ഗവർണറും ചാൻസലറും സർവകലാശാലകളും

കേരള സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ വടംവലിയിൽ ചെറിയ മഞ്ഞുരുക്കം സൂചിപ്പിക്കുന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും മൗലികമായ അഭിപ്രായവ്യത്യാസങ്ങളിൽ പരിഹാരമായോ എന്നു സംശയമാണ്. സർവകലാശാലകളുടെ ചാൻസലറായ ഗവർണറെക്കൊണ്ടുതന്നെ അദ്ദേഹത്തെ പ്രസ്തുത തസ്തികയിൽനിന്ന് ഒഴിവാക്കുന്ന ബിൽ ഒപ്പിടുവിക്കാൻ സമർപ്പിച്ചിരിക്കുകയാണ്.

മുമ്പ് സർവകലാശാലകളുടെ ഭരണപരമായ പല തീരുമാനങ്ങളിലും രൂക്ഷമായി വിയോജിച്ച ഗവർണർ പത്രസമ്മേളനങ്ങൾ നടത്തി ചാൻസലർ പദവിയിൽനിന്നുതന്നെ ഒഴിവാക്കിത്തരാൻ ആവശ്യപ്പെട്ടിരുന്നതാണ്. അതിനുവേണ്ടി ഓർഡിനൻസ് ഇറക്കിയാൽ ഉടൻ ഒപ്പിട്ടുതരാമെന്നും പറഞ്ഞിരുന്നു. പിന്നീട് രണ്ടു കക്ഷികളും തമ്മിലെ അഭിപ്രായഭിന്നതകൾ പരസ്യമായ വാക്പോരായി മാറി. ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭ രണ്ടു സർവകലാശാല നിയമ (ഭേദഗതി) ബില്ലുകൾ പാസാക്കിയതോടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കുകയും പകരം വ്യത്യസ്ത സർവകലാശാലകൾക്ക് ചാൻസലർമാരെ തിരഞ്ഞെടുക്കുന്ന വകുപ്പ് ഉൾപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ ബിൽ ഒപ്പിട്ടാൽ ഗവർണർ ഇനി എക്സ്-ഒഫീഷ്യോ ചാൻസലർ ആയിരിക്കില്ല.

പക്ഷേ, ആരിഫ് ഖാൻ അതൊപ്പിടാതെ തിരിച്ചയക്കുകയോ രാഷ്ട്രപതിക്ക് സമർപ്പിക്കുകയോ ചെയ്യുമെന്നാണ് സൂചനകൾ. ഭരണഘടനയുടെ സമാവർത്തി പട്ടികയിലുള്ള നിയമത്തിനുമേലെ സംസ്ഥാന നിയമം നിലനിൽക്കില്ലെന്ന നിലപാട് നേരത്തേതന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഗവർണർമാർ അതത് സംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ ചാൻസലർ ആവുകയെന്നത് സ്ഥിരപ്പെട്ട കേന്ദ്ര വ്യവസ്ഥയാണെന്നും അത് സംസ്ഥാനങ്ങൾക്ക് മാറ്റാൻ അവകാശമില്ലെന്നുമാണ് ഖാന്റെ നിലപാട്. നേരത്തേ ഓർഡിനൻസിൽ ഒപ്പിടാമെന്നു പറഞ്ഞ ഒരു കാര്യം ഇപ്പോൾ നിയമപരമല്ല എന്നുപറയുന്നത് നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാകണം.

14 സർവകലാശാലകളുടെ സ്റ്റാറ്റ്യൂട്ടുകളിൽ ഒന്നിച്ച് ഭേദഗതികൾ വരുത്തുന്ന ബില്ലാണ് സഭ പാസാക്കിയത്. ഗവർണർക്കു പകരം വിവിധ മേഖലകളിൽ പ്രാഗൽഭ്യമുള്ളവരെ ചാൻസലറായി നിയമിക്കും എന്നതാണ് അതിൽ പ്രധാനം. പ്രതിപക്ഷം ഗവർണറെ ഒഴിവാക്കുന്നതിന് അനുകൂലമാണെങ്കിലും പകരം എല്ലാ സർവകലാശാലകൾക്കും ഒരൊറ്റ ചാൻസലർ ആകണമെന്നും അത് നിയമിക്കുന്ന സമിതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കുപുറമെ വേണ്ടത് ഹൈകോടതി ചീഫ് ജസ്റ്റിസാണെന്നും അവർ ശഠിച്ചു. ചർച്ചകൾക്കും പ്രതിപക്ഷത്തിന്റെ ചെറിയ വിട്ടുവീഴ്ചക്കുംശേഷം പാസായ ബില്ലിൽ ചീഫ് ജസ്റ്റിസിനു പകരം നിയമസഭ സ്പീക്കറെ ഉൾപ്പെടുത്തി.

ഇത് സർവകലാശാലകൾ സർക്കാറിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനു തുല്യമായിരിക്കും എന്നായിരുന്നു പ്രതിപക്ഷ വാദം. ചാൻസലർമാരെ തിരഞ്ഞെടുക്കുന്നത് മൂന്നിൽ രണ്ടു ഭൂരിപക്ഷമനുസരിച്ചായിരിക്കും എന്നാണെങ്കിൽ സമിതിയിൽ ഒരു സർക്കാറേതര അംഗത്തെ ഉൾപ്പെടുത്തുന്നതിൽ വലിയ അർഥമില്ല. അഭിപ്രായപ്രകടനത്തിനുള്ള അവസരമേ അദ്ദേഹത്തിനുണ്ടാകൂ. നേരത്തേ സഭ പാസാക്കിയ ഭേദഗതിയിലെ വി.സിമാരുടെ സെർച് കമ്മിറ്റിയുടെ കാര്യത്തിലും ഇത്തരം ഭൂരിപക്ഷ തീരുമാനം സർക്കാറിന്റെ ഇഷ്ടമനുസരിച്ച് വി.സിമാരെ നിയമിക്കുന്നതിൽ കലാശിക്കും. പകരം സെർച് കമ്മിറ്റികളിൽ തീരുമാനം ഏകകണ്ഠ്യേന ആകണമെന്നുവെച്ചാൽ ഒരതിരുവരെ അത് പരിഹരിക്കാം. പക്ഷേ, രാഷ്ട്രീയ ചായ്‌വ് ഒരു ന്യൂനതയായി വരാമെന്നും മതിയായ അക്കാദമികയോഗ്യതയുള്ളവർപോലും രാഷ്ട്രീയമുദ്രയുടെ പേരിൽ പുറന്തള്ളപ്പെടുമെന്നും എതിർവാദവുമുണ്ട്. അത് അനുഭവത്തിലൂടെ തെളിയേണ്ടതാണ്.

ചാൻസലർമാർ അതത് മേഖലകളിൽ വൈദഗ്ധ്യമുള്ളവരാകണമെന്നത് അത്ര മികച്ച ഒരാശയമല്ല. ദൈനംദിന ഭരണത്തിലോ അക്കാദമിക തീരുമാനങ്ങളിലോ പതിവായി ഇടപെടുന്ന തസ്തികയല്ല ചാൻസലറുടേത്. ഉന്നതമായ ഭരണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും മൊത്തം സ്ഥാപനത്തിന് നേതൃത്വം നൽകാനുമാണ് ആ സ്ഥാനം. അതിനു ശമ്പളമില്ല എന്നതുതന്നെ പ്രവൃത്തിയുടെ ഭാരപരിമിതി സൂചിപ്പിക്കുന്നുണ്ട്. അങ്ങനെവന്നാൽ സംസ്ഥാനത്തെ ഏതാനും സർവകലാശാലകൾക്ക് പൊതുവായ ചാൻസലർ ആകുന്നതിലും കുഴപ്പമില്ല. ഭാവിയിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ആ വകുപ്പ് നിശ്ചയിച്ചത് എന്നാണ് സർക്കാറിന്റെ നിലപാട്.

മൊത്തത്തിൽ വിദ്യാഭ്യാസമേഖലയിലെ സ്‌കൂൾ/ കലാശാല തലങ്ങളിൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത പ്രേരണകൾക്ക് വിധേയമായി നിലപാടുകൾ എടുക്കാതെ ഭാവി തലമുറക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും മൂല്യബോധവും നൽകുന്നതിനുള്ള വ്യവസ്ഥകളൊരുക്കുകയാണ് വേണ്ടത്. ആരെയും ഒതുക്കുകയോ വഴക്കുകയോ അല്ല, കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെ മികവിലേക്കുയർത്തുകയാകണം എല്ലാവരുടെയും മുഖ്യ അജണ്ട.

Tags:    
News Summary - Governor, Chancellor and Universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.