ഇന്ത്യയുടെ 18ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. കേരളമടക്കം സംസ്ഥാനങ്ങളിലെ പത്രിക സമർപ്പണം വ്യാഴാഴ്ച ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊണ്ടിരുന്ന ഇന്ത്യാ മഹാരാജ്യത്ത് ജനാധിപത്യം നേർത്തുനേർത്ത് ഇല്ലാതാവുന്ന സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് എന്നുപറഞ്ഞാൽ അതിശയോക്തിയല്ല. അതിവേഗം ഏകാധിപത്യത്തിലേക്കോ ഫാഷിസ്റ്റ് ഏകകക്ഷി ഭരണത്തിലേക്കോ രാജ്യത്തെക്കൊണ്ടെത്തിക്കാനെന്ന മട്ടിലാണ് നിലവിലെ ഭരണനേതൃത്വത്തിന്റെ ഓരോ നീക്കവും. അതിനുവേണ്ടി എല്ലാ ഭരണ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നു, ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു.
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമന നിർമാണ സഭകൾ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി, മാധ്യമങ്ങൾ തുടങ്ങി സകല സംവിധാനങ്ങളും അതിനനുസൃതമായി രൂപപ്പെട്ടുകഴിഞ്ഞു. സുപ്രീംകോടതിയിൽ നിന്നോ ചില ഹൈകോടതികളിൽനിന്നോ ഉയരുന്ന അത്യപൂർവ താക്കീതുകളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. പക്ഷേ, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നയാൾ അടുത്തൂൺ പറ്റി ഭരണപാർട്ടി പ്രതിനിധിയായി രാജ്യസഭയിൽ വന്നിരിക്കുന്നതും കൽക്കത്ത ഹൈകോടതി ജഡ്ജി കോട്ടഴിച്ചുവെച്ച് അതേ പാർട്ടിയുടെ ലോക്സഭ സ്ഥാനാർഥിയായതും സമീപകാല ഉദാഹരണങ്ങൾ മാത്രമാണ്.
രാജിവെച്ചതിന്റെ അടുത്തനാൾ സ്ഥാനാർഥിയായ മുൻ ജഡ്ജി ഗോദ്സെയെ പുകഴ്ത്തി തന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാട് വ്യക്തമാക്കുമ്പോൾ അദ്ദേഹം ഇത്രകാലം പുറപ്പെടുവിച്ചിരുന്ന വിധികൾ ഈ ബോധ്യത്തിൽനിന്ന് രൂപപ്പെട്ടവയായിരുന്നുവല്ലോ എന്നോർത്ത് ഞെട്ടിത്തരിച്ചുനിൽക്കാനേ രാജ്യത്തിനാവുന്നുള്ളൂ. അതോടൊപ്പം ഭരണ സംവിധാനത്തിന് ഒപ്പംനിൽക്കുന്നു എന്നു ബോധ്യപ്പെടുത്തുന്നവർക്ക് പദവികളും അധികാരവും വാരിയെറിയുക വഴി പ്രലോഭനങ്ങൾ തുടരുന്നുമുണ്ട്.
ബൂത്തുപിടിത്തം, കള്ളവോട്ട്, പണംനൽകി വോട്ടുവാങ്ങൽ തുടങ്ങി പല കൃത്രിമങ്ങളും ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ അരങ്ങേറാറുണ്ട് എന്നത് സത്യമാണെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്ര നിലപാടിലും പ്രക്രിയയുടെ സുതാര്യതയിലും ഇത്രയേറെ സംശയവും ആശങ്കയുമുയർന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. മാധ്യമ സെൻസർഷിപ് ഏർപ്പെടുത്തിയും പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും അടിയന്തരാവസ്ഥയിലൂടെ രാജ്യം അടക്കിവാണ ഭരണാധികാരി ജനങ്ങളുടെ വിധിയെഴുത്തിൽ തൂത്തെറിയപ്പെട്ടത് അന്ന് നടന്ന തെരഞ്ഞെടുപ്പിന്റെ സുതാര്യത കൊണ്ടായിരുന്നു. എന്നാൽ, അതുപോലൊരു സുതാര്യത ഇനി സാധ്യമോ എന്ന ആശങ്ക ഏറ്റവും വലിയ ശുഭാപ്തി വിശ്വാസക്കാരിൽപോലും നിറയുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് രാജ്യത്തിന്ന്.
ഏതു വിധേനയും അധികാരം കവർന്നെടുക്കുക എന്ന ഒറ്റലക്ഷ്യത്തിൽ കേന്ദ്രീകരിച്ച ഭരണകൂട നടപടികൾ ജനാധിപത്യം എന്ന സങ്കൽപത്തെത്തന്നെ ന്യൂനീകരിക്കുകയാണ്. ഇലക്ഷൻ കമീഷൻ നിയമനങ്ങൾ, ഇ.ഡിയെയും ആദായ നികുതി വകുപ്പിനെയും അഴിച്ചുവിട്ട് വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന റെയ്ഡുകൾ, ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റ്, കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിക്കൽ തുടങ്ങി സർക്കാർ വെക്കുന്ന ഓരോ ചുവടും സമഗ്രാധിപത്യത്തിന്റെ ഇരുമ്പ് പാദുകമണിഞ്ഞു കൊണ്ടുള്ളതാണ്.
തിണ്ണമിടുക്ക് കാട്ടിയും എതിർക്കുന്നവരുടെ നാവറുത്തും നിയമ നിർമാണ സഭകൾ നേരത്തേതന്നെ വരുതിയിലാക്കി വെച്ചിരിക്കുന്നു ഭരണപക്ഷം. മാധ്യമങ്ങളിൽ 98 ശതമാനവും സർക്കാറിന്റെ ചങ്ങാതി മുതലാളിമാരായ കുത്തകകളുടെ കീശയിലാണ്. വാഴ്ത്തുപാട്ടുപാടാൻ തയാറല്ലാത്തവരെ പരിശോധനകളും കേസുകളും കൊണ്ട് ശ്വാസം മുട്ടിക്കുന്നു. ഇലക്ഷൻ കമീഷൻ അംഗങ്ങളുടെ നിയമനം നേരത്തെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് നടത്തിയിരുന്നത്. മാസങ്ങൾക്കുമുമ്പ് വിവാദമായ ഒരു നിയമ ഭേദഗതിയിലൂടെ സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ നീക്കി. പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രി എന്നതായിരുന്നു മാറ്റം. ഇതോടെ നിയമനപ്രക്രിയ പൂർണമായും പ്രധാനമന്ത്രിയുടെ താൽപര്യത്തിലൊതുങ്ങുന്നതായി. ഈ തെരഞ്ഞെടുപ്പിന് കാർമികത്വം വഹിക്കുന്ന കമീഷണർമാർ ഈ രീതിയിൽ നിയമിക്കപ്പെട്ടവരാണ്.
സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാവുകയും ചെയ്താൽ പൊതുവേ പ്രതികാര നടപടികൾ ഉണ്ടാവാറില്ല. എന്നാൽ, കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്ന കാര്യങ്ങൾ പൂർണമായും ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും മുഖ്യമന്ത്രിമാരെയും ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് വളഞ്ഞുപിടിച്ച് നിശ്ശബ്ദരാക്കുകയും ഏകപക്ഷീയ വിജയത്തിന് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്. ഏതാനും ആഴ്ചകൾക്കിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാൾ. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനായിരുന്നു ഒന്നാമൻ. ലോക്സഭ സ്ഥാനാർഥിയും ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേലിനെ കുരുക്കാൻ അണിയറയിൽ തയാറെടുപ്പുകളുണ്ട്. കേരള മുഖ്യമന്ത്രിയെയും ലക്ഷ്യമിടുന്നു എന്നതാണ് പുതിയ വിവരങ്ങൾ.
ഇവർ എല്ലാവരും ബി.ജെ.പി വിരുദ്ധ മുന്നണിയിലാണ് എന്നതാണ് നടപടികൾക്കുള്ള മൂലകാരണം എന്നതിൽ തർക്കമില്ല. ഭരണാധികാരികൾ ക്രമവിരുദ്ധരായാൽ നിയമ സംവിധാനത്തിനുമുന്നിൽ കൊണ്ടുവരണമെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ, എതിർപാർട്ടിക്കാർ മാത്രം അഴിമതിക്കാരാവുകയും കേന്ദ്ര ഭരണകക്ഷിക്കാരും അതിലേക്ക് കൂറുമാറിയെത്തുന്നവരും വിശുദ്ധരാക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് മനസ്സിലാവാത്തത്. ഇതിനെല്ലാം പുറമെ തെരഞ്ഞെടുപ്പ് ബോണ്ടുവഴി പാർട്ടി ഖജനാവിൽ നിറച്ചുവെച്ചിരിക്കുന്ന ശതകോടിക്കണക്കിന് രൂപ ഏതെല്ലാം രീതിയിലാവും ഈ മാമാങ്കത്തിൽ ഉപയോഗിക്കപ്പെടുക എന്ന ചോദ്യം വേറെ കിടക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യം അട്ടിമറിക്കാൻ ഈ പണം നിർലോഭം ചെലവിട്ടതായാണ് റിപ്പോർട്ടുകൾ.
ഇത്രയേറെ ഉത്കണ്ഠയുടെയും ആശങ്കയുടെയും നിഴലിൽ നിൽക്കുമ്പോഴും എല്ലാം അസ്തമിച്ചുവെന്ന് കരുതേണ്ടതില്ല. അടിയന്തരാവസ്ഥക്കാലത്ത് ആശങ്കയെ അസ്ഥാനത്താക്കി രാജ്യത്തെ സാധാരണ മനുഷ്യരാണ് അമിതാധികാര വാഴ്ചയെ പ്രതിരോധിച്ച് ഇന്ത്യയെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതുപോലെ ജനങ്ങളുടെ പ്രതിരോധത്തിലും ഉണർവിലുമാണ് രാജ്യം പ്രതീക്ഷയർപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.