ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനും ജനാധിപത്യത്തിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണ് ഭരണഘടനാനുസൃത സ്വതന്ത്ര സംവിധാനമായ തെരഞ്ഞെടുപ്പ് കമീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുക, ലഭിച്ച പത്രികകൾ പരിശോധിച്ച് യോഗ്യമായത് സ്വീകരിക്കുകയും അല്ലാത്തവ തള്ളുകയും ചെയ്യുക, നിശ്ചയിച്ച ദിവസം തെരഞ്ഞെടുപ്പും വോട്ടെണ്ണലും പൂർത്തിയാക്കി വിജയിച്ചതാരെന്നും കിട്ടിയ വോട്ടെത്രയെന്നും പ്രസിദ്ധപ്പെടുത്തുക എന്നതിൽ ഒതുങ്ങുന്നില്ല തെരഞ്ഞെടുപ്പ് നടത്തിപ്പ്.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന, വോട്ടർമാരെ വഴിവിട്ട് സ്വാധീനിക്കുന്ന അന്യായവും അനാശാസ്യവുമായ പ്രവണതകളോ അധികാര ദുർവിനിയോഗമോ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപന നിമിഷം മുതൽ കമീഷന്റെ മാതൃകാ പെരുമാറ്റ ചട്ടങ്ങൾ പ്രാബല്യത്തിലാവുന്നത്. ഈ മുൻകരുതലുകളും ക്രമീകരണങ്ങളുമെല്ലാമുണ്ടായിട്ടും ഇപ്പോൾ തെരഞ്ഞെടുപ്പുകൾ നടക്കുന്നത് നിഷ്പക്ഷവും നീതിയുക്തവുമായിത്തന്നെയാണോ?
ഭരണകൂടത്തിന് താൽപര്യമുള്ളവരെ തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയോഗിക്കാൻ സൗകര്യമൊരുക്കുംവിധത്തിലുള്ള ഭേദഗതികൾ ഒരുക്കിയ ശേഷമാണ് രാജ്യം 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് കടന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ പ്രകടവുമായിരുന്നു. സകലവിധ രാഷ്ട്രീയ മര്യാദകളുടെയും നഗ്നമായ ലംഘനമാണ് 18ാമത് പൊതു തെരഞ്ഞെടുപ്പിൽ നടന്നത് എന്നാണ് മുൻകാല അനുഭവങ്ങളെ വിലയിരുത്തി ചരിത്രകാരൻ രാമചന്ദ്ര ഗുഹയും മുതിർന്ന മാധ്യമ പ്രവർത്തകൻ പി.രാമനും അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയത്. ഇലക്ഷൻ ബോണ്ട് എന്ന ചെല്ലപ്പേരിൽ സ്വരൂപിച്ച അഴിമതിക്കറ പുരണ്ട കോടിക്കണക്കിന് രൂപ ഒഴുക്കി നടത്തിയ പ്രചാരണ വേദികളിൽ വമിക്കപ്പെട്ട വർഗീയ വിദ്വേഷത്തിന്റെ വിഷപ്പുക മാസങ്ങൾക്കു ശേഷവും രാജ്യത്തിന്റെ അന്തരീക്ഷത്തിൽനിന്ന് ഒഴിഞ്ഞുപോയിട്ടില്ല. വിദ്വേഷ ഭാഷണം നടത്തിയ നേതാക്കളെ ശാസിക്കാനോ നിയന്ത്രിക്കാനോ അയോഗ്യരാക്കാനോ ധൈര്യം കാണിക്കാതെ സർക്കാറിന്റെ ഒരു അനുബന്ധ ശാഖയെന്ന മട്ടിൽ തന്നെയായിരുന്നു കമീഷന്റെ പ്രവർത്തനം.
കഴിഞ്ഞ ദിവസം നടന്ന ഝാർഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളുടെ കാര്യമെടുക്കാം. മഹാരാഷ്ട്രയിൽ കണക്കിൽപ്പെടാത്ത പണവുമായി കണ്ടെത്തിയ ബി.ജെ.പി നേതാവിനെതിരെ ചെറുവിരലനക്കിയില്ല കമീഷൻ. ലോക്സഭ തെരഞ്ഞെടുപ്പിലേതിനേക്കാൾ വിഷവീര്യം കൂടിയ വർഗീയ പ്രചാരണമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഇരുസംസ്ഥാനങ്ങളിലും അഴിച്ചുവിട്ടത്. ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ഭാരതീയ ജനതാപാർട്ടി തയാറാക്കിയ വിഡിയോ പരസ്യങ്ങൾ ആ പാർട്ടിയുടെ സാമൂഹിക വിരുദ്ധതയുടെയും മുസ്‍ലിം വിദ്വേഷത്തിന്റെയും കൃത്യമായ പ്രതിഫലനമാണ്. ഒരു സമ്പന്ന ഹൈന്ദവ ഭവനത്തിലേക്ക് പർദയും തൊപ്പിയും ധരിച്ചവരടക്കമുള്ള വലിയൊരു കൂട്ടം ഇരച്ചുകയറി പാർപ്പുറപ്പിക്കുകയും അതിനുള്ളിലിരുന്ന് തൊഴിലുപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങൾ. ബി.ജെ.പിയെ ജയിപ്പിച്ചില്ലെങ്കിൽ ഇനി നിങ്ങളുടെ വീട്ടിലും ഇതുപോലെയുള്ളവർ വന്ന് കൈയേറി പാർക്കുമെന്ന പേടിപ്പെടുത്തൽ വാചകങ്ങളോടെയാണ് പരസ്യം അവസാനിക്കുന്നത്.
കഥാപാത്രങ്ങളെ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കു സമാനം വേഷം കെട്ടിച്ച, മുസ്‍ലിം വിരുദ്ധ പ്രമേയത്തിലൂന്നിയ വേറെയും പരസ്യങ്ങളുണ്ട്. ദേശീയ ചാനലുകൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും രാജ്യമൊട്ടുക്കും സംപ്രേഷണം ചെയ്യപ്പെട്ടു അവയെല്ലാം. പാർട്ടിയെ വീണ്ടും വീണ്ടും അധികാരത്തിലേക്ക് നടന്നടുക്കാൻ സഹായിക്കുന്ന ഊന്നുവടി എന്ന നിലയിൽ മുസ്‍ലിം വിരുദ്ധത അവർക്ക് ഭൂഷണമായിരിക്കാം. എന്നാൽ, ഒരു മതനിരപേക്ഷ രാജ്യത്തെ സ്വതന്ത്ര ഭരണഘടനാ സംവിധാനം എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമീഷന് അതിനോടെങ്ങനെ സഹിഷ്ണുത പുലർത്താൻ സാധിച്ചു? ഭരണകൂട ദാസ്യവും മുസ്‍ലിം വിരുദ്ധ മുൻവിധിയും മാറ്റിവെച്ചാൽ പാർട്ടിയുടെ അംഗീകാരം തന്നെ റദ്ദാക്കാൻ തക്ക വകുപ്പുകളുണ്ട് ബി.ജെ.പിയുടെ ഈ വിദ്വേഷ പ്രചാരണ വിഡിയോകളിൽ. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ സദാ നിരീക്ഷണ വിധേയമാക്കാനുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ടായിട്ടും ഈ വർഗീയ ചെയ്തിക്കെതിരെ സ്വമേധയാ നടപടി സ്വീകരിക്കാൻ കമീഷൻ തയാറായില്ല. പ്രതിപക്ഷ പാർട്ടികൾ പരാതി നൽകുകയും പൗരാവകാശ-സാമൂഹിക പ്രവർത്തകർ ഈ വിപത്തിനെതിരെ പ്രതിഷേധമറിയിക്കുകയും ചെയ്ത ഘട്ടത്തിൽ മാത്രമാണ് പരസ്യം നീക്കം ചെയ്യണമെന്നാവശ്യപ്പെടാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയത്. ബി.ജെ.പിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ നിന്ന് ഒഴിവാക്കിയെങ്കിലും സമാന്തര സ്രോതസ്സുകളിലൂടെ കേരളത്തിലുൾപ്പെടെ അതിപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു.
20ാം തീയതി യു.പിയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളും ജനാധിപത്യം എന്ന സങ്കൽപത്തെ അട്ടിമറിക്കും വിധത്തിലുള്ളതായിരുന്നു എന്ന് പറയാതെ വയ്യ. വോട്ടുചെയ്യാൻ ബൂത്തിലേക്ക് വന്ന സ്ത്രീ വോട്ടർമാർക്കുനേരെ പൊലീസുദ്യോഗസ്ഥർ തോക്കുചൂണ്ടുകയും നിയമവിരുദ്ധമായി അവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുകയും ചെയ്തതുൾപ്പെടെ അതിഹീനമായ ഭരണകൂട കൈകടത്തലാണ് നടമാടിയത്. മുസ്‍ലിം വോട്ടർമാരെ വോട്ടു ചെയ്യാനനുവദിക്കാതെ തിരിച്ചയച്ച സംഭവങ്ങളുമുണ്ടായി. വിഡിയോ ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ പുറത്തുവന്നശേഷം മാത്രം പ്രതിപക്ഷ പരാതിയിൽ നടപടി സ്വീകരിച്ച് കണ്ണിൽ പൊടിയിടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായെങ്കിലും അപ്പോഴേക്ക് പല വോട്ടർമാരും സമ്മതിദാനം വിനിയോഗിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.
വരുംതെരഞ്ഞെടുപ്പുകളിൽ ഒരു സങ്കോചവും കൂടാതെ നൈതിക വിരുദ്ധമായ ഇത്തരം ചെയ്തികൾ നടത്താനുള്ള മുൻകൂർ അനുമതിയായി വേണം ഇതിനെയെല്ലാം കാണാൻ. ജനാധിപത്യത്തിന്റെ ഉത്സവം എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള തെരഞ്ഞെടുപ്പുകളെ സംഘപരിവാരം ഭീതിയുടെയും വർഗീയ വൈരത്തിന്റെയും മേളയാക്കി മാറ്റുമ്പോൾ അതിന് ശരിയാംവിധം തടയിടാൻ തയാറല്ലെങ്കിൽ പിന്നെ രാജ്യത്തിനെന്തിനാണ് ഇത്തരമൊരു കമീഷൻ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.