ഇനിയൊരു ലത ഇല്ല...




ഏഴു പതിറ്റാണ്ടിലേറെ ഇന്ത്യക്കാര​ന്‍റെ കാതോരം പ്രണയവും വിരഹവും വിഷാദവും സന്തോഷവുമൊക്കെ ചേർന്ന് ഭാവവൈവിധ്യങ്ങളായി പെയ്ത ആ നാദധാര നിലച്ചിരിക്കുന്നു. പാട്ടുകൊണ്ട് ചമച്ചൊരു സാമ്രാജ്യത്തിൽ പകരംപറയാനൊരു പേരുപോലുമില്ലാതെ ചക്രവർത്തിനിയായി വാണ് ലതാ മ​ങ്കേഷ്കർ എന്ന ഇതിഹാസം കടന്നുപോകുമ്പോൾ അവസാനിക്കുന്നത് സംഗീതത്തിലെ ഒരു കാലമാണ്.

നായികാഭാവങ്ങൾക്കിണങ്ങാത്ത വിധം നേർത്തതെന്ന് അധിക്ഷേപിച്ച് ഒരിക്കൽ മാറ്റിനിർത്തിയ ശബ്ദമായിരുന്നു ലതയുടേത്. ഉച്ചാരണത്തിൽ മുഴച്ചുനിന്ന മറാഠിസ്പർശത്തി​ന്‍റെ പേരിൽ പഴികേട്ട ശബ്ദം. പക്ഷേ, ഏഴു പതിറ്റാണ്ടിലേറെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലൂടെ ഈണമിട്ടൊഴുകാൻ കാലം കാത്തുവെച്ചൊരു നിയോഗമുണ്ടായിരുന്നു ആ നേർത്ത ശബ്ദത്തിന്. ഒരിക്കലെങ്കിലും ആ ശബ്ദം കേൾക്കാത്ത ഇന്ത്യക്കാരനില്ല. ആ ശബ്ദവിന്യാസത്തിനു മുന്നിൽ പാകപ്പെടാത്ത ഭാവമില്ല. നുറുകണക്കിന് സിനിമകൾ, ആയിരക്കണക്കിനു പാട്ടുകൾ, അതിലേറെയും ഓർത്തോർത്ത് പാടുന്നുണ്ട് ഇപ്പോഴും ലോകത്തി​ന്‍റെ ഓരോ കോണും. ഉസ്താദ് ഗുലാം ഹൈദർ തൊട്ട് എ.ആർ. റഹ്മാൻ വരെ തലമുറകൾ മാറിമറയുമ്പോഴൊക്കെ ലത ഇവിടെയുണ്ടായിരുന്നു. കാലം പോറലേൽപ്പിക്കാത്ത ശബ്ദാതിശയമായി.

മ​ങ്കേഷ്കർ എന്ന വാക്കിന് 'ദൈവത്തി​ന്‍റെ കരം' എന്ന ഒരർഥമുണ്ട്. 1929 സെപ്റ്റംബർ 28ന് പ്രശസ്ത മറാഠി നാടകക്കാരനും ഗായകനുമായ ദീനാനാഥ് മങ്കേഷ്കറിനും ശെവന്തിക്കും പിറന്ന മൂത്ത കുട്ടിക്ക് ആ കരസ്പർശമുണ്ടായിരുന്നു. 13ാം വയസ്സിൽ പിതാവി​ന്‍റെ മരണശേഷം തകർന്നുപോയ കുടുംബത്തെ താങ്ങിനിർത്താനായി ആ കരസ്പർശത്തിൽ തൊട്ട് പാട്ടി​ന്‍റെയും സിനിമയുടെയും ലോകത്തിലേക്കു വന്ന ലതാ മ​ങ്കേഷ്കറിനു മുന്നിൽ കാലവും ചരിത്രവും പട്ടുടുത്തുനിന്നു. ഒമ്പതാംവയസ്സിൽ ഷോലാപുറിൽ നടന്ന ഒരു സംഗീതപരിപാടിയിൽ പാടി വാങ്ങിയ കൈയടിയിൽ നിന്നായിരുന്നു തുടക്കം. നടിയായി പാടി അഭിനയിച്ചു തുടങ്ങിയെങ്കിലും വെള്ളിത്തിരയല്ല, പിന്നണിയിലെ ശബ്ദാദ്ഭുതമാകുകയാണ്​ തന്‍റെ കർമമെന്ന് അവർ തിരിച്ചറിയുകയായിരുന്നു. സൈഗാളി​ന്‍റെ പാട്ടുകളെ പ്രണയിച്ച് വലുതാകുമ്പോൾ സൈഗാളിനെ കല്ല്യാണം കഴിക്കുമെന്നു പറഞ്ഞു നടന്ന കൊച്ചുകുട്ടി. വളർന്നു വലിയ ഗായികയായപ്പോൾ വിവാഹം തന്നെ മറന്നുപോയി. പകരം, പാട്ടിനെ പ്രണയിക്കുകയും പാട്ടിനെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. ഹിന്ദി സിനിമാ ഗാനങ്ങളുടെ ചരിത്രത്തിലെ മെലഡിയുടെ ഉത്സവമായിരുന്നു ലതാ മ​ങ്കേഷ്കറി​ന്‍റെയും മുഹമ്മദ് റഫിയുടെയും കാലം. പുരുഷശബദ്ങ്ങളും പുരുഷഭാവങ്ങളും അടക്കിഭരിച്ച സിനിമയുടെയും പാട്ടി​ന്‍റെയും ലോകത്തിൽ പെൺപെരുമ സ്ഥാപിച്ചെടുത്ത ഗായികയാണ് ലത മ​ങ്കേഷ്കർ. അവരുടെ പേരിൽ കുറിക്കപ്പെട്ടത്രയും ഹിറ്റ് ഇന്ത്യയിൽ മറ്റൊരു ഗായികയുടെ​ പേരിലുമില്ല.

'ഇന്ത്യയുടെ വാനമ്പാടി' എന്ന് സംശയമില്ലാതെ വിളിക്കപ്പെട്ട ആ നാദത്തി​ൽ ലയിച്ച് കണ്ണുനിറഞ്ഞിരുന്നു പോയിട്ടുണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു. നീർതുളുമ്പിയ കണ്ണുകളോടെ പിന്നീടൊരിക്കൽ നെഹ്രു തന്നെ പറഞ്ഞു 'കുട്ടീ നി​ന്‍റെ പാട്ടു കേൾക്കാനാണ് എല്ലാം മാറ്റിവെച്ച് ഞാൻ വന്നത്..'. അത് നെഹ്രുവി​ന്‍റെ മാത്രം വികാരമായിരുന്നില്ല. യുദ്ധമുഖത്തെ​ സൈനികരും കൃഷിയിടങ്ങളിലെ കർഷകരും വീട്ടകങ്ങളിലെ അമ്മമാരും വഴിയരികിലെ യാത്രികരുമെല്ലാം ആ നാദത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. കണ്ണുനീർ വാർക്കുകയോ വികാരാവേശിതരാവുകയോ ചെയ്തിട്ടുണ്ട്.

ഓം പ്രകാശ് നയാർ എന്ന ഒ.പി നയാർ ഒഴികെയുള്ള ഹിന്ദി സിനിമലോകത്തെ പ്രശസ്തരായ സംഗീത സംവിധായകരെല്ലാം ലതാ മ​ങ്കേഷ്കറുടെ കണ്ഠത്തി​ന്‍റെ സിദ്ധി അളന്നവരായിരുന്നു. 36 ഇന്ത്യൻ ഭാഷകളിലും അവർ പാടി. സലിൽ ചൗധരി സംഗീതം നൽകിയ രാമു കാര്യാട്ട് ചിത്രം 'നെല്ലി'നായി വയലാർ രചിച്ച 'കദളീ ചെങ്കദളീ..' എന്ന പാട്ടിലൂടെ മലയാളത്തിലും സാന്നിധ്യമറിയിക്കാൻ ലതക്കായി.

1947 നു ശേഷം രണ്ടു രാജ്യങ്ങളായി വേർതിരിഞ്ഞ ഒരു ഭൂഖണ്ഡത്തെ പാട്ടിനാൽ അവർ കുട്ടിയിണക്കി. വിദേശങ്ങളിൽ ലതയുടെ ഗാനമേളകളിൽ അവരുടെ പാട്ട് ആവർത്തിച്ചാവശ്യപ്പെട്ടത് ഇന്ത്യക്കാ​ർ മാത്രമായിരുന്നില്ല, പാകിസ്താൻകാർ കൂടിയായിരുന്നു. ഭാഷയും ദേശവും അതിർത്തികളും തീർത്ത വേർതിരിവുകളെല്ലാം അവർ പാട്ടി​ന്‍റെ മായികതയാൽ മായ്ച്ചുകളഞ്ഞു. പാട്ടിനാൽ നേടാവുന്ന ഉന്നതങ്ങളിലെല്ലാം ലത കടന്നുചെന്നു. പുരസ്കാരങ്ങൾ ലതയാൽ കൂടുതൽ ബഹുമാന്യമായി. 2001ൽ ഭാരത രത്ന പുരസ്കാരം തന്നെ അവരിലേക്കെത്തി. ദേശീയ പുരസ്കാരവും പത്മപുരസ്കാരങ്ങളും ദാദാ സാഹെബ് ഫാൽകെയുമെല്ലാം നൽകി രാജ്യം അവരെ ആദരിച്ചു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായും അവർ അംഗീകരിക്കപ്പെട്ടു. ഫ്രഞ്ച് സർക്കാർ പോലും സിവിലിയൻ ബഹുമതി നൽകി ആദരിച്ചു.

ഓരോ ഇന്ത്യക്കാര​ന്‍റെ ഉള്ളിലും ഓരോ ലതാ മ​ങ്കേഷ്കറായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കൊത്ത് ആ ലതാ മ​ങ്കേഷ്കർ പാടിക്കൊണ്ടിരുന്നു. ഈ ഭൂമുഖത്തുനിന്ന് ലതാ മ​ങ്കേഷ്കർ എന്ന ശരീരം മാത്രമേ മറഞ്ഞുപോകുന്നുള്ളു. അവർ നമുക്കായി തന്ന ശാരീരം മനുഷ്യരും കാതുകളും ഹൃദയങ്ങളുമുള്ള കാലത്തോളം അലയടിച്ചുകൊണ്ടേയിരിക്കും. ഉസ്താദ് അല്ലാരഖാ ഖാൻ ഒരിക്കൽ പറഞ്ഞതുപോലെ, 'അടുത്ത ആയിരം വർഷം ഇനിയൊരു ലതയുണ്ടാവുകയില്ല'.

Tags:    
News Summary - Feb 7th editorial tribute to lata mangeshkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.