ഒാരോ പ്രവാസിയുടെയും ഉള്ളിലെ ആന്തലാണ് ആയുസ്സിെൻറ പുസ്തകം വിദേശ മണ്ണിൽ തീരുമോയെന്ന്. ഉറക്കത്തിൽനിന്നുണരാതെയും പണിസ്ഥലത്ത് കുഴഞ്ഞുവീണും മരിച്ചുവീഴുന്ന ഓരോ ഹതാശെൻറയും മുഖങ്ങൾ ദിനംപ്രതി പത്രത്താളുകളിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഓരോ പരദേശിയും അവ കാണുക തെൻറത്തന്നെ ചിത്രമായാണ്. ഉറങ്ങിക്കിടക്കുന്ന സഹമുറിയനെ വെറുതെയൊന്ന് കുലുക്കി വിളിക്കുന്നതും വാതിൽ കുറ്റിയിടാതെ ഉറങ്ങാൻ കിടക്കുന്നതും നിത്യനിദ്ര തഴുകിയേക്കുമോ എന്ന ബേജാറുകൊണ്ടാണ്. ഉറ്റവരെ ഒന്നുകൂടി കാണാനുള്ള കൊതിയാണ് ഇൗ മരണപ്പേടിയുടെ കാതൽ. വേണ്ടപ്പെട്ടവരുടെ ഇഷ്ടജീവിതത്തിന് ആയുസ്സിനെ അധ്വാനമായി കുറുക്കിമാറ്റുകയും നാട്ടിലെ സാമ്പത്തിക വികാസത്തിെൻറ നാരായവേരായിത്തീരുകയും ചെയ്യുന്ന പ്രവാസിയുടെ ജീവിതം പാതിവഴിയിലെങ്ങാൻ മുറിഞ്ഞു പോയാൽ നാട്ടിലേക്കുള്ള തുടർയാത്ര എത്ര ക്രൂരവും മനുഷ്യത്വരഹിതവുമായാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ‘മാധ്യമം’ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച പരമ്പര.
വിദേശ രാജ്യങ്ങളിൽ പ്രതിവർഷം ഏകദേശം 6000 ഇന്ത്യക്കാരാണ് മരിക്കുന്നത്. ദിവസേന 16 പേർ എന്ന തോതിൽ. മരണ സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, മൃതദേഹം കൊണ്ടുപോകാൻ ബന്ധപ്പെട്ട രാജ്യത്തെ ആരോഗ്യവകുപ്പിലെ പ്രതിരോധ മെഡിസിൻ വകുപ്പിെൻറ സർട്ടിഫിക്കറ്റ്, സ്പോൺസറുടെ കത്ത്, മരിച്ചയാളുടെ പാസ്പോർട്ടും വിസയും റദ്ദാക്കൽ നടപടി, മൃതദേഹം കൊണ്ടുപോകുന്ന വ്യക്തിയുടെ പാസ്പോർട്ട്, അദ്ദേഹത്തെ ചുമതലപ്പെടുത്തി നാട്ടിൽനിന്ന് ബന്ധുക്കളയക്കുന്ന എഴുത്ത്, മരിച്ച വ്യക്തിക്ക് നൽകാൻ ബാക്കിയുള്ള തുകയുടെ വിവരങ്ങളുള്പ്പെടുത്തി സ്പോണ്സർ നൽകുന്ന കത്ത്, വിമാനത്തിൽ ബുക്ക് ചെയ്തതിന് നൽകുന്ന രേഖ -ഇതൊക്കെയുണ്ടെങ്കിലേ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലുമാവൂ. അതും കഴിഞ്ഞ് വിമാനക്കമ്പനികൾക്ക് ഏറ്റവും വിലപിടിപ്പുള്ള ചരക്കിനെക്കാൾ ഉയർന്ന കൂലി കൊടുക്കണം.
പ്രവാസിയുടെ ജീവിതം മാത്രമല്ല മരണവും നെല്ലാരു വരുമാന മാർഗമാണ് പലർക്കും. നമ്മെക്കാൾ ദരിദ്രരായ അയൽപക്ക രാജ്യങ്ങൾ സൗജന്യമായാണ് അവരുടെ പൗരന്മാരുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കുന്നത് എന്നോർക്കണം. വിദേശത്ത് കഴിയുന്ന ഒരു കോടി ബംഗ്ലാദേശികൾ അയക്കുന്ന പണം രാജ്യത്തിെൻറ സമ്പദ്ഘടനക്ക് വലിയ താങ്ങാെണന്ന് പറഞ്ഞുകൊണ്ടാണ് 2002ൽ ബംഗ്ലാദേശ് സർക്കാർ ഇൗ സൗജന്യം തുടങ്ങിയത്. പാകിസ്താൻ അധികൃതർ മൃതദേഹത്തിന് മാത്രമല്ല കൂടെപോകുന്നയാൾക്കും സൗജന്യ ടിക്കറ്റ് നൽകുന്നു. ഇതൊരു നിലപാടാണ്. പ്രവാസിയെ അന്തസ്സോടെയും ആദരവോടെയും പരിഗണിക്കുന്ന, ഉൾക്കൊള്ളുന്ന നിലപാട്. നമ്മുടെ വിമാനക്കമ്പനികൾ സ്വീകരിക്കുന്നതും ഒരു സമീപനമാണ്. പ്രവാസിയുടെ മൃതദേഹത്തെ തൂക്കിനോക്കി വിലയിടാവുന്ന വസ്തുവായി കാണുക. നിന്ദ്യതയുടെയും അവഹേളനത്തിെൻറയും അപരത്വത്തിെൻറതുമായ സമീപനം.
അന്തസ്സോടെയുള്ള ഒരു അന്ത്യയാത്രയെങ്കിലും പ്രവാസി അർഹിക്കുന്നുണ്ട്. അത് ഉറപ്പാക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നത് പൂർണമായും സൗജന്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെയെങ്കിലും പഴക്കമുണ്ട്. 2009ൽ കേന്ദ്ര സർക്കാർ തുടങ്ങിയ ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടിൽ (െഎ.സി.ഡബ്ല്യു.എഫ്) കോടികളാണ് ശേഷിപ്പായുള്ളത്. എന്നിട്ടും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ നിയന്ത്രണത്തിലുള്ള ഇൗ ഫണ്ടിൽനിന്ന് സഹായം ലഭിക്കുന്നത് വെറും അഞ്ചുശതമാനം പേർക്കുമാത്രം. കോൺസുലർ സേവനങ്ങൾക്കെത്തുന്ന പ്രവാസികളിൽനിന്ന് സമാഹരിക്കുന്ന തുക പ്രവാസികൾക്ക് പ്രയോജനപ്പെടേണ്ടതുണ്ട്. കേന്ദ്ര^ സംസ്ഥാന സർക്കാറുകളുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിലുണ്ടാവണം. വോട്ടവകാശം നീണ്ട നിയമ യുദ്ധത്തിലൂടെ കരസ്ഥമാക്കിയ പ്രവാസിയുടെ അടുത്ത പോരാട്ടം മാന്യമായ ‘മടക്കയാത്ര’ക്ക് വേണ്ടിയാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.