കേരളത്തിൽ മാവോവാദി ഏറ്റുമുട്ടൽ കൊല തുടരുകയാണ്. വയനാട്ടിലെ പടിഞ്ഞാറത്തറയിൽ തമിഴ്നാട് തേനി സ്വദേശി വേൽമുരുകൻ എന്ന മുപ്പത്തഞ്ചുകാരൻ മാവോവാദിയാണ് തണ്ടർബോൾട്ട് സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പടിഞ്ഞാറത്തറക്കടുത്ത് കാപ്പിക്കുളം മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം ചൊവ്വാഴ്ച രാവിലെ ആറിന് പതിവു പരിശോധനക്കിടെ മാവോവാദി സംഘം പൊലീസിനു നേരെ വെടിവെച്ചെന്നും തിരിച്ചടിയിൽ ഒരാൾ കൊല്ലപ്പെെട്ടന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച ഇൗ പൊലീസ് ഭാഷ്യമല്ലാതെ മറ്റുവിവരമൊന്നും ലഭ്യമല്ല. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ രണ്ടു കി.മീ ദൂരെ പൊലീസ് തടഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിന് വയനാട്ടിൽ വൈത്തിരി ഉപവൻ റിസോർട്ടിലുണ്ടായ വെടിവെപ്പിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടിരുന്നു.
കേരളത്തിൽ പിണറായി വിജയെൻറ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് അധികാരമേറ്റ ശേഷം കമ്യൂണിസ്റ്റ് തീവ്രവാദികളായ മാവോവാദികളെ കൊലപ്പെടുത്തുന്ന നാലാമത്തെ സംഭവമാണ് പടിഞ്ഞാറത്തറയിലേത്. 2015 നവംബർ 24ന് മലപ്പുറം കരുളായി വനമേഖലയിൽ കുപ്പു ദേവരാജ്, അജിത എന്നീ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. 2019 ൽ വൈത്തിരിയിൽ സി.പി. ജലീൽ, ഒക്ടോബർ 28,29 തീയതികളിൽ പാലക്കാട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ തമിഴ്നാട്ടുകാരായ രമ, അരവിന്ദ്, കാര്‍ത്തി, മണിവാസകം എന്നിവരെയും പൊലീസ് വെടിവെച്ചുകൊന്നു. സംഭവങ്ങൾക്കെല്ലാം ചില സമാനതകളുണ്ട്. തണ്ടർബോൾട്ട്-മാവോവാദി ഏറ്റുമുട്ടൽ നടന്നെന്നു പിറ്റേന്നാൾ പൊലീസ് അറിയിപ്പിലൂടെയാണ് ലോകമറിയുക. സംഭവസ്ഥലം സന്ദർശിച്ചു പൊലീസ് കഥക്കപ്പുറം കാര്യമുണ്ടോ എന്ന അന്വേഷണത്തിന് അനുവദിക്കാറില്ല. ചൊവ്വാഴ്ച കാപ്പിക്കുളത്ത് ചെയ്തതുപോലെ കഴിഞ്ഞ വർഷം വൈത്തിരി, മഞ്ചക്കണ്ടി വെടിവെപ്പിലും സംഭവസ്ഥലത്തേക്ക് ആരെയും കടത്തിവിട്ടിരുന്നില്ല.
പൊലീസ് കഥ വ്യാജമായതിനാലാണ് പ്രദേശം അടച്ചുപൂട്ടി വെക്കുന്നതെന്ന് മനുഷ്യാവകാശസംഘടനകളും പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു. മുൻ ഏറ്റുമുട്ടലുകളെക്കുറിച്ച് വൈകിവന്ന വിവരങ്ങൾ ഇൗ ആരോപണത്തിന് ബലം പകരുന്നുമുണ്ട്. കഴിഞ്ഞ വർഷം ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പറഞ്ഞതത്രയും തെറ്റാണെന്ന് വെളിപ്പെടുത്തുന്ന ഫോറൻസിക് റിേപ്പാർട്ടിലെ വിവരങ്ങൾ ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് പുറത്തായി. വൈത്തിരി റിസോർട്ടിലെത്തിയ മാവോവാദി സംഘം പൊലീസിനുനേരെ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടലിൽ ജലീൽ കൊല്ലപ്പെെട്ടന്നായിരുന്നു പൊലീസ് വാദം. എന്നാൽ, ജലീലിേൻറതെന്നു പറഞ്ഞ് പൊലീസ് ഹാജരാക്കിയ തോക്കിൽനിന്ന് വെടിയുണ്ട ഉതിർത്തിട്ടില്ലെന്നും ജലീൽ തോക്ക് ഉപയോഗിച്ചിരുന്നെങ്കിൽ കൈയിലോ ശരീരഭാഗങ്ങളിലോ സൂചനകൾ ഉണ്ടാകുമായിരുന്നുവെന്നും അങ്ങനെ സ്ഥിരീകരിക്കാനായില്ലെന്നുമായിരുന്നു റിപ്പോർട്ട്.
ഇതിനിടെയായിരുന്നു മഞ്ചക്കണ്ടിയിലെ നാലുപേരുടെ കൊല. അന്നു ഭരണത്തിലെ ഘടകകക്ഷിയായ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അസി.സെക്രട്ടറി കെ. പ്രകാശ് ബാബുവും തന്നെ നടന്നത് തണ്ടര്ബോള്ട്ടിെൻറ ഏകപക്ഷീയ ആക്രമണമാണെന്നും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും വാർത്തസമ്മേളനം വിളിച്ചറിയിച്ചു. അട്ടപ്പാടിയിൽ അന്ന് പൊലീസ് ചൂണ്ടിയ തീവ്രവാദി താവളം ആക്രമണത്തിനു നാളുകൾക്കു മുമ്പ് പൊലീസ് നിര്‍മിച്ചതാണെന്നും ആഹാരം കഴിച്ചുകൊണ്ടിരിക്കെ മാവോവാദികളെ തണ്ടർബോൾട്ട് വെടിെവച്ചുകൊല്ലുകയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് തീവ്രവാദം നേരിടുന്നതിന് കേന്ദ്രസർക്കാർ ഒരുക്കിയ വൻ സന്നാഹങ്ങൾക്കു ചുവടുപിടിച്ചാണ് കേരളം, തമിഴ്നാട്, കർണാടക അതിരുകൾ ചേർന്ന വനാന്തരങ്ങളിലേക്ക് 'തണ്ടർബോൾട്ട്' ഒാപറേഷൻ ടീം വരുന്നത്. 2016 ൽ തിരുവനന്തപുരത്തു നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖല കൗൺസിലിൽ ഇടതു തീവ്രവാദത്തെ നേരിടാൻ പ്രത്യേക ബറ്റാലിയനു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി തേടിയെങ്കിലും മോദിസർക്കാർ തള്ളുകയായിരുന്നു. നക്സൽ പ്രതിരോധത്തിന് വൻതോതിലുള്ള സഹായം കേന്ദ്രം നൽകുന്നുണ്ട്. ഇത്ര വലിയ സന്നാഹങ്ങളോടെ തണ്ടർബോൾട്ട് ഇതുവരെ നടത്തിയ മാവോവാദി വേട്ടകളെല്ലാം വിവാദനിഴലിലാണ്. മാവോവാദികളുടെ രാഷ്ട്രീയദർശനം ഭരണഘടനയുമായി പൊരുത്തപ്പെടുന്നതല്ലെങ്കിലും മാവോയിസ്റ്റ് ആയിരിക്കുക കുറ്റകൃത്യമല്ലെന്ന്, വയനാട്ടിൽ നിന്നു മാവോവാദിയെന്ന പേരിൽ ചെറുപ്പക്കാരനെ പിടികൂടിയ സംഭവത്തിൽ 2015 മേയിൽ കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
വേട്ടക്കാരനെ പോലെ മാവോവാദികളെ പിന്തുടർന്ന് പിടികൂടുന്ന സ്റ്റേറ്റിെൻറ രീതി യൂനിഫോമിലുള്ള നിയമലംഘനമാണെന്നും അവിടെ സംരക്ഷകർ അതിക്രമികളായി മാറുകയാണെന്നും അന്നു കോടതി വിമർശിച്ചു. എന്നാൽ, പിന്നീട് കേരളത്തിൽ ഇടതുഭരണം വന്ന ശേഷം ഇടതു തീവ്രവാദ വേട്ടയും ഏറ്റുമുട്ടൽ കൊലകളും വർധിക്കുകയാണുണ്ടായത്. മാവോവാദി മുദ്രയുള്ളവരെ വെടിവെച്ചുകൊല്ലാം എന്നായിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു കാര്യമായ പ്രതിഷേധമൊന്നുമുയർത്താതെ തുടരുന്ന ഇൗ അറുകൊലകൾ. നിയമവഴിയിൽ നടത്തേണ്ടവരെ നിയമവിരുദ്ധ ഏറ്റുമുട്ടലുകൾ സൃഷ്ടിച്ച് കൊന്നുകളയുന്നത് ഉത്തരേന്ത്യയിലെ വനരാജ് നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടുവരുന്നതാണ്. ഇടതു തീവ്രവാദത്തെ നേരിടാൻ ആ വഴിതന്നെ മതിയെന്ന് ജനാധിപത്യത്തിനും പുരോഗമനത്തിനും പുരപ്പുറം കയറി കൂവുന്ന ഇടതുവാദി സർക്കാറും ഉറപ്പിച്ചുകഴിഞ്ഞോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.