ഇ.ഡി എന്ന വടി



മലപ്പുറം ജില്ലയിലെ എ.ആർ നഗർ സർവിസ്​ സഹകരണ ബാങ്കിൽ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും കള്ളപ്പണ നിക്ഷേപമുണ്ടെന്നും അതിെൻറ േസ്രാതസ്സ് കണ്ടെത്തണമെന്നുമുള്ള ആവശ്യം സി.പി.എം സ്വതന്ത്ര എം.എൽ.എയായ കെ.ടി. ജലീൽ കുറച്ചുനാളായി ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തിൽ മൊഴിനൽകാൻ രണ്ടുദിവസം മുമ്പ് അദ്ദേഹം എൻഫോഴ്സ്​മെൻറ്​ ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാവുകയുമുണ്ടായി. പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി താരപരിവേഷത്തോടെ ഇടതുപക്ഷ ക്യാമ്പിൽ കയറിച്ചെന്നയാളാണ് കെ.ടി. ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹത്തിനുള്ള അടുപ്പം സുവിദിതമാണ്. എന്നാൽ, എ.ആർ നഗർ ബാങ്ക് വിഷയത്തിൽ ജലീലി​െൻറ നടപടികൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് നീരസമുണ്ടെന്നാണ് ചൊവ്വാഴ്ച നടന്ന വാർത്തസമ്മേളനത്തിലെ പ്രതികരണത്തിൽനിന്ന് വ്യക്തമാവുന്നത്. 'ഇ.ഡിയുടെ ചോദ്യംചെയ്യലിന് വിധേയനായ ജലീലിൽനിന്ന്​ ആ ഏജൻസിയിൽ കൂടുതൽ വിശ്വാസംവന്ന മട്ടിലുള്ള ​പ്രതികരണങ്ങളാണുണ്ടാവുന്ന'തെന്നാണ്​ മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞത്​. സഹകരണ ബാങ്കുകളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് അന്വേഷിക്കാനും നടപടിയെടുക്കാനുമുള്ള സംവിധാനങ്ങൾ സംസ്​ഥാനത്തുതന്നെയുണ്ടെന്നും ഇ.ഡി അതിലൊന്നും ഇടപെടേണ്ടതില്ലെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.

എൻഫോഴ്സ്​മെൻറ്​ ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജൻസി സംസ്​ഥാന രാഷ്​​ട്രീയത്തിൽ പ്രശ്നസാന്നിധ്യമായിട്ട് ഒന്നര വർഷത്തോളമായി. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്നുവെന്നു പറയപ്പെടുന്ന സ്വർണക്കടത്ത്, അതി​​െൻറ അന്വേഷണത്തിൽ വെളിപ്പെട്ട ഖുർആൻ കടത്ത്, ഈത്തപ്പഴ ഇറക്കുമതി എന്നിങ്ങനെ സംസ്​ഥാന രാഷ്്ട്രീയത്തിൽ വിവാദങ്ങളുടെ തീക്കാറ്റുയർത്തിയ സംഭവങ്ങളിലെല്ലാം ഇ.ഡിയുടെ സാന്നിധ്യമുണ്ട്. ഒരു ഘട്ടത്തിൽ ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ വരെ സംസ്​ഥാന മന്ത്രിസഭ തീരുമാനിച്ചെങ്കിലും കോടതിയിൽ പോയി അവർ ആ തീരുമാനം റദ്ദ് ചെയ്യിക്കുകയായിരുന്നു. ഇ.ഡി ഒരു ഇരപിടിയനായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ബി.ജെ.പി ഒഴികെ എല്ലാ രാഷ്​​ട്രീയ പാർട്ടികൾക്കുമുണ്ട്. ഏതാണ്ടെല്ലാ സംസ്​ഥാനങ്ങളിലും ബി.ജെ.പിയിതര സർക്കാറുകളെയും പാർട്ടികളെയും വിരട്ടി നിർത്താൻ ഇ.ഡിയെ കേന്ദ്ര സർക്കാർ ശക്തമായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്​ഥാന സർക്കാർ തീരുമാനത്തെ 'മാധ്യമം' സ്വാഗതം ചെയ്​തിരുന്നു. സംസ്​ഥാന സർക്കാറുകളുടെ അന്തസ്സും സ്വയംഭരണവും ഉയർത്തിപ്പിടിക്കുന്ന തീരുമാനം എന്ന നിലക്കാണ് ഞങ്ങൾ ആ സമീപനം സ്വീകരിച്ചത്. സഹകരണ ബാങ്കുകളിലെ ഇ.ഡി ഇട​െപടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട സംസ്​ഥാന സർക്കാറിന്‍റെയും സി.പി.എമ്മിെൻറയും നയം കൃത്യപ്പെടുത്തുന്നതാണ്. കേന്ദ്ര ഏജൻസികളെ രാഷ്​​ട്രീയ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്ന രീതി നിശ്ചയമായും ചെറുക്കപ്പെടേണ്ടതാണ്.

വിഷയത്തിൽ സർക്കാറിന്‍റെയും പാർട്ടിയുടെയും നയമെന്തെന്ന്​ മനസ്സിലാക്കാതെയാണ് കെ.ടി. ജലീൽ ചാടിപ്പുറപ്പെട്ടതെന്നു തോന്നുന്നു. മന്ത്രിയായ കാലത്തും ശേഷവും രാഷ്​​ട്രീയ പക്വതയില്ലാത്ത പല നടപടികളും അദ്ദേഹത്തി​ന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പക്ഷേ, സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ നല്ല പ്രഹരമാണ് മുഖ്യമന്ത്രിയിൽനിന്ന് അദ്ദേഹത്തി​ന്​ ലഭിച്ചിരിക്കുന്നത്.

എ.ആർ നഗർ ബാങ്കിലെ വിഷയത്തിൽ ഇ.ഡി ഇടപെട്ടുകഴിഞ്ഞാൽ അത് അവിടെ മാത്രം നിൽക്കില്ല എന്ന് സി.പി.എമ്മിന് നന്നായറിയാം. ഇപ്പോൾ തന്നെ പല സഹകരണ ബാങ്കുകളിലെയും തട്ടിപ്പുകൾ പുറത്തുവന്നത് സി.പി.എമ്മിന് ക്ഷീണമേൽപിച്ചിട്ടുണ്ട്. സി.പി.എമ്മിന് മാത്രമല്ല, യു.ഡി.എഫിലും എൽ.ഡി.എഫിലും ഉള്ള ഏതാണ്ടെല്ലാ പാർട്ടികൾക്കും സഹകരണ മേഖലയിൽ വലിയ താൽപര്യങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ റഡാറിൽ അത് പെടുന്നത് എല്ലാവരെയും അലോസരപ്പെടുത്തുന്നതാണ്. ജലീലി​ന്‍റെ പക്വതയില്ലായ്മ അതിന് അവസരം കൊടുത്തു എന്നാണ് സി.പി.എം ഇപ്പോൾ വിചാരിക്കുന്നത്. എ.ആർ നഗർ ബാങ്കിലെ വിഷയങ്ങൾ ശരിയാംവിധം അന്വേഷിച്ചാൽ അത് കുഞ്ഞാലിക്കുട്ടിയുടെ കുടുംബത്തെ മാത്രമല്ല, സി.പി.എമ്മി​ന്‍റെ ചില ജില്ല നേതാക്കളെയും കുഴപ്പത്തിലാക്കും എന്ന ഭയവും പാർട്ടിക്കുണ്ട്. ജലീലിനെതിരെ മുഖ്യമന്ത്രി വാക്കുകൾ കടുപ്പിക്കാൻ അതു കൂടെ ഒരു കാരണമാണ്. പക്ഷേ, ആ ബാങ്ക് കേന്ദ്ര ഏജൻസിയുടെ സ്​കാനറിൽ വന്നുകഴിഞ്ഞു. മറ്റൊരർഥത്തിൽ ഒരു വെടിക്ക് സി.പി.എമ്മിനെയും ലീഗിനെയും വീഴ്ത്താനുള്ള ഇടമായി ബി.ജെ.പി എ.ആർ നഗർ ബാങ്കിനെ കാണുകയാണ്.

സഹകരണ മേഖലയിലെന്നല്ല, സംസ്​ഥാന സർക്കാറിെൻറ അധികാര പരിധിയിലുള്ള ഒരു മേഖലയിലും കേന്ദ്ര ഏജൻസികൾ അമിതാധികാര പ്രയോഗം നടത്തുന്നത് നമ്മുടെ ഫെഡറൽ സ്വഭാവത്തിന് നല്ലതല്ല. അത്തരം നീക്കങ്ങളെ ചെറുക്കുക തന്നെ വേണം. അതേസമയം, സഹകരണ സ്​ഥാപനങ്ങൾ കള്ളപ്പണ ഇടപാടിനും അഴിമതിക്കുമുള്ള കേന്ദ്രമായി മാറാനും പാടില്ല. ഇതുരണ്ടിനുമിടയിൽ ശരിയായ നിലപാടെടുക്കുക എന്ന പ്രയാസകരമായ ദൗത്യമാണ് നമുക്കുള്ളത്.

Tags:    
News Summary - Enforcement Directorate and Kerala cooperative sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.