ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രമായ ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് തുടരുന്ന വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംേകാടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിന്മേൽ കോടതിക്കകത്തും പുറത്തും സംവാദങ്ങളും വിവാദങ്ങളും തുടരുകയാണ്. 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിലുള്ള വിലക്ക് എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജിയിന്മേൽ വാദംകേൾക്കുന്ന ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശബരിമലയിൽ എല്ലാ പ്രായക്കാരുമായ വനിതകൾക്ക് പ്രവേശനം ആകാമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള മൂന്നു ന്യായാധിപന്മാർ അഭിപ്രായപ്പെടുകയായിരുന്നു. ഒരു ക്ഷേത്രത്തിൽ പുരുഷന് പ്രവേശനം ഉണ്ടെങ്കിൽ സ്ത്രീക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, സ്വകാര്യ ക്ഷേത്രം എന്നൊരു സങ്കൽപമില്ലെന്നും ക്ഷേത്രങ്ങൾ പൊതുവാണെന്നും പറയുകയുണ്ടായി. അതേസമയം, എൻ.എസ്.എസിനുവേണ്ടി കോടതിയിൽ വാദം നടത്തിയ സീനിയർ അഭിഭാഷകൻ കെ. പരാശരൻ കോടതിയുടെ പരിഗണനയിലുള്ളത് സാമൂഹിക പ്രശ്നമല്ല, മതപരമായ വിഷയമാണ് എന്നാണ് ചൂണ്ടിക്കാണിച്ചത്. ഭരണഘടനയുടെ 25(2) വകുപ്പിെൻറ അടിസ്ഥാനത്തിലുള്ള പരിഷ്കാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശബരിമലയുടെ സ്വത്വം നഷ്ടപ്പെടും. ശബരിമലയിലെ വിലക്ക് ഒഴിവാക്കാൻ കോടതി തീരുമാനിച്ചാൽ അത് ക്ഷേത്രത്തിെൻറ സ്വഭാവത്തെതന്നെ ബാധിക്കും. അത് വിശ്വാസികൾക്ക് 25(1) പ്രകാരമുള്ള അവകാശത്തിെൻറ ലംഘനമാവും അദ്ദേഹം വാദിച്ചു. കേരളത്തിലെ ഇടതുമുന്നണി സർക്കാർ സ്ത്രീപ്രവേശനത്തിന് അനുകൂലമായും തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർത്തും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വിശദമായ വാദങ്ങൾക്കുശേഷം വിധി എന്താവുമെന്ന് കാത്തിരുന്ന് കാണാം. എന്നാൽ, അഡ്വ. പരാശരൻ എടുത്തുകാട്ടിയപോലെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 25(1) വകുപ്പും സാമൂഹിക നീതി പ്രശ്നങ്ങളും ഏറ്റുമുട്ടിയാൽ എന്തുചെയ്യണമെന്ന സമസ്യ ഗൗരവമായിത്തന്നെ അവശേഷിക്കുന്നു.
ഏതാണ്ട് അതേ സ്വഭാവത്തിലുള്ള പ്രശ്നമാണ് കുമ്പസാരം നിർത്തണമെന്ന ദേശീയ വനിത കമീഷെൻറ ശിപാർശയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളും. കുമ്പസാരത്തിെൻറ മറവിൽ കേരളത്തിലെ നാലു വൈദികർ ഭക്തകളെ ലൈംഗികമായി ചൂഷണം ചെയ്തതായ പരാതിയും തുടർനടപടികളുമാണ് കുമ്പസാരംതന്നെ നിർത്തലാക്കണമെന്ന് നിർദേശിക്കാൻ വനിത കമീഷെന പ്രേരിപ്പിച്ചത്. കുമ്പസാരം കത്തോലിക്ക പള്ളികളിലെ നിർബന്ധ മതാനുഷ്ഠാനമാണ്. ചില പുരോഹിതർ അത് ദുരുപയോഗം ചെയ്തതായ പരാതിയുടെ പേരിൽ മാത്രം കുമ്പസാരം നിർത്തലാക്കുന്നതിനോട് ക്രൈസ്തവ സമൂഹമോ സഭകേളാ യോജിക്കുന്നില്ലെന്നു മാത്രമല്ല ആ ദിശയിലുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. തദടിസ്ഥാനത്തിൽ ദേശീയ ന്യൂനപക്ഷ കമീഷനും വനിത കമീഷെൻറ നിർദേശത്തെ നിരാകരിച്ചിരിക്കുകയാണ്. രണ്ടിെൻറയും നിലവിലെ അംഗങ്ങളെ ബി.ജെ.പിയുടെ കേന്ദ്ര സർക്കാറാണ് നിയമിച്ചതെന്നുകൂടി ഒാർക്കണം.
തീർത്തും യാദൃച്ഛികമാവാം, സ്ത്രീനീതിയുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ വിഷയവും. ശിയാക്കളുടെ ഒരു ഉപവിഭാഗമായ ദാവൂദി ബോറമാർ സ്ത്രീകളുടെ ചേലാകർമം മതാനുഷ്ഠാനമായി കാണുന്നവരാണ്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് സുപ്രീംേകാടതിയുടെ പരിഗണനക്കെത്തിയിരിക്കുന്നത്. അഞ്ചും ഏഴും വയസ്സായ പെൺകുട്ടികൾ ചേലാകർമത്തിനിരയാവുേമ്പാൾ ഗുരുതരമായ പീഡനമാണ് അനുഭവിക്കുന്നതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ രാകേഷ് ഖന്ന വാദിച്ചു. അന്നേരം അത് ഭരണഘടനയുടെ വകുപ്പുകൾക്കെതിരല്ലേ എന്ന് കോടതി ഇടപെട്ട് ചോദിക്കുകയും ചെയ്തു. ചേലാകർമം അവസാനിപ്പിക്കേണ്ടതാെണന്ന് കേന്ദ്ര സർക്കാറും കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
ഇവിടെ പരാമർശിച്ച മൂന്നു സംഭവങ്ങളും സമാന സ്വഭാവത്തിലുള്ളതാണ്. നമ്മുടേത് മതനിരപേക്ഷ ജനാധിപത്യത്തിലൂന്നിയ ഭരണഘടനയാണെന്നതിൽ ആർക്കും സംശയമില്ല. അതിനാൽതന്നെ മതത്തിന് സാമൂഹിക ജീവിതത്തിൽ ഇടപെടുന്നതിന് ഗൗരവതരമായ പരിമിതികളുണ്ട്. സാമൂഹികനീതി ലക്ഷ്യംവെച്ച് സ്റ്റേറ്റ് കൊണ്ടുവരുന്ന നിയമങ്ങളെ മതവിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നത് കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തും. അതേയവസരത്തിൽ ഇതേ ഭരണഘടന മതവിരുദ്ധമല്ലെന്ന് മാത്രമല്ല, പൂർണമായ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുനൽകുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യം എന്നാൽ മതാനുഷ്ഠാന സ്വാതന്ത്ര്യം കൂടിയാണെന്ന് മുത്തലാഖ് കേസിൽ വിധിപറയവെ സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. ആ അടിസ്ഥാനത്തിലാണ് മുസ്ലിം ശരീഅത്ത് നിയമം ഇപ്പോഴും രാജ്യത്ത് പ്രാബല്യത്തിലിരിക്കുന്നത്. പക്ഷേ, സാമൂഹിക നീതിക്ക് വിരുദ്ധമാണ് ഏതെങ്കിലും മതാചാരമെന്ന് ഒരു വിഭാഗത്തിനോ സർക്കാറിനുതന്നെയോ തോന്നിയാൽ എന്തു ചെയ്യുമെന്നതാണ് പ്രശ്നത്തിെൻറ കാതൽ. സ്ത്രീ-പുരുഷ സമത്വം ഉദ്ഘോഷിക്കുന്ന ഭരണഘടന നിലവിലിരിക്കെ സ്ത്രീകൾക്കു മാത്രം, തീർഥാടനകേന്ദ്രമായ ശബരിമലയിലേക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനപരമാണെന്നാണ് ഒരു വലിയ വിഭാഗത്തിെൻറ വാദം. എന്നാൽ, സ്ത്രീപ്രവേശനം ശ്രീ അയ്യപ്പനെക്കുറിച്ച ബ്രഹ്മചര്യ സങ്കൽപത്തിന് നിരക്കുന്നതല്ലെന്നും ആർത്തവം അവരുടെ പ്രവേശനത്തിനുള്ള അയോഗ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നു ശാസ്ത്രിമാരും തന്ത്രിമാരും അവരോടൊപ്പം നിൽക്കുന്ന ദേവസ്വം ബോർഡും. അതുപോലെ കുമ്പസാരം പുരോഹിതന്മാരുടെ ലൈംഗികചൂഷണത്തിനുള്ള അവസരമായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ട് അത് തടയേണ്ടത് സ്ത്രീയുടെ മാനത്തിെൻറയും അന്തസ്സിെൻറയും പ്രശ്നമാണെന്നാണ് വനിത കമീഷെൻറ ന്യായം. ഒരു നിർബന്ധ മതാചാരം ചിലരുടെ ദുരുപയോഗ സാധ്യതയുടെ പേരിൽ വിലക്കുന്നത് അംഗീകരിക്കാനാവില്ല എന്നതാണ് മറുപക്ഷം. സ്ത്രീകളുടെ ചേലാകർമം മതപരമല്ല, കേവലം ഗോത്രാചാരമാണെന്നാണ് മുസ്ലിംകളിൽ ബഹുഭൂരിപക്ഷം കരുതുന്നതെങ്കിലും ശിയാ ന്യൂനപക്ഷമായ ബോറമാരുടെ മതപരമായ ബാധ്യതയെന്ന നിലയിലാണ് ഇപ്പോൾ േകാടതിയുെട പരിഗണനക്കെത്തിയിരിക്കുന്നത്. മതകാര്യങ്ങളും ലൗകിക കാര്യങ്ങളും തമ്മിലെ അതിലോലമായ വേർതിരിവ് പരിഹാരംതേടുന്ന വലിയ സമസ്യയാണ്. പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ച് ഇക്കാര്യം വ്യവച്ഛേദിക്കുന്ന വിധി പുറെപ്പടുവിക്കുമോ എന്ന് കാണാനിരിക്കുന്നേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.