17ാമത് ലോക്സഭ തെരഞ്ഞെടുപ്പിെൻറ അവസാനഘട്ട വോട്ടിങ് ഞായറാഴ്ച അവസാനിച്ച് മ ണിക്കൂറുകൾക്കകം പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ തീർച്ചയായും നിലവിലെ ഭരണകക്ഷിയായ എൻ.ഡി.എക്ക് ചെറുതല്ലാത്ത ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്. 2014ൽ മോദിതരംഗത്തിെൻറ പിൻബലത്തിൽ അധികാരത്തിലേറിയ ബി.ജെ.പി മുന്നണി, അങ്ങനെയൊരു തരം ഗമില്ലാതെതന്നെ അതേ ശക്തിയിൽ അധികാരം നിലനിർത്തുമെന്നാണ് ഏതാണ്ടെല്ലാ എക്സിറ് റ് പോൾ സർവേ ഫലങ്ങളും വ്യക്തമാക്കുന്നത്. ‘ഇന്ത്യാ ടുഡേ’ പോലുള്ള മാധ്യമങ്ങൾ മുന്നണി ക്ക് 365 സീറ്റ് വരെ പ്രവചിച്ചിരിക്കുന്നു. കേരളത്തിൽ യു.ഡി.എഫിന് മുൻതൂക്കം കാണുേമ്പ ാഴും ഇതാദ്യമായി സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു.
സ്വാഭാവികമായും മോദിവിരുദ്ധ മതേതര ചേരിയിൽ ഈ ‘തെരഞ്ഞെടുപ്പ് ഫലങ്ങൾ’ ചെറുതല്ലാത്ത നിരാശ പടർത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുടെ പ്രസ്താവനകളിൽനിന്ന് അത് വായിച്ചെടുക്കാം. മോദിപക്ഷ മാധ്യമങ്ങൾ മെനഞ്ഞെടുത്ത കണക്കുകളിലെ കളികൾക്കപ്പുറം, വോട്ടുയന്ത്രതട്ടിപ്പ് അടക്കമുള്ള കാര്യങ്ങൾ വിദഗ്ധമായി മറച്ചുപിടിക്കാൻ മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണീ ‘ഫല’ങ്ങളൊക്കെയും എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി അടക്കമുള്ളവരുടെ വാദം. എന്നാൽ, ഈ വാദത്തെ നിരാശയിൽനിന്നുടലെടുത്ത കേവല പ്രസ്താവനയായി കാണാനാകില്ല. ഈ എക്സിറ്റ് പോൾ അടക്കം, ഈ തെരഞ്ഞെടുപ്പ് കാലത്ത് അരങ്ങേറിയ പല രാഷ്്ട്രീയ നാടകങ്ങളും പരിശോധിക്കുേമ്പാൾ ഈ വാദങ്ങെളാന്നും കേവലമായ ഗൂഢാലോചന സിദ്ധാന്തങ്ങളായി തള്ളിക്കളയാനാകില്ല.
അജ്ഞതയുടെയും കള്ളം ചമക്കുന്നതിെൻറയും ഗണിതശാസ്ത്ര നിരൂപണമാണ് സ്റ്റാറ്റിസ്റ്റിക്സ് എന്നു പറഞ്ഞത് വിഖ്യാതനായ ഗണിതജ്ഞനും എഴുത്തുകാരനുമായ മോറിസ് ക്ലൈൻ ആണ്. വിശ്വസനീയമായ കണക്കുകൾ ഉപയോഗിച്ച് അവിശ്വസനീയവും അസാധ്യവുമായ ‘വസ്തുത’കളെ സൃഷ്ടിച്ചെടുക്കുന്ന ശാസ്ത്ര ജാലവിദ്യയായും സ്റ്റാറ്റിസ്റ്റിക്സിെന വിശദീകരിച്ചവരുണ്ട്. ഈ ഗണിതശാസ്ത്രശാഖ അനുചിതമായി ദുരുപയോഗപ്പെടുത്തപ്പെട്ട ചരിത്രസന്ദർഭങ്ങളിലാണ് ഈ വ്യാഖ്യാനങ്ങളും നിർവചനങ്ങളും ഉണ്ടായതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും തെരഞ്ഞെടുപ്പ് സർവേകൾക്കാധാരമാകാറുള്ള സ്റ്റാറ്റിസ്റ്റിക്സ് അത്തരത്തിലുള്ളതാകാറുണ്ട്. അതുകൊണ്ടാണ് യഥാർഥഫലം പുറത്തുവരുേമ്പാൾ എക്സിറ്റ് പോൾ ഫലങ്ങളുടെ നേർ വിപരീതമാകാറുള്ളത്. മൂന്നു വർഷം മുമ്പ് ബ്രിട്ടനിൽ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയോടനുബന്ധിച്ച് നടന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശ്രദ്ധിക്കുക. എക്സിറ്റ് പോൾ നടത്തിയ ഭൂരിഭാഗം മാധ്യമങ്ങളും പ്രവചിച്ചത്, ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനെതിരെ (ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങുന്നതിനെതിരെ) വോട്ടു ചെയ്തു എന്നാണ്.
പക്ഷേ, ഫലം നേരെ മറിച്ചായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ആസ്ട്രേലിയൻ പൊതുതെരഞ്ഞെടുപ്പ് ഫലവും എക്സിറ്റ് പോൾ ഫലത്തെ അട്ടിമറിച്ചു. നിലവിലെ പ്രധാനമന്ത്രി സ്കോട് മോറിസണെതിരെ എക്സിറ്റ് പോൾ ആയുധവുമായി 50ലധികം മാധ്യമങ്ങൾ രംഗത്തുവന്നിട്ടും ആസ്ട്രേലിയൻ ജനത അദ്ദേഹത്തിന് ഒരവസരംകൂടി നൽകുകയായിരുന്നു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും ഉണ്ടായിട്ടുണ്ട് ഈ ‘അട്ടിമറി’. 2004ൽ, ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പരസ്യവാചകവുമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഏറെ മുന്നേറിയ എൻ.ഡി.എക്കായിരുന്നുവല്ലോ എക്സിറ്റ് പോൾ പിന്തുണ. പക്ഷേ, വാജ്പേയിക്കും കൂട്ടർക്കും പ്രതിപക്ഷ സീറ്റാണ് അന്ന് ഇന്ത്യൻ ജനത വിധിച്ചത്. 2009ലെ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഭരണകക്ഷിയായ കോൺഗ്രസിന് സീറ്റ് കുറയുമെന്നായിരുന്നു. പക്ഷേ, സംഭവിച്ചത് മറിച്ചാണെന്നു മാത്രമല്ല, മൻമോഹൻ സർക്കാറിന് രണ്ടാമൂഴം ലഭിക്കുകയും ചെയ്തു.
ഏറ്റവും ഒടുവിൽ ബിഹാറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും എക്സിറ്റ് പോൾ ഫലങ്ങൾ അടിമുടി തെറ്റി. ഇതിനിടയിൽ, എക്സിറ്റ് പോൾ ഫലങ്ങൾ ഏറക്കുറെ ശരിയായ തെരഞ്ഞെടുപ്പുകളുമുണ്ട്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ഒരാളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങളാണല്ലോ എക്സിറ്റ് പോളിനാധാരം. സമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ടശേഷം നടത്തുന്ന അഭിപ്രായപ്രകടനം വോട്ടറുടെതന്നെ ഇംഗിതമായിരിക്കുമെന്നതിനാലാണ് ഇതര തെരഞ്ഞെടുപ്പ് സർവേകളേക്കാൾ ഇത് താരതമ്യേന ആധികാരികമാകുന്നത്. എന്നിട്ടും എക്സിറ്റ് പോളുകൾ തെറ്റിപ്പോകുന്നത് എന്തുകൊണ്ടായിരിക്കും? വോട്ടറുടെ ഇംഗിതത്തേക്കാൾ എക്സിറ്റ് പോൾ നടത്തിപ്പുകാരുടെ താൽപര്യങ്ങൾ കടന്നുവരുേമ്പാഴാണിങ്ങനെ സംഭവിക്കുന്നതെന്നാണ് അതിനുള്ള ഉത്തരങ്ങളിൽ ഒന്ന്.
ഏഴാം ഘട്ടവും പിന്നിട്ട തെരഞ്ഞെടുപ്പിെൻറ പ്രചാരണരംഗത്തൊരിടത്തും മോദിതരംഗം പ്രകടമായിരുന്നില്ലെന്ന് കഴിഞ്ഞദിവസം വരെ ബി.ജെ.പി വരെ സമ്മതിച്ച കാര്യമാണ്. പാർട്ടിക്ക് സ്വന്തം നിലയിൽ അധികാരം നിലനിർത്താനാവില്ലെന്ന് പറഞ്ഞത് ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി തന്നെയാണ്. എന്നല്ല, ഭരണം നിലനിർത്താൻ എൻ.ഡി.എയിലേക്ക് കൂടുതൽ പാർട്ടികളെ ക്ഷണിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് മാധ്യമങ്ങളോട് തുറന്നുപറയേണ്ടിവന്നത്, ഭരണത്തിലെന്നപോലെ പ്രചാരണത്തിലും തങ്ങൾ പിന്നാക്കംപോയി എന്ന തിരിച്ചറിവിലായിരിക്കണം. ഇങ്ങനെ, സ്വന്തം പ്രകടനത്തിൽ എൻ.ഡി.എ നേതാക്കൾതന്നെ ആത്മവിശ്വാസക്കുറവ് പരസ്യമായി പ്രഖ്യാപിക്കുേമ്പാഴാണ് സ്വന്തക്കാരായ മാധ്യമസ്ഥാപനങ്ങൾ ഇതുപോലൊരു സ്റ്റാറ്റിസ്റ്റിക്സുമായി രംഗത്തുവന്നിരിക്കുന്നത്. നോക്കൂ, രാഷ്ട്രീയ പാർട്ടികൾ മാധ്യമസ്ഥാപനങ്ങളെ വിലക്കുവാങ്ങിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേതെന്നത് കണക്കുകൾ വ്യക്തമാക്കുന്നു.
ബി.ജെ.പി അനുകൂല മാധ്യമങ്ങളാണ് ഇതിൽ നേട്ടം കൊയ്തത്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ, ഈ മാധ്യമങ്ങൾ തങ്ങളുടെ മോദിപക്ഷ നിലപാട് തുറന്നു പ്രഖ്യാപിച്ചതാണ്. ആ അജണ്ടയിൽതന്നെയാണ് അവരുടെയൊക്കെ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങുകൾ പുരോഗമിച്ചതും. ഇപ്പോൾ ഇതേ മാധ്യമങ്ങൾതന്നെയാണ് മോദിക്ക് മൃഗീയ ഭൂരിപക്ഷം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടിട്ടുള്ളതും. ഈ ‘ഫലങ്ങളിൽ’ ജനസാമാന്യത്തിന് സംശയമുണ്ടാവുക സ്വാഭാവികം മാത്രം. അതേസമയം, ഈ ഫലമത്രയും ശരിയാകാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല. അങ്ങനെ സംഭവിച്ചാൽ, തെരഞ്ഞെടുപ്പ് കാലത്ത് മോദിസർക്കാറിനെതിരെ ഉയർന്നുകേട്ട അഴിമതി, കർഷകദ്രോഹ നടപടി, തൊഴിലില്ലായ്മ, ന്യൂനപക്ഷപീഡനം തുടങ്ങിയ യാഥാർഥ്യങ്ങൾക്കപ്പുറം ‘ഹിന്ദുത്വ’ എന്ന ഏക മുൻഗണനയിലേക്ക് രാഷ്ട്രം വഴിമാറിയിരിക്കുന്നുവെന്ന് ഉറപ്പിക്കേണ്ടിവരും. യൂറോപ്പിലും മറ്റും പൊട്ടിമുളക്കുന്ന നവനാസി രാഷ്ട്രീയത്തേക്കാൾ അത്യന്തം ഭീതിദമായ ഒരു സംവിധാനമായിരിക്കും അപ്പോൾ ഇന്ത്യയെ നയിക്കുക. ഏതായാലും, മേയ് 23 വരെ പ്രാർഥനയോടെ കാത്തിരിക്കുകതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.