വിജ്ഞാന, ഗവേഷണ, ആശയവിനിമയ മേഖലകളിലെ കൊടുക്കൽ വാങ്ങലുകൾ പരമപ്രാധാന്യം നേടിയ കാലമാണിത്. സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾക്കും മഹാമാരിക്കും കാലാവസ്ഥ പ്രശ്നത്തിനുമൊന്നും ഒറ്റതിരിഞ്ഞുള്ള പരിഹാരങ്ങൾ ഇല്ലെന്നിരിക്കെ, തികച്ചും ഭൗതികമായ അർഥത്തിൽപോലും വിവര വിനിമയത്തിലെ രാജ്യാന്തര സഹകരണം അത്യാവശ്യമാണ്. എന്നാൽ, ഈ മേഖലകളിൽ തുറന്നുകിടക്കേണ്ട അന്വേഷണ വാതിലുകൾ കൊട്ടിയടക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ വർധിച്ചുവരുന്നു. രണ്ടു സംഭവങ്ങളാണ് ഈ ആശങ്കക്ക് കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായി ശക്തിപകർന്നത്. ഫിലിപോ ഒസെല്ല എന്ന ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞനെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് നാട്ടിലേക്ക് തിരിച്ചയച്ചതാണ് ഒരു സംഭവം. മറ്റൊന്ന്, ജേണലിസ്റ്റ് റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തിൽവെച്ച്, ബ്രിട്ടനിലേക്കുള്ള യാത്രയിൽനിന്ന് തടഞ്ഞതും. അകത്തേക്കുള്ള വാതിലടച്ചതും പുറത്തേക്കുള്ള വാതിലടച്ചതും എന്തെങ്കിലും നിയമലംഘനം നടത്തിയതിനല്ല; ഇരുവരും വിഷയാധിഷ്ഠിതമായ അക്കാദമിക ചർച്ചകളിൽ പങ്കെടുക്കുന്നതിൽനിന്ന് തടയപ്പെടുകയായിരുന്നു- 'വാഷിങ്ടൺ പോസ്റ്റ്' കോളമിസ്റ്റ് കൂടിയായ റാണ അയ്യൂബിനെ അന്താരാഷ്ട്ര ജേണലിസ്റ്റ്സ് സെന്ററും (ഐ.സി.എഫ്.ജെ) അന്താരാഷ്ട്ര അഭിഭാഷക സംഘത്തിനു കീഴിലുള്ള മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂട്ടും ലണ്ടനിലെ ക്ഷണിക്കപ്പെട്ടവർക്കായുള്ള ചർച്ചാ സദസ്സിലേക്കാണ് വിളിച്ചിരുന്നത്. വനിത ജേണലിസ്റ്റുകൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിലായിരുന്നു വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ചർച്ച. വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകരും അക്കാദമിക വിദഗ്ധരുമായ വനിതകളുൾപ്പെട്ടതായിരുന്നു ചർച്ചാപാനൽ. ഈ പരിപാടിയും റാണ അയ്യൂബിന്റെ പങ്കാളിത്തവും മുൻകൂട്ടി വിളംബരം ചെയ്യപ്പെട്ടിരുന്നെങ്കിലും അവർ മാർച്ച് 29ന് മുംബൈ വിമാനത്താവളത്തിൽ യാത്രക്ക് തൊട്ടുമുമ്പ് തടയപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു കേസിൽ കോടതിയിൽ ഹാജരാകാനുള്ള സമൻസും നൽകി: ബ്രിട്ടനിൽ ചർച്ച നടത്താൻ തീരുമാനിച്ച ഏപ്രിൽ ഒന്നിന് ഹാജരാകാനുള്ള കൽപന, അവരെ ചർച്ചക്കെത്തുന്നതിൽനിന്ന് തടയാനുദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം. അവരെ പിടിച്ചുവെച്ചതോടെ സംഘാടകർ ചർച്ചപരിപാടി റദ്ദാക്കി.
ഫിലിപോ ഒസെല്ലയുടെ തിരുവനന്തപുരം പരിപാടിയും തീർത്തും അക്കാദമികമായിരുന്നു. കേരള യൂനിവേഴ്സിറ്റി, കുസാറ്റ്, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, ബ്രിട്ടനിലെ സസക്സ് യൂനിവേഴ്സിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച, 'കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ തീരദേശ പ്രശ്നങ്ങളു'മായി ബന്ധപ്പെട്ട രാജ്യാന്തര കോൺഫറൻസിൽ പങ്കെടുക്കാനാണ് സസക്സ് യൂനിവേഴ്സിറ്റിയിലെ ആന്ത്രപോളജി പ്രഫസറും ഗവേഷകനുമായ ഒസെല്ല എത്തിയത്. മുപ്പതു കൊല്ലമായി കേരളത്തെ കുറിച്ചും കേരളീയരെ കുറിച്ചും ഗവേഷണം നടത്തുകയും പഠനമെല്ലാം പൊതുമണ്ഡലത്തിൽ ലഭ്യമാക്കുകയും ചെയ്തിട്ടുള്ള ഒസെല്ല സംസ്ഥാനത്തെ അക്കാദമിക വൃത്തങ്ങളിൽ പരിചിതനും സ്വീകാര്യനുമാണ്. കേന്ദ്ര സർക്കാറിന്റെ നിർദേശമനുസരിച്ചാണത്രെ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മാർച്ച് 25ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ തടയുകയും തിരിച്ചയക്കുകയും ചെയ്തു. കാരണം അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞില്ലെന്നു മാത്രമല്ല, പരുഷമായി പെരുമാറുകയും ചെയ്തുവത്രെ. അത്യാവശ്യമായി കഴിക്കേണ്ട മരുന്ന് ബാഗിൽനിന്ന് എടുക്കാൻപോലും അനുവദിക്കാതെ മടക്കി അയക്കുകയാണ് ചെയ്തത്. ഒരു പണ്ഡിതനെ തിരിച്ചയക്കുക മാത്രമല്ല, അദ്ദേഹത്തെ അവഹേളിക്കുകകൂടി ചെയ്തു എന്നർഥം.
ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ യശസ്സിനേൽപിക്കുന്ന കളങ്കം ചെറുതല്ല. ഒസെല്ല സംഭവത്തിൽ ഒരു വിശദീകരണംപോലും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. കേരള മുഖ്യമന്ത്രി ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നു. ഒസെല്ല വിസാചട്ടം ലംഘിച്ചതായി അനൗദ്യോഗിക വിശദീകരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതദ്ദേഹം നിഷേധിക്കുന്നു- കാലാവധി തീരാത്ത ഗവേഷക വിസ തനിക്കുണ്ട്; വിസ നിബന്ധനകൾ ഒരിക്കലും ലംഘിച്ചിട്ടുമില്ല. സസക്സ് യൂനിവേഴ്സിറ്റി ഇക്കാര്യത്തിൽ ഇന്ത്യൻ അധികൃതർക്ക് കത്തെഴുതുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. റാണ അയ്യൂബിന്റെ ആതിഥേയർ പുറപ്പെടുവിച്ച പ്രസ്താവനയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടും വിമർശനാത്മകമായ വിലയിരുത്തലിനോടും ഇന്ത്യ സർക്കാർ അസഹിഷ്ണുത പുലർത്തുന്നതായി പറയുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് ഇന്ത്യയിൽ ഭീഷണി ഇല്ലെന്നു പറയുന്ന സർക്കാർ തന്നെ മറിച്ചാണ് സത്യമെന്ന് തെളിയിക്കുകയാണ്- പ്രസ്താവന പറയുന്നു. തുറന്ന ചർച്ചകളെയും അക്കാദമികസംവാദങ്ങളെയും ഇന്ത്യ ഭയക്കുന്നു എന്ന വിമർശനത്തിന് അടിവരയിടുന്ന നടപടികളാണ് നമ്മിൽനിന്നുണ്ടാകുന്നതെന്നത് നിർഭാഗ്യകരമാണ്. ഡൽഹി യൂനിവേഴ്സിറ്റി ലോ ഫാക്കൽറ്റി 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ അഡ്വ. പ്രശാന്ത് ഭൂഷണിന്റെ പ്രഭാഷണം നിശ്ചയിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കപ്പെട്ടു. മധ്യപ്രദേശിൽ പ്രഫ. ശംസുൽ ഇസ്ലാമിന്റെ പ്രഭാഷണം സമ്മർദം മൂലം ഒഴിവാക്കി. കാർഷിക നിയമങ്ങളെ എതിർത്തതിന്റെ പേരിൽ കേന്ദ്ര സർക്കാറിന് അനഭിമതയായ ദിശാ രവിക്ക് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പറ്റാതെപോയത് അധികൃതർ പാസ്പോർട്ട് കരുതിക്കൂട്ടി വൈകിച്ചതിനാലത്രെ. അക്കാദമിക രംഗത്തെ ഇത്തരം രാഷ്ട്രീയ കൈകടത്തൽ ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചുകൊണ്ടിരിക്കുന്നു. രാജ്യതാൽപര്യവും വിജ്ഞാന മേഖലയുടെ പ്രാധാന്യവും കണക്കിലെടുത്ത് ഈ പ്രവണത തടയേണ്ടത് ആവശ്യമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.