മാധ്യമപ്രവർത്തനം ആരോഗ്യത്തിന് ഹാനികരം


മലയാളി മാധ്യമപ്രവർത്തകനും കേരള യൂനിയൻ ഓഫ് വർക്കിങ്​ ജേണലിസ്​റ്റി​െൻറ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്ത ഉത്തർപ്രദേശ് പൊലീസിെൻറ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഒക്ടോബർ അഞ്ചിനാണ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യു.പിയിലെ ഹാഥറസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ സിദ്ദീഖിനെ പൊലീസ്​ പിടികൂടുന്നത്.

ഐ.പി.സി 124-എ, യു.എ.പി.എയിലെ സെക്​ഷൻ 14,17, ഇൻഫർമേഷൻ ടെക്നോളജി ആക്​ടിലെ സെക്​ഷൻ 67, 72, 76 എന്നീ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യ​േദ്രാഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന്​ ഫണ്ട് സമാഹരിക്കൽ എന്നിവയാണ് ചുമത്തപ്പെട്ട കുറ്റങ്ങൾ. ഹാഥറസിലെ പെൺകുട്ടിയുടെ ദാരുണാന്ത്യവും ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ അതിനോട് പുലർത്തിയ അങ്ങേയറ്റം പിന്തിരിപ്പൻ നിലപാടും അന്തർദേശീയ മാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്തതാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ സംഭവസ്​ഥലം സന്ദർശിക്കുക സ്വാഭാവികം. എന്നാൽ, അതിെൻറ പേരിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി അറസ്​റ്റ്​ ചെയ്യുന്നത് അത്യന്തം ഗൗരവതരമാണ്. എന്തുമാത്രം ഭീകരമായാണ് യു.പിയിൽ പൊലീസ്​ രാജ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതിെൻറ സാക്ഷ്യമാണിത്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സാമൂഹികപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, സന്നദ്ധസംഘടനകൾ, അക്കാദമീഷ്യന്മാർ, ബുദ്ധിജീവികൾ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിൽ പലവിധത്തിൽ ഇടപെടുന്നവരെ ലക്ഷ്യം വെച്ച് നടക്കുന്ന ആസൂത്രിത വേട്ടയുടെ വാർത്തകൾ നാമേറെ കേട്ടതാണ്. അതേക്കുറിച്ച് ഈ കോളത്തിൽ പലകുറി എഴുതിയിട്ടുണ്ട്. ഭീമ കൊറേഗാവ് സംഭവത്തെ മുൻനിർത്തി രാജ്യത്തെ മുൻനിര യൂനിവേഴ്സിറ്റികളിലെ അധ്യാപകരടക്കം ഒരു ഡസനോളം ആളുകളെ കേസിൽ പെടുത്തി അകത്തിട്ട് വേട്ടയാടിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. അത്തരം നീക്കങ്ങളുടെ തുടർച്ചയായി മാത്രമേ സിദ്ദീഖ് കാപ്പനെതിരായ നടപടിയെയും കാണാൻ സാധിക്കൂ.

യു.പിയിലെ മുസഫർ നഗർ സ്വദേശിയായ അതീഖ് റഹ്​മാൻ, ബഹ്​റായിച്ച് സ്വദേശി മസൂദ് അഹ്​മദ്, ഇവരുടെ ൈഡ്രവറും റാംപുർ സ്വദേശിയുമായ ആലം എന്നിവരും സിദ്ദീഖിനൊപ്പം അറസ്​റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ മസൂദ് അഹ്​മദും അതീഖ് റഹ്​മാനും കാമ്പസ്​ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ മുൻനിര പ്രവർത്തകരാണ്. സിദ്ദീഖിനെതിരായ പൊലീസ്​ നടപടിയെ ന്യായീകരിക്കുന്നവർ/ അതിനെ എതിർക്കാത്തവർ ഉന്നയിക്കുന്ന പ്രധാനപ്പെട്ടൊരു കാര്യമാണിത്. മാധ്യമപ്രവർത്തകൻ ഏതെങ്കിലും സംഘടനയുടെ പ്രവർത്തകരുമായി ഇടപഴകരുതെന്നോ ഒപ്പം യാത്രചെയ്യരുതെന്നോ നാട്ടിൽ നിയമമില്ല.

രാഹുൽ ഗാന്ധിപോലും എത്തിപ്പെടാൻ ഏറെ പ്രയാസപ്പെട്ട സ്​ഥലമാണ് ഹാഥറസ്​. അങ്ങനെയൊരു സ്​ഥലത്തേക്ക് യു.പിക്കാരായ രണ്ടു പേരോടൊപ്പം പോകാൻ മലയാളിയായ സിദ്ദീഖ് തീരുമാനിച്ചെങ്കിൽ അതിൽ പൊലീസ്​ ഇടപെടേണ്ട കാര്യമില്ല. ഈ സഹയാത്രികരാവട്ടെ, ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതികളോ പൊലീസ്​ അന്വേഷിക്കുന്നവരോ അല്ല. കാമ്പസ്​ ഫ്രണ്ടോ മാതൃസംഘടനയായ പോപുലർ ഫ്രണ്ടോ നിരോധിത സംഘടനകളുമല്ല. അങ്ങനെയിരിക്കെ, പൊലീസ്​ നടപടിക്ക് സാധുത നൽകാൻ ഈ സംഘടനകളുടെ പേര് വലിച്ചിടുന്നത് ഭരണകൂട ഭീകരതയെ മുഖാമുഖം നേരിടാനുള്ള ഭയം കൊണ്ടു മാത്രമാണ്. പ്രതിശബ്​ദങ്ങളെ ഇല്ലാതാക്കാൻ അധീശശക്തികൾ എപ്പോഴും മുന്നോട്ടുവെക്കുന്ന ന്യായങ്ങളിൽ ചിലത് മാത്രമാണത്. സിദ്ദീഖ് കാപ്പനെ മാത്രമല്ല, ദുർനിയമങ്ങൾ ചുമത്തി അന്യായമായി അറസ്​റ്റ്​ ചെയ്യപ്പെടുന്ന മുഴുവൻ പേരെയും മോചിപ്പിക്കുക എന്നതുതന്നെയാണ് ഇത്തരം സന്ദർഭങ്ങളിൽ ഉയർത്തേണ്ട ഏറ്റവും ശരിയായ രാഷ്​ട്രീയ പ്രസ്​താവന. അങ്ങനെയൊരു ശബ്​ദമുയർത്താൻ അശക്തരായവർക്ക് ഭരണകൂട ഭീകരതക്കെതിരെ സമരം രൂപപ്പെടുത്താൻ സാധിക്കുകയില്ല. ഭരണകൂടത്തിെൻറ വിരട്ടലുകളെ ഭയക്കുന്നവരാണവർ.

'റിപ്പോർട്ടേഴ്സ്​ സാൻസ്​ േഫ്രാണ്ടിയേർസ്​' എന്ന മാധ്യമപ്രവർത്തകരുടെ സാർവദേശീയസംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം മാധ്യമ സ്വാതന്ത്ര്യപ്പട്ടികയിൽ ഇന്ത്യയുടെ സ്​ഥാനം 180ൽ 142 ആണ്. അതായത്, 38 പോയൻറുകൾ കൂടി മുന്നിട്ടാൽ ഏറ്റവും പിറകിലുള്ള ഉത്തര കൊറിയയുടെ ഒപ്പമെത്താൻ സാധിക്കും. ഹാഥറസിലെ പെൺകുട്ടിയെ മാധ്യമപ്രവർത്തകരെയും രാഷ്​ട്രീയ പ്രവർത്തകരെയും കാണാൻ അനുവദിക്കാതെ ദിവസങ്ങളോളം വീട്ടുതടങ്കലിലിട്ട സർക്കാറാണ് യു.പിയിലേത്. വലിയ പ്രതിഷേധങ്ങൾക്കു ശേഷമാണ് രാഹുൽ ഗാന്ധിക്കും സംഘത്തിനു പോലും അവിടെ എത്തിപ്പെടാൻ സാധിച്ചത്.

അത്തരമൊരു അവസ്​ഥയിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള അത്രയൊന്നും അറിയപ്പെട്ടിട്ടില്ലാത്ത ഒരു മാധ്യമപ്രവർത്തകന് അവിടെ എത്തിച്ചേരുക എന്തുമാത്രം ശ്രമകരമായിരിക്കും എന്ന് ഓർക്കാവുന്നതേയുള്ളൂ. അങ്ങനെയൊരാളെപ്പോലും ഭരണകൂടം ഈവിധം വേട്ടയാടുന്നുവെങ്കിൽ എന്തുമാത്രം കർക്കശമാണ് അതിെൻറ രീതികളെന്ന് മനസ്സിലാക്കാം. ദുർബലനായ ഒരാളെ/സംഘത്തെ/സ്​ഥാപനത്തെ പിടികൂടുമ്പോൾ വലിയ എതിർശബ്​ദങ്ങളുണ്ടാവില്ലെന്ന് ഭരണകൂടത്തിനറിയാം. പക്ഷേ, പിന്നീട് ശക്തരെ കൂടി പിടികൂടാനുള്ള മുന്നൊരുക്കമാണ് അതെന്ന് എല്ലാവരും മനസ്സിലാക്കുന്നത് നന്ന്. ശബ്​ദിച്ചുകൊണ്ടേയിരിക്കുക എന്നതുതന്നെയാണ് ഇക്കാലത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം നിലനിൽക്കാനുള്ള ഏറ്റവും വലിയ മുന്നുപാധി.

Tags:    
News Summary - Journalism harmful to health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.