ജീവനെടുക്കുന്ന ജലാശ‍യങ്ങൾ

നമ്മുടെ രാജ്യത്ത് പ്രതിവർഷം റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നത് ഒന്നരലക്ഷത്തിലധികം ജനങ്ങളാണ്. എന്നാൽ, അത് രണ്ടരലക്ഷത്തോളം വരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സേവ് ലൈഫ് ഫൗണ്ടേഷനെപ്പോലെയുള്ള സന്നദ്ധ സംഘടനകൾ വാദിക്കുന്നു. ഓരോ മണിക്കൂറിലും ചുരുങ്ങിയത് 19 പേരുടെയെങ്കിലും ജീവനുകൾ പൊലിയുന്ന, ലോകത്ത് ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സംഭവിക്കുന്ന രാജ്യമത്രെ ഇന്ത്യ. വലിയ യുദ്ധങ്ങളെക്കാൾ കൂടുതൽ ആളുകൾ പാതയോരങ്ങളിൽ മരിച്ചുവീഴുന്നത് നമ്മെ അത്രയധികം സംഭ്രമിപ്പിക്കുന്നുണ്ടോ. ഈ ഭീതിജനകമായ യാഥാർഥ്യത്തെ ശരിയാംവിധം ഉൾക്കൊള്ളാൻ പൗരസമൂഹവും സർക്കാറുകളും സന്നദ്ധമാകാറുണ്ടോ? വേണ്ടത്രയില്ല എന്ന് ഉറപ്പായി പറഞ്ഞുതരുന്നു, എല്ലാ വർഷവും നവീകരിക്കപ്പെടുന്ന ക്രൈം കണക്കിലെ അപകടമരണങ്ങളുടെ വർധന.

കേരളവും അപകടങ്ങളുടെ കാര്യത്തിൽ സുരക്ഷിതമായ ഇടമൊന്നുമല്ല. രാജ്യത്തെ ഏറ്റവും കൂടുതൽ അപകടമരണം നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്ന് ഈ ചെറു സംസ്ഥാനമാണ്. പ്രതിവർഷം നാലായിരത്തിലധികം ആളുകൾക്ക് ഇവിടത്തെ റോഡുകളിൽ ജീവൻ നഷ്ടമാകുന്നുണ്ട്. ദിനംപ്രതി 11 പേർക്ക്. പാതകൾ മാത്രമല്ല, ജലാശയങ്ങളും മരണം ചുഴിയിട്ടിരിക്കുന്ന അപകടസ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്നത് നമ്മെ ഞെട്ടിപ്പിക്കേണ്ടതും പുനരാലോചനകൾക്ക് വിധേയമാക്കേണ്ടതുമാണ്. കഴിഞ്ഞ ആറര വർഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം ആളുകളാണ് ഈ നാട്ടിൽ മരണത്തിലേക്ക് മുങ്ങാങ്കുഴിയിട്ട് പോയത്. റോഡപകടങ്ങളെ മാറ്റിനിർത്തിയാൽ ഏറ്റവും കൂടുതൽ ജീവനുകളെടുക്കുന്നത് സുന്ദരമായ ജലാശ‍യങ്ങളാണ്. അവിടെ മരിക്കുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും എണ്ണം ഓരോ വർഷവും വർധിക്കുന്നുവെന്നത് നമ്മെ ഏറെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഭരണകൂടത്തിന്‍റെയും പൗരസമൂഹത്തിന്‍റെയും സത്വര ശ്രദ്ധ പതിയുകയും ഗൗരവത്തിലെടുക്കുകയും ചെയ്യേണ്ട വിഷയമാണ് ജലാശയങ്ങളിലെ അപകടങ്ങൾ.

ജലാശയ സമ്പന്നമായ സംസ്ഥാനം ജലസാക്ഷരതയിൽ വട്ടപ്പൂജ്യമാണെന്ന് തെളിയിക്കുന്നുണ്ട് അനുദിനം ആവർത്തിക്കുന്ന മുങ്ങിമരണങ്ങൾ. ജലസുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും അതിനെക്കുറിച്ച് ശരിയായ വിദ്യാഭ്യാസം നൽകുന്നതിൽ നാം പിന്നാക്കമാണ്.

നീന്തലടക്കം ജലസുരക്ഷ പരിശീലനങ്ങൾ കുട്ടികൾക്ക് നൽകണമെന്ന് തേക്കടിയിലെയും താനൂരിലെയും ബോട്ടപകടങ്ങളെ കുറിച്ച് അന്വേഷിച്ച കമീഷനുകൾ നിർദേശിക്കുന്നുണ്ട്. എന്നാൽ, നാം സാമൂഹിക ഡിമൻഷ്യയുള്ള സമൂഹമായതുകൊണ്ടാണോ എന്നറിയില്ല, അവയെല്ലാം വെള്ളത്തിൽ വരച്ച വരകളെപ്പോലെ വളരെ പെട്ടെന്ന് അലിഞ്ഞുപോകുകയും ഒരു തുടർനടപടികളുമില്ലാതെ അവസാനിക്കുകയുമാണ് പതിവ്. സംസ്ഥാനത്താകട്ടെ, ജലമരണങ്ങൾ വിശേഷിച്ച് വർഷകാലത്ത് ആവർത്തിക്കുകയും ചെയ്യുന്നു. സ്കൂളുകളിലെ പാഠ്യ, പാഠ്യേതര പ്രവൃത്തികളിൽ നീന്തലും വെള്ളത്തിൽ വീണാൽ നടത്തേണ്ട അടിയന്തര രക്ഷാപ്രവർത്തനങ്ങളുടെ രീതികളും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിലെ വ്യത്യസ്തമായ ജലാശയങ്ങളുടെ സ്വഭാവ സവിശേഷതകളും അവയിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിർബന്ധമായും അവരെ പഠിപ്പിക്കണമെന്നും വിദഗ്ധോപദേശങ്ങളുമുണ്ട്. ക്ഷേത്രക്കുളങ്ങളും പള്ളിക്കുളങ്ങളും വൃത്തിയായി സൂക്ഷിക്കാനും പുതുതലമുറകളുടെ നീന്തൽ പരിശീലനക്കളരികളാക്കാനും കഴിയുമെന്നും പ്രാദേശിക ഭരണകൂടങ്ങളും ആരാധനാ കമ്മിറ്റികളും യുവ ക്ലബുകളും വിദ്യാലയങ്ങളും ഒത്തുചേർന്ന് മുന്നോട്ടുവന്നാൽ ഇത്തരം പരിശീലനങ്ങൾ എളുപ്പമാണെന്നും പ്രായോഗിക കണക്കുകൾ നിരത്തി അവർ പറയുന്നുമുണ്ട്. പ​​ക്ഷേ, എന്തു ചെയ്യാൻ. ഐഡിയകൾ ധാരാളമുണ്ടെങ്കിലും ഫലവത്താകുന്ന നടപടികളൊന്നുമില്ലെന്നതാണ് അനുഭവം.

22 ശതമാനം വരുന്ന ആത്മഹത്യ മാറ്റി നിർത്തിയാൽ മുങ്ങിമരണങ്ങൾക്കുള്ള പ്രധാന കാരണം ജാഗ്രതക്കുറവും ജലാശ‍യങ്ങളെ കുറിച്ച അറിവില്ലായ്മകളുമാണെന്ന് കാണാനാകും. വെള്ളത്തിലെ പാറകൾക്കടിയിലുണ്ടാകുന്ന ചെറു പൊഴികളും ചുഴികളും അടിയൊഴുക്കുകളും പായലുകളും ജലജീവികളുമടങ്ങുന്ന മറ്റൊരു വിശാല പ്രപഞ്ചമാണ് ജലാശ‍യങ്ങളെന്ന് തിരിച്ചറിയാതെയാണ് ഏറെപ്പേരും പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേക്കെടുത്ത് ചാടുന്നത്. സുരക്ഷക്കായി ചുരുങ്ങിയത് ടയർ ട്യൂബോ കയറോ കൈയിൽ വെക്കാനുള്ള ശ്രദ്ധപോലും ആരും പുലർത്താറില്ല. ലഹരികൂടി ചേരുന്നതോടെ അപകടത്തിന്‍റെ സാധ്യത പതിന്മടങ്ങാകുന്നു. വിനോദയാത്രകളിലും കുടുംബ വീടു സന്ദർശന വേളകളിലുമാണ് മുങ്ങിമരണങ്ങളിലേറെയും നടക്കുന്നതെന്ന വസ്തുത മാത്രം മതിയാകും ജാഗ്രതക്കുറവിന്‍റെ സൂചകമായി.

ജലസാക്ഷരതയിലെ പ്രധാന പാഠങ്ങളിലൊന്നാകണം മലീമസമായ നദികളും രോഗാണുവാഹികളായ കുളങ്ങളും മരണ വൈറസുകളുടെ ഒളിത്താവളങ്ങളാണെന്നത്. സംസ്ഥാനത്ത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്. ജലാശയ പരിസരങ്ങളെ വിഷമയമാക്കുന്ന മാലിന്യനിക്ഷേപ ഇടങ്ങളാക്കുന്നത് കർശനമായി തടയപ്പെടേണ്ടതാണ്. ജലാശയങ്ങളുടെ വൃത്തി ജീവ സുരക്ഷയുടെ മുന്നുപാധിയാണെന്ന തിരിച്ചറിവ് നഷ്ടമാകുന്നുവെങ്കിൽ നമ്മെ കാത്തിരിക്കുന്നത് കൂടുതൽ ഭീതിജനകമായ അപകട വാർത്തകളാണ്. ഇത്രയധികം നദികളും തോടുകളുമുള്ള, മഴക്കാലത്ത് വെള്ളം നിറയുന്ന പാടശേഖരങ്ങളേറെയുള്ള, നീണ്ടുകിടക്കുന്ന കടൽത്തീരങ്ങളും കായലുകൾകൊണ്ടും സമ്പന്നമായ ഒരു സംസ്ഥാനം ജലസാക്ഷരരാകുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ നാം ഒരു തോറ്റ ജനതയാകാൻ വിധിക്കപ്പെട്ടവരാണ്.

Tags:    
News Summary - Increasing drowning deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.