പ്രവാസി പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുത്

പശ്ചിമേഷ്യയില്‍ സംഭവിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പരിണാമങ്ങള്‍ക്ക് ഏറ്റവും വിലകൊടുക്കേണ്ടിവരുന്ന സംസ്ഥാനമാണ് കേരളമെന്നത് ഗവേഷണം ചെയ്തു സ്ഥാപിക്കേണ്ടതില്ലാത്തവണ്ണം സുവ്യക്തമായ വസ്തുതയാണ്. 30 ലക്ഷത്തിലധികം മലയാളികള്‍ ജോലിയെടുക്കുന്ന, ഒരുലക്ഷം കോടിയോടടുത്ത് രൂപ നാട്ടിലേക്ക് എത്തിക്കുന്ന പ്രവാസികളുടെ തൊഴില്‍ സുരക്ഷയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ അഭിമുഖീകരിക്കാന്‍ കേരള സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് ലോകബാങ്ക് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെയും വടക്കേ ആഫിക്ക്രന്‍ രാജ്യങ്ങളിലേയും 2016-17 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാതിയിലെ സാമ്പത്തിക വളര്‍ച്ച അവലോകനം ചെയ്ത് തയാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്. ജി.സി.സി രാജ്യങ്ങളിലെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 2.2 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015ലെ വളര്‍ച്ചയേക്കാള്‍ കുറവാണിത്്. അതുകൊണ്ടുതന്നെ, എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെയേ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.

അതിനാല്‍, അതിനുള്ള മാര്‍ഗങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ അടിവരയിട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ലോകബാങ്ക്. സൗദിയും ഒമാനും നടപ്പാക്കുന്ന പുതിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ പതുക്കെ വിപണിയെ സ്വാധീനം ഉളവാക്കുമെന്ന പ്രത്യാശയും നല്‍കുന്നുണ്ട് റിപ്പോര്‍ട്ട്. അതായത്, സ്വദേശിവത്കരണം, സബ്സിഡികള്‍ ഒഴിവാക്കല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതിയേര്‍പ്പെടുത്തല്‍, പണത്തിന്‍െറ വിനിമയം രാജ്യത്തിന്‍െറ ആഭ്യന്തരതലത്തില്‍ വര്‍ധിപ്പിക്കാനാവശ്യമായ സംവിധാനങ്ങളും നിയമനടപടികളും സ്വീകരിക്കല്‍ തുടങ്ങിയ പരിഷ്കരണങ്ങള്‍ക്ക് ഗതിവേഗമുണ്ടാക്കുന്നതിന് പ്രചോദകമാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെന്ന് ചുരുക്കം.

സാമ്പത്തിക ഉപരോധത്തില്‍നിന്ന് മുക്തമായതോടെ ഇറാന്‍ സ്വീകരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ സമീപനം ഗള്‍ഫ് രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളില്‍നിന്ന് വിഭിന്നവും മേഖലയെ സംഘര്‍ഷഭരിതമാക്കുന്നതുമാണ്. ഇറാനും ജി.സി.സി രാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷം മേഖലയില്‍ പുതിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന  ആശങ്ക പ്രബലമാകുകയാണ്. ഇറാന്‍ പിന്തുണക്കുന്ന യമനിലെ ഹൂതികളും സൗദിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മേഖലയിലെ വിഭാഗീയത മൂര്‍ച്ഛിപ്പിക്കാനും കാരണമായിട്ടുണ്ട്. ഹൂതികള്‍ റഷ്യന്‍ നിര്‍മിത സ്കഡ് മിസൈലുകള്‍ മക്കയുടെ നേരെ തൊടുത്തുവിട്ടത് അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് ഉപയോഗിച്ച് സൗദി കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. മക്കയുടെ നേര്‍ക്കുള്ള ആക്രമണശ്രമത്തില്‍ ഒറ്റക്കെട്ടായാണ് ജി.സി.സി രാജ്യങ്ങള്‍ പ്രതിഷേധിച്ചത്. സിറിയയിലെയും യമനിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ ജി.സി.സി രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായി ഇടപെടുകയാണെങ്കില്‍ പ്രവാസികളുടെ ജീവസന്ധാരണത്തെ കൂടുതല്‍ കലുഷമാക്കുന്നതിലേക്കായിരിക്കും അവ നയിക്കുക.

വരുന്ന പത്ത് വര്‍ഷത്തേക്ക് എണ്ണ വില ബാരലിന് 70ല്‍ കൂടുതല്‍ ഡോളറിന് മുകളില്‍ വരാന്‍ ഒരു സാധ്യതയുമില്ളെന്നും പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തെറ്റിയാല്‍ ബാരലിന്‍െറ വില 1990കളിലെ ശരാശരി വിലയായിരുന്ന 21ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്നും ഐ.സി.എ.ഇ.ഡബ്ള്യുവിന്‍െറ പശ്ചിമേഷ്യയിലെ സാമ്പത്തിക ഉള്‍ക്കാഴ്ച റിപ്പോര്‍ട്ടില്‍ (middle east economic insight) നല്‍കുന്ന മുന്നറിയിപ്പ്  ഇതിലേക്കുള്ള സൂചനയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി തരണം ചെയ്യാന്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് ഇത്തരം പരിഷ്കരണങ്ങളും ഇടപെടലുകളും അനിവാര്യമായിരിക്കാം. എന്നാല്‍, അത്തരം പരിഷ്കരണങ്ങള്‍ വിപുലമായ തോതില്‍ മനുഷ്യവിഭവം കയറ്റുമതി ചെയ്യുന്ന സംസ്ഥാനമെന്ന നിലക്ക് കേരളത്തിന്‍െറ സത്വരശ്രദ്ധ അനിവാര്യമാക്കുന്നതാണ്. പ്രവാസിമലയാളികളുടെ അതിജീവനത്തിനുള്ള സാമ്പത്തികവും സേവനാത്മകവുമായ പദ്ധതികള്‍ കണ്ടത്തെുന്നതിനും നടപ്പില്‍വരുത്തുന്നതിനും ഇനിയും സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ തകരുന്നത് പ്രവാസികളുടെ ജീവിതം മാത്രമല്ല; കേരളത്തിന്‍െറ സാമ്പത്തികവും സാമൂഹികവുമായ നിലനില്‍പുകൂടി ആയിരിക്കും.

കേരളത്തിലെ പ്രവാസികാര്യം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കരങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നത് പ്രവാസികള്‍ക്ക് പുതിയ പ്രത്യാശ നല്‍കുന്ന സംഗതിയാണ്. അധികാരമേറ്റെടുത്ത ശേഷം പ്രവാസി പ്രശ്നങ്ങളെ മനസ്സിലാക്കാനും പരിഹരിക്കാനും പ്രവാസികാര്യനിയമസഭാ സമിതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നുവെന്നതുതന്നെ അദ്ദേഹത്തിന്‍െറ ശ്രദ്ധ പ്രവാസികളിലുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതാണ്. പ്രവാസികളുടെ നിരന്തര ആവശ്യമായിരുന്ന നോര്‍ക്കയുടെ അംഗത്വ വിഷയം, ക്ഷേമനിധി അപേക്ഷ തുടങ്ങിയവ ലളിതമാക്കാനും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കാനുമുള്ള  തീരുമാനവും ശുഭകരമായ തുടക്കമാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമം പ്രവാസി സമൂഹത്തില്‍ നടത്തിയ കാമ്പയിനിലെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. 

അഞ്ചര പതിറ്റാണ്ടിലധികമുള്ള ഗള്‍ഫ് മലയാളി  പ്രവാസജീവിതത്തില്‍ പ്രതിസന്ധി കനക്കുന്ന ഈ ഘട്ടത്തില്‍ അതിജീവനത്തിന്‍െറ സമഗ്രമായ പദ്ധതിയും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക സംഘം ഗള്‍ഫ് മേഖല സന്ദര്‍ശിക്കുന്നത് പ്രവാസ സമൂഹത്തിന് നല്‍കുന്ന ശുഭാപ്തിയും പ്രത്യാശയും അപരിമേയമായിരിക്കും.

Tags:    
News Summary - kerala govt considering pravasi issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT