ഇന്ത്യയിലെ ഏറ്റവും പ്രബലമായ അർധസൈനിക പ്രസ്ഥാനമായ ആർ.എസ്.എസിെൻറ വാർഷികത്തിെൻറ ഭാഗമായി, വിജയദശമിദിനമായ സെപ്റ്റംബർ 30ന് സംഘടനയുടെ പരമാധ്യക്ഷൻ മോഹൻ ഭാഗവത് നാഗ്പുരിലെ ആസ്ഥാനത്ത് നടത്തിയ പ്രഭാഷണം വിശകലനമർഹിക്കുന്നതാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർ.എസ്.എസിെൻറ പരമാധ്യക്ഷൻ മുന്നോട്ടുവെക്കുന്ന നിലപാടുകൾക്ക് ഭരണത്തിൽ സ്വാധീനമുണ്ടാവുക സ്വാഭാവികമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇത്തവണയും മോഹൻ ഭാഗവതിെൻറ പ്രഭാഷണം തത്സമയം സംേപ്രഷണം ചെയ്തതിൽനിന്നുതന്നെ കേന്ദ്ര സർക്കാർ എന്തുമാത്രം ആർ.എസ്.എസിന് വിധേയപ്പെട്ടാണിരിക്കുന്നതെന്ന് മനസ്സിലാക്കാം. വിവിധ വിഷയങ്ങൾ ഭാഗവതിെൻറ വാർഷിക പ്രഭാഷണത്തിൽ വിഷയീഭവിച്ചിട്ടുണ്ട്. അതിൽ കേരളവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളാണ് ഇവിടെ വിശകലനംചെയ്യുന്നത്.
ബംഗാളും കേരളവും രാഷ്ട്രവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും സ്വാധീനത്തിനു കീഴിലാണെന്നും അവരെ പിന്തുണക്കുന്ന സമീപനമാണ് അതത് സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നതെന്നുമാണ് ആർ.എസ്.എസ് അധ്യക്ഷെൻറ ആരോപണം. ‘‘ബംഗാളിലെയും സാഹചര്യം എല്ലാവർക്കും അറിയാം. ഇവിടെ ജിഹാദി ശക്തികൾ സജീവമാണ്. ജനങ്ങൾ ഇവയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും സർക്കാറുകൾ കടമ നിർവഹിക്കുന്നില്ല. ഈ സർക്കാറുകളും രാഷ്ട്രീയവത്കരിക്കപ്പെട്ട ഭരണസംവിധാനവും നിക്ഷിപ്തതാൽപര്യ സംരക്ഷണത്തിനായി ജിഹാദി ശക്തികൾക്ക് പിന്തുണ നൽകുകയാണ്’’ -ഇങ്ങനെ പോകുന്നു ഭാഗവതിെൻറ വാക്കുകൾ. ആർ.എസ്.എസ് നേതാവിെൻറ വിജയദശമി പ്രഭാഷണത്തിലെ കേവലമായ ചില വാചകങ്ങൾ മാത്രമല്ല ഇത്. കേരളത്തെക്കുറിച്ച് ദേശീയതലത്തിൽ സംഘ്പരിവാറും ചില മാധ്യമങ്ങളും വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളെ അടിവരയിടുക മാത്രമാണ് മോഹൻ ഭാഗവത് ചെയ്തിരിക്കുന്നത്.
കേരളം ജിഹാദികളുടെ താവളമാണെന്ന മട്ടിൽ നിരന്തരം വ്യാജ വാർത്തകൾ പടച്ചുവിടുകയും അപസ്മാര രോഗം ബാധിച്ചവരെപ്പോലുള്ള അവതാരകരെക്കൊണ്ട് അതിന്മേൽ രാത്രിചർച്ച നടത്തിക്കുകയുമാണ് കുറച്ചുകാലമായി ഏതാനും ഇംഗ്ലീഷ് ടെലിവിഷൻ ചാനലുകൾ. ലവ് ജിഹാദ്, നിർബന്ധ മതപരിവർത്തനം, സിറിയയിലേക്കുള്ള കടത്ത് തുടങ്ങിയ നിരവധി വിഷയങ്ങളിൽ കള്ളവും അർധസത്യങ്ങളും ചേർത്തുള്ള വാർത്തകൾ പടച്ചുവിട്ടതിന് കണക്കില്ല. കാസർകോട്ടെ ഒരു പ്രദേശത്ത് നാട്ടുകാർ അവരുടെ തെരുവിന് ഗസ്സ സ്ട്രീറ്റ് എന്നു പേരിട്ടത്, തെരുവുകൾ ജിഹാദികൾ കീഴടക്കുന്നതിെൻറ തെളിവായാണ് ഒരു ഇംഗ്ലീഷ് ചാനൽ അവതരിപ്പിച്ചത്. ഗൗരി ലങ്കേഷിെൻറ കൊലയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അവതരിപ്പിച്ച തെരുവുനാടകത്തിൽനിന്നുള്ള ദൃശ്യങ്ങൾ കാണിച്ച് കേരളത്തിലെ ‘ഇടതുപക്ഷ മുസ്ലിംകൾ’ ഹിന്ദു സ്ത്രീയെ കൊല്ലുന്നുവെന്ന് എഴുതിക്കാണിച്ച് സംേപ്രഷണം ചെയ്തു, ഒരു ഹിന്ദി ചാനൽ! മിക്കവാറും ആഴ്ചയിൽ ഒരു ദിവസമെങ്കിലും കേരളവുമായി ബന്ധപ്പെട്ട ചർച്ച ‘ദേശീയ’ ചാനലുകളിൽ പതിവാണ്. കേരളത്തെക്കുറിച്ച് മോശം പ്രതിച്ഛായ ദേശീയതലത്തിൽ സൃഷ്ടിക്കാനുള്ള ബോധപൂർവമായ പദ്ധതികളാണ് നടക്കുന്നതെന്നാണ് മനസ്സിലാവുന്നത്. ‘ചുവപ്പ്-ജിഹാദി ഭീകരത’ക്കെതിരെ ‘എല്ലാവർക്കും ജീവിക്കണം’ എന്ന മുദ്രാവാക്യവുമായി ജാഥ നടത്താൻ ബി.ജെ.പി തീരുമാനിച്ചതും ഇതിെൻറ ഭാഗംതന്നെ. ആർ.എസ്.എസ് പരമാധ്യക്ഷെൻറ പ്രഭാഷണവും ഈ പദ്ധതിയുടെ ഭാഗംതന്നെയാണ്. അതായത്, കേരളം ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത, ഇടതു-ജിഹാദി ഭീകരവാദികളുടെ സ്വർഗഭൂമിയായി മാറിയിരിക്കുന്നു എന്നതാണ് പ്രചാരണങ്ങളുടെ ചുരുക്കം.
ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി സംഘ്പരിവാർ രാഷ്ട്രീയത്തിന് മേൽക്കൈ നേടാൻ സാധിച്ചിട്ടില്ലാത്ത ഇടമാണ് കേരളം. വിവിധ മതസമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന സ്നേഹസൗഹാർദ ബന്ധങ്ങളാണ് അതിെൻറ പ്രധാന കാരണം. അതിനാൽതന്നെ, തങ്ങളുടെ രാഷ്ട്രീയത്തെ വിജയിപ്പിക്കാൻ കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തിൽ അസ്വസ്ഥത വിതക്കണമെന്ന് സംഘ്പരിവാർ വിചാരിക്കുന്നു. അതിനാവശ്യമായിട്ടുള്ള സാഹചര്യമൊരുക്കലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കേരളം ‘റെഡ്-ജിഹാദി’കളുടെ വിളനിലമാെണന്ന പ്രചാരണത്തിന് പലവിധ ലക്ഷ്യങ്ങളുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തിൽ അസ്വസ്ഥതയും മുസ്ലിംവിരുദ്ധതയും കുത്തിനിറച്ച് രാഷ്ട്രീയനേട്ടം കൊയ്യലാണ് ഒന്ന്. രണ്ടാമത്, ഈ പുകമറ സൃഷ്ടിച്ച് തങ്ങളുടെ വിധ്വംസക രാഷ്ട്രീയം മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്. മതംമാറിയതിെൻറ പേരിൽ ആളുകളെ കൊല്ലുക എന്ന പണി സംസ്ഥാനത്ത് ചെയ്ത/ചെയ്യുന്ന ഏകകക്ഷി ആർ.എസ്.എസാണ്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷവും മതംമാറിയതിെൻറ പേരിൽ അവർ ഒരാളെ കൊന്നുകളഞ്ഞു- കൊടിഞ്ഞി ഫൈസൽ.
ഇതരമതത്തിൽനിന്ന് കല്യാണംകഴിച്ചവരും മതംമാറിയവരുമായ പെൺകുട്ടികളെ പീഡിപ്പിച്ച് ‘മനംമാറ്റാൻ’ വേണ്ടി നടത്തപ്പെടുന്ന ഘർ വാപസി തടങ്കൽപാളയങ്ങളെക്കുറിച്ച വാർത്തകൾ വന്നത് കഴിഞ്ഞയാഴ്ചയാണ്. ജിഹാദികൾക്കെതിരായ പ്രചാരണങ്ങളുടെ മറപിടിച്ച് ഇത്തരം വിധ്വംസകപ്രവൃത്തികൾ അവർ അനുസ്യൂതം മുന്നോട്ടുകൊണ്ടുപോവുകയാണ്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽനിന്ന് സർക്കാറിനെ തടയുക എന്ന തന്ത്രവും ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലുണ്ട്. അതിൽ അവർ ഒരു പരിധിവരെ വിജയിക്കുന്നുമുണ്ട് എന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്. ഘർ വാപസി പീഡനകേന്ദ്രങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കാത്തതും ഇടതുപക്ഷ യുവജന, മഹിളാ സംഘടനകൾപോലും വിഷയത്തിൽ ഇടപെടാത്തതും ഇതാണ് കാണിക്കുന്നത്. അതായത്, പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ സംസ്ഥാന സർക്കാറിനെ സമ്മർദത്തിലാക്കി വിപത്കരമായ അജണ്ടകളുമായി അവർ മുന്നോട്ടുപോവുകയാണ്. അവക്കു മുന്നിൽ അന്ധാളിച്ചു നിൽക്കാൻ മാത്രമേ സംസ്ഥാന സർക്കാറിന് കഴിയുന്നുള്ളൂ എന്നതാണ് ദൗർഭാഗ്യകരമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.