ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യങ്ങളിലൊന്നായിട്ടും 56 മുസ്ലിംരാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സ ി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ) സമ്മേളനവും അതിൽ നടക്കുന്ന ചർച്ചകളും ഇന്ത്യയിൽ അത്ര ചർച്ചാവിഷയമാകാറില്ല. എന്നാൽ, പതിവിൽനിന്ന് ഭിന്നമായി അബൂദബിയിൽ നടന്ന ഒ.ഐ.സിയുടെ 46ാമത് വിദേശകാര്യമന്ത്രിമാരുെട സമ്മേളനം ലോകശ്രദ്ധയ ാകർഷിക്കുകയും ഇന്ത്യയിൽ സജീവ ചർച്ചക്ക് ഇടയാക്കുകയും ചെയ്തിരിക്കുന്നു. ഒ.ഐ.സി സ്ഥാപകാംഗ രാജ്യങ്ങളിലൊന്നായ പാക ിസ്താനുമായുള്ള സംഘർഷം ഏറ്റവും കനത്തുനിൽക്കുന്ന നാളുകളിൽ ഇന്ത്യ അതിഥി രാഷ്ട്രമായി അബൂദബിയിലേക്ക് പ്രത്യേകമ ായി ക്ഷണിക്കപ്പെട്ടതും അതിൽ പ്രതിഷേധിച്ച് പാകിസ്താൻ ഒ.ഐ.സി സമ്മേളനം ബഹിഷ്കരിച്ചതുമാണ് ശ്രദ്ധയാകർഷിച്ച പ്രധാന ഘടകം. ഇസ്ലാമിക രാഷ്ട്രങ്ങളോട് ഒരു വിയോജിപ്പുമില്ലെന്നും സമ്മേളനത്തിൽ സുഷമ സ്വരാജ് പങ്കെടുക്കുന്നതിനോടാണ് എതിർപ്പെന്നും വ്യക്തമാക്കിയാണ് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി ബഹിഷ്കരണ തീരുമാനം ഒ.ഐ.സിയെ അറിയിച്ചത്. എന്നാൽ, അതിഥിരാജ്യമായി പങ്കെടുക്കാൻ ലഭിച്ച സുവർണാവസരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സമർഥമായി പ്രയോജനപ്പെടുത്തി.
ബംഗ്ലാദേശ്, മാലദ്വീപ്, ഉസ്ബെകിസ്താൻ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പാക് സംഘർഷത്തിൽ ഇന്ത്യക്കുള്ള അവരുടെ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്തു. രണ്ട് വിരുന്നുസൽക്കാരങ്ങൾ അനൗദ്യോഗികചർച്ചകൾക്കും ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കാനുമുള്ള അസുലഭാവസരങ്ങൾ ഒരുക്കുകയും ചെയ്തു. പാകിസ്താനെ പേരെടുത്ത് പറയാതെതന്നെ ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ശക്തമായ ഭാഷയിൽ വിമർശിക്കാനും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് ഭീകരസംഘടനകളെ പിന്തുണക്കുന്നവരെ നിയന്ത്രിക്കാൻ ഒ.ഐ.സി രംഗത്തിറങ്ങണമെന്ന നിലപാട് വ്യക്തമാക്കാനും അവർക്ക് സാധിച്ചു. സമ്മേളനത്തിൽ മന്ത്രിയുടെ പ്രഭാഷണത്തിന് അംഗരാജ്യങ്ങളുെട പിന്തുണയാർജിക്കാൻ സാധിച്ചതിലെ സന്തോഷത്തോടെയാണ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ടി.എസ്. തിരുമൂർത്തിയും അംബാസഡറും വാർത്തസമ്മേളനത്തിന് എത്തിയത്.
സൗദിക്കും യു.എ.ഇക്കും പാകിസ്താനുമായി കരുത്തുള്ള ഉഭയകക്ഷിബന്ധവും സൈനികസഹകരണവും വളരെ നേരേത്തതന്നെ നിലനിൽക്കുന്നുണ്ട്. എന്നിട്ടും, അതിഥിരാജ്യമെന്ന നിലയിൽ ഒ.ഐ.സിയിലേക്ക് ലഭിച്ച ക്ഷണം യു.എ.ഇയുമായും സൗദിയുമായും സമീപകാലത്ത് ഇന്ത്യ ആർജിച്ചെടുത്ത ദൃഢമായ നയതന്ത്രബന്ധത്തിെൻറ വിജയമാണ്. പ്രധാനമന്ത്രി മോദിയുടെ ഗൾഫ് സന്ദർശനങ്ങളും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ഇന്ത്യ സന്ദർശനങ്ങളുമാണ് ഈ സൗഹൃദ ബാന്ധവത്തിന് കരുത്ത് പകർന്നത്. ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ച ഉടനെത്തന്നെ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നരേന്ദ്ര മോദിയുമായും ഇംറാൻ ഖാനുമായും ഫോണിൽ സംസാരിക്കുകയും മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ യു.എ.ഇയുടെ താൽപര്യം എടുത്തുപറയുകയും ചെയ്തത് ഈ സൗഹൃദത്തിെൻറ കരുത്തിലാണ്. ഇവരുടെ മധ്യസ്ഥതയിൽ ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ സംസാരം ഒ.ഐ.സി സമ്മേളനത്തിൽ നടന്നേക്കുമെന്ന പ്രതീക്ഷ പാക് ബഹിഷ്കരണത്തോടെ അസ്തമിക്കുകയായിരുന്നു.
ഇന്ത്യയുടെ സാന്നിധ്യത്തിൽ കശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവത്കരിക്കാനും രാഷ്ട്രീയ പരിഹാരം ആവശ്യപ്പെടാനും സമ്മേളനം വേദിയായതോടെ, ഒ.ഐ.സിയിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ നയതന്ത്ര മേൽക്കോയ്മ നിലനിർത്താനാകുമോ എന്നആശങ്ക നയതന്ത്രമേഖലയിൽനിന്നുതന്നെ ഉയർന്നിരിക്കുന്നു. സമ്മേളനസമാപനത്തിലെ ‘അബൂദബി പ്രഖ്യാപന’ത്തിലെ കേന്ദ്ര പ്രമേയങ്ങളിലൊന്ന് ദക്ഷിണേഷ്യയിലെ സമാധാനത്തിന് അടിയന്തരമായ രാഷ്ട്രീയപരിഹാരത്തിന് ഇരു രാഷ്ട്രങ്ങളോടുമുള്ള ആഹ്വാനമാണ്. കശ്മീരിൽ ഇന്ത്യൻസൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളോടുള്ള പ്രതിഷേധവും സമ്മേളനം പുറത്തിറക്കിയ 131 പ്രമേയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. കശ്മീരിൽ ചെറുപ്പക്കാരുടെ കാഴ്ചയെടുക്കുന്ന െപല്ലറ്റ് ഗൺ പ്രയോഗത്തെ ശക്തമായ ഭാഷയിലാണ് പ്രമേയം വിമർശിക്കുന്നത്. 1948 മുതൽ നാം പിന്തുടരുന്ന, കശ്മീർ ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമാണെന്ന നിലപാടാണ് ഇതിലൂടെ ദുർബലമാകുന്നത്.
ബാലാകോട്ട് സൈനിക നടപടിയിലൂടെ മോദിസർക്കാർ കശ്മീർപ്രശ്നത്തെ അന്താരാഷ്ട്രവത്കരിക്കാൻ അവസരമൊരുക്കിയെന്ന വിമർശനത്തെ സാധൂകരിക്കുന്നു ഒ.ഐ.സി അംഗീകരിച്ച കശ്മീർപ്രമേയം. പുൽവാമ ആക്രമണത്തോടുള്ള രാഷ്ട്രീയവും സൈനികവുമായ പ്രതികരണങ്ങൾ രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള സംഘർഷവും ഒരു ജനതക്കുനേരെ നിരന്തരമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാക്കുന്നുവെന്ന പാകിസ്താൻ നിലപാടിന് അവരുടെ അസാന്നിധ്യത്തിലും ഒ.ഐ.സിയിൽ പൂർണ പിന്തുണയാണ് ലഭിച്ചത്. സമ്മേളനാനന്തരം കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണന്ന് സുഷമ സ്വരാജിന് വീണ്ടും ആവർത്തിക്കേണ്ടിവന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ രാഷ്ട്രനേതാക്കളുടെ ക്ഷോഭാത്മകമായ പ്രസ്താവനകളും പ്രവൃത്തികളും അന്താരാഷ്്ട്ര സമൂഹങ്ങളിൽ രാജ്യത്തിെൻറ ശോഭ കെടുത്തുന്നുവെന്ന് മാത്രമല്ല, പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന നിലപാടുകളിൽ സംശയങ്ങൾ ജനിപ്പിക്കാൻ ഇടവരുത്തുന്നുവെന്ന പാഠവും ഒ.ഐ.സിയിൽ ലഭിച്ച മേൽക്കൈക്കൊപ്പം ഇന്ത്യക്ക് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.