രാമക്ഷേത്ര ഉദ്ഘാടനത്തിന്‍റെ തുടർച്ചയായി ആസന്നമായ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഹിന്ദു വോട്ട് ധ്രുവീകരണം ഉറപ്പുവരുത്താനുള്ള തീവ്ര യജ്ഞത്തിലാണ് ഹിന്ദുത്വ വക്താക്കൾ. രണ്ടു നാൾ മുമ്പ് വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ഉന്നയിച്ച ഒരാവശ്യം, ഉത്തർപ്രദേശിലെ വാരാണസിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്‌ജിദ് ഹിന്ദു സമുദായത്തിന് ഒഴിഞ്ഞുകൊടുക്കണമെന്നാണ്.
ഹിന്ദു ഹരജിക്കാരുടെ ആവശ്യം അനുവദിച്ച് കോടതി അനുമതിയോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ‘ശാസ്ത്രീയ സർവേ’യിൽ പ്രസ്തുത സ്ഥലത്ത് മുമ്പ് ക്ഷേത്രം നിലനിന്നതായി കണ്ടെത്തിയെന്ന റിപ്പോർട്ടിൽ പിടിച്ചാണ് ഈയാവശ്യം. പള്ളിയുടെ പടിഞ്ഞാറേ മതിലിലുള്ള ലിഖിതങ്ങളും ഉപയോഗിച്ച സ്തൂപങ്ങളും ഹൈന്ദവ ചിഹ്നങ്ങൾ പേറുന്നവയാണെന്നും മുസ്ലിം ചിഹ്നങ്ങൾ പതിനേഴം നൂറ്റാണ്ടിലെ അടയാളങ്ങളാണെന്നും ഒക്കെയാണ് വി.എച്ച്.പി വാദം. പള്ളി പിടിച്ചെടുക്കാൻ മാത്രമല്ല, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കവും ഇതിലുണ്ടെന്ന് വ്യക്തം.
ഗ്യാൻവാപി പോലെ പുതിയ വിവാദങ്ങൾ കത്തിച്ചുനിർത്താൻ നീതിപീഠങ്ങളുടെ നിലപാടാണ് സഹായകമായിത്തീരുന്നത് എന്നതാണ് സങ്കടകരം. അനാവശ്യ വിവാദങ്ങൾ മുളയിലേ നുള്ളാൻ കിട്ടിയ അവസരങ്ങൾ കോടതികൾ ഉപയോഗിക്കാത്തതിനാൽ നേർ വിപരീത ദിശയിൽ കാര്യങ്ങൾ നീങ്ങുന്നു. ഗ്യാൻവാപിയുടെ കാര്യംതന്നെ എടുക്കാം, കാശി വിശ്വനാഥ് ക്ഷേത്രം പൊളിച്ചാണ് ഔറംഗസീബ് പള്ളി പണിതതെന്നും അത് ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കണമെന്നും പറയുന്ന ഹരജി 1991ൽതന്നെ കോടതിയിലെത്തിയിരുന്നു.
അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുകൊടുത്ത 2019ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് ഗ്യാൻവാപി മസ്ജിദ് ഭൂമി വിട്ടുകിട്ടണമെന്ന ഹരജിയാണ് വിവിധ വ്യവഹാരങ്ങൾക്കുശേഷം എ.എസ്.ഐ ‘ശാസ്ത്രീയ സർവേ’നടത്തുന്നതിലെത്തിയത്. ഈ ഹരജികളെ മസ്ജിദ് കമ്മിറ്റി വിവിധ ഘട്ടങ്ങളിൽ നീതിപീഠത്തിനു മുമ്പാകെ ചോദ്യംചെയ്തിരുന്നു. ശേഷം 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്. ആരാധനാലയങ്ങളുടെ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി ഉടമാവകാശം തുടരണമെന്ന 1991ലെ നിയമം സർവേ നടത്തുന്നതുവഴി ലംഘിക്കപ്പെടുന്നില്ല എന്ന സുപ്രീംകോടതി നിലപാടാണ് ഇതിൽ നിർണായകമായത്.
കോടതി അനുമതിയെത്തുടർന്ന് ആഗസ്റ്റ് നാലിന് സർവേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബർ 18ന് റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്. അതോടെ, പുതിയ വിവാദത്തിന് കാഹളമായി. ഹിന്ദു ബിംബങ്ങളുടെ അവശിഷ്ടങ്ങളും കൊത്തുവേലചെയ്ത ശിൽപങ്ങളും അവിടെ കണ്ടെടുത്തതായും അതനുസരിച്ച് അവിടെ ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് തെളിഞ്ഞതായും സർവേ റിപ്പോർട്ട് ഉദ്ധരിച്ച് വി.എച്ച്.പി നേതൃത്വത്തിൽ ഹിന്ദുത്വ വക്താക്കൾ വാദിക്കുകയും പള്ളി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണിപ്പോൾ കാര്യങ്ങൾ.
സർവേ നടത്താനുള്ള അലഹാബാദ് ഹൈകോടതി വിധി റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതാണ് ഈ കേസിൽ നിർണായകമായത്. 1991ലെ ആരാധനാലയ സംരക്ഷണ നിയമംതന്നെ അത്തരം നിയമനടപടികൾ തടയാനായിരുന്നു. എന്നിരിക്കെ, ഒരു സർവേ കൊണ്ട് മാത്രം എന്താണ് കോടതി ഉദ്ദേശിച്ചത് എന്നത് ദുരൂഹമാണ്. 2023 ആഗസ്റ്റിൽ സുപ്രീംകോടതിയിൽ, എ.എസ്.ഐ സർവേ 1991ലെ നിയമത്തിന്‍റെ ലംഘനമാകുമെന്ന് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയതാണ്. രണ്ടു പ്രധാന ചോദ്യങ്ങൾ അവർ ഉന്നയിച്ചു. ഒന്ന്, സർവേ നടത്തി 500 കൊല്ലം മുമ്പ് നടന്നെന്നുപറയുന്ന ഒരു സംഭവത്തിന്‍റെ ചരിത്രം ചുഴിഞ്ഞുനോക്കുന്നതെന്തിനാണ്? രണ്ട്, സർവേ 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്‍റെ ആമുഖത്തിൽ പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമാകില്ലേ? രണ്ടു ചോദ്യങ്ങൾക്കും കോടതിവിധിയിൽ നേരിട്ടുള്ള മറുപടികൾ ഉണ്ടായിരുന്നില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, 2019ലെ പൊതുവെ അന്യായമെന്നു വിലയിരുത്തപ്പെട്ട ബാബരി മസ്ജിദ് കേസ് വിധിയിൽപോലും 1991ലെ നിയമം കൂടുതൽ ദൃഢമായി ഊന്നിപ്പറഞ്ഞിരുന്നതാണ്. എല്ലാ വിശ്വാസങ്ങളോടും തുല്യനീതി പാലിക്കുന്നതിന് സ്റ്റേറ്റിനുള്ള കടമ അത് എടുത്തുപറയുകയും ചെയ്തു. പ്രസ്തുത നിയമത്തിന്റെ പൊരുൾ ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തിന്റെ ഭാഗമാണെന്നുവരെ വിധി ആണയിട്ടു. അതിനെയാണ് കേവലം ചില ഹരജികളുടെ അടിസ്ഥാനത്തിൽ വെറും സർവേ എന്ന ലാഘവത്തോടെ പരിഗണിച്ചുകൊണ്ട് അതേ കോടതിതന്നെ ചേരിതിരിവുകൾക്കും വൈകാരിക അടിയൊഴുക്കുകൾക്കും വഴിതുറക്കുന്ന എ.എസ്.ഐ സർവേ വഴി തുറന്നുവിട്ടിരിക്കുന്നത്. നീതിപീഠംവഴി വരുന്ന പ്രശ്നങ്ങൾ നീതിപീഠങ്ങൾ തന്നെ പരിഹരിച്ചെങ്കിൽ വിവാദങ്ങൾ കത്തിക്കാൻ കാത്തിരിക്കുന്നവർക്ക് അനാവശ്യമായി തീക്കൊള്ളി കൊടുക്കുന്ന ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് ആശിക്കാനേ ഉത്തരവാദിത്തബോധമുള്ള പൗരസഞ്ചയത്തിനു കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.