സ്ത്രീയെ ഇരയാക്കുന്നതു മാത്രമല്ല, ഇരയോട് ദാക്ഷിണ്യമില്ലാതിരിക്കുന്നതും ഒരു ദേശീയസ്വഭാവമായോ എന്ന് സംശയിക്കേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് വനിതദിനം എത്തിയിരിക്കുന്നത്. ജാതീയ ഉന്മാദം പിടിപെട്ട ആൾക്കൂട്ടം മുതൽ ജുഡീഷ്യറി വരെ സ്ത്രീയെ ചവിട്ടിത്താഴ്ത്തുന്ന രീതി സ്ഥാപനവത്കരിക്കുകയാണോ എന്ന് രാജ്യം വേദനയോടെ, ഞെട്ടലോടെ, ആശ്ചര്യപ്പെടുന്നു.
'നിർഭയ' കേസിനെ തുടർന്ന് നിർമിച്ച നിയമങ്ങളെയും ബോധവത്കരണത്തെയുമൊക്കെ റദ്ദാക്കുന്ന സംഭവങ്ങൾ-'നിർഭയ' സംഭവത്തിെൻറ തന്നെ കൂടുതൽ ക്രൂരമായ ആവർത്തനങ്ങൾ-ഒട്ടേറെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരുഭാഗത്ത് നിയമങ്ങൾ കർശനമാക്കുന്നു; മറുഭാഗത്ത് ഭരണകൂടവും നീതിപീഠവും അവയെ നിർവീര്യമാക്കുന്ന നിലപാടെടുക്കുന്നു. കഴിഞ്ഞദിവസമാണ് കർണാടകയിലൊരു മന്ത്രി യുവതിയോട് തൊഴിലിന് വിലയായി അവളുടെ മാനം ആവശ്യപ്പെട്ട വാർത്ത പുറത്തുവന്നത്.
പരമോന്നത കോടതിയിലെ പരമോന്നത ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെ ഇപ്പോൾ ന്യായമായ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ട സർക്കാർ ജീവനക്കാരനോട് അദ്ദേഹം ചോദിച്ചത്, ഇരയെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്നാണ്. കോടതി വിവാഹ ദല്ലാളാകുന്നതല്ല പ്രശ്നം; പെൺകുട്ടിയുടെ സമ്മതം വിഷയമേ ആകാത്തത് മാത്രവുമല്ല മറിച്ച്, നാട്ടിലെ നിയമമനുസരിച്ച് ശിക്ഷ കിട്ടേണ്ട കുറ്റങ്ങൾ ആരോപിക്കപ്പെട്ടവന് അമിത പരിഗണന നൽകിയതും അതുവഴി ഇരയുടെ ആത്മാഭിമാനം പൊതുവിപണിയിലെ ചരക്കാക്കിയതുമാണ് പ്രശ്നം.
പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പിന്തുടർന്നു അയാൾ; പിടിച്ചുകെട്ടി; പലതവണ പീഡിപ്പിച്ചു; എന്നിട്ട് വിവരം പുറത്തുപറഞ്ഞാൽ ആസിഡ് എറിയുമെന്നും കത്തിക്കുമെന്നും സഹോദരനെ കൊല്ലുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി-ഇങ്ങനെ, ജാമ്യം അർഹിക്കാത്ത അനേകം കുറ്റങ്ങൾ ചെയ്തിട്ടും അയാൾക്ക് കീഴ്കോടതി ജാമ്യമനുവദിച്ചു. എന്നാൽ, ബോംബെ ഹൈകോടതി നിശിതവിമർശനത്തോടെ ജാമ്യം റദ്ദാക്കി.
സുപ്രീംകോടതിയാകട്ടെ, ജാമ്യവും അറസ്റ്റിൽനിന്ന് സംരക്ഷണവും നൽകുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്താൽ സർക്കാർ ജോലി നഷ്ടപ്പെടുമെന്ന പ്രതിയുടെ സങ്കടം കേട്ടപ്പോൾ കോടതി അയാളുടെ ജോലിക്ക് ഇരയുടെ ആത്മാഭിമാനത്തേക്കാൾ വിലകൽപിക്കുകയായിരുന്നു. അവളുടെ അടിസ്ഥാനാവകാശങ്ങളേക്കാൾ അയാളുടെ ജീവിതഭദ്രത പ്രധാനമായി തോന്നുകയായിരുന്നു. ഇതേ സുപ്രീംകോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് തനിക്കെതിരെ ഉയർന്ന ആരോപണം കൈകാര്യം ചെയ്ത രീതിയും ജുഡീഷ്യറിയുടെ വിശ്വാസ്യത ഉയർത്തുകയല്ലല്ലോ ചെയ്തത്.
കഴിഞ്ഞവർഷമാണ്, ഓഫിസിൽവെച്ച് പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ ആരോപണം വിശ്വസിക്കാനാകില്ലെന്ന് കർണാടക ഹൈകോടതിയിലെ ജസ്റ്റിസ് കൃഷ്ണദീക്ഷിത് നിരീക്ഷിച്ചത്. പീഡനത്തെ തുടർന്ന് ഇര ഉറങ്ങിപ്പോയത് ഭാരതീയനാരിക്ക് ചേർന്നതായില്ല എന്നാണ് കാരണം പറഞ്ഞത്; ഈ അഭിപ്രായം പിന്നീട് വിധിയിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു. 2017ൽ സുപ്രീംകോടതി പീഡിതവനിതയെ കുറ്റപ്പെടുത്തിയതും വ്യാപകമായി വിമർശിക്കപ്പെട്ടു.
പ്രായപൂർത്തിയെത്താത്ത ആദിവാസിയെ സ്റ്റേഷനിൽവെച്ച് പീഡിപ്പിച്ച രണ്ടു പൊലീസുകാരെ സുപ്രീംകോടതി വെറുതെവിട്ട 1979ലെ സംഭവത്തിനുശേഷം നാലുപതിറ്റാണ്ടിലേറെയായി ജുഡീഷ്യറി ഇരയെ വിട്ട് വേട്ടക്കാരുടെ ഭാഗം ചേർന്ന നിർഭാഗ്യങ്ങൾ ധാരാളമുണ്ടായി. കഴിഞ്ഞ കൊല്ലം മധ്യപ്രദേശ് ഹൈകോടതി പീഡനക്കേസ് പ്രതിയോട്, ഇരയുടെ വീട്ടിൽചെന്ന് 'രാഖി' കെട്ടി ഉപഹാരം നൽകിയാൽ ജാമ്യം നൽകാമെന്ന് പറഞ്ഞതും രാജ്യം ഞെട്ടലോടെ കേട്ടു.
നിയമം നോക്കിയാൽ പ്രതി വിഷമിക്കും എന്നതിനാൽ നിയമത്തിന് പുറത്തുള്ള ഒത്തുതീർപ്പ് വഴികളാണ് ന്യായാസനങ്ങൾ പോലും പലപ്പോഴും നോക്കുന്നത്. തുടർച്ചയായ പീഡനത്തിനും കൂട്ട പീഡനത്തിനും ഇരയായി, ഒടുവിൽ 'ഖാപ്' പഞ്ചായത്ത് തീർപ്പനുസരിച്ച് വേട്ടക്കാരനെ വിവാഹം കഴിക്കേണ്ടിവരുന്ന പെൺകുട്ടികളുടെ കണ്ണീരോ ആത്മാഭിമാനമോ കുടുംബത്തിെൻറ വേദനയോ നമുക്ക് പ്രശ്നമാകുന്നില്ല.
നിയമം എത്ര ഉണ്ടായിട്ടെന്ത്! മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി കൊടുത്ത അച്ഛനെ പ്രതികൾ വെടിവെച്ച് കൊല്ലുന്നു. ഇതു നടന്ന ഉത്തർപ്രദേശിലെ ഹാഥ്റസിൽ തന്നെയാണ്, ദലിത് പെൺകുട്ടിയെ കൂട്ടമായി പിച്ചിച്ചീന്തി നട്ടെല്ല് തകർത്ത് കൊന്നതും പൊലീസ് ആ കുടുംബത്തെ മാറ്റിനിർത്തി ജഡം കത്തിച്ചുകളഞ്ഞതും. ഉത്തർപ്രദേശിൽ മാത്രം പെണ്ണിെൻറ മാനവും ജീവനുമെടുക്കുന്ന സംഭവങ്ങൾ വാർത്ത പോലുമാകാത്തത്ര പെരുകുന്നു.
രാജസ്ഥാനിലും ഹരിയാനയിലുമൊന്നും സ്ഥിതി ആശാവഹമല്ല. കശ്മീരിൽ ഏഴുവയസ്സുകാരിയെയാണ് കാട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി, മയക്കുമരുന്ന് കൊടുത്ത്, കൂട്ടമായി പീഡിപ്പിച്ച്, ഒടുവിൽ വലിയ പാറക്കല്ലുകൊണ്ടടിച്ച് നരാധമന്മാർ കൊന്നത്. ഓരോ 15 മിനിറ്റിലും ഓരോ സ്ത്രീ ഇന്ത്യയിൽ പീഡനത്തിനിരയാകുന്നുണ്ടത്രെ. നിയമമില്ലാത്തതല്ല പ്രശ്നം. നിയമപാലകരും ന്യായാധിപരും ഇരകളുടെ വേദന അറിയാത്തതാണ്.
നിയമം നിഷ്കർഷിച്ച നടപടികളെടുക്കാതെ വേട്ടക്കാരെൻറ താൽപര്യം കോടതി നോക്കുന്നിടത്ത് നിയമം നിർവീര്യമാക്കപ്പെടുന്നു. സമൂഹം നൽകുന്ന സുരക്ഷയാണ് നിയമത്തേക്കാൾ ശക്തം. അതിന് സമൂഹത്തെ നയിക്കുന്ന മൂല്യബോധം മനുസ്മൃതിക്കപ്പുറത്തേക്ക് വളരണം. ജഡ്ജിമാരുടെ അടക്കം മനസ്സ് വളരണം. പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കോൺസ്റ്റബിളും പരാതിക്കാരിയുടെ ആത്മാഭിമാനത്തിന് വിലയിടുന്ന ജഡ്ജിയും ഉണ്ടാകുേമ്പാൾ ഏതു നിയമമാണ് പെണ്ണിനെ രക്ഷിക്കുക? അസുഖകരമായ ഇത്തരം ചോദ്യങ്ങൾ ഉയർത്തുേമ്പാഴേ വനിതദിനത്തിന് പ്രസക്തിയുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.