രാജ്യത്തിെൻറ ആത്മാവിനുവേണ്ടിയുള്ള പോരാട്ടത്തെയും അതിൽ ജനകീയ-സാംസ്കാരിക ചെറുത്തുനിൽപിെൻറ പ്രാധാന്യത്തെയും അടയാളപ്പെടുത്തുന്ന ചില സംഭവവികാസങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി വാർത്താമാധ്യമങ്ങളിൽ നാം കണ്ടു. ജനാധിപത്യ-മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്താവുന്ന ശക്തമായ പ്രതിരോധം ആശയതലത്തിൽ രൂപംകൊണ്ടുകഴിഞ്ഞു എന്ന ശുഭസൂചനയാണ് ഇവയിൽ പൊതുവായുള്ളത്.
പ്രശാന്ത് ഭൂഷണിനെതിരായുള്ള കോടതിയലക്ഷ്യക്കേസിലെന്നപോലെ ഫേസ്ബുക്കുമായും ബ്ലൂംസ്ബറി പ്രസാധകരുമായും ബന്ധപ്പെട്ട പൊതുസംവാദങ്ങളിലും ബഹുസ്വര ജനാധിപത്യവാദികളുടെ സ്വരം ദൃഢവും ശക്തവുമാണ്. ഇന്ത്യയിൽ സംഘ്പരിവാർ പക്ഷത്തോട് ചായ്വ് കാണിച്ചും വ്യാജ പ്രചാരണങ്ങൾ നിയന്ത്രിക്കാതെ അക്രമങ്ങൾക്ക് അരുനിന്നും തെരഞ്ഞെടുപ്പിൽ വർഗീയപക്ഷക്കാർക്ക് അന്യായമായ പിൻബലം നൽകിയും നാട്ടിലെ സാമൂഹികാന്തരീക്ഷം ദുഷിപ്പിക്കുന്നതിൽ ഫേസ്ബുക്ക് ഇന്ത്യയും അതിെൻറ നയമേധാവിയും വഹിച്ച പങ്ക് വാൾസ്ട്രീറ്റ് ജേണൽ വെളിപ്പെടുത്തിയത് ചൂടുപിടിച്ച ചർച്ചകൾക്ക് വഴിതുറന്നു.
ഇക്കൊല്ലം ഫെബ്രുവരിയിൽ ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിഷലിപ്തമായ വാക്കുകൾ യഥാസമയം നീക്കംചെയ്യാൻ ഫേസ്ബുക്കിന് കഴിഞ്ഞില്ല. 53 പേരുടെ മരണത്തിനിടയാക്കിയ വംശീയ അതിക്രമങ്ങൾ മിശ്രയുടെ വാക്കുകളിലൂടെയാണ് ഊർജം സംഭരിച്ചത്. മിശ്രയുടേതടക്കം ബി.ജെ.പി നേതാക്കളുടെ പോസ്റ്റുകൾ നീക്കരുതെന്ന് നയമേധാവി അങ്കിദാസ് ശഠിച്ചിരുന്നു. ഈ പച്ചയായ വർഗീയനയം പുറത്തായതോടെ ഫേസ്ബുക്ക് പ്രതിരോധത്തിന് നിർബന്ധിതരായിട്ടുണ്ട്.
മിശ്രയുടെ പ്രസംഗം വിലക്കപ്പെടേണ്ട വിഷത്തിെൻറ മാതൃകയാണെന്ന് ഫേസ്ബുക്ക് മേധാവി സക്കർബർഗ് കുറച്ചുമുമ്പുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത്മോഹൻ തങ്ങൾക്ക് ആരോടും ചായ്വില്ല എന്ന് വിശദീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. വിദ്വേഷപ്രചാരണം തടയാൻ ഫേസ്ബുക്ക് കൂടുതൽ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്നു. എന്നാൽ, ഉറപ്പുകൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചിലർ, മ്യാന്മറിലും ശ്രീലങ്കയിലും ഫിലിപ്പീൻസിലുമെല്ലാം ജനദ്രോഹത്തിന് കൂട്ടുനിൽക്കുകയും കുരുതികൾ നടന്നശേഷം മാത്രം തിരുത്താൻ തയാറാവുകയും ചെയ്ത ചരിത്രം ഓർമിപ്പിക്കുന്നുണ്ട്.
മ്യാന്മറിലെ റോഹിങ്ക്യൻ കുരുതിയിൽ ഫേസ്ബുക്കിെൻറ പങ്ക് ചൂണ്ടിക്കാട്ടിയ യു.എൻ മനുഷ്യാവകാശ വിദഗ്ധർ, കൂട്ടക്കൊലക്ക് കാരണക്കാരായവരുടെ ഫേസ്ബുക്ക് അക്കൗണ്ട് രേഖകൾ സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈയിടെ ഗാംബിയ ലോകകോടതിയിൽ ഹാജരാക്കാൻ ഈ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഫേസ്ബുക്ക് വിസമ്മതിച്ചു. ശ്രീലങ്കയിൽ കൂട്ടക്കൊലക്കു കാരണമായ വിദ്വേഷപോസ്റ്റ് എല്ലാം കഴിഞ്ഞ് നീക്കിയ ഫേസ്ബുക്ക് ഒപ്പം ക്ഷമാപണം നടത്തുകയും ചെയ്തു. ഇന്ത്യയിലും അവർ നിഷ്പക്ഷതയെപ്പറ്റി വാചാലരാകുന്നു; പ്രവൃത്തി വേറെയാണെന്നുമാത്രം.
തിരുത്താനുള്ള സന്നദ്ധത അവരിപ്പോൾ പ്രകടിപ്പിക്കുന്നത് പൊതുസമൂഹത്തിൽനിന്നുയരുന്ന ആവശ്യം കണ്ടില്ലെന്നുവെക്കാനാവാത്തവിധം ശക്തമായതിനാലാണ്. ഫേസ്ബുക്കിലെതന്നെ ജീവനക്കാർ നേതൃത്വത്തോട് രോഷംപ്രകടിപ്പിച്ചതും കമ്പനിക്ക് അവഗണിക്കാനാകുന്നില്ല.
പൊതുസമൂഹത്തിലെ മതനിരപേക്ഷശക്തികളുടെ സ്വാധീനമാണ് 'ബ്ലൂംസ്ബറി ഇന്ത്യ' പ്രസാധകർ ഒരു പുസ്തകത്തിെൻറ പ്രസാധനം പിൻവലിച്ചതിലും തെളിയുന്നത്. 'ഡൽഹി റയട്ട്സ് 2020: ദ അൺടോൾഡ് സ്റ്റോറി' എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെടാനിരുന്നത്. ഡൽഹിയിലെ ഏകപക്ഷീയമായ വംശീയ അതിക്രമങ്ങളെ വെള്ളപൂശാനും ഇരകളെ അക്രമികളായി ചിത്രീകരിക്കാനും സംഘ്പരിവാർ നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പുസ്തകം എന്നാണ് മനസ്സിലാകുന്നത്. രചയിതാക്കളായ മൂന്നുപേർ 'അന്വേഷണം നടത്തി തയാറാക്കിയതെ'ന്ന് പറയുന്ന പുസ്തകത്തിെൻറ ഓൺലൈൻ പ്രകാശനം പ്രഖ്യാപിച്ചതോടെയാണ് വിഷയം പൊതുശ്രദ്ധയിലെത്തിയത്.
കലാപത്തിന് പരസ്യമായി ആഹ്വാനംചെയ്ത കപിൽ മിശ്ര, രചയിതാക്കളിലൊരാളായ മോണിക്ക അറോറ, വർഗീയ ഉള്ളടക്കത്തിന് പേരെടുത്ത 'ഒാപ് ഇന്ത്യ'യുടെ മേധാവി നൂപുർ ശർമ തുടങ്ങിയവരായിരുന്നു മുഖ്യ അതിഥികളാകേണ്ടിയിരുന്നത്. ബ്ലൂംസ്ബറി പോലുള്ള പ്രസാധകർ പരിശോധനയില്ലാതെ ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നതിൽ ആശങ്കപ്പെട്ട വലിയൊരു വിഭാഗം അക്കാര്യം ചർച്ചചെയ്തപ്പോഴാകണം പ്രസാധകർ കണ്ണുതുറക്കുന്നത്.
പുസ്തക നിരോധനം ആരും ആവശ്യപ്പെട്ടില്ല. അത് ഒരു പരിഹാരവുമല്ല. അതേസമയം, അക്രമികളെ ന്യായീകരിക്കാനും ഇരകളെ പ്രതികളാക്കാനും പാകത്തിൽ വസ്തുതകൾ വളച്ചൊടിച്ച് ചിലർ നടത്തിവരുന്ന പ്രചാരണങ്ങൾ ഏറ്റെടുക്കുന്നതോടെ സ്വന്തം വിശ്വാസ്യത തച്ചുടക്കുകയാണ് ചെയ്യുന്നതെന്ന് പ്രസാധകർ തിരിച്ചറിഞ്ഞത് പൊതുസമൂഹത്തിൽ നടന്ന ചർച്ചയിലൂടെയാണ്. പ്രഖ്യാപിത പ്രകാശനത്തെ തള്ളിപ്പറയുക മാത്രമല്ല പിന്നീടവർ ചെയ്തത്. പുസ്തകം പ്രസിദ്ധീകരിക്കുംമുേമ്പ പിൻവലിക്കുകയാണ്. ബൗദ്ധിക മണ്ഡലത്തിനോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യാത്ത നുണക്കഥകൾ സത്യമെന്ന മട്ടിൽ പുറത്തിറക്കാൻ തയാറായതെന്തിന് എന്ന ചോദ്യത്തിന് ബ്ലൂംസ്ബറി ഇനിയും മറുപടി പറയേണ്ടതുണ്ട്.
വിദ്വേഷ പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന മറ്റൊരു കാര്യം, ബോംബെ ഹൈകോടതി 'തബ്ലീഗ് കേസി'ൽ നൽകിയ വിധിയാണ്. തബ്ലീഗിെൻറ ഡൽഹി സമ്മേളനത്തിൽ പെങ്കടുത്ത വിദേശികൾക്കെതിരായ എഫ്.െഎ.ആറുകൾ തള്ളുക മാത്രമല്ല കോടതി ചെയ്തത്; ആസൂത്രിതമായി നടത്തിയ വിദ്വേഷപ്രചാരണങ്ങളെ വിമർശിക്കുകയും ചെയ്തു. 'പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യക്കേസി'ൽ സുപ്രീംകോടതി സ്വീകരിച്ച നടപടിക്രമങ്ങളെയും അവയിലെ ന്യൂനതകളെയും നിരൂപണം ചെയ്യാൻ നിയമജ്ഞരും ജനാധിപത്യവാദികളും മുന്നോട്ടുവന്നതും ഇന്ത്യയുടെ മനസ്സാക്ഷി മരവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായി.
ഉണർന്നിരിക്കുന്ന പൊതുസമൂഹവും ബഹുസ്വര ജനാധിപത്യത്തോട് പ്രതിബദ്ധത പുലർത്തുന്ന പണ്ഡിതരും ആക്ടിവിസ്റ്റുകളും പ്രതീക്ഷ നൽകുന്നു. ജനാധിപത്യത്തിെൻറ നാലുതൂണുകൾ ദ്രവിച്ചാലും അഞ്ചാമത്തെ തൂൺ ബാക്കിയുണ്ട് എന്നാണല്ലോ അതിനർഥം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.