അവസരമൊരുക്കിയ കേരള സമ്പദ്ഘടനയുടെ നെട്ടല്ലായി നിൽക്കുന്ന ആ സമൂഹത്തെ പുറംപോക്കിലെറിയരുതേ എന്ന് അപേക്ഷിക്കുന്നത് 'സാമൂഹിക വിരുദ്ധ'മാകുമെങ്കിൽ ആ പ്രവർത്തനം ഇനിയും തുടരാതിരിക്കാനാകില്ല
നോവൽ കൊറോണ വൈറസിന് കീഴടങ്ങിയ മുന്നൂറോളം പ്രവാസി മലയാളികളുടെ 'മുഖചിത്ര ഗാലറി'യുമായി ബുധനാഴ്ച പുറത്തിറങ്ങിയ മാധ്യമം ദിനപത്രം, ഇൗ മഹാമാരിക്കാലത്തെ മനുഷ്യാവകാശങ്ങളെക്കുറിച്ച ചർച്ചകളെ പുതിയൊരു തലത്തിലേക്കെത്തിച്ചിരിക്കുന്നു. ഇതുസംബന്ധിച്ച് ഉയർന്ന പ്രതികരണങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. പ്രവാസികളും അഭ്യുദയകാംക്ഷികളും മാധ്യമത്തിെൻറ തിരുത്ത് നെഞ്ചേറ്റിയപ്പോൾ മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയതും ശ്രദ്ധിക്കപ്പെട്ടു. അനുമതിയും സൗകര്യങ്ങളുമുണ്ടായിട്ടും, മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി പ്രവാസികളുടെ മടക്കം സർക്കാർ അനിശ്ചിതത്വത്തിലാക്കിയതാണ് 'മാധ്യമ'ത്തിെൻറ ഇത്തരമൊരു ഇടപെടലിനിടയാക്കിയത്. വിദേശരാജ്യങ്ങളിലെ കോവിഡ് മരണങ്ങളുടെ പ്രതിയെ തിരയുകയായിരുന്നില്ല, ആ മരണങ്ങൾ പ്രവാസികളിലുളവാക്കിയ ആധിയിൽ നിന്നുയർന്ന പ്രതിഷേധങ്ങളെ അതേപടി ഒപ്പിയെടുക്കുകയായിരുന്നു ആ മുഖത്താൾ.
ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് ഭീഷണിയിൽ ദുരിതത്തിലായ മലയാളികൾക്കു വേണ്ടി മഹാമാരി വ്യാപിച്ചുതുടങ്ങിയപ്പോൾ പ്രധാനമന്ത്രിക്കു കത്തെഴുതി അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത് കേരള മുഖ്യമന്ത്രിയായിരുന്നുവല്ലോ. യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ വിദേശ പൗരന്മാരോട് എത്രയും വേഗം മാതൃരാജ്യേത്തക്ക് തിരിച്ചുപോകാൻ നിർദേശം നൽകിയതാണ്. അതിെൻറ കൂടി അടിസ്ഥാനത്തിലായിരുന്നു പ്രവാസികളുടെ മടക്കം. എന്നാൽ, അന്നത്തെ ആരംഭശൂരത്വം അവിടെ കെട്ടടങ്ങിപ്പോകെ പ്രവാസലോകത്തുനിന്നു പിന്നെയും നിലവിളികളുയർന്നപ്പോൾ അത് ഏറ്റെടുക്കാെത 'മാധ്യമ'ത്തിനു തരമില്ലാതായി. പ്രവാസികൾ മടങ്ങിത്തുടങ്ങിയേപ്പാൾ അപ്രായോഗിക വ്യവസ്ഥകൾ മുേന്നാട്ടുവെച്ച് അതിനു തടയിടുന്ന തരത്തിലായി ഇവിടെ ഭരണകൂടങ്ങളുടെ സമീപനങ്ങൾ.
ജോലിയും വരുമാന മാർഗങ്ങളും നഷ്ടപ്പെട്ട് നാടണയാൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികളുടെ അവസാന പ്രതീക്ഷയും നഷ്ടമാകുന്ന ഘട്ടത്തിൽ, വിഷയം ഇനിയും സങ്കീർണമാക്കാതെ മടക്കത്തിനുള്ള നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ് ഞങ്ങൾ ചെയ്തത്. ഇനിയുമീ നിസ്സംഗത തുടർന്നാൽ ചിത്രഗാലറിയിലേക്ക് കൂടുതൽ മുഖങ്ങൾ ചേർന്നുകൊണ്ടേയിരിക്കുെമന്നു മുന്നറിയിപ്പു നൽകിയതും അതുകൊണ്ടുതന്നെ. അതോടൊപ്പം, കാഴ്ചക്കാരുടെ ഉള്ളകം പൊള്ളിക്കും വിധം പലഭാവങ്ങളിൽ നമ്മെ നോക്കിനിൽക്കുന്ന ആ മുഖങ്ങൾക്കു പിന്നിൽ കണ്ണീരിൽ കുതിർന്നൊരു കുടുംബമുണ്ടെന്ന് ഒാർമിപ്പിക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്.
ഏതായാലും, ആ പ്രതിഷേധം ഫലം കണ്ടിരിക്കുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ, പ്രവാസികളുടെ മടക്കയാത്രക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽനിന്ന് സർക്കാർ പിൻവാങ്ങിയിരിക്കുന്നു. പരിശോധന സൗകര്യം ഇല്ലെങ്കിൽ, പി.പി.ഇ കിറ്റ് മതിയെന്നാണ് പുതിയ തീരുമാനം. ഇൗ തിരുത്ത് സ്വാഗതാർഹം തന്നെയെന്നു പറയുേമ്പാഴും പ്രവാസികളെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഒരു ഭരണകൂടത്തോട് ഇങ്ങനെ കലഹിക്കേണ്ടിവരുന്നത് നിർഭാഗ്യകരം തന്നെയാണ്.
'നാം എത്രമാത്രം കേരളീയരാണോ, അതിനേക്കാൾ കേരളീയരാണ് പ്രവാസികൾ. ഇൗ സുരക്ഷിതമായ മണ്ണ് അവർക്കുകൂടി അവകാശപ്പെട്ടതാെണ'ന്നായിരുന്നല്ലോ മേയ് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചത്. മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികളെയും സ്വീകരിക്കുമെന്നും ചികിത്സക്കും ക്വാറൻറീനും വേണ്ട സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്.
പക്ഷേ, അതൊക്കെ പ്രഖ്യാപനങ്ങൾ മാത്രമാകുതാണ് പിന്നീട് കണ്ടത്. മടങ്ങുന്ന പ്രവാസികൾ സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കണമെന്ന കേന്ദ്രസർക്കുലർ അതുപോലെ ഇവിടെയും നടപ്പാക്കി. എന്നിട്ടും പോക്കറ്റിലെ അവസാന തുണ്ടും ചെലവഴിച്ച് നാട്ടിെലത്തിയ പ്രവാസിക്ക് ക്വാറൻറീൻ ഫീസും നൽകേണ്ടി വന്നു. അപ്പോഴും സന്നദ്ധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ വിമാനങ്ങൾ ചാർട്ടർ ചെയ്യിച്ചു മടങ്ങാനായിരുന്നു അവരുടെ തീരുമാനം. ആശയറ്റ പ്രവാസിയുടെ അവസാന പ്രതീക്ഷയായിരുന്ന ആ വിമാനങ്ങളുടെ ചിറകൊടിക്കുന്നതായിരുന്നു കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ്. ഇൗ ദ്രോഹമാണ് ഞങ്ങൾ ചൂണ്ടിക്കാണിച്ചത്.
ഇതിനെയാണ് മുഖ്യമന്ത്രി ബുധനാഴ്ച 'സാമൂഹിക വിരുദ്ധ പ്രവർത്തനം' എന്നു വിശേഷിപ്പിച്ചത്. നവോത്ഥാനകേരളത്തെയും കേരള മോഡലിനെയും കുറിച്ചു മലയാളിക്ക് ഞെളിഞ്ഞു നിന്നു പറയാൻ അവസരമൊരുക്കിയ കേരള സമ്പദ്ഘടനയുടെ നെട്ടല്ലായി നിൽക്കുന്ന ആ സമൂഹത്തെ പുറംപോക്കിലെറിയരുതേ എന്ന് അപേക്ഷിക്കുന്നത് 'സാമൂഹിക വിരുദ്ധ'മാകുമെങ്കിൽ ആ പ്രവർത്തനം ഇനിയും തുടരാതിരിക്കാനാകില്ല.
തിരുത്തു ചൂണ്ടുന്നവരെ കുത്തിത്തിരുത്തുന്നതിനുപകരം പ്രവാസികളോട് 'സമ്പൂർണ കരുതൽ' പ്രഖ്യാപിച്ച ഭരണകൂടത്തിന് ഇങ്ങനെയൊരു നയവ്യതിയാനം എങ്ങനെ വന്നു എന്നതാണ് ഇൗ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ട കാതലായ വിഷയം. ഇതു പ്രവാസികളുടെ കാര്യത്തിൽ മാത്രം സംഭവിച്ചതാണെന്നു പറഞ്ഞുകൂടാ; കോവിഡ് പ്രതിരോധത്തിൽ പൊതുവായി ഇൗ 'പിന്മടക്കം' കാണാനുണ്ട്.
കോവിഡിെൻറ സാമൂഹിക വ്യാപന സാധ്യത നിലനിൽക്കെയാണ് നയം മാറ്റമെന്നതും ശ്രദ്ധേയമാണ്. ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകൾ വർധിക്കുന്നത് സാമൂഹിക വ്യാപന സൂചനയാണെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്ത് അറുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. രോഗികളിൽ 69 ശതമാനവും വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി ബുധനാഴ്ച ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. താരതമ്യേന കുറഞ്ഞ കേസുകൾ നിലനിന്ന സമയത്ത് കൈകൊണ്ട മുൻകരുതലുകളും ജാഗ്രതയും പതിന്മടങ്ങ് വേണ്ട സമയമാണിത്.
അതൊന്നും കാണുന്നില്ലെന്ന് മാത്രമല്ല പൊതുവിൽ ഒരു നിസ്സംഗത നിഴലിച്ചു നിൽക്കുന്നുമുണ്ട്. അന്തർസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമായി ആയിരങ്ങളാണ് ദിനം പ്രതി കേരളത്തിലെത്തുന്നത്. ക്വാറൻറീൻ അടക്കമുള്ള നിരീക്ഷണ ഘട്ടം കൂടുതൽ ഉദാരമാക്കുകയാണ് ഇൗ ഘട്ടത്തിൽ ചെയ്തിരിക്കുന്നത്. ഇത് കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച 'കോവിഡ് പ്രതിരോധ മാതൃക'യിൽനിന്നുള്ള പിന്നാക്കം പോക്കാണ്. ഇൗ മാതൃകയുടെ പേരിലാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ലോകത്തിെൻറ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതും െഎക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ നിറഞ്ഞുനിന്നതും.
ഇൗ സർക്കാറും ആരോഗ്യ മന്ത്രിയും അർഹിക്കുന്ന അംഗീകാരം തന്നെയാണിത്. ആ നേട്ടങ്ങളെ ആലോചനയില്ലാത്ത തീരുമാനങ്ങളിലൂടെ സ്വയം റദ്ദുചെയ്യുന്നത് സർക്കാറിനും ജനങ്ങൾക്കും ഭൂഷണമാകില്ല. കൃത്യമായ ആസൂത്രണങ്ങളല്ല, വൈകാരികവും 'ജനപ്രിയ'വുമായ തീരുമാനങ്ങളാണ് അധികാരികളെ നയിക്കുന്നതെങ്കിൽ കൊട്ടിഘോഷിക്കപ്പെടുന്ന 'കേരള മോഡലി'ന് അധികം ഭാവിയുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.