പെഗസസ്: രാജ്യസുരക്ഷ തന്നെയാണ് വിഷയം




മറ്റു പല രാജ്യങ്ങളെയുംപോലെ ഇന്ത്യയെയും ഇസ്രായേൽ വിലക്കു വാങ്ങിയോ? പെഗസസ് ചാരവിദ്യ ഇന്ത്യക്കാർക്കെതിരെ പ്രയോഗിക്കാനിടയാക്കിയ രഹസ്യ ഇടപാടിനെക്കുറിച്ചും അതിനു വിലയായി ഒടുക്കേണ്ടിവന്ന രാജ്യതാൽപര്യങ്ങളെക്കുറിച്ചും 'ന്യൂയോർക് ടൈംസ്' ലേഖകർ ഒരു വർഷത്തെ അന്വേഷണത്തിനുശേഷം പുറത്തുവിട്ട വിവരങ്ങൾ മുമ്പ് ഉയർന്ന ആശങ്കകളെ ബലപ്പെടുത്തുന്നു. 2017ൽ 200 കോടി ഡോളറിന്റെ (1500 കോടി രൂപ) ഇന്ത്യ-ഇസ്രായേൽ പ്രതിരോധ ഇടപാടിലെ മുഖ്യഘടകങ്ങൾ പെഗസസ് ചാര സോഫ്റ്റ് വെയറും മിസൈൽ സംവിധാനങ്ങളുമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. പെഗസസ് നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നാണ് പാർലമെന്റിൽ മോദി സർക്കാർ പറഞ്ഞത്. 'ന്യൂയോർക് ടൈംസ്' പത്രത്തിലെ റിപ്പോർട്ടാണ് ശരിയെങ്കിൽ സർക്കാർ നിയമവിരുദ്ധ ഇടപാട് നടത്തിയെന്നു മാത്രമല്ല, അതിനെപ്പറ്റി രാജ്യത്തോടും കോടതിയോടും കള്ളം പറഞ്ഞു എന്നുകൂടിയാണ് അർഥമാവുക. ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവും ഈ ഇടപാടിൽ നേരിട്ടു പങ്കാളികളാണെന്ന് 'ടൈംസ്' പറയുന്നു. മോദി ഇസ്രായേൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് കച്ചവടം നടന്നതത്രെ. പെഗസസ് ചാരസൂത്രം ഉപയോഗിച്ച് ഇന്ത്യയിൽ പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, സുപ്രീംകോടതി ജഡ്ജിമാർ എന്നിവരടക്കം അനേകം പേരുടെ ഫോണുകൾ ഹാക്ക് ചെയ്ത് വ്യക്തിഗത രഹസ്യങ്ങളടക്കം ചോർത്തി എന്നത് മുമ്പേ വെളിപ്പെട്ടതാണ്. എന്നാൽ, അതിൽ സർക്കാറിന്റെ പങ്ക് ബന്ധപ്പെട്ടവർ നിഷേധിക്കുകയായിരുന്നു. ഇരയാക്കപ്പെട്ട മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതിയാണ് പൊതുചർച്ചയിൽ വിഷയം സജീവമാക്കിയത്. കേസ് കേൾക്കുമ്പോൾ സർക്കാറിനോട് കോടതി ചോദിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. ആരോപണങ്ങൾ അവ്യക്തമായി നിഷേധിച്ച സർക്കാർ, പക്ഷേ, അക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ തയാറില്ല എന്നറിയിക്കുകയായിരുന്നു. ഇന്ത്യ-ഇസ്രായേൽ ഇടപാടിനെപ്പറ്റി ഇരുസർക്കാറുകളും മൗനംപാലിക്കുന്നതിന് അർഥം, അത് സ്പഷ്ടമായി നിഷേധിക്കാൻ കഴിയുന്നില്ല എന്നുതന്നെയാണല്ലോ.

'ദേശീയ സുരക്ഷാ താൽപര്യ'മെന്ന ഒറ്റമൂലിയുമായി എല്ലാ ചോദ്യങ്ങളെയും തടുക്കാമെന്ന സർക്കാർ നിലപാടിനെ സുപ്രീംകോടതി ഒരു ഘട്ടത്തിൽ വിമർശിച്ചു: ''ദേശസുരക്ഷാവാദം ഉയർത്തി ഓരോ കാര്യത്തിലും ഫ്രീപാസ് നേടാമെന്ന വിചാരമൊന്നും ഭരണകൂടത്തിന് വേണ്ട. എല്ലാം അടച്ചുള്ള ഒരു നിരോധനവും കോടതിയുടെ പരിശോധനക്കെതിരെ പറ്റില്ല'' എന്ന് ജഡ്ജിമാർക്ക് പറയേണ്ടിവന്നു. വിശദാന്വേഷണത്തിന് സുപ്രീംകോടതി നേരിട്ട് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഇപ്പോൾ 'ന്യൂയോർക് ടൈംസി'ൽ വന്ന അധിക വിവരങ്ങൾ ശരിയാണെങ്കിൽ ദേശസുരക്ഷക്ക് താങ്ങായിട്ടല്ല, അതിനെ അപായപ്പെടുത്തുന്ന വിദ്രോഹനടപടിയായാണ് ചാരസൂത്ര ഇടപാടിനെ വിലയിരുത്തേണ്ടിവരുക. പെഗസസ് എന്ന സോഫ്റ്റ് വെയർ സർക്കാറുകൾക്കു മാത്രമേ വിൽക്കൂ എന്ന് എൻ.എസ്.ഒ മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന് പാകത്തിൽ ഇസ്രായേലി നിയമം രൂപപ്പെടുത്തിയ അവിടത്തെ സർക്കാറാകട്ടെ, അത് സയണിസ്റ്റ് രാഷ്ട്രത്തിന്റെ താൽപര്യങ്ങൾ നിവർത്തിക്കാനാണ് ഉപയോഗിച്ചുവരുന്നതെന്ന് 'ന്യൂയോർക് ടൈംസ്' വിശദമായി വിവരിക്കുന്നുണ്ട്. രണ്ടുതരത്തിൽ ഇത് വിവിധ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുണ്ട്. ഒന്ന്, സ്മാർട്ട്ഫോണിൽ ക്ഷണിക്കാതെ കയറിയിരിക്കുന്ന ചാര സോഫ്റ്റ് വെയർ വ്യക്തിഗത സ്വകാര്യങ്ങളടക്കം ചോർത്തിയെടുക്കുന്നു. ഇസ്രായേലി സാ​ങ്കേതികവിദ്യയായതിനാൽ ആ രാജ്യത്തിനുകൂടി അത് ലഭ്യമാകില്ല എന്ന് തീർച്ച പറയാൻ കഴിയില്ലതാനും. അതാണ് സ്ഥിതിയെങ്കിൽ അതിനർഥം, സ്വന്തം ജനങ്ങളെ വിദേശരാജ്യത്തിന്റെ ചാരപ്പണിക്ക് വിട്ടുകൊടുത്തു എന്നാകും. ഇക്കാര്യം വിദഗ്ധരാണ് വ്യക്തമാക്കേണ്ടത്. അതേസമയം, മറ്റൊരു സുരക്ഷാഭീഷണി ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. നമ്മുടെ രാജ്യത്തിന്റെ ചിരകാല വിദേശനയവും രാജ്യാന്തര ബന്ധങ്ങളും താത്ത്വിക നിലപാടുമെല്ലാം ഒറ്റ ഇടപാടിനുവേണ്ടി ബലികഴിച്ചു എന്നതാണത്.

വിവിധ രാജ്യങ്ങളിലെ ജനവിരുദ്ധ ഭരണകൂടങ്ങൾക്ക് അതത് ജനതകളെ അടിച്ചമർത്താനുള്ള ഉപകരണമായാണ് പെഗസസ് ഏറെയും ഉപയോഗിക്കപ്പെട്ടതെന്ന് 'ന്യൂയോർക് ടൈംസ്' ലേഖകർ സമർഥിക്കുന്നുണ്ട്. ലാറ്റിനമേരിക്കൻ, അറബ് രാജ്യങ്ങളെ ഫലസ്തീൻ അനുകൂല നിലപാടിൽനിന്ന് മാറ്റാൻ ഇത് ഇസ്രായേൽ ഉപയോഗിച്ചിട്ടുണ്ട്. യു.എന്നിൽ മെക്സികോയും പാനമയും മറ്റും ഫലസ്തീനെ വിട്ട് ഇസ്രായേലിനെ വരിച്ചത് അങ്ങനെയാണ്. ഫലസ്തീൻ മനുഷ്യാവകാശ സംഘടനക്ക് നിരീക്ഷകപദവി നിഷേധിക്കാൻ ഇസ്രായേലിനെ ഇന്ത്യ പിന്തുണച്ചതും പെഗസസ് ഇടപാടിനുശേഷമാണ്. ആ ഇടപാടിനെപ്പറ്റി പാർലമെന്റിൽ ചർച്ച നടത്താൻ മോദി സർക്കാർ തയാറായിട്ടില്ല. കോടതിയിൽ സത്യവാങ്മൂലം നൽകാൻ വിസമ്മതിക്കുന്നു. സ്വന്തം ജനതയെയും ജനായത്ത സ്ഥാപനങ്ങളെയും അപായപ്പെടുത്തിക്കൊണ്ടാണ് പെഗസസ് ഇടപാട് നടന്നതെന്ന് ഇതിൽനിന്ന് അനുമാനിക്കേണ്ടിവരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടലാണ് രാജ്യസുരക്ഷയെയും ജനാധിപത്യത്തെയും മാനിക്കുന്നവർക്ക് ആശ്വാസമായുള്ളത്. 'ന്യൂയോർക് ടൈംസി'ന്റെ വെളിപ്പെടുത്തലോടെ, കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രസക്തിയും പ്രാധാന്യവും വർധിച്ചിരിക്കുന്നു. രാജ്യവാസികളുടെയും രാജ്യത്തിന്റെയും സുസ്ഥിതിയും സുരക്ഷയും ഉറപ്പുവരുത്താൻ ജുഡീഷ്യറിക്ക് കഴിയുമെന്നും ജനാധിപത്യത്തിന്റെ മർമമായ സുതാര്യത വീണ്ടെടുക്കപ്പെടുമെന്നും ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നു.

Tags:    
News Summary - jan 31st editorial on pegasus deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.