ലോകകോടതി പറഞ്ഞു; ഇനി ഊഴം ലോകരാജ്യങ്ങളുടേത്

തെക്കൻ ഗസ്സ നഗരമായ റഫയിലെ സൈനിക നടപടി ഉടൻ നിർത്തിവെക്കണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നും ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ആവശ്യപ്പെട്ടിരിക്കുന്നു. എട്ടു മാസം പിന്നിട്ട കൂട്ടക്കുരുതി നിർത്താൻ ആദ്യമായാണ് ഇത്ര കൃത്യവും ​വ്യക്തവുമായി ഒരു കോടതി വിധി വരുന്നത്. ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല വിധി. യുദ്ധം അപ്പാടെ നിർത്തണമെന്നും ഗസ്സയിൽനിന്ന് മുഴുവനായി ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോകണമെന്നുമായിരുന്നു അവരുടെ അപേക്ഷ. അതിൽ അന്തിമ തീർപ്പിന് സമയമെടുക്കും. ഇപ്പോൾ നൽകിയ ഉത്തരവ് വ്യാഖ്യാനങ്ങൾക്ക് പഴുതില്ലാത്തവിധം സ്പഷ്ടമാണ്. മുമ്പ് ഇറക്കിയ ഉത്തരവ് ഇസ്രായേൽ അവഗണിച്ചതായും അന്ന് ഭയപ്പെട്ടിരുന്നതെല്ലാം ഇന്ന് നടക്കുന്നുണ്ടെന്നും കോടതി തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ യുദ്ധം നിർത്താൻ കൽപിച്ചിട്ടില്ലെങ്കിൽപോലും ദക്ഷിണാഫ്രിക്കയുടെ വാദങ്ങൾ അപ്പടി അംഗീകരിച്ചുകൊണ്ട്, ഫലസ്തീൻകാരുടെ ജീവിതത്തിന് ക്ഷതമുണ്ടാക്കുന്ന സൈനികമോ അല്ലാത്തതോ ആയ നടപടികൾ അരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇത് ഇസ്രായേലിനും അവർക്ക് സഹായം നൽകുന്ന രാജ്യങ്ങൾക്കും ബാധകമാണ്. ജനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും ഒഴിപ്പിക്കുന്നതും വാസസ്ഥലങ്ങളിൽ ബോംബിടുന്നതും മാത്രമല്ല, അവശ്യസാധനങ്ങളുടെ വരവ് തടയുന്നതും വംശഹത്യ കൺവെൻഷന്റെ ലംഘനമാണ്. ഇപ്പോൾ കോടതി ഉത്തരവിൽ പറയുന്നത് സഹായങ്ങൾ വരുന്നത് തടയരുത് എന്നു മാത്രമല്ല, റഫ തുറക്കുന്നതടക്കം, ആവശ്യമായ അളവിൽ സഹായം എത്തുന്നതിന് സൗകര്യപ്പെടുത്തണം എന്നാണ്. ജനുവരി 26ന് ഇറക്കിയ ഉത്തരവ് ആവർത്തിക്കുക മാത്രമല്ല, അത് വിപുലപ്പെടുത്തുകകൂടി ചെയ്തിരിക്കുന്നു കോടതി. ഗസ്സയിലെ ഗുരുതരാവസ്ഥക്ക് തെളിവായി, യു.എൻ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും റിപ്പോർട്ടുകൾ എടുത്തുപറയുന്നുണ്ട്. ജനുവരിയിൽ ഇസ്രായേലിനോട് കൂട്ടക്കൊല നിർത്താൻ ആവശ്യപ്പെട്ട കോടതി, മാനുഷിക പ്രതിസന്ധി ഒഴിവാക്കാൻ മാർച്ചിലും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇത്തവണയാകട്ടെ, കൃത്യമായ നടപടികളെടുത്ത് റിപ്പോർട്ട് നൽകണമെന്നും വംശഹത്യ ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്ന യു.എൻ സംഘങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്നും കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങൾ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചപോലെ, ലോകത്ത് ഇസ്രായേൽ ഒറ്റപ്പെടുകയാണ്. ഒരാഴ്ച മുമ്പാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി)യുടെ മുഖ്യ പ്രോസിക്യൂട്ടർ ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരെ അറസ്റ്റ് വാറണ്ടിന് കോടതിയിൽ അപേക്ഷ നൽകുകയാണെന്ന് അറിയിച്ചത്. ഇപ്പോൾ ഐ.സി.ജെ, ഇസ്രായേലിനോട് സൈനിക നടപടി നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനിടക്ക് മൂന്ന് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീന് അംഗീകാരം നൽകുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഐ.സി.ജെയിലെ 15 ജഡ്ജിമാരിൽ, അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ജഡ്ജിമാർവരെ ഒറ്റസ്വരത്തിൽ ഇസ്രായേലിനെതിരെ നിലപാടെടുത്തു; യുഗാണ്ട, ഇസ്രായേൽ എന്നീ രാജ്യക്കാരായ ജഡ്ജിമാർ മാത്രമാണ് ഇസ്രായേലിനെ അനുകൂലിച്ചത്. കോടതി നടപടികളിൽ ഇസ്രായേൽ ഉടനീളം പ​ങ്കെടുത്തതാണു താനും. കോടതിയുടെ വിധി അനുസരിക്കാൻ എല്ലാ രാജ്യങ്ങൾക്കും നിയമപരമായി ബാധ്യതയുണ്ട്. നടപ്പാക്കാത്തവരെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരേണ്ട ബാധ്യത മറ്റുള്ളവർക്കുമുണ്ട്. സ്വന്തം ഉത്തരവ് നടപ്പാക്കുന്നതിനുള്ള സംവിധാനം ഐ.സി.ജെക്ക് ഇല്ലെന്നതുകൊണ്ടുതന്നെ അത് കോടതി അംഗീകരിക്കുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംവിധാനങ്ങളുടെയും യു.എൻ രക്ഷാസമിതിയുടെയുമൊക്കെ ഉത്തരവാദിത്തമാകുന്നു എന്നാണ് നിയമവിദഗ്ധർ പറയുന്നത്. അനുസരിക്കാനുള്ള ബാധ്യത ഇസ്രായേലിനാണെങ്കിലും അനുസരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മറ്റു രാജ്യങ്ങൾക്കുമേൽ വന്നുചേരുന്നുണ്ട്.

അതുകൊണ്ട്, നിയമവാഴ്ചയും സമാധാനവും ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ ഇട​പെടേണ്ട സന്ദർഭമൊരുക്കുക കൂടിയാണ് ഐ.സി.ജെ ചെയ്തിരിക്കുന്നത്. ഇസ്രായേലാകട്ടെ കോടതി ഉത്തരവ് അനുസരിക്കില്ലെന്ന് സൂചിപ്പിക്കുക മാത്രമല്ല, പ്രവൃത്തിയിൽ കാണിക്കുകകൂടി ചെയ്യുന്നുണ്ട്. നിയമവാഴ്ചയോ കൈയൂക്കിന്റെ കാട്ടുനീതിയോ എന്ന് ലോകരാജ്യങ്ങൾ തീരുമാനിക്കേണ്ട നിർണായകഘട്ടമാണിത്. യു.എൻ, ഐ.സി.സി, ഐ.സി.ജെ, ആംനസ്റ്റി, ഓക്സ്ഫാം, ഹ്യൂമൻറൈറ്റ്സ് വാച്ച്, യു.എൻ മനുഷ്യാവകാശ സ്ഥാപനമായ ഒ.സി.എച്ച്.എ തുടങ്ങി അനേകം കേന്ദ്രങ്ങൾ യുദ്ധക്കുറ്റമായും വംശഹത്യയായും കാണുന്ന ചെയ്തിയെ തടയാതിരിക്കാൻ ഇനി ആർക്കും ന്യായങ്ങളില്ല. കോടതി ഉത്തരവ് മാനിക്കാൻ ഇസ്രായേൽ വിസമ്മതിക്കുമ്പോൾ അടുത്ത മാർഗം യു.എൻ ര​ക്ഷാസമിതി പ്രമേയത്തിലൂടെ നിർബന്ധിക്കുക എന്നതാണ്. അമേരിക്കക്ക് അത് വീറ്റോ ചെയ്യാൻ യുക്തിഭദ്രമായ കാരണങ്ങളില്ല. റഫാ ആക്രമണം നിർത്തുക, മാനുഷികസഹായമെത്തിക്കാൻ അനുവദിക്കുക എന്നിവയാണ് കോടതി ഉത്തരവിന്റെ മർമം. ഇത് രണ്ടും അമേരിക്കതന്നെ ഇസ്രായേലിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. അപ്പോൾ എന്തു പറഞ്ഞാണ് രക്ഷാസമിതിയിൽ ഇസ്രായേലിനെ പിന്താങ്ങുക? ഐ.സി.സിയെ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് വാദിക്കാമെങ്കിലും ഐ.സി.ജെയുടെ കാര്യത്തിൽ അമേരിക്കക്കോ ഇസ്രായേലിനോ അങ്ങനെ വാദിക്കാനാകില്ല. ഇസ്രായേലിനുവേണ്ടി ലോകരാജ്യങ്ങൾക്കെതിരെ നിലപാടെടുത്ത് കൂടുതൽ ഒറ്റപ്പെടണോ എന്ന തീരുമാനം അമേരിക്ക എടുക്കേണ്ടതുണ്ട്. രക്ഷാസമിതി തീരുമാനത്തെ ധിക്കരിക്കാൻ ഇസ്രായേൽ ഒരുമ്പെട്ടാൽ പിന്നെ അവർക്ക് നേരിടാനുണ്ടാവുക ആഗോള ഉപരോധങ്ങളും ബഹിഷ്‍കരണവുമാണ്. ലോകകോടതിയെ അനുസരിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കേണ്ടത് ലോകരാജ്യങ്ങളാണ്. ദക്ഷിണാഫ്രിക്കയുടെ അപാർതൈറ്റ് ഭരണത്തെ തോൽപിച്ച ലോകത്തിന് സയണിസ്റ്റ് രാജ്യത്തിന്റെ ധാർഷ്ട്യവും അവസാനിപ്പിക്കാനാകും.

Tags:    
News Summary - ICJ warning and Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.