ആവർത്തിക്കുന്ന വെടിമുഴക്കങ്ങൾ

കഴിഞ്ഞ ബുധനാഴ്ച രാത്രി ലക്കിടി ദേശീയപാതയോരത്തിനു സമീപത്തുള്ള ഉപവൻ റിസോർട്ടിൽ പൊലീസ് വെടിയേറ്റ് മാവോവാദി ന േതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ദിനംപ്രതി ദുരൂഹതയേറുകയാണ്. സുപ്രീംകോടതി നിർദേശമനുസരിച്ച് മജിസ്ട്രേറ ്റ്തല അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഡി.ജി.പി ബെഹ്റ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏറ്റുമുട്ടലി​െൻറ യഥാ ർഥ വസ്തുതകൾ തേടി ബന്ധുക്കൾ നിയമപോരാട്ടത്തിന് തീരുമാനിച്ചിരിക്കുന്നു. ഇതുവരെയുള്ള പൊലീസ് നടപടിക്രമങ്ങളും വ ിശദീകരണങ്ങളും ഏകപക്ഷീയമായ ഏറ്റുമുട്ടൽ മറച്ചുവെക്കുംവിധമാ​െണന്ന സംശയം കുടുംബവും പൊതുസമൂഹത്തിലെ വലിയൊരു വി ഭാഗവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. നിരോധിത സംഘങ്ങളിൽപെട്ട മാവോവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പകരം കൊന്നുതീർക്കുകയെന്ന ഉത്തരേന്ത്യൻ പൊലീസ് നയമാണ് കേരളത്തിലെ തണ്ടർബോൾട്ടും സ്വീകരിച്ചിരിക്കുന്നതെന്ന ആശങ്ക ബലപ്പെടുത്തുന്നു കരുളായി ഏറ്റുമുട്ടലും ലക്കിടി സംഭവവും. 2016 നവംബറിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത കേസിൽ മജിസ്​റ്റീരിയല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ നടന്നിരുന്നെങ്കിലും പൊലീസിനും തണ്ടര്‍ബോള്‍ട്ടിനും ക്ലീന്‍ ചിറ്റ് നൽകി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ശക്തമായി ഉയർന്നിട്ടും ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി തദ്വിഷയത്തിൽ മൗനം തുടരുന്നത് അത്ര ഭൂഷണമായ കാര്യമല്ല. സായുധവിപ്ലവത്തെ ഇപ്പോഴും അന്തരംഗങ്ങളിൽ കാത്തുസൂക്ഷിക്കുന്ന കമ്യൂണിസ്​റ്റ്​ സർക്കാറി​െൻറ കാലത്താണ് മനുഷ്യാവകാശങ്ങൾ കാറ്റിൽപറത്തി വീണ്ടുമൊരു മാവോവാദി ഏറ്റുമുട്ടൽ കൊലപാതകം ആവർത്തിച്ചിരിക്കുന്നത്. കേരള പൊലീസ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കുപ്രസിദ്ധരായ ഉത്തരേന്ത്യൻ പൊലീസി​െൻറ പിന്തുടർച്ചാവകാശികള​െല്ലന്ന് ഉറപ്പുവരുത്താൻ ഇടതുപക്ഷ സർക്കാറിന് ആശയപരമായും ഭരണപരമായും ബാധ്യതയുണ്ട്.

പൊലീസ് ഭാഷ്യമനുസരിച്ചുതന്നെ ലക്കിടി റിസോർട്ടിലേക്ക് മാവോവാദികൾ വന്നത് ഭക്ഷണം തേടിയും പണമാവശ്യപ്പെട്ടുമാണ്. ഭക്ഷണം തയാറാക്കുന്ന സമയത്ത് അവരവിടെ ചെലവഴിച്ചത് മാന്യമായാ​െണന്ന് ജീവനക്കാരും പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അക്രമവും ബന്ദിയാക്കലുകളുമൊന്നും അവരുടെ അജണ്ടകളായിരുന്നില്ലെന്നതി​െൻറ മറ്റൊരു െതളിവായി ഉന്നയിക്കപ്പെടുന്നത്, റിസോർട്ട് ജീവനക്കാർക്കോ പൊലീസ് ഉദ്യോഗസ്ഥർക്കോ ഏറ്റുമുട്ടലി​െൻറ ഭാഗമായി യാതൊരു പരിക്കുമേറ്റിട്ടില്ല എന്നതാണ്. തോക്കേന്തിയ കുറച്ച് പൊലീസുകാർ വരുകയും തുടർന്ന് വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നുവെന്ന റിസോർട്ട് മാനേജറുടെ ആദ്യ വിശദീകരണം ഏറ്റുമുട്ടൽ കൊലയിലേക്ക് നയിച്ച വസ്തുതകളിലേക്ക് വെളിച്ചംവീശുന്നതും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതുമാണ്, പിന്നീടത് നിഷേധിച്ചുവെങ്കിലും. മരണകാരിയായ രണ്ടു വെടിയുണ്ടകളും ഏറ്റിരിക്കുന്നത് മൃതദേഹത്തി​െൻറ പിറകുവശത്താണ്. ഒന്ന് നെഞ്ച് തകർത്താണ് പുറത്തുവന്നതെങ്കിൽ മറ്റൊരു വെടിയുണ്ട തലയുടെ ഇടതുവശത്ത് തറച്ച് പുറത്തുവന്നത് കണ്ണിനു സമീപത്തുകൂടിയാണ്. വളരെ അടുത്തുനിന്ന് വെടിവെച്ച രീതിയിലാ​െണന്ന സംശയം ഉന്നയിക്കുന്നു മൃതദേഹം സി.പി. ജലീലി​േൻറതാ​െണന്ന് ഉറപ്പിച്ച സഹോദരൻ സി.പി. റഷീദ്.

നിരോധിത സംഘടനയുടെ നേതാവാണ് എന്നതും സായുധവിപ്ലവത്തിന് വാദിച്ചിരുന്നുവെന്നതും ഏകപക്ഷീയമായി കൊന്നുതള്ളുന്നതിന് ഒരു പൊലീസിനും ന്യായമായിക്കൂടാ. നിഷ്പക്ഷവും കുറ്റമറ്റതുമായ അന്വേഷണം അനിവാര്യമാക്കുന്നു ലക്കിടി വെടിവെപ്പ് സംഭവത്തിലെ ഇതുവരെ പുറത്തുവന്ന വിവാദങ്ങൾ. ആരെയും നിർബാധം വെടിവെച്ചുകൊല്ലാൻ കഴിയുന്ന ദേശമല്ല കേരളമെന്ന് നാമോരോരുത്തരും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. അതിന് പൗരബോധമുള്ള ജനങ്ങളുടെ ഇമവെട്ടാതെയുള്ള ജാഗ്രത നിർബന്ധമാണ്. നിഷ്കർഷതയോടെ നീതി നടപ്പാക്കാൻ കർശനമായ ഇച്ഛാശക്തി അധികാരികളും പൗരസമൂഹവും ഒരുപോലെ പ്രകടിപ്പിച്ചാൽ മാത്രമേ പൊലീസുകാർ പ്രതികളായ സംഭവങ്ങളിൽ സത്യം പുറത്തുവരൂ. നമ്മുേടതുപോലെയുള്ള ഒരു നാട്ടിൽ സായുധവിപ്ലവത്തി​െൻറ അസാധ്യതകൾ തിരിച്ചറിയാൻ കഴിയാത്തയത്രവണ്ണം കാൽപനികതയിൽ അഭിരമിച്ച് കാടുകയറി ജീവിക്കുന്ന വിരലിലെണ്ണാവുന്ന ചെറുപ്പക്കാരെ വെടിവെച്ചുതീർക്കുന്നതുകൊണ്ടുമാത്രം പുലരുന്നതല്ല കേരളത്തിലെ സമാധാനമെന്ന് ഉറക്കെ പറയേണ്ടിയിരിക്കുന്നു.

പൊലീസ് വേട്ടയെ ചോദ്യംചെയ്യുന്നതുപോലെതന്നെ പ്രധാനമാണ്, ജനാധിപത്യ സാമൂഹികക്രമത്തിൽ കാലഹരണപ്പെട്ടതും മനുഷ്യവിരുദ്ധവുമായ സായുധവിപ്ലവത്തി​െൻറ കൈവഴികളിലൂടെ സഞ്ചരിക്കുന്ന ചെറുപ്പക്കാരുടെ ധിഷണകളെ നേർവഴികളിലേക്ക് നയിക്കുകയെന്നതും. ഒരു ജനാധിപത്യ രാജ്യത്ത് നിലനിൽക്കുന്ന ചൂഷണങ്ങളെയും അസമത്വങ്ങളെയും ആയുധംകൊണ്ട് തോൽപിക്കാനാകുമെന്നും നാടൻതോക്കിലെ വെടിയുണ്ടകൊണ്ട് ഭരണകൂടഭീകരത ഇല്ലാതാക്കാനാവുമെന്നുമുള്ള വിചാരങ്ങൾതന്നെ എത്രമാത്രം അസംബന്ധമാണ്. ആറു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയിലെ മാവോ പ്രസ്ഥാനങ്ങളുടെ സായുധപോരാട്ടങ്ങൾ ത്യാഗികളായ മനുഷ്യരുടെ ചുവന്ന സ്വപ്നങ്ങളുടെ വീരകഥകൾക്കു മാത്രമല്ല, നിരപരാധികളുടെ കണ്ണീരിനും ജീവനഷ്​ടങ്ങൾക്കും കാരണമായിട്ടുണ്ട്. അരികുവത്കരിക്കപ്പെട്ടവർക്കും ആദിവാസികൾക്കുവേണ്ടി നിലകൊള്ളുന്നു​െവന്ന് പറയുമ്പോഴും അവരെ ഭരണകൂട വേട്ടയാടലിന് എറിഞ്ഞുകൊടുക്കാൻ അവ നിമിത്തമാകുകയും ചെയ്തിട്ടുണ്ട്. അക്ഷീണവും ക്ഷമാപൂർവവുമായ ജനാധിപത്യപരമായ പ്രക്ഷോഭങ്ങൾക്കു മാത്രമേ ‘നല്ല നാളെകളെ’ സൃഷ്​ടിക്കാനാകൂ. ജനമനസ്സുകളെ സ്വാധീനിക്കാനും ശാശ്വതമായ വിപ്ലവത്തിന് ജനങ്ങളെ സജ്ജമാക്കാനും അതിലൂടെയേ സാധ്യമാകൂ. സായുധവിപ്ലവം മോഹിച്ച് പണിയെടുത്ത വ്യവസ്ഥാപിത കമ്യൂണിസ്​റ്റ്​ പാർട്ടികളെപ്പോലും ജനാധിപത്യവാദികളാക്കിയ രാജ്യമാണ് ഗാന്ധിജിയുടെ ഇന്ത്യയെന്ന് കാടുകയറുന്ന ചെറുപ്പക്കാരെ പഠിപ്പിക്കാനായില്ലെങ്കിൽ വനാന്തരങ്ങളിൽനിന്ന് ഇടക്കിടെ വെടിമുഴക്കങ്ങളും മനുഷ്യരുടെ ആർത്തനാദങ്ങളും നാം കേട്ടുകൊണ്ടിരിക്കും.

Tags:    
News Summary - Encounters - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.