്ങൾ അഴിഞ്ഞാടുന്ന ‘നിയമവാഴ്ച’, വിവരാവകാശ നിയമത്തെപ്പോലും അട്ടിമറിക്കുന്ന ഗൂഢതാൽപര്യങ്ങളുടെ ആധിപത്യം, സാമ്പത്തിക തകർച്ചയും അസമത്വവും, ജാതീയതയുടെ തിരിച്ചുവരവ്, കോർപറേറ്റ് വിധേയത്വം ഇങ്ങനെ ‘നേട്ടങ്ങളുടെ’ വലിയൊരു പട്ടികയുണ്ട് നമുക്കു ചുറ്റും. തൊഴിലില്ലായ്മയും രൂപയുടെ തകർച്ചയും ‘ശക്തമായ’ ഭരണകൂടത്തിനു കീഴിലെ യാഥാർഥ്യമാണ്.
ചൈനയുമായുള്ള ബന്ധത്തിൽ വന്ന അസ്വാരസ്യം മുതൽ വൂഹാൻ മേഖലയിലെ കീഴടക്കം വരെ ഡോവലിെൻറയടക്കം ‘കരുത്തുറ്റ ഭരണ’ത്തിെൻറ ഉദാഹരണങ്ങളായുണ്ട്. ജമ്മു-കശ്മീരിൽ അദ്ദേഹത്തിെൻറ മേൽനോട്ടത്തിൽ നടപ്പായ ശക്തിപ്രയോഗം ജനങ്ങളെ അകറ്റിയത് മറ്റൊരു ഉദാഹരണം. വ്യാജ വാർത്തകളെ കരുതിയിരിക്കണമെന്ന് ഡോവൽ പറയുേമ്പാൾ ഉദ്ദേശിക്കുന്നത് സാധാരണക്കാരെ ആൾക്കൂട്ട ആക്രമണങ്ങൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുന്ന സാമൂഹിക രോഗത്തെയല്ല, മറിച്ച് പ്രതിപക്ഷങ്ങളുയർത്തുന്ന ന്യായമായ ആരോപണങ്ങളെയാെണന്ന് തോന്നിപ്പോകുന്നു. കൂട്ടുകക്ഷി ഭരണം വിനാശകരമാണെന്ന വാദത്തിനു പിന്നിൽ പ്രതിപക്ഷ െഎക്യം ബി.ജെ.പിക്ക് മുമ്പാകെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച വേവലാതിയില്ലേ? രാഷ്ട്രീയ വിയോജിപ്പിനെയും മാധ്യമങ്ങളുടെ വിമർശനങ്ങളെയും രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്ന ശൈലി ആ പ്രസംഗത്തിെൻറ വരികൾക്കിടയിലില്ലേ? ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആരുടെ സുരക്ഷയാണ് മനസ്സിൽവെക്കുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ആ വിമർശനം ന്യായവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.