രാജ്യത്തെ ഏകീകരിക്കാൻ ഹിന്ദിഭാഷക്കു മാത്രമേ കഴിയുകയുള്ളൂവെന്നും അതിനാൽ വിശ്വം മ ുഴുവൻ ഇന്ത്യയെ അടയാളപ്പെടുത്താൻ ഒരൊറ്റ ഭാഷ രാജ്യമൊന്നടങ്കം സ്വീകരിക്കണമെന്നു ം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചത് സർവത്ര വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. രാജ്യത്ത് 122 ഭാഷകളും 19,500 വാമൊഴികളുമുണ്ടെങ്കിലും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്കാണ് ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയുക. ശാസ്ത്ര സാേങ്കതികശാഖകളിലെ ഹിന്ദി ഉപയോഗത്തിൽ പാതി ജയം മാത്രമേ നേടാനായുള്ളൂ എന്നു ചൂണ്ടിക്കാട്ടിയ അമിത് ഷാ സ്കൂൾ വിദ്യാർഥികളെ ഹിന്ദി സംസാരിപ്പിക്കണമെന്നും വിദേശസ്വാധീനത്തിന് ഭാഷ അടിപ്പെട്ടാൽ നമ്മുടെ സംസ്കാരത്തെ അത് അപകടപ്പെടുത്തുമെന്നും ഒാർമിപ്പിച്ചു. എന്നാൽ, എല്ലാം തങ്ങളുടെ പ്രത്യയശാസ്ത്രത്തിെൻറ ഒരൊറ്റ അച്ചിൽ ഉടച്ചുവാർക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന ആഹ്വാനമെന്നും ഇത് അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുന്നു. ഭരണഘടന ശിൽപികൾ ‘അടക്കിനിർത്തിയ വൈകാരികവിഷയങ്ങൾ’ പിന്നെയും കുത്തിപ്പൊക്കുന്നതിനെ കോൺഗ്രസ് എതിർക്കുേമ്പാൾ ഇന്ത്യ, ‘ഹിന്ദ്യ’യല്ലെന്നും ദേശീയോദ്ഗ്രഥനത്തിന് ക്ഷതമുണ്ടാക്കുന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നുമാണ് തമിഴ്നാട്ടിലെ ഡി.എം.കെയുടെ ആവശ്യം. ഏകപക്ഷീയമായി ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ തമിഴ്നാട് മാത്രമല്ല, കർണാടകയും ബംഗാളും ആന്ധ്രയുമൊക്കെ ഒരുമിച്ചെതിർക്കുമെന്നും ഡി.എം.കെ വ്യക്തമാക്കി.
1949 സെപ്റ്റംബർ 14ന് ഹിന്ദിക്കുകൂടി ഒൗദ്യോഗികഭാഷ പദവി നൽകാൻ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി തീരുമാനമെടുത്തതിനെ അനുസ്മരിച്ചാണ് 1953 മുതൽ പ്രസ്തുത ദിവസം ഹിന്ദി ദിനമായി ആചരിച്ചുവരുന്നത്. ദേവനാഗരി ലിപിയിലെഴുതിയ ഹിന്ദിയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ഇംഗ്ലീഷിനൊപ്പം കേന്ദ്ര ഗവൺമെൻറിെൻറ ഒൗദ്യോഗികഭാഷയായി സ്വീകരിക്കുകയുമായിരുന്നു കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി. 14 ഭാഷകളായിരുന്നു തുടക്കത്തിൽ ഭരണഘടന പട്ടികയിൽ. പിന്നീട് 1967, 1992, 2003 വർഷങ്ങളിലെ ഭേദഗതിയിലൂടെ എണ്ണം 22 ആയി. എട്ടാം ഷെഡ്യൂളിൽ ഇടം നേടാൻ ഇനിയും 44 ഭാഷകളുടെ അപേക്ഷകൾകൂടി ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നിലുണ്ട്. ഇതിനു പുറമെ സമ്പന്നമായ പൈതൃകവും സ്വതന്ത്ര സ്വഭാവവും മുൻനിർത്തി ചില ഭാഷകൾക്ക് ക്ലാസിക് പദവിയും ഇന്ത്യ നൽകിയിട്ടുണ്ട്. കന്നട, മലയാളം, ഒഡിയ, സംസ്കൃതം, തമിഴ്, തെലുഗു ഭാഷകൾക്കാണ് ഇൗ പദവി ലഭിച്ചിരിക്കുന്നത്. ഇങ്ങനെ വസ്തുനിഷ്ഠമായി പരിേശാധിച്ചാൽ നാനാഭാഷകൾ സംസാരിക്കുകയും അതിെൻറ ചുവടൊപ്പിച്ചുള്ള വൈവിധ്യമാർന്ന സംസ്കാരം തലമുറകളിലൂടെ അനുശീലിച്ചുവരുകയും ചെയ്യുന്ന ഇന്ത്യൻ പാരമ്പര്യത്തെ അംഗീകരിച്ച് രാജ്യത്തിെൻറ െഎക്യവും അഖണ്ഡതയും നിലനിർത്തി പുരോഗതിയിലേക്കു കുതിക്കാനുള്ള വഴികളാണ് രാഷ്ട്രശിൽപികൾ ആലോചിച്ചത്. അതിനാണ് നാനാത്വത്തിലെ ഏകത്വം എന്ന, ലോകത്തിനു മുന്നിൽ ഇന്ത്യയെ വിസ്മയത്തിൽ നിർത്തുന്ന കരുത്തുറ്റ ഘടന അവർ തിരഞ്ഞെടുത്തത്. 2011ലെ സെൻസസ് അനുസരിച്ച് 43.63 ശതമാനം എന്ന നിലയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. പകുതിയിലേറെയും ആ ഭാഷക്കു പുറത്താണ് എന്നതാണ് അതിെൻറ മറുവശം. അതിനാൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയാണെന്നുവെച്ച് അത് രാജ്യത്തിെൻറ ഏക ദേശീയഭാഷയായി അടിച്ചേൽപിക്കരുതെന്ന് രാഷ്ട്രശിൽപികൾ തീരുമാനിച്ചു.
വ്യത്യസ്ത ഭാഷയും സംസ്കാരങ്ങളും നിലനിൽക്കുന്ന ഇന്ത്യക്ക് ലളിതവും സർവസാധാരണവുമായ ഒരു പൊതുഭാഷ കണ്ടെത്താനാവുമോ എന്ന ആലോചനയിൽ 1936 ജൂലൈ നാലിന് ഗാന്ധിജിയുടെകൂടി താൽപര്യത്തിൽ വാർധയിൽ രൂപംകൊണ്ട രാഷ്ട്രഭാഷ പ്രചാർസമിതിയുടെ ആവശ്യമനുസരിച്ചാണ് 1953ൽ ഹിന്ദി ദിനാചരണം ഉണ്ടായത്. എന്നാൽ, ഗാന്ധിജിക്കുതന്നെ പിന്നീട് അതിെൻറ അപ്രായോഗികത ബോധ്യപ്പെട്ടതാണ് ചരിത്രം. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്കുള്ള ചർച്ചയിൽ പേട്ടലിനേക്കാൾ നെഹ്റുവിന് ഗാന്ധി നൽകിയ മുന്തിയ പരിഗണനക്കു പിന്നിൽ ജവഹർലാലിെൻറ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമായിരുന്നുവെന്നാണ് ചരിത്രം. ഇന്ത്യയുടെ സംസ്ഥാന വിഭജനത്തിന് ഭാഷ മാനദണ്ഡമാക്കിയതിനെക്കുറിച്ച വിവാദങ്ങൾ ഇപ്പോഴും ബാക്കിയാണെങ്കിലും പ്രായോഗികമായി മറ്റു വഴികെളാന്നുമുണ്ടായിരുന്നില്ല. ഭാഷയും സംസ്കാരവും ഏതു ജനതക്കും പ്രാണവായുവിനു തുല്യമാണ്. ഒാരോ ജനതക്കും അവരുടെ സ്വയം അടയാളപ്പെടുത്തലാണ്. അതിന്മേലുള്ള കൈയേറ്റം ഒരു ജനതയും പൊറുക്കില്ല. ഇൗ ശക്തമായ വികാരം ഹിന്ദിയുടെ വ്യാപനത്തിന് വാദിക്കുന്ന അമിത് ഷായുടെയും അത് അടിച്ചേൽപിക്കുന്നതിനെ എതിർക്കുന്നവരുടെയും വാക്കുകളിൽ ഒരുപോലെ തുടിക്കുന്നുണ്ട്. ഹിന്ദിഭാഷയെയും അത് സംസാരിക്കുന്നവരെയും മാനിക്കുന്നുവെന്നും എന്നാൽ, തത്തുല്യ ഭാഷക്കാർക്കു സമാന പരിഗണന നൽകാതെ ഹിന്ദി അടിച്ചേൽപിക്കുന്ന പ്രവണതയോടാണ് എതിർപ്പെന്നും ഹിന്ദി ബെൽറ്റിനു പുറത്തുള്ളവർ എല്ലായ്പോഴും വ്യക്തമാക്കുന്നതാണ്. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം, ഒരു നേതാവ്, ഒരു തെരഞ്ഞെടുപ്പ് എന്ന മട്ടിൽ രാജ്യത്തെ ഒറ്റവാർപ്പിൽ തളക്കാനുള്ള നീക്കം വിജയിക്കുകയില്ലെന്നല്ല, വിപരീതത്തിലേക്കായിരിക്കും രാജ്യത്തെ കൊണ്ടുെചന്നെത്തിക്കുക. ജനവികാരത്തെ ഭരണബലംകൊണ്ട് നേരിടാൻ എത്ര സാഹസപ്പെടേണ്ടി വരും എന്ന് കേന്ദ്രത്തിെൻറ കശ്മീർ ഇടപെടൽ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ. എന്നാൽ, ഹിന്ദുരാഷ്ട്രത്തിനു തത്രപ്പെടുന്ന സംഘ്പരിവാർ നേതൃത്വത്തിന് ഇൗ യാഥാർഥ്യബോധത്തിെൻറ നിർബന്ധമൊന്നുമില്ല. അവരുടെ പൊതുഭാഷാശാഠ്യം ഹിന്ദിയിൽ അവസാനിക്കുന്നുമില്ല. പൊതുഭാഷയുടെ സ്ഥാനം സംസ്കൃതം ഏറ്റെടുക്കുന്നതുവരെ അതിൽനിന്നുടലെടുത്തതും കൂടുതൽ ജനം സംസാരിക്കുന്നതുമെന്ന സൗകര്യം മുൻനിർത്തി ഹിന്ദിക്ക് മുൻഗണന നൽകുകയാണെന്നും ഹിന്ദി മാത്രമാണ് രാഷ്ട്രഭാഷ, പഴക്കം ചെന്ന ഏറ്റവും സമ്പന്നഭാഷ എന്നൊന്നും ഇതിനർഥമില്ലെന്നും സംഘ് താത്ത്വികൻ ഗോൾവൽകർ ‘വിചാരധാര’യിൽ വ്യക്തമാക്കിയതാണ്. ഹിന്ദിയെ വെല്ലുന്ന തമിഴിെൻറ പഴമയും പാരമ്പര്യവും അംഗീകരിക്കുന്നുമുണ്ട് അദ്ദേഹം. അപ്പോൾ ഹിന്ദിയോടുള്ള അദമ്യസ്നേഹമല്ല, ഒരൊറ്റ സംസ്കാരത്തിലേക്ക് രാജ്യത്തെ വലിച്ചുെകട്ടി തളക്കാനുള്ള അമിതാവേശമാണ് അമിത് ഷാ പ്രകടിപ്പിക്കുന്നത്. അത് യഥാവിധി തിരിച്ചറിഞ്ഞുവെന്നാണ് അതിനെതിരായ പ്രതിഷേധങ്ങൾ തെളിയിക്കുന്നത്. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞതുതന്നെ ശരി; ‘ഹിന്ദ്യ’യല്ല ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.