ഫ്രഞ്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടതിനും വലതിനുമെതിരെ മധ്യനിലപാടുകാരനെന്നറിയപ്പെട്ട ഇമ്മാനുവൽ മാേക്രാൺ വലതുപക്ഷ തീവ്രദേശീയവാദി മരീൻ ലീപെന്നിനു മേൽ നേടിയ തകർപ്പൻ ജയം യൂറോപ്പിനും ലോകത്തിനുംമേൽ വിരിച്ചിരുന്ന ആശങ്കയുടെ കരിനിഴലുകളെ ദുർബലപ്പെടുത്തിയിരിക്കുന്നു. ബിസിനസ് സൗഹൃദവികസനവും അഖണ്ഡ യൂറോപ്പും വാഗ്ദാനം ചെയ്ത് ‘എൻ മാർഷെ’ എന്ന ഫോർവേഡ് പാർട്ടി രൂപവത്കരിച്ച മാക്രോൺ 65 ശതമാനം വോട്ടുനേടിയപ്പോൾ 35 ശതമാനമാണ് ലീെപന്നിന് കിട്ടിയത്. എക്സിറ്റ്പോൾ പ്രവചനക്കാരെയും ബഹുകാതം കവച്ചുവെച്ച വിജയമാണിത്.
യൂറോപ്യൻ യൂനിയനിൽനിന്നു വേർപെടാനുള്ള ബ്രിട്ടെൻറ തീരുമാനം ബ്രെക്സിറ്റ് വിജയത്തിൽ കലാശിക്കുകയും അമേരിക്കയിൽ ഭീതിയുടെയും ആത്യന്തികവംശീയതയുടെയും വക്താവ് ഡോണൾഡ് ട്രംപ് വിജയിക്കുകയും ചെയ്തതിനു പിന്നാലെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വലതുപക്ഷ ഭീകരത മേൽക്കൈ നേടുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കെയാണ് പാരിസ് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന തുടങ്ങി പ്രമുഖ ലോകരാഷ്ട്രങ്ങൾ നെപ്പോളിയനുശേഷം ഫ്രാൻസിെൻറ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിക്ക് ആശംസകളറിയിച്ചിട്ടുണ്ട്.
സ്വകാര്യജീവിതത്തിലെന്നപോലെ രാഷ്ട്രീയ അരങ്ങേറ്റത്തിലും വിസ്മയം സൃഷ്ടിച്ച മാക്രോൺ പ്രസിഡൻറ് പദത്തിലേക്കുള്ള ഒാരോ ചുവടിലും നേടിയ അസാധാരണ വിജയം അവസാനംവരെ നിലനിർത്തി. മൂന്നു വർഷം മുമ്പുവരെ ഫ്രാൻസിന് അജ്ഞാതനായിരുന്ന ഇൗ മുൻ ഇൻവെസ്റ്റ്മെൻറ് ബാങ്കറെ പുറത്തുപോകുന്ന പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് ആണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും സാമ്പത്തികകാര്യ മന്ത്രിയാക്കിയതും. എന്നാൽ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കൻ മുഖ്യധാര പാർട്ടികളിൽനിന്ന് മാറിനടന്ന മാക്രോൺ, തീവ്ര വലതുപക്ഷ സ്ഥാനാർഥി ലീപെന്നിെൻറ വംശവെറി രാഷ്ട്രീയത്തിനു കടകവിരുദ്ധമായ നിലപാടെടുത്തുകൊണ്ടാണ് ജനശ്രദ്ധയും സമ്മതിയും നേടിയെടുത്തത്. പടിഞ്ഞാറ്, വിശേഷിച്ചും യൂറോപ്പിൽ വലതുവാട്ടം കൂടുതൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കെ, കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരെ ശക്തമായ വികാരമുയർത്തിവിടുകയും യൂറോപ്യൻ യൂനിയനിൽനിന്നു വിട്ടുപോരാൻ ആഹ്വാനം മുഴക്കി ആത്യന്തിക ദേശീയവാദം കത്തിച്ചുപിടിക്കുകയും ചെയ്ത ലീെപന്നിനാകും നിലവിൽ ഫ്രാൻസിൽ വിപണിമൂല്യം എന്നായിരുന്നു െപാതുധാരണ.
സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കന്മാരും ഇല്ലെങ്കിൽപിന്നെ ഫ്രാൻസിനു പഥ്യം തീവ്രവലതുപക്ഷമായിരിക്കും എന്ന പടുധാരണയും രൂപപ്പെട്ടിരുന്നു. രാജ്യത്ത് സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ െഎ.എസ് ഏറ്റെടുത്തതിനാൽ വംശവെറിയുടെ എല്ലാ കെടുതിയും അനുഭവിക്കേണ്ടിവന്നത് മുസ്ലിംകളായിരുന്നു. അതു മറയാക്കി അമേരിക്കയിൽ ഡോണൾഡ് ട്രംപിെൻറ പ്രചാരണത്തിെൻറ ചുവടുപിടിച്ച് പടിഞ്ഞാറുള്ള ‘ഇസ്ലാം ഭീതി’യെ കൂടുതൽ ആളിക്കത്തിക്കുകയായിരുന്നു മരീൻ ലീെപന്നും. അതുകൊണ്ടുതന്നെ രാജ്യത്തെ സിറിയൻ അഭയാർഥികളും ഇതര കുടിയേറ്റക്കാരും തികഞ്ഞ ആശങ്കയിലായിരുന്നു. അതിനു വിരാമം കുറിച്ചുവെന്നതാണ് മാക്രോണിെൻറ വിജയത്തിെൻറ പ്രാഥമിക നേട്ടം. ഉദ്ഗ്രഥിത യൂറോപ്പാണ് തെൻറ സ്വപ്നമെന്നും രാജ്യത്തെ വംശീയധാരകളിൽ വിഭജിക്കാനുള്ള ശ്രമത്തിെൻറ ഫലമായി ഉണ്ടായിത്തീർന്ന ശൈഥില്യത്തിെൻറ മുറിവുകൾ ഉണക്കുകയാണ് ആദ്യ ലക്ഷ്യമെന്നും പുതിയ പ്രസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, അടുത്ത ജൂണിൽ നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ എൻ മാർഷെ കക്ഷിയുടെ പ്രകടനത്തെ ആശ്രയിച്ചുനിൽക്കുന്നു മാേക്രാണിെൻറ ഏതു നീക്കങ്ങളുടെയും ഭാവി. അദ്ദേഹത്തിെൻറ വിജയം മുഖ്യപരാജിതരെ മാത്രമല്ല, മുഖ്യധാരയിൽനിന്നെടുത്തെറിയപ്പെട്ട ഇടതുകക്ഷികളെയും ലിബറലുകളെയുമൊക്കെ ചൊടിപ്പിച്ചിട്ടുണ്ട്. ലീപെൻ ആകെട്ട, മുഖ്യപ്രതിപക്ഷമായി ഉയർന്ന തെൻറ കക്ഷിയുടെ മുന്നേറ്റത്തിൽ ഉൗറ്റംകൊള്ളുകയും അടുത്ത തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വംശീയരാഷ്ട്രത്തിൽ താൽപര്യമില്ലാത്ത വലിയൊരു വിഭാഗം രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക അരാജകത്വവും പരിഹരിക്കാൻ മാക്രോണിന് കഴിയുമെന്ന ശുഭാപ്തിയുള്ളവരാണ്.
യൂറോപ്യൻ യൂനിയൻ സ്ഥാപിക്കാൻ മുൻകൈയെടുത്ത ഫ്രാൻസിന് ആ കൂട്ടായ്മയുടെ ആശ്രിതത്വത്തിൽനിന്ന് ഒഴിഞ്ഞുമാറി ഒറ്റയാൾ നീക്കം സാധ്യമല്ലെന്നു വിശ്വസിക്കുന്നവരാണ് ജനതയുടെ ഭൂരിഭാഗവും. െബ്രക്സിറ്റ് പോലെ എളുപ്പമാവില്ല ഫ്രക്സിറ്റ് എന്ന വിടുതലെന്നും ജർമനി േപാലുള്ള രാജ്യങ്ങളുമായി വിശാലമായ ബന്ധം സ്ഥാപിച്ചേ മുന്നോട്ടുപോകാനാവൂ എന്നും അവർ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് യൂറോപ്യൻ യൂനിയനിൽനിന്നു വേർപെടാനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ച ലീപെന്നിനെ അവർ മുന്തിയ മാർജിനിൽ തോൽപിച്ചത്. ഇൗ ഭൂരിപക്ഷത്തിെൻറ വിശ്വാസം ശരിവെക്കുന്ന തരത്തിൽ പ്രയോഗത്തിൽ എന്തു നീക്കങ്ങൾ എത്ര വേഗത്തിൽ നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു മാക്രോണിെൻറയും ഫ്രാൻസിലെ പുതുരാഷ്ട്രീയത്തിെൻറയും ഭാവി.
ഏതായാലും വംശവെറിയുടെ വലതുപക്ഷ വിദ്വേഷരാഷ്ട്രീയം കാട്ടുതീ കണക്കെ പടിഞ്ഞാറ് പടരുകയാണെന്ന ഭീതിയെ തല്ലിക്കെടുത്തുന്നതാണ് അടുത്ത കാലത്തായി പുറത്തുവരുന്ന രാഷ്ട്രീയ ചിത്രങ്ങൾ. ബ്രെക്സിറ്റിെൻറയും ട്രംപിെൻറയും വിജയവും ഇന്ത്യയിൽ ഭ്രാന്തൻ പശുദേശീയത ഉയർത്തിപ്പിടിച്ച് സംഘ്പരിവാർ നേടിവരുന്ന തുടർജയങ്ങളുമൊക്കെ തീവ്ര വലതുപക്ഷത്തിനനുകൂലമായി ഒരു പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരയുഗം ഉദയംകൊള്ളുകയാണെന്ന പ്രചാരണത്തിന് ശക്തിപകർന്നിട്ടുണ്ട്.
എന്നാൽ, മാനവികതയുടെയും സഹവർത്തിത്വത്തിെൻറയും നല്ല കാലം അസ്തമിക്കുന്നില്ലെന്നും ഇരുട്ടിെൻറ ശക്തികൾക്ക് ജനതയുടെ ബോധ്യത്തിെൻറ വെളിച്ചത്തിൽ നിൽക്കക്കള്ളിയില്ലാതാകുകയാണെന്നും യൂറോപ്പിലെതന്നെ പുതിയ പ്രവണതകൾ തെളിയിക്കുന്നു. ഒാസ്ട്രിയയിലും നെതർലൻഡ്സിലും അപരവിദ്വേഷത്തിെൻറ വക്താക്കളായ തീവ്രവലതുപക്ഷത്തെ ജനം മൂലയിലിരുത്തി. സെപ്റ്റംബറിൽ വോെട്ടടുപ്പിലേക്കു നീങ്ങുന്ന ജർമനിയിലും ഇൗയിടെ നടന്ന ഇടക്കാല വോെട്ടടുപ്പുകളിൽ തീവ്രവലതന്മാർ പിന്തള്ളപ്പെട്ടു. ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഫ്രഞ്ച് തെരഞ്ഞെടുപ്പിലും ശിഥിലീകരണ ശക്തികൾക്കേറ്റ പരാജയം സഹജീവനത്തിെൻറ രാഷ്ട്രീയക്രമത്തിന് കൂടുതൽ ജീവവായു പകരും എന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.