ഇനിയും അവസാനിക്കാത്ത വിദ്വേഷമൊഴുക്ക്

പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിവെക്കുകയും ദേശീയ നേതാക്കൾ മുതൽ ബൂത്ത് നേതാക്കൾ വരെ ഏറ്റുപറയുകയും ചെയ്ത വർഗീയ-വിദ്വേഷ വർത്തമാനങ്ങളിലൂന്നിയായിരുന്നു പതിനെട്ടാം പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം ഭാരതീയ ജനത പാർട്ടിയുടെ പ്രചാരണം. രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്നാണ് കോൺ​ഗ്രസ് കാഴ്ചപ്പാടെന്നും നിങ്ങളുടെ പക്കൽ രണ്ട് എരുമകളുണ്ടെങ്കിൽ അതിലൊന്ന് പിടിച്ചെടുത്ത് അവർ മുസ്‍ലിംകൾക്ക് കൊടുക്കുമെന്നും അമ്മമാരുടെയും സഹോദരിമാരുടെയും കെട്ടുതാലികളും ധാന്യമിട്ട് വെച്ചിരിക്കുന്ന പത്തായങ്ങളുമെല്ലാം അവർ കൊണ്ടുപോകുമെന്നുമെല്ലാം പുലമ്പി പ്രധാനമന്ത്രി. അതിലേറെ നിലവാരം കുറഞ്ഞ പ്രയോഗങ്ങൾ നടത്തിയ കേന്ദ്ര നേതാക്കളുമുണ്ട്.

പ്രചാരണ പര്യടനത്തിനിടെ പള്ളികൾക്കു നേരെ അമ്പ് തൊടുത്തുവിടുന്നമട്ടിൽ ​ അറപ്പുളവാക്കുന്ന ആംഗ്യം കാണിച്ച സ്ഥാനാർഥിയുടെയും അതു കണ്ട് ജയഘോഷം മുഴക്കുന്ന അനുയായികളുടെയും വിഡിയോ ദൃശ്യങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ നാടൊട്ടുക്കും ആവേശപൂർവം പങ്കുവെച്ചു. സാധാരണക്കാരായ മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾ ചർച്ചയാക്കുകയോ പരിഹാരം കാണുകയോ ചെയ്യാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ മുസ്‍ലിംകളെ പാഠം പഠിപ്പിക്കുമെന്ന സന്ദേശം കൈമാറുക വഴി വർഗീയതയുടെ ലഹരിപ്പുകയുടെ മറവിൽ മൂന്നാംവട്ടവും അധികാരം കൈപ്പിടിയിലൊതുക്കാമെന്നായിരുന്നു മോദിപ്പടയുടെ കണക്കുകൂട്ടൽ. എന്നാൽ, അത്തരമൊരു ഭരണമല്ല ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ജൂൺ നാലിന് പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലങ്ങൾ വെളിപ്പെടുത്തി.

പ്രതീക്ഷിച്ച വമ്പൻ വിജയം ലഭിച്ചില്ലെന്നു മാത്രമല്ല, വ്യാപകമായ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ട മണ്ഡലങ്ങളിൽ പലതിലും ബി.ജെ.പി സ്ഥാനാർഥികൾ കനത്ത തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. ഈ ജനവിധിയുടെ വെളിച്ചത്തിലെങ്കിലും വിദ്വേഷ-വർഗീയ പ്രചാരണത്തിന് ശമനമുണ്ടായേക്കുമെന്നാണ് ജനം കരുതിയിരുന്നതെങ്കിൽ ആ കണക്കുകൂട്ടലും തെറ്റിച്ച് വീണ്ടും വിഷം വിളമ്പുകയാണ് കാവിപ്പട. പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ വീടു ലഭിച്ച മുസ്‍ലിംകൾ ആരുംതന്നെ ബി.ജെ.പിക്ക് വോട്ടു ചെയ്യാഞ്ഞതാണ് യു.പിയിലെ ചില മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ തോൽവിക്ക് കാരണമായതെന്നാണ് രണ്ടു ദിവസമായി കേരളത്തിലുൾപ്പെടെ ഹിന്ദുത്വ വിദ്വേഷ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന പ്രധാന സന്ദേശങ്ങളിലൊന്ന്.

സംഘ്പരിവാർ വാട്സ്ആപ് യൂനിവേഴ്സിറ്റികൾ നൽകുന്ന കണക്കുകൾ പച്ചക്കള്ളമായിരിക്കും എന്നുറപ്പുള്ളതിനാൽ വീടുകളുടെ എണ്ണമെത്ര എന്ന് ഇവിടെ എഴുതുന്നില്ല. വീടുകൾ നൽകി എന്ന അവകാശവാദം ശരിയാണെങ്കിൽപോലും അതിന്റെ പേരിൽ ബി.ജെ.പിക്ക് വോട്ടുനൽകാൻ മുസ്‍ലിംകൾക്കെന്നല്ല, ഒരാൾക്കുംതന്നെ ബാധ്യതയില്ല. പ്രധാനമന്ത്രി ആവാസ് യോജന ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പദ്ധതിയല്ല. ​രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് സാധാരണക്കാരായ മനുഷ്യർ നൽകുന്ന നികുതിപ്പണമാണ് ആവാസ് യോജന, റേഷൻ, കാർഷിക സബ്സിഡി, പെൻഷൻ തുടങ്ങി സകല ക്ഷേമ പദ്ധതികൾക്കും ചെലവിടുന്നത്. സാധാരണക്കാരുടെ മേൽ കടുത്ത നികുതിഭാരം അടിച്ചേൽപിക്കുകയും കോടീശ്വര വ്യവസായികൾക്ക് വമ്പൻ നികുതി ഇളവുകളും വായ്പ ആനുകൂല്യങ്ങളും സമ്മാനമായി നൽകുകയും ചെയ്ത ഒരു ഭരണകൂടം നിലനിൽക്കണമെന്ന് സ്വബോധത്തോടെ ചിന്തിക്കുന്ന ഒരു വോട്ടറും ആഗ്രഹിക്കില്ല. ക്ഷേമ പദ്ധതികൾ വഴി നിർമിച്ചുനൽകിയതിന്റെ എത്രയോ ഇരട്ടി വീടുകളാണ് വർഗീയ കലാപങ്ങൾ സൃഷ്ടിച്ചും വ്യാജ ആരോപണങ്ങൾ ചുമത്തിയും അനധികൃതമെന്ന് മുദ്രകുത്തിയും തകർത്തുകളഞ്ഞത് എന്നുകൂടി ഓർക്കുക.

മുസ്‍ലിം സമുദായത്തിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി പത്തുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചതിനെ അപകടകരമായ പ്രവണത എന്നാണ് അസമിലെ ബി.ജെ.പി മുഖ്യമന്ത്രി ആക്ഷേപിച്ചിരിക്കുന്നത്. മണിപ്പൂരിലും മേഘാലയയിലും നാഗാലാൻഡിലും ബി.ജെ.പി സ്ഥാനാർഥികൾ തോറ്റതിന്റെ കുറ്റം ക്രൈസ്തവ സമൂഹത്തിനു മേലാണ് ടിയാൻ ചാർത്തിക്കൊടുത്തിരിക്കുന്നത്. 220ലേറെ പേരുടെ ജീവനെടുത്ത് ഒരു വർഷത്തിലേറെ നിന്നുകത്തിയ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രിയെ വീണ്ടും അധികാരത്തിലേറാൻ ആ സമുദായം കൂട്ടുനിൽക്കണമായിരുന്നുവെന്ന് വാദിക്കുന്നത് എത്രമാത്രം മൗഢ്യമാണ്!.

പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കും പുറമെ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിപ്പിച്ച ‘കേരള സ്റ്റോറി’യുടെയും മറ്റും ജനുസ്സിൽപ്പെട്ട കുറെയേറെ പ്രോപഗണ്ട സിനിമകളും വിദ്വേഷ അജണ്ടയുടെ വ്യാപനത്തിനായി റിലീസിനൊരുങ്ങി നിൽപ്പുണ്ട്. മാസങ്ങൾക്കു മുമ്പ് വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ശക്തമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി, തെരഞ്ഞെടുപ്പുകാലത്തെ വിഷംവമിപ്പിക്കൽ തെര​ഞ്ഞെടുപ്പ് കമീഷൻ തടയട്ടെ എന്ന സമീപനമാണെടുത്തത്. ബി.ജെ.പിയുടെ സഖ്യകക്ഷിയെന്ന മട്ടിൽ പെരുമാറിയ തെരഞ്ഞെടുപ്പു കമീഷനാവട്ടെ, വിദ്വേഷ പ്രസംഗങ്ങളെ മൗനം കൊണ്ട് പ്രോത്സാഹിപ്പിച്ചു. ജനം കൂട്ടാക്കാഞ്ഞതുകൊണ്ടൊന്നു മാത്രമാണ് വെറുപ്പിന്റെ വ്യാപാരികളുടെ അജണ്ട സമ്പൂർണ വിജയം നേടാതെ പോയത്.

തെരഞ്ഞെടുപ്പുഫലം വന്ന ശേഷം പ്രധാനമന്ത്രിയുടെ ശരീരഭാഷയിലും ഭാഷണങ്ങളിലും വലിയ മാറ്റം പ്രകടമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്, വിദ്വേഷം പറച്ചിലിന്റെ കാര്യത്തിലും ആ മാറ്റം ഉണ്ടാകുമോ എന്നാണ് നമുക്കറിയേണ്ടത്. പ്രധാനമന്ത്രി സ്വയം മാറിയാലും ഇല്ലെങ്കിലും തനിച്ചു ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരണത്തിന് സഹായം തേടിയ ബി.ജെ.പിയിൽനിന്ന് കനപ്പെട്ട വകുപ്പുകളും പദവികളും വിലപേശി വാങ്ങുന്നതിനൊപ്പം നാടിനെ കീറിമുറിക്കുന്ന വിദ്വേഷത്തിന്റെ മരണവ്യാപാരം അവസാനിപ്പിക്കാമെന്നൊരു ഉറപ്പുകൂടി നേടിയെടുക്കാൻ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും പോലുള്ള നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്.

Tags:    
News Summary - Hate speech by BJP leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT