അതിസമ്പന്നർക്ക്​ ചുമത്തണം അധികനികുതി

വാഹനങ്ങളിൽനിന്നുള്ള പുക മലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും കാരണമാണെന്നത്​ പുതിയ വിവരമല്ല. ഒരു കാർ ഒരു വർഷംകൊണ്ട്​ കത്തിച്ചുകളയുന്നത്ര ഇന്ധനം ഒരു ജെറ്റ്​ വിമാനം ഒറ്റ മണിക്കൂറിൽ കത്തിക്കുമെന്നതും വാർത്തയല്ല. ഇത ്തരം 1700ഒാളം സ്വകാര്യ ജറ്റ്​ വിമാനങ്ങളിലായിട്ടാണ്​ ലോകത്തെ അതിസമ്പന്നർ സ്വിറ്റ്​സർലൻഡിലെ ദാവോസിലേക്ക്​ ലേ ാക സാമ്പത്തിക ഫോറത്തിൽ പ​െങ്കടുക്കാൻ പോയതെന്നതിലും പുതുമയല്ല, വിരോധാഭാസമാണുള്ളത്​. പരിസ്​ഥിതി ദൂഷണത്തെപ ്പറ്റിയും ആഗോള താപനത്തെപ്പറ്റിയുമൊക്കെ ചർച്ചചെയ്യാനാണ്​ അവർ ഇത്രയേറെ കാർബൺ ഉൽപാദിപ്പിച്ച്​ യാത്രചെയ്​തത്​. അമിത സമ്പത്ത്​ എത്രമേൽ അശ്ലീലമാകാമെന്ന്​ ദാവോ സിൽ ചിലരെങ്കിലും ചൂണ്ടിക്കാട്ടുകയും ചെയ്​തു. ഏറ്റവും പുതിയ ഒാക്​സ്​ഫാം റിപ്പോർട്ട്​ പുറത്തുവിട്ട സത്യവും മറ്റൊന്നല്ല. ഏതാനും അതിസമ്പന്നർ ലോകത്തി​​െൻറ സമ്പത്തിൽ വലിയഭാഗം കൈയടക്കിയെന്നു മാത്രമല്ല, ഇൗ കുത്തകവത്​കരണം വർഷംതോറും വർധിച്ചുവരുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും വലിയ പണക്കാരായ 26 ശതകോടീശ്വരന്മാർ കൈവശപ്പെടുത്തിയിരിക്കുന്ന സ്വത്ത്​, 380 കോടി ദരിദ്രരുടെ മൊത്തം സ്വത്തിന്​ തുല്യമാണ്​. 2200 ശതകോടീശ്വരന്മാർ കഴിഞ്ഞവർഷം സമ്പാദിച്ചത്​, ദിവസേന 90,000 കോടി ഡോളർ എന്നതോതിലാണ്​. അവരുടെ സ്വത്തിലെ വർധന 12 ശതമാനമത്രെ. അതേസമയം, മറുഭാഗത്ത്​ പരമ ദരിദ്രരുടെ സ്വത്ത്​ 11 ശതമാനം ഇടിഞ്ഞു.

‘ആമസോൺ’ കമ്പനി ഉടമയുടെ 11,200 കോടി ഡോളർ സ്വത്തി​​െൻറ നൂറിലൊന്നുമതി, 10 കോടി മനുഷ്യരുള്ള ഇത്യോപ്യയുടെ മൊത്തം ആരോഗ്യച്ചെലവ്​ നിറവേറ്റാൻ. ആഗോളതാപനം ഭൂമിയെ മൊത്തം തകർത്തുകൊണ്ടിരിക്കു​േമ്പാൾ ആഗോള സാമ്പത്തിക അസമത്വം മനുഷ്യരാശിയെ നശിപ്പിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച ഒാക്​സ്​ഫാം കണക്കും കുതിച്ചുയരുന്ന അസമത്വത്തിലേക്ക്​ വിരൽചൂണ്ടുന്നുണ്ട്​. ഇവിടെ ഒരു ശതമാനം അതിസമ്പന്നരുടെ സ്വത്തിൽ 39 ശതമാനം വർധനയുണ്ടായി. രാജ്യത്തെ പരമദരിദ്രരായ ആറു കോടി പേർ 2004 മുതൽ കടക്കെണിയി​ലാണ്​. ഇവിടത്തെ ഏറ്റവും വലിയ പണക്കാരനായ മുകേഷ്​ അംബാനിയുടെ സമ്പത്ത്​ 2.8 ലക്ഷം കോടി രൂപ മതിക്കു​േമ്പാൾ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ ആരോഗ്യ, പൊതുജനാരോഗ്യ, പൊതുശുചീകരണ, ജലവിതരണ മേഖലകളിൽ മൊത്തം ചെലവിടുന്ന തുക (2.08 ലക്ഷം കോടി രൂപ) അത്രത്തോളം വരില്ല. ഇവിടെ പാവപ്പെട്ടവരിൽ ശിശുമരണ നിരക്ക്​ വർധിക്കുന്നതിനും വിദ്യാഭ്യാസ പിന്നാക്കാവസ്​ഥക്കും മുഖ്യകാരണം സാമ്പത്തിക പരാധീനതയാണ്​. അതിസമ്പന്നരിൽനിന്ന്​ ചെറിയൊരു അംശം പൊതുഖജനാവിലെടുത്താൽ ഉണ്ടാക്കാവുന്ന മാറ്റം ചെറുതല്ലെന്നർഥം. ആഗോളതലത്തിൽ അതിസമ്പന്നരുടെ സ്വത്തിൽ ഒരു ശതമാനം മതി, ലോകത്തെങ്ങുമുള്ള സകല കുട്ടികൾക്കും വിദ്യാഭ്യാസവും 30 ലക്ഷം മരണം തടയാൻ പര്യാപ്​തമായ ആരോഗ്യ പരിരക്ഷയും നടപ്പാക്കാൻ. മുകേഷ്​ അംബാനി മകളുടെ വിവാഹാഘോഷത്തിന്​ ചെലവിട്ട 10 കോടി ഡോളറിൽ പകുതികൊണ്ട്​ ഇവിടെ എത്രപേരുടെ പട്ടിണി മാറ്റാം!

പരിസ്​ഥിതി സന്തുലനത്തോളംതന്നെ പ്രധാനമാണ്​ ആർഥിക പരിസ്​ഥിതി സന്തുലനം. സാമ്പത്തിക അസമത്വം അന്തിമമായി പണക്കാരെത്തന്നെയും തളർത്തും. യു.എൻ വികസന ഫണ്ട്​ (യു.എൻ.ഡി.എഫ്​) തയാറാക്കിയ റിപ്പോർട്ടനുസരിച്ച്​ ഇന്ത്യ മാനവവികസന സൂചികയിൽ താഴ്​ന്നുകൊണ്ടിരിക്കുകയാണ്​. ഉദ്ദേശിച്ച സാമ്പത്തിക വളർച്ച കൈവരിക്കണമെങ്കിൽ മൊത്തം ആഭ്യന്തരോൽപാദനം (ജി.ഡി.പി) വളർന്നാൽ പോരാ, അസമത്വം നന്നായി കുറയുകകൂടി വേണമെന്നാണ്​ കണക്കുകൾ വെച്ചുള്ള യു.എൻ.ഡി.എഫി​​െൻറ നിർദേശം. ദാരിദ്ര്യം ഇല്ലാതാകാനും സമ്പത്ത്​ നീതിയുക്​തമായി വിതരണം ചെയ്യപ്പെടണം. കഴിഞ്ഞ ചില വർഷങ്ങളിൽ ഛത്തിസ്ഗഢിലും ബിഹാറിലും മൊത്തം സാമ്പത്തിക വളർച്ച ഉണ്ടായെങ്കിലും ദാരിദ്ര്യത്തി​​െൻറ തോത്​ കുറഞ്ഞില്ല. അതേസമയം, ത്രിപുരയിൽ മൊത്തം വളർച്ച അത്രതന്നെ ഉണ്ടായില്ലെങ്കിലും ദാരിദ്ര്യനിരക്ക്​ കുറഞ്ഞു; അവിടെ അസമത്വം കൂടിയില്ല എന്നതത്രെ കാരണം. ഇന്ത്യയിൽ ജി.ഡി.പി വളരുന്നതിനൊപ്പം ദാരിദ്ര്യവും കുടുന്നത്​ അസമത്വം കൂടുന്നതിനാലാണ്​. വിശേഷിച്ച്​ 2002നു ശേഷം അതിസമ്പന്നരിൽ സ്വത്ത്​ കുമിഞ്ഞുകൂടുന്നതായി പഠനങ്ങൾ കാണിച്ചിട്ടുണ്ട്​.

ദാവോസ്​ ഉച്ചകോടിയിൽ പ്രഫസർ റട്​ഗർ ബ്രെഗ്​മൻ മുന്നോട്ടുവെച്ച നിർദേശം ലളിതവും എന്നാൽ ഫലപ്രദവുമാണ്​. നിരന്തര സമ്മേളനങ്ങളിൽ താത്ത്വികമായി ചർച്ചകൾ നടത്തുന്നത്​ നിർത്തി ഒരേയൊരു കാര്യത്തിലൂന്നിയാൽ മതി: സമ്പന്നർ ന്യായമായ നികുതി നൽകുക എന്നതുമാത്രം. ഇൗ നിർദേശം സാമ്പത്തികശാസ്​ത്രത്തി​​െൻറ അടിസ്​ഥാനത്തിലും സാധൂകരിക്കാനാവും. താഴെത്തട്ടിലേക്ക്​ കൂടുതൽ സമ്പത്ത്​ ഒഴുകു​േമ്പാൾ അതോടൊപ്പം പാവങ്ങളുടെ ക്രയശേഷി ഉയരുകയും അത്​ സമ്പന്നരുടെ അടക്കം ക്ഷേമം വർധിപ്പിക്കുകയും ചെയ്യും. മറിച്ച്​ സമ്പത്ത്​ ഏതാനും പേരിൽ പരിമിതപ്പെടുന്നത്​ പൊതുസമൂഹത്തെയെന്നപേ​ാലെ അവരെത്തന്നെയും മുരടിപ്പിക്കും. നിർഭാഗ്യവശാൽ ഇന്ത്യയിലും അതിസമ്പന്നർക്ക്​ ആനുപാതികമായി നികുതി ഒടുക്കേണ്ടിവരുന്നില്ല. എന്നല്ല, സമ്പന്നരുടെ ഉടമസ്​ഥതയിലുള്ള കമ്പനികളുടെ വായ്​പ എഴുതിത്തള്ളുന്നത്​ വികസനമായും പാവപ്പെട്ട കർഷകരുടെ വായ്​പ എഴുതിത്തള്ളുന്നത്​ പിന്തിരിപ്പൻ ധനതന്ത്രമായും ചിത്രീകരിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാഷ്​ട്രീയ കക്ഷികളുടെ നയപ്രഖ്യാപനത്തിൽ, ആർക്കൊക്കെ നികുതി ഇളവു നൽകുമെന്ന്​ മാത്രമല്ല, അതിസമ്പന്നർക്ക്​ അവർ എത്രയെത്ര തോതിൽ അധിക നികുതി ചുമത്തുമെന്നുകൂടി വ്യക്തമാക്കുന്നത്​ നന്ന്​. പരിസ്​ഥിതിപോലെ ആർഥിക പരിസ്​ഥിതിയും മെച്ചപ്പെട​െട്ട.

Tags:    
News Summary - Extra Tax to Richest Persons - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.