ഇതഃപര്യന്തമുള്ള കീഴ്വഴക്കത്തിൽനിന്ന് വ്യത്യസ്തമായി, വിദ്യാഭ്യാസവർഷം ആരംഭിച്ച് ആഴ്ചകളായെങ്കിലും ഇത്തവണ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ വർഷത്തേക്ക് അഥവാ പ്ലസ് വണ്ണിലേക്കുള്ള പ്രവേശനത്തിന് അപേക്ഷപോലും സ്വീകരിച്ചുതുടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ തികഞ്ഞ അനിശ്ചിതത്വം തുടരുന്നതിെൻറ യഥാർഥ കാരണവും വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചിട്ടില്ല. കോവിഡ് വ്യാപനം സമഗ്ര ജീവിതതുറകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നത് വാസ്തവംതന്നെ. എന്നാൽ, ഓൺലൈൻ വിദ്യാഭ്യാസം വ്യവസ്ഥാപിതമായി പരീക്ഷിക്കപ്പെട്ടുകഴിഞ്ഞിരിക്കെ ഇനിയും അധ്യയനദിനങ്ങൾ വൈകിപ്പിക്കുന്നതിന് ന്യായീകരണമില്ല. ഒടുവിൽ പരീക്ഷക്കുള്ള പാഠ്യഭാഗങ്ങൾ വെട്ടിക്കുറച്ച്, ചോദ്യങ്ങളും മാർക്കിടലും അത്യുദാരമാക്കി 'അമ്മായിയും കുടിച്ചു പാക്കഞ്ഞി' എന്ന പഴമൊഴിപോലെ വൻ വിജയശതമാനം ഉദ്ഘോഷിക്കാമെന്നതു ശരി. പക്ഷേ, പഠിക്കേണ്ടത് പഠിക്കേണ്ട സമയത്ത് നേരാംവണ്ണം പഠിപ്പിക്കാതെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടിവരുന്ന തലമുറയുടെ തുടർപഠനത്തിനും തൊഴിലിനുമുള്ള ശേഷിയും മികവും ഗുരുതരമായി ചോദ്യംചെയ്യപ്പെടുമെന്ന് സർക്കാർ ഓർക്കാതെ പോവുന്നത് കഷ്ടമാണ്. സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന ഒടുവിലത്തെ സുപ്രീംകോടതി വിധിയാണത്രെ ഇടതു സർക്കാറിന് തലവേദനയായി മാറിയിരിക്കുന്നത്. 10 ശതമാനം സംവരണം മുന്നാക്ക സമുദായങ്ങൾക്ക് ഉദാരമായനുവദിച്ചതു മൂലം സംവരണത്തിെൻറ തോത് ലക്ഷ്മണരേഖ കടന്ന സാഹചര്യത്തെ ഇലക്കും മുള്ളിനും കേടുകൂടാതെ എവ്വിധം പരിഹരിക്കുമെന്ന് പിണറായി വിജയനും സഹപ്രവർത്തകരും ഉടനടി കണ്ടെത്തിയേ പറ്റൂ. സ്വയംകൃതാനർഥംകൊണ്ട് വന്നുഭവിച്ച ഈ ഗതികേടിന് മറ്റാരെയും കുറ്റപ്പെടുത്താനാവില്ല.
അതിനേക്കാൾ ഗുരുതരമാണ് സർവകാല റെക്കോഡായി ഇത്തവണ പുറത്തുവന്ന എസ്.എസ്.എൽ.സി പരീക്ഷഫലം മൂലം ഉളവായ പ്ലസ് വൺ സീറ്റുകളുടെ ആനുപാതിക കമ്മി. കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിെൻറ ഭാഗത്തുനിന്ന് ഡോ. എം.കെ. മുനീർ നിയമസഭയിൽ അടിയന്തര പ്രേമയത്തിന് അനുമതി േതടിക്കൊണ്ട് വെളിപ്പെടുത്തിയ വസ്തുതകൾ സത്വര പരിഹാരം തേടുന്നതാണ്. സംസ്ഥാനത്താകെ 26,481 സീറ്റുകേള കുറവുള്ളൂവെന്ന് തലേ ദിവസം മന്ത്രി ശിവൻകുട്ടി സഭയിൽ ചെയ്ത പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് മുനീർ ചൂണ്ടിക്കാട്ടിയത്. മലപ്പുറം ജില്ലയിൽ മാത്രം അർഹരായ കാൽലക്ഷത്തിലധികം കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനം നിഷേധിക്കപ്പെടും. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച 20 ശതമാനം വർധനകൂടി കണക്കിലെടുത്താണ് ഈ കുറവ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിേക്കാട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലെല്ലാം സീറ്റുകളുടെ അപര്യാപ്തി ഗുരുതരമായ തോതിലുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾകൂടി ഈ ഗണത്തിൽ വരുന്നു.
75,000 വിദ്യാർഥികളുടെ തുടർപഠനം കഴിഞ്ഞവർഷം ഓപൺ സ്കൂളുകളിലൂടെയാണ് നടന്നതെന്ന വസ്തുതയും ഡോ. മുനീർ ഓർമിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം മറുപടിയായി ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അതിനവസരമുണ്ടാവുമെന്നും ഒന്നും രണ്ടും അലോട്ട്മെൻറുകൾ കഴിയുേമ്പാൾ എല്ലാവരുടെയും ആശങ്ക മാറുമെന്നുമാണ് മന്ത്രി ശിവൻകുട്ടി ആശ്വസിപ്പിച്ചത്. ബാക്കിവരുന്ന വിദ്യാർഥികൾക്കുവേണ്ടി ജില്ലകളിൽ സീറ്റുകൾ റീഅറേഞ്ച്മെൻറ് നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. പക്ഷേ, എന്തായിരിക്കും ഈ റീഅറേഞ്ച്മെൻറ്? അമ്പത് സീറ്റാണ് ക്ലാസിൽ അനുവദിക്കപ്പെട്ട പരിധി. അത് ലംഘിക്കപ്പെടരുതെന്ന് കേരള ഹൈകോടതി ഒരു ഘട്ടത്തിൽ മുന്നറിയിപ്പ് നൽകിയതുമാണ്. എന്നാൽ, ഓരോ വർഷവും എസ്.എസ്.എൽ.സി ഫലങ്ങൾ പുറത്തുവരുേമ്പാൾ ഡിവിഷൻ കൂട്ടുന്നതിനു പകരം ക്ലാസിലെ വിദ്യാർഥികളുടെ അനുപാതം വർധിപ്പിക്കുകയാണ് സർക്കാർ. ഇത്തവണ 65ൽ എത്തുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. ഓേരാ ക്ലാസിലും പീരിയഡിലും പൊതുയോഗം നടത്തുകയാണ് അധ്യാപകർ െചയ്യേണ്ടതെങ്കിൽ ഈ വർധന പരിഹാരമാണ്. അതല്ല വിദ്യാർഥികൾ നേരെ മര്യാദക്കിരുന്ന് ശ്രദ്ധാപൂർവം പഠിക്കണമെന്നുണ്ടെങ്കിലും അവരോട് അധ്യാപകന് സംവദിക്കണമെങ്കിലും അമ്പതിലധികം ഒരു കാരണവശാലും അനുവദിച്ചുകൂടാ.
യഥാർഥ പ്രതിവിധി സ്കൂളുകളിൽ ഡിവിഷൻ ആവശ്യാനുസൃതം കൂട്ടുകയാണ്. അപ്പോൾ അധ്യാപകരുടെ എണ്ണം കൂട്ടേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കേണ്ടിവരും. ഇപ്പോൾ കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ഇതിനനുവദിക്കില്ലെന്ന് പറഞ്ഞുനിൽക്കാമെന്നത് ശരി. ഇതിനു മുേമ്പാ? തെക്കൻ ജില്ലകളിൽ വിദ്യാർഥികളുടെ എണ്ണം കുറവും ഡിവിഷനുകൾ കൂടുതലുമായ അസന്തുലിതത്വമാണ് യഥാർഥത്തിൽ പ്രതിസന്ധിക്കിടവരുത്തിയത്. അതാകട്ടെ സ്കൂളുകളും ഡിവിഷനുകളും അനുവദിച്ചപ്പോൾ ഇടത്-വലത് സർക്കാറുകൾ കാണിച്ച അശാസ്ത്രീയവും വിദ്യാഭ്യാസ ബാഹ്യവുമായ പരിഗണനകളുടെ ഫലവുമാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിൽ കുടുങ്ങിയതും ജാതി-മത സംഘങ്ങളുടെ വിലപേശലിന് വഴങ്ങിയതുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിതരണത്തെ താളംതെറ്റിച്ചതെന്ന് സമ്മതിക്കാതിരുന്നിട്ടു കാര്യമില്ല. മലബാർ മേഖലയിലെ യഥാർഥ ആവശ്യം പരിഗണിക്കേണ്ടിവരുേമ്പാൾ തെക്കുനിന്ന് മുറവിളികളുയരുന്നു; പാർട്ടികൾക്ക് മുട്ട് വിറക്കുന്നു; വഴങ്ങുന്നു. പ്രയാസങ്ങളും പ്രാരബ്ധങ്ങളും അതിജീവിച്ച് മലപ്പുറം ജില്ല ഉയർന്ന റാങ്കുകളും വിജയ ശതമാനവും നേടിയാൽ അത് കോപ്പിയടിച്ചിട്ടാണെന്ന പഴിയും! ഈ വിവേചനം എത്രനാൾ തുടരും, സഹിക്കും എന്നതാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.