കശ്മീരി​െൻറ ഭാവി

ജമ്മു-കശ്മീരിൽ പി.ഡി.പിയുമായി ചേർന്നുള്ള കൂട്ടുമന്ത്രി സഭയിൽനിന്ന് പിൻവാങ്ങാനുള്ള ബി.ജെ.പി തീരുമാനം രാഷ്​ട്രീയ നിരീക്ഷകരെല്ലാം മുൻകൂട്ടി കണ്ട കാര്യം മാത്രമാണ്. അത് എപ്പോൾ സംഭവിക്കും എന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയമുണ്ടായിരുന്നത്. സംസ്​ഥാനത്തിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ്, പ്രത്യേക സൈനികാധികാര നിയമം, കൂടുതൽ സ്വയം ഭരണം തുടങ്ങി കശ്മീരുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ അടിസ്​ഥാന പ്രശ്നങ്ങളിലും തീർത്തും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു പാർട്ടികളാണ് പി.ഡി.പിയും ബി.ജെ.പിയും. മൃദു വിഘടനവാദ സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന പി.ഡി.പിയുമായി ചേർന്ന് സഖ്യ സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് എങ്ങനെ സാധിച്ചുവെന്നതിന് ഒരു ഉത്തരമേ ഉള്ളൂ– അധികാരത്തോടുള്ള ആർത്തി. നിയമസഭയിൽ വെറും രണ്ട് അംഗങ്ങൾ മാത്രമുള്ള മേഘാലയയിൽപോലും ബി.ജെ.പി അധികാര പങ്കാളിത്തം വഹിക്കുന്നുണ്ട്. സാധ്യമാവുന്നിടത്തെല്ലാം സാധ്യമാവുന്ന വഴികളിലൂടെയെല്ലാം അധികാരത്തിലെത്തുക എന്ന അമിത് ഷാ തിയറിയാണ് കശ്മീരിലെ അസാധാരണ രാഷ്​ട്രീയ സഖ്യത്തിന് പിന്നിൽ. ഏതായാലും അത് അതി​​​െൻറ സ്വാഭാവിക പരിണതി പ്രാപിക്കുന്നതാണ് ചൊവ്വാഴ്ച രാഷ്​ ട്രം കണ്ടത്. അങ്ങനെ കശ്മീർ വീണ്ടും രാഷ്​​ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണ്. അത് ആ സംസ്​ഥാനത്തെയും ജനങ്ങളെയും എങ്ങനെയാണ് ബാധിക്കാൻ പോവുന്നത് എന്നതാണ് പ്രസക്​തമായിട്ടുള്ളത്.

2015 മാർച്ച് ഒന്നിനാണ് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായിക്കൊണ്ട് ബി.ജെ.പി–പി.ഡി.പി സഖ്യ സർക്കാർ അധികാരത്തിലെത്തുന്നത്. അദ്ദേഹത്തി​​​െൻറ മരണത്തെ തുടർന്ന് മകൾ മഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി (2016 ഏപ്രിൽ 04). ക്രമസമാധാന നില ഏറ്റവും വഷളായ കാലമാണ് ഈ സഖ്യ സർക്കാറി​​െൻറ പ്രവർത്തന കാലം. 2016 ജൂലൈയിൽ വിഘടനവാദ സംഘടനയായ ഹിസ്​ബുൽ മുജാഹിദീ​​​െൻറ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം വധിച്ചത് കശ്മീരി​​​െൻറ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്. പതിനായിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദി​​​െൻറ മയ്യിത്ത് നമസ്​കാരത്തിന് പങ്കെടുത്തതി​​​െൻറ എത്രയോ ഇരട്ടി ആയിരങ്ങളാണ് ബുർഹാൻ വാനിയുടെ മയ്യിത്ത് നമസ്​കാരത്തിനായി വിവിധ കശ്മീരി നഗരങ്ങളിൽ ഒത്തുകൂടിയത്. കശ്മീരിലെ യഥാർഥ ചിത്രമറിയാൻ ഈ  താരതമ്യം തന്നെ ധാരാളമാണ്. ഇത് മനസ്സിലാക്കാതെ പട്ടാള ഉദ്യോഗസ്​ഥരും ഡൽഹിയിലിരിക്കുന്ന സുരക്ഷ ഉദ്യോഗസ്​ഥരും നൽകുന്ന റിപ്പോർട്ടുകളുടെ മാത്രം വെളിച്ചത്തിൽ കശ്മീരിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുവെന്നതാണ് കശ്മീർ കാര്യത്തിൽ കേന്ദ്ര സർക്കാർ എപ്പോഴും വരുത്തിക്കൊണ്ടിരിക്കുന്ന അബദ്ധം. ചരിത്രത്തിൽ ഇല്ലാത്തവിധം കശ്മീരിലെ തെരുവുകൾ കലുഷിതമാണ് ഇപ്പോൾ. വിഘടനവാദ പ്രസ്​ഥാനങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്.

ജൂൺ 14ന് വെടിയേറ്റ് മരിച്ച പ്രമുഖ പത്രപ്രവർത്തകൻ ശുജാഅത്ത് ബുഖാരി ഏതാനും ആഴ്ചകൾക്ക് മുമ്പ്​ ട്വിറ്ററിൽ കുറിച്ച ഒരു വാചകമുണ്ട്: ‘കശ്മീരിലെ ചെറുപ്പക്കാർക്ക് മരിക്കാനുള്ള ഭയം നഷ്​ടമാകുന്നത് എന്തു കൊണ്ടാണെന്ന് അധികൃതർ മനസ്സിലാക്കണം’. പക്ഷേ, ഇത് മനസ്സിലാക്കാൻ ഡൽഹിയിൽ ഇരിക്കുന്നവർ ഒരിക്കലും ശ്രമിച്ചില്ല എന്നതാണ് കാര്യം. അവർ, കാഞ്ചിയിൽ മാത്രം വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ്, ഏഴു ലക്ഷം സൈനികരെ അവിടെ വിന്യസിച്ചിരിക്കുന്നത്. സിവിലിയൻ മേഖലയിലെ സൈനിക സാന്ദ്രതയുടെ അനുപാതം നോക്കുകയാണെങ്കിൽ ലോകത്തെ തന്നെ ഏറ്റവും സൈനിക സാന്നിധ്യമുള്ള പ്രദേശമാണ് കശ്മീർ. സർക്കാർ കണക്കനുസരിച്ച് പരമാവധി 300 തീവ്രവാദികൾ മാത്രമേ കശ്മീരിലുള്ളൂ. അവരെ നേരിടാൻ എന്തിനാണ് ഇത്രയും സൈനികർ എന്ന ചോദ്യത്തിന് ഉത്തരമൊന്നേയൂള്ളൂ; മാറിമാറി വന്ന ഭരണകൂടങ്ങൾ കശ്മീർ ജനതയെ മൊത്തം ശത്രുക്കളായാണ് കാണുന്നത്. അവിടെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഫലത്തിൽ സൈനിക ഭരണമാണ് നടക്കുന്നത്. തോക്കി​​​െൻറ ബലത്തിൽ മാത്രം കശ്മീർ പ്രശ്നം പരിഹരിക്കാം എന്ന് വിചാരിക്കുന്നവരാണ് സംഘ്​പരിവാർ. അവർ കേന്ദ്രം ഭരിക്കുമ്പോൾ, ആ സംസ്​ഥാനം കേന്ദ്ര ഭരണത്തിന് കീഴിൽ വരുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. അതായത്, കശ്മീർ വീണ്ടും സംഘർഷ കലുഷമാകുന്ന തരത്തിലാണ് കാര്യങ്ങൾ പോവുന്നത്.

പുറമേക്ക് എന്ത് ന്യായം പറഞ്ഞാലും, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബി.ജെ.പി ഈ തീരുമാനം എടുത്തിരിക്കുന്നത്. അതായത്, ഒരു സംസ്​ഥാനത്തി​​​െൻറ ഭാവിയോ സമാധാന സംസ്​ഥാപനമോ അല്ല, മറിച്ച് രാഷ്​ട്രീയ നേട്ടങ്ങൾ തന്നെയാണ് എല്ലാറ്റി​​​െൻറയും അടിസ്​ഥാനം. കശ്മീരിൽ സംഘർഷം മൂർച്ഛിപ്പിച്ച് രാജ്യമാസകലം ഉന്മാദ ദേശീയതയുടെ അന്തരീക്ഷം സൃഷ്​ടിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാം എന്ന് ബി.ജെ.പി കണക്കുകൂട്ടുന്നുണ്ടാവാം. അപ്പോൾ കശ്മീരികൾക്ക് നഷ്​ടപ്പെടുന്നത് അവരുടെ സമാധാന ജീവിതമായിരിക്കും. കശ്മീരികൾക്കുവേണ്ടിയും അവരുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും സംസാരിക്കുന്നത് തീവ്രവാദമായി എളുപ്പം മുദ്ര ചാർത്തപ്പെടാൻ ഇടയുള്ളതുകൊണ്ട് അവർക്കുവേണ്ടി ആരും രംഗത്ത് വരില്ല എന്നും ബി.ജെ.പിക്ക് അറിയാം. ചുരുക്കത്തിൽ, പ്രശ്നം കൂടുതൽ വഷളാവുന്ന സ്​ഥിതിയാണ് വരാൻ പോകുന്നത്. അപ്പോൾ ആദ്യത്തെ രക്​തസാക്ഷി മനുഷ്യാവകാശവും ജനാധിപത്യവുമായിരിക്കും. പക്ഷേ, ഈ സത്യം വിളിച്ചു പറയുക എന്നത് നിലവിലെ സ്​ഥിതിയിൽ അങ്ങേയറ്റം സാഹസികമായ ദൗത്യമാണ്. ജനാധിപത്യവാദികൾ ഈ സാഹസം ഏറ്റെടുത്തേ മതിയാവൂ.

Tags:    
News Summary - Future Of Kashmir- Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.