ജാമ്യമാണ് നിയമം; പക്ഷേ അതല്ല നടക്കുന്നത്

‘‘ജാമ്യമാണ് നിയമം; തടങ്കൽ അപവാദവും’’ -1977ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചെയ്ത ഈ പ്രഖ്യാപനം ഇന്ത്യൻ നീതിന്യായത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായി എണ്ണപ്പെടുന്നു. ആരുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കരുത് എന്ന് ഭരണഘടന നിഷ്‍കർഷിക്കുന്നുണ്ട്. നിയമം ഇതാണെങ്കിലും ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെ തന്നെയും വീഴ്ച കാരണം അസംഖ്യം വിചാരണത്തടവുകാർക്ക് നിയമവിരുദ്ധമായി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ട്.

കുറ്റവാളിയെന്ന് കണ്ടെത്തുംവരെ ആരും കുറ്റവാളിയായി ഗണിക്കപ്പെട്ടുകൂടാ എന്നതും നീതിന്യായത്തിന്റെ അടിസ്ഥാനമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നീതിന്യായ പ്രമാണങ്ങളിലും 1948ൽ ലോകരാജ്യങ്ങൾ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലും ഉൾപ്പെട്ടിട്ടുള്ള തത്ത്വമാണത്. ഇതിന്റെ പ്രായോഗിക രൂപങ്ങളിലൊന്നാണ് വിചാരണത്തടവുകാർക്ക് നൽകുന്ന ജാമ്യം. എന്നാൽ, ഭരണകൂടം കുറേ വർഷമായി വിയോജിപ്പുകാരെ അടിച്ചമർത്താൻ ഈ തത്ത്വം നിരന്തരം ലംഘിക്കുന്നു; നിസ്സഹായത പ്രകടിപ്പിക്കുന്ന ജുഡീഷ്യറിയാകട്ടെ ‘‘ജയിലാണ് നിയമം, ജാമ്യം അപവാദം’’ എന്ന് പരിഭവിക്കുന്നു. പരിഭവം പറയുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപർ കൂടിയാണുതാനും. ‘‘ഡൽഹി കലാപ ഗൂഢാലോചന’’ ആരോപിച്ച് ഡൽഹി പൊലീസ് 2020ൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ശിക്ഷിക്കാൻ ഫയൽ ചെയ്ത കേസും അതിന്മേൽ ജുഡീഷ്യറി സ്വീകരിച്ച സമീപനത്തിലെ സ്വാതന്ത്ര്യ നിഷേധവും ഒരു ഉദാഹരണമാണ്. നടപടിക്രമങ്ങൾത്തന്നെ ശിക്ഷയാകുന്ന ഇന്ത്യയിൽ വെറും ജാമ്യം പോലും തുടരത്തുടരെ നിഷേധിക്കപ്പെടുന്ന അനേകമനേകം സംഭവങ്ങളിൽപെട്ട ഒന്ന്. നീതിയും ന്യായവും ഭരണഘടനാദത്തമായ അവകാശവും വലിച്ചെറിയപ്പെടുമ്പോൾ അതിന് ജുഡീഷ്യറി തന്നെ ഒപ്പുചാർത്തിക്കൊടുക്കുന്ന പല ഉദാഹരണങ്ങളിൽ ഒന്ന്.

സമാധാനപരമായ പ്രതിഷേധത്തിനെതിരെ യു.എ.പി.എ ചുമത്തിയ കേസാണിത്. ഒമ്പതുപേരെ നാലുവർഷത്തിലധികമായി തടവിലിട്ടിരിക്കുന്നു. അവരുടെ ജാമ്യാപേക്ഷകൾ കഴിഞ്ഞ ഡിസംബർ വരെ അറുപതോളം തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇടക്ക് അനേകം തവണ വാദം പൂർത്തിയാക്കൽ നീട്ടിവെച്ചു. ചിലരുടെ ​അപേക്ഷ തീർപ്പിനായി മാറ്റിവെച്ച സന്ദർഭങ്ങൾ വരെ ഉണ്ടായി. ​പക്ഷേ, കേസ് കേട്ട രണ്ട് ജഡ്ജിമാർ തീർപ്പ് നൽകിയില്ല. അതിലൊരു ജഡ്ജി പിന്നീട് സ്ഥലംമാറ്റപ്പെട്ടു. അതോടെ പുതിയ ബെഞ്ച് കേസ് ആദ്യം മുതൽ കേൾക്കാൻ തുടങ്ങി. പിന്നെയും കേസ് കേൾക്കൽ, മാറ്റിവെക്കൽ. ചിലതിൽ വാദം കേൾക്കൽ പൂർത്തിയായെങ്കിലും എന്തുകൊണ്ടോ മുഴുവൻ ജാമ്യാപേക്ഷകളും ഒരുമിച്ച് പരിഗണിക്കാൻ വെച്ചതിനാൽ പിന്നെയും കാലതാമസം. അങ്ങനെയിരിക്കെ ഇതാ ഇപ്പോൾ കേസുകൾ കേൾക്കുന്ന ബെഞ്ചിൽ വീണ്ടും മാറ്റം. ഇനി എല്ലാം ആദ്യം മുതൽ വീണ്ടും തുടങ്ങണം. പോരാ, പുതിയ ബെഞ്ചിലെ ഒരു ജഡ്ജി ഈ കേസ് കേൾക്കുന്നതിൽനിന്ന് കഴിഞ്ഞദിവസം സ്വമേധയാ പിന്മാറി.

ഇനി പുതിയ ജഡ്ജിയെ നിയമിക്കണം. തുടക്കം മുതൽ എല്ലാം ആവർത്തിക്കണം. കേസിന്റെയല്ല, ജാമ്യാപേക്ഷയുടെ കഥയാണിത്. ജുഡീഷ്യറി അതിങ്ങനെ തട്ടിക്കളിക്കുമ്പോൾ അപേക്ഷകരുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. അവരുടെ ജീവിതമാണ് തകർക്കപ്പെടുന്നത്. അവരുടെ കുടുംബങ്ങളും ആരോഗ്യവുമെല്ലാം തകർക്കപ്പെടുന്നു. ജാമ്യമാണ് നിയമമെങ്കിൽ, ഇവർക്ക് നീതി നിഷേധിക്കപ്പെടാൻ കാരണക്കാർ ആരാണ്? അവരല്ല, തീർച്ച. കാരണം എന്തുതന്നെയായാലും ജുഡീഷ്യറി ഇതിന് ഉത്തരവാദിയാണ്. അതാകട്ടെ ഈ കേസിൽ മാത്രമല്ലതാനും.

അവകാശലംഘനത്തിന്റെ ഒരുകാരണം യു.എ.പി.എ എന്ന ക​ഠോരനിയമമാണ്. ഒരു ജഡ്ജി തന്നെ നിരീക്ഷിച്ചതുപോലെ, യു.എ.പി.എയിൽ ജയിലാണ് നിയമം, ജാമ്യം അപവാദവും. ആ നിയമത്തിലെ വകുപ്പ് ചാർത്തുന്നത് പൊലീസും ഭരണകൂടവുമായതിനാൽ ജുഡീഷ്യറിക്ക് ജാമ്യം നിഷേധിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത സ്ഥിതി. മറ്റൊരു കാരണം, നീതിന്യായ വ്യവസ്ഥയിലെ കാലതാമസമാണ്. പ്രോസിക്യൂട്ട് ചെയ്യുന്ന അധികാരികൾക്ക് വേഗത്തിൽ വിചാരണ പൂർത്തിയാക്കാനാകുന്നില്ലെങ്കിൽ അവർ ജാമ്യാപേക്ഷയെ എതിർക്കാതിരിക്കുകയെങ്കിലും വേണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം പറയുക വരെ ചെയ്തു. മൂന്നാമത്തെ കാരണം, ഭരണകൂടത്തിന്റെ വിവേചന സമീപനത്തെ എതിർക്കാൻ ജുഡീഷ്യറിക്ക് കഴിയാത്തതാണ്.

മനുഷ്യാവകാശ പ്രവർത്തകരും ആദിവാസി നേതാക്കളും സാംസ്കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും - അവരിലെ വയോധികർ വരെ - ജാമ്യം കിട്ടാതെ നരകിക്കുന്നു; ചിലർ കസ്റ്റഡിയിൽ മരിക്കുന്നു. അതേസമയം കടുത്ത കുറ്റവാളികൾ വരെ ഭരണകൂടത്തിന്റെ ഒത്താശയോടെ എളുപ്പത്തിൽ ജാമ്യം നേടുന്നു. ഇതിലെല്ലാം ഭരണകൂടം ജുഡീഷ്യറിയെ ഉപയോഗപ്പെടുത്തുമ്പോൾ നാലാമത്തെ കാരണം ജുഡീഷ്യറിയുടെ തന്നെ വീഴ്ചയാണ്. ഭയം കൊണ്ടോ പ്രലോഭനം കൊണ്ടോ സർക്കാറി​ന്റെ എതിരാളികൾക്ക് ജാമ്യം നൽകാൻപോലും ചില ജഡ്ജിമാർ മടിക്കുന്നു എന്ന് മഹുവ മൊയ്ത്ര എം.പി ലോക്സഭയിൽ പറഞ്ഞത് വെറും ആരോപണമല്ല. വിധി തീർപ്പിന്റെ ഉദ്ദേശ്യം ലംഘിക്കുന്ന തരത്തിൽ, കോടതി ജാമ്യമനുവദിച്ചവരെ വേറെ കേസ് ചാർത്തി വീണ്ടും കസ്റ്റഡിയിലെടുക്കുന്ന സംഭവങ്ങളും ധാരാളമുണ്ട്. രോഗം ഉണ്ടെന്ന് വ്യക്തം.

പരിഹാരം അത്യാവശ്യമാണ്. ചുരുങ്ങിയ കാലം ജയിലിൽ കഴിഞ്ഞ വിചാരണത്തടവുകാരെ നിരുപാധികം വിട്ടയക്കുകയാണ് ഒന്ന്. ജാമ്യം അസാധ്യമാക്കുന്ന യു.എ.പി.എ കേസുകൾ ജുഡീഷ്യറിയുടെ സത്വര പരിശോധനക്ക് വിധേയമാകണം. ബ്രിട്ടനിലെ പോലെ പ്രത്യേക ജാമ്യനിയമമുണ്ടാക്കണമെന്ന നിർദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നു. ഏതുനിലക്കും പൗരജനങ്ങളിൽ ഒരാൾ പോലും വിചാരണയും ജാമ്യവുമില്ലാതെ ജയിലിൽ കഴിയുന്ന സ്ഥിതി ഉണ്ടാകരുത്. ഇതിന് മുൻകൈയെടുക്കേണ്ടത് ജുഡീഷ്യറിയാണ്.

Tags:    
News Summary - Bail is the law; But that is not happening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.