സംരക്ഷകരോ വേട്ടക്കാരോ?


മുൻവൈരാഗ്യം തീർക്കാൻ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകുക എന്ന, കേരളം ഇതുവരെ കേൾക്കാത്ത അസാധാരണമായ ഒരു കേസ്. അതിൽ വർഷങ്ങളായി നീതി തേടി അലയുന്ന അതിജീവിത തനിക്ക് നീതി കിട്ടുന്നില്ലെന്ന വിലാപവുമായി കേരള ഹൈകോടതിയെ സമീപിച്ചിരിക്കുന്നു. ഇരയായ തനിക്കൊപ്പം നിന്ന്, തന്നെ ചേർത്തുപിടിക്കേണ്ട കോടതിയും സർക്കാറും കൈയൊഴിഞ്ഞ് വേട്ടക്കാരുമായി കൈ കോർക്കുന്നുവെന്ന അതിഗുരുതരാരോപണം. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാൻ ഉന്നതരായ ചില രാഷ്ട്രീയക്കാർ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആക്ഷേപം. അതിക്രമത്തിനിരയായ നടി പറയുന്ന കാര്യങ്ങൾ സത്യമെങ്കിൽ എന്നല്ല, അതിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽതന്നെ അത്യന്തം ഗൗരവതരമാണ്.

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന നീച കുറ്റകൃത്യമാണ് അഞ്ചുവർഷം മുമ്പ് ഫെബ്രുവരിയിലെ ഒരു രാത്രിയിൽ നടിക്കു നേരെ ഉണ്ടായത്. അവർ അതു പൊതുസമൂഹത്തോട് തുറന്നുപറയാനും നേരിടാനും തയാറായതിനെ സമൂഹവും സർക്കാറിലെ ഉന്നതരും അന്ന് ഏറെ അഭിനന്ദിക്കുകയും ചെയ്തു. നിയമത്തിന്റെ വഴി തേടാനുള്ള അവരുടെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കപ്പെട്ടു. ആദ്യഘട്ടത്തിൽ കേസിൽ മികച്ച രീതിയിലുള്ള അന്വേഷണവും നടന്നു. ഉന്നത രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ബന്ധമുള്ള പ്രതിയുടെ അറസ്റ്റിലേക്ക് അത് വഴിവെക്കുകയും ചെയ്തു.

എന്നാൽ, സമീപകാല സംഭവങ്ങൾ ആരെയും അതിശയിപ്പിക്കും. കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ വിവിധതലങ്ങളിൽ നിരവധി തവണ ഉയർന്നുവന്നു. തുടർച്ചയായി ഹരജിയും ഉപഹരജിയും നൽകി നിസ്സാരകാര്യങ്ങൾ ചൂണ്ടിക്കാട്ടി വിചാരണ വൈകിപ്പിക്കാൻ ശ്രമങ്ങളുണ്ടായി. ഏറ്റവും ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തു. കേസിൽ അട്ടിമറിശ്രമം നടക്കുന്നുവെന്ന് സിനിമാരംഗത്തെ വനിത കൂട്ടായ്മ കുറച്ചുകാലമായി പറയുന്നുണ്ട്. അധികാരികൾ അവ നിഷേധിച്ചു പോരുന്നുമുണ്ട്. എന്നാൽ, വനിത കൂട്ടായ്മ ഉന്നയിച്ച സംശയങ്ങളിലും ആരോപണങ്ങളിലും വസ്തുതയുണ്ട് എന്ന് വിശ്വസിക്കാവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് എന്നു പറയാതെവയ്യ. കേസ് അട്ടിമറിക്ക് സ്പെഷലൈസ് ചെയ്തവരെന്ന ആരോപണം മുമ്പ് ഉയർന്നവർ ഭരണതലപ്പത്ത് എത്തിയപ്പോൾ ഉയർന്ന ആശങ്കകൾ അസ്ഥാനത്തായിരുന്നില്ല എന്നതിലേക്കാണ് നടിയുടെ പരാതി വിരൽചൂണ്ടുന്നത്.

അതിജീവിത ഹൈകോടതിയിൽ പറഞ്ഞ കാര്യങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് നിസ്സാരമായി തള്ളാവുന്നതല്ല. വിചാരണകോടതിയിലുള്ള അവിശ്വാസവും അവർ പങ്കുവെക്കുന്നുണ്ട്. കോടതിയിലുള്ള മെമ്മറി കാർഡ് പുറമെനിന്നുള്ളവർ പരിശോധിക്കപ്പെട്ടതായി അറിഞ്ഞിട്ടും വിചാരണ കോടതി അത് മറച്ചുവെച്ചു. വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചില്ല. അന്വേഷണം ഒഴിവാക്കാൻ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ ശ്രമം, അന്വേഷണം തുടരുന്നതിനിടെ തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കി മേയ് 30ന് മുമ്പ് കൈമാറാനുണ്ടായ നീക്കം, പ്രതിഭാഗം അഭിഭാഷകർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടപെട്ടതിലെ പങ്ക് അന്വേഷിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സീനിയർ അഭിഭാഷകന് സർക്കാറിലുള്ള സ്വാധീനംമൂലം കഴിയാതെവന്ന കാര്യം തുടങ്ങിയവയാണ് അവർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹൈകോടതിയോ അല്ലെങ്കിൽ ഹൈകോടതി നിർദേശിക്കുന്ന അതോറിറ്റിയോ അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.

പണവും സ്വാധീനവുമുണ്ടെങ്കിൽ ഏതു നട്ടെല്ലും വളയുമെന്നും ഒരു ചങ്കും തുണക്കില്ലെന്നുമുള്ള സാധാരണക്കാരന്റെ അനുഭവമാണ് ഈ കേസിലും നടക്കുന്നത് എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോവുന്നത് എന്ന് അനുമാനിക്കേണ്ടിവരും. നിയമവും നീതിയും അത് പോകേണ്ടവഴിക്കു പകരം, സ്ഥാപിത താൽപര്യക്കാർ തെളിക്കും വഴിയേയാണ് പോകുന്നതെങ്കിൽ, അതിന് ഒരിക്കൽ കാലം കണക്കുചോദിക്കും.

അതിജീവിതയുടെ നീക്കം ഉപതെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണെന്നും, അതിനുപിന്നിൽ 'പ്രത്യേക താൽപര്യ'മാണെന്നുമുള്ള പതിവ് മറുപടിയിൽ ഇത് ഒതുക്കാനും തെരഞ്ഞെടുപ്പുകണ്ണിലൂടെ മാത്രം ഗുരുതരമായ ഒരു വിഷയത്തെ ന്യൂനീകരിച്ചു കാണാനുമാണ് ഉന്നത രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത് എന്നതും ഖേദകരം. അക്രമത്തിനിരയായ നടിയുടെ പോരാട്ടത്തിന് സമയവും കാലവും നോക്കി മാർക്കിടുന്നത് ക്രൂരതയാണ്. തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 30 നകം നൽകാൻ അന്വേഷണ സംഘം നീക്കം നടത്തുന്ന സാഹചര്യത്തിൽ, അവർ ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് തന്റെ ആശങ്കകൾ ഉയർത്തേണ്ടത്! തെരഞ്ഞെടുപ്പ് നടക്കുന്ന 31ന് ശേഷം മതിയോ?

'സ്ത്രീപക്ഷ സർക്കാറാ'ണ് തങ്ങളുടേതെന്നാണ് നിലവിലെ ഭരണകൂടം സ്ഥാനത്തും അസ്ഥാനത്തും അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പുകളിൽ ഈ അവകാശവാദം ഉപയോഗിക്കാറുമുണ്ട്. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സംരക്ഷണവും സ്ത്രീ ശാക്തീകരണവുമെല്ലാം മേനി നടിക്കാനുള്ള വാചകക്കസർത്തുകളല്ല, അവൾക്കൊപ്പം, അതിജീവിതക്കൊപ്പം എന്നത് വെറും പറച്ചിലോ പ്രചാരണ വാക്യമോ അല്ല, ഒരു നിലപാടാണ്. അത് ആത്മാർഥതയോടെ നടപ്പാക്കാനുള്ളതാണെന്ന് അധികാര കേന്ദ്രങ്ങൾ ഓർക്കുന്നത് നന്ന്.

Tags:    
News Summary - Guardians or hunters?: Actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.