രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമെന്ന നിലയിൽ അഹിംസദിനമായി ആചരിക്കുന്ന ഒക്ടോബർ രണ്ട് കർഷകശാക്തീകരണത്തിെൻറ ‘ജയ് ജവാൻ, ജയ് കിസാൻ’ മുദ്രാവാക്യമുയർത്തിയ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മദിനമാണ്. രണ്ടു മഹിതസ്മരണകളിൽ രാജ്യം ആവേശംകൊള്ളുന്ന സമയത്താണ് കഴിഞ്ഞ ഗാന്ധി-ശാസ്ത്രി ജയന്തിദിനത്തിൽ ജീവൽപ്രശ്നങ്ങളുമായി ഡൽഹിയിലേക്ക് പ്രതിഷേധമാർച്ച് നയിച്ച കർഷകരെ നരേന്ദ്ര മോദിയുടെ കേന്ദ്ര ഭരണകൂടം അർധസൈനികരെയും പൊലീസിനെയും വിട്ട് തല്ലിച്ചതച്ചിരിക്കുന്നത്. രാജ്യത്തിെൻറ ശോഭനമായ വർത്തമാനവും ഭാവിയും സംബന്ധിച്ച് രാജ്യം ഭരിക്കുന്ന ബി.ജെ.പി വാചാലമാകുന്ന സന്ദർഭത്തിൽതന്നെയാണ് ന്യായമായ അവകാശങ്ങൾ ചോദിച്ചുവന്ന ഉത്തരേന്ത്യയിലെ പാവപ്പെട്ട കർഷകരെ കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് അടിച്ചൊതുക്കിയത്. ഭാരതീയ കിസാൻ യൂനിയെൻറ നേതൃത്വത്തിൽ കഴിഞ്ഞ സെപ്റ്റംബർ 23ന് ഹരിദ്വാറിൽനിന്നു പുറപ്പെട്ട ആയിരക്കണക്കിനു കർഷകരുടെ കിസാൻ ക്രാന്തി യാത്രയെയാണ് ഡൽഹിയിലേക്ക് കടക്കാനനുവദിക്കാതെ അധികൃതർ തടഞ്ഞതും വിലക്കു ലംഘിച്ചെന്ന പേരുപറഞ്ഞ് ക്രൂരമായ മർദനമഴിച്ചുവിട്ടതും. ഗാന്ധിജയന്തിദിനത്തിൽ കർഷകനേതാവായിരുന്ന ചരൺ സിങ്ങിെൻറ സമാധിസ്ഥലമായ കിസാൻഘട്ടിലെത്തി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ധർണയിരിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
കാർഷികവായ്പകൾ എഴുതിത്തള്ളുക, ഇന്ധനവില കുറക്കുക, വിളകൾക്ക് മതിയായ താങ്ങുവില നൽകുക, 10 വർഷം കഴിഞ്ഞ ട്രാക്ടറുകൾ നിരത്തുവിടണമെന്ന ദേശീയ തലസ്ഥാന മേഖലയിലെ നിബന്ധന ഒഴിവാക്കുക, കൃഷിയാവശ്യത്തിനുള്ള വൈദ്യുതിനിരക്കിൽ ഇളവ് അനുവദിക്കുക, ശൈത്യകാല വിളകൾക്ക് താങ്ങുവില നിശ്ചയിക്കുക, രാജ്യത്ത് വമ്പിച്ച തോതിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തുക, കൃഷിയുടെയും കർഷകരുടെയും പ്രശ്നങ്ങൾക്ക് മൂർത്തമായ പരിഹാരം നിർദേശിക്കുന്ന എം.എസ്. സ്വാമിനാഥൻ റിേപ്പാർട്ട് നടപ്പാക്കുക, കടുത്ത വരൾച്ചയും പ്രളയവും താങ്ങുവിലയിലെ കുറവും കാരണം വന്നുപെട്ട വായ്പ കുടിശ്ശിക ഒഴിവാക്കുക തുടങ്ങി 15 ഇന ആവശ്യങ്ങളുമായാണ് മഹേന്ദ്ര സിങ്ങിെൻറ മകൻ നരേഷ് ടിക്കായത്ത് നയിക്കുന്ന ബി.കെ.യു ക്രാന്തി പദയാത്ര പുറപ്പെട്ടത്. നൂറുകണക്കിന് ട്രാക്ടറുകളും ട്രോളികളുമായി സമാധാനപരമായി കഴിഞ്ഞ പത്തു നാളായി ഡൽഹിയിലേക്കു നീങ്ങുന്ന പദയാത്രികരെ പ്രകോപനമൊന്നുമില്ലാതെ തടയുകയായിരുന്നു കേന്ദ്ര സർക്കാർ.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ നിൽക്കുേമ്പാൾ സമരം ഡൽഹിയിലെത്തിയാൽ ഉണ്ടായേക്കാവുന്ന നാണക്കേട് ഒഴിവാക്കാനുള്ള തിടുക്കമായിരുന്നു കേന്ദ്രത്തിെൻറ െപാലീസ് ആക്ഷനു പിന്നിലെന്നു വ്യക്തം. സമരം തലസ്ഥാന അതിർത്തിയിലെത്തുന്നതറിഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേതാക്കളെ ചർച്ചക്കു വിളിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ഏഴെണ്ണം അനുവദിച്ചെന്നു വരുത്തിയ ചർച്ച പരാജയമാണെന്നു പ്രഖ്യാപിച്ച് ടിക്കായത്തും അനുയായികളും മാർച്ചുമായി മുന്നോട്ടുപോകുകയായിരുന്നു. അതോടെയാണ് അതിർത്തിയടച്ച് ഏതുവിധേനയും മാർച്ച് തടയാൻ തീരുമാനിച്ചതും അത് സംഘർഷത്തിൽ കലാശിച്ചതും. നിരവധി കർഷകർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ട്രാക്ടറുകളും മറ്റു വാഹനങ്ങളും തകർത്തു. എന്നാൽ, ഗാന്ധിജയന്തിദിനത്തിൽ നടന്ന ഇൗ തേർവാഴ്ചക്കെതിരെ രാജ്യത്തിെൻറ നാനാ ഭാഗത്തുനിന്നും പ്രതിഷേധമുയർന്നതോടെ കേന്ദ്രത്തിനു ചൊവ്വാഴ്ച രാത്രി വൈകി സമരക്കാർക്കു വഴങ്ങേണ്ടിവന്നു. വൻ പൊലീസ് സുരക്ഷയിൽ സമരക്കാരെ തലസ്ഥാനത്തേക്കു കടത്തിവിടുകയും എല്ലാവരും കിസാൻഘട്ടിൽ എത്തിയശേഷം പിരിഞ്ഞുപോകുകയും ചെയ്തു. കൃഷിസാധനങ്ങൾക്കുള്ള ജി.എസ്.ടിയിൽ അഞ്ചു ശതമാനം ഇളവ്, കരിമ്പു വിലനിർണയവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ഇൻഷുറൻസ് ബിൽ ഭേദഗതി തുടങ്ങിയ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി കേന്ദ്ര കൃഷി സഹമന്ത്രി അവരെ അറിയിക്കുകയും ചെയ്തു.
കർഷകാവശ്യങ്ങളോട് ഇത്രയും അനുഭാവപൂർവം പ്രതികരിക്കാനാവുമായിരുന്നെങ്കിൽ പിന്നെ ആയിരക്കണക്കിനു നിരായുധരായ മനുഷ്യരെ ആദ്യം തലസ്ഥാന അതിർത്തിയിൽ തടഞ്ഞ് തല്ലിയോടിക്കേണ്ടിയിരുന്ന കാര്യമെന്ത്? കൃഷിയും കർഷകപ്രശ്നങ്ങളുമൊക്കെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലും മറ്റു പ്രചാരണപ്രസംഗങ്ങളിലും വിഷയമാക്കുന്നു എന്നതിൽ കവിഞ്ഞ് അക്കാര്യം കാര്യഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്ന പരാതിയിൽ കഴമ്പുണ്ടെന്നു തെളിയിക്കുന്നതാണ് ഒക്ടോബർ രണ്ടിനു കർഷകർക്കുനേരെ നടന്ന ഇൗ അതിക്രമം. മാത്രമല്ല, ചർച്ചയിലൂടെ സമരം അവസാനിപ്പിച്ചു മടങ്ങുേമ്പാഴും വൈദ്യുതിനിരക്കിെൻറയും കരിമ്പുവിലയുടെയും കാര്യത്തിൽ ഒന്നും പറയാത്ത ഗവൺമെൻറ് വിവിധ ആവശ്യങ്ങൾ ചർച്ചക്കുവെക്കാമെന്ന ഉറപ്പ് മാത്രമാണ് നൽകിയിരിക്കുന്നതെന്ന പരിഭവം ബാക്കിയാണ് കർഷകർക്ക്.
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗവൺമെൻറ് 2004 നവംബർ 18ന് ഡോ. എം.എസ്. സ്വാമിനാഥെൻറ നേതൃത്വത്തിൽ രൂപംനൽകിയതാണ് കർഷകക്ഷേമത്തിനായുള്ള ദേശീയ കമീഷൻ. 2004 ഡിസംബർ-2006 ഒക്ടോബർ കാലയളവിലായി സ്വാമിനാഥൻ കമീഷൻ സമർപ്പിച്ച റിേപ്പാർട്ടുകളിൽ അവസാനത്തേത് കൃഷിയുടെയും കർഷകരുടെയും സ്ഥിതി മെച്ചപ്പെടുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള സമഗ്രപദ്ധതിയായിരുന്നു. അതിലൊന്നും ഇതുവരെയുള്ള സർക്കാറുകൾ പ്രയോഗത്തിലെടുത്തിട്ടില്ല. എന്നിരിക്കെയാണ് കൂനിന്മേൽ കുരുവെന്നോണം ബി.െജ.പി സർക്കാർ നോട്ടുനിരോധനം, ജി.എസ്.ടി, ഇന്ധനവില വർധന എന്നിവയിലൂടെ വരുത്തിയിരിക്കുന്ന പുതിയ വിനകൾ. ഇവയൊക്കെ വലിയ മാഹാത്മ്യംപോലെ കൊട്ടിഘോഷിക്കുന്ന കേന്ദ്ര സർക്കാറിനുനേരെയാണ് ഇതു രണ്ടാം തവണ വൻ കർഷകപ്രക്ഷോഭം അണപൊട്ടിെയാഴുകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കണ്ണടച്ച് ഇരുട്ടാക്കി പരിഹാരം കാണുന്ന മോദി ഭരണകൂടം പ്രതിഷേധത്തിെൻറ വായടപ്പിക്കാൻ ശ്രമിച്ചതാണ് ഡൽഹിയിൽ കണ്ടത്. ഒടുവിൽ കർഷക ആവശ്യങ്ങൾക്കു മുന്നിൽ ഗവൺമെൻറിനു വഴങ്ങേണ്ടിവന്നതാണ് ചിത്രം. എന്നാൽ, വെറും സൂത്രപ്പണികൾകൊണ്ട് മതിയാക്കി രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിരിക്കെ, ആ വെല്ലുവിളി മറികടക്കാൻ മോദി ഗവൺമെൻറിന് വല്ലതും ചെയ്തേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.