യാത്രച്ചെലവേറുമ്പോൾ ജീവിത വേഗം കുറയും, ഭാരം കൂടും

ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനസാമഗ്രികളിലും വിലക്കയറ്റം വ്യാധികണക്കെ പടരുന്നതിനിടയിലാണ് സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ മേയ് ഒന്നു മുതൽ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. യാത്രച്ചെലവേറുന്നത് സാധാരണജനങ്ങളുടെ ജീവിതപ്രാരബ്ധത്തെ സങ്കീർണമാക്കുമെന്ന് പറയാനില്ല. എന്നാൽ, ഇന്ധനച്ചെലവിന്‍റെ ക്രമാതീതമായ വർധനയും സ്പെയർപാർട്സ് വിലയിലെ കുതിച്ചുചാട്ടവും നിമിത്തം നിരക്ക് വർധനയല്ലാതെ വേറെ പരിഹാരമില്ലെന്ന വാദമാണ് കെ.എസ്.ആർ.ടി.സിയും സ്വകാര്യവാഹന ഉടമകളുടെ സംഘങ്ങളും ഏകസ്വരത്തിൽ ഉന്നയിക്കുന്നത്.

സർക്കാറാകട്ടെ, ആ ആവശ്യത്തോട് നേരത്തേ അനുകമ്പ പ്രകടിപ്പിക്കുകയും നിരക്കുകൾ നവീകരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശിപാർശകൾ അംഗീകരിച്ചാണ് മന്ത്രിസഭ പുതിയ നിരക്കുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഒപ്പം, സ്വകാര്യ ബസ് അസോസിയേഷനുകളുടെ ആവശ്യം പരിഗണിച്ച് വിദ്യാർഥികളുടെ യാത്രനിരക്ക് സംബന്ധിച്ച് പഠിക്കുന്നതിന് ഒരു കമീഷനെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്.

ഇന്ധനവില വർധിക്കുമ്പോഴെല്ലാം നിരക്കുകൾ വർധിപ്പിക്കുന്ന രീതി നമ്മുടെ പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുകയാണോ അതോ, നശിപ്പിക്കുകയാണോ ചെയ്യുക? പൊതുഗതാഗതത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഇതു മാത്രമാണോ ശരിയായ പരിഹാരം? മറ്റുവഴികൾ മുന്നിലുണ്ടോ? ഇപ്പോൾതന്നെ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് യാത്രക്ക് നൽകുന്ന കേരളം ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തിയേ പറ്റൂ. പുതിയ വർധനയോടെ യാത്രക്കാർ കിലോമീറ്ററിന് 100 പൈസ മുതൽ 250 പൈസവരെ നൽകണം.

കോവിഡ് കാലത്ത് നടപ്പാക്കിയ ചുരുങ്ങിയ സഞ്ചാരദൂരത്തെ (2.5 കിലോമീറ്റർ) സ്ഥിരപ്പെടുത്തുകയും ഫെയർസ്റ്റേജ് അപാകം നിലനിൽക്കുകയും ചെയ്യുന്നതോടെ ഹ്രസ്വയാത്രക്കാരുടെ ചാർജ് വർധന അസഹ്യമാകും. മേയ് മുതൽ 10 കിലോമീറ്റർ യാത്രക്ക് 18 രൂപ നൽകണം. കിലോമീറ്റർ നിരക്ക് 100ന് പകരം ഇവിടെ 180 പൈസയായി മാറുന്നു. 2018ൽ ഓർഡിനറി ബസുകളിൽ 12 രൂപ നൽകി യാത്രചെയ്തയാൾ ഇനി 18 രൂപ നൽകണം. 19 രൂപക്ക് യാത്രചെയ്തിരുന്ന ദൂരം താണ്ടാൻ ഇനി നൽകേണ്ടത് 28 രൂപ. ചുരുക്കത്തിൽ 12 കി.മീറ്ററിൽ താഴെ ദൂരത്തിൽ സഞ്ചരിക്കുന്ന 70 ശതമാനത്തിലധികം വരുന്ന ബസ് യാത്രക്കാരാണ് നിരക്ക് വർധനയുടെ അമിതഭാരം വഹിക്കേണ്ടിവരുക. പങ്കാളിത്ത ഇരുചക്രവാഹനങ്ങളോ കാറുകളോ തെരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ ബസ് യാത്രയേക്കാൾ അവർക്ക് ലാഭകരമാകുക അതായിരിക്കും. ഇലക്ട്രിക് വാഹനങ്ങളാണെങ്കിൽ വീണ്ടും ചെലവ് കുറയും.

അയുക്തികമായ നിരക്ക് വർധനകൾ ആത്യന്തികമായി പൊതുഗതാഗത സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് ഇടയാക്കുക. രണ്ട് പതിറ്റാണ്ടു മുമ്പ് 30,000ത്തിലധികം ബസുകൾ ഓടിക്കൊണ്ടിരുന്ന സംസ്ഥാനത്ത് നിലവിൽ സ്വകാര്യ ബസുകൾ 7000ത്തിനും 15000ത്തിനും ഇടയിലെന്നാണ് പറയപ്പെടുന്നത്. അതിൽ തന്നെ 4500ലധികം ബസുകളും കട്ടപ്പുറത്തുമാണ്. സർക്കാർ ബസുകളാകട്ടെ 3500ന് അടുത്തും.

പൊതുവാഹനങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇതേ കാലയളവിൽ സ്വകാര്യ വാഹനങ്ങളുടെ വളർച്ച വിസ്മയാവഹമാണ്. 2001ൽ കാറുകളും ഇരുചക്രവാഹനങ്ങളും 21,11,855 ആയിരുന്നെങ്കിൽ 2021ലെത്തുമ്പോൾ അവ ഒരുകോടി നാൽപത്തിയെട്ട് ലക്ഷത്തിലധികമായിരിക്കുന്നു. അതായത് 2001 മുതൽ കൃത്യമായ ഇടവേളകളിൽ നടപ്പാക്കിയ നിരക്ക് വർധനവ് പൊതുഗതാഗതത്തെ സഹായിച്ചില്ലെന്നു മാത്രമല്ല, ജനങ്ങൾ അവ ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളെ കൂടുതൽ ആശ്രയിക്കാൻ പ്രേരണയായി എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

എന്നിട്ടും പൊതുഗതാഗത രക്ഷക്ക് നിരക്ക് വർധന എന്ന ഏകമന്ത്രം ഉരുവിടുന്ന സർക്കാർ ഒരേ സമയം പൊതുഗതാഗതത്തെ ആത്മഹത്യയിലേക്ക് നയിക്കുകയും സാധാരണക്കാരെ അമിതച്ചെലവിന്‍റെ കെടുതി വഹിക്കാൻ നിർബന്ധിതമാക്കുകയും ചെയ്യുകയാണ്. പൊതുഗതാഗതം നിലനിർത്താൻ ജനങ്ങൾ വഹിക്കുന്ന ഭാരത്തിന്‍റെ ഞെട്ടിക്കുന്ന ചിത്രം പൂർണമാകുക ബജറ്റുകളിൽ കെ.എസ്.ആർ.ടി.സിക്ക് നീക്കിവെക്കുന്ന കോടിക്കണക്കിനു രൂപകൂടി കണക്കിലെടുക്കുമ്പോഴാണ്.

നമ്മുടെ ഗതാഗതനയം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഈ നിരക്ക് വർധന ഒരിക്കൽക്കൂടി ഓർമപ്പെടുത്തുകയാണ്. പൊതുഗതാഗത സംവിധാനം ലാഭാധിഷ്ഠിത വ്യവസായമായല്ല, ലാഭം ഉൽപാദിപ്പിക്കാൻ സാധ്യതയുള്ള സേവനമേഖലയായാണ് സർക്കാർ പരിഗണിേക്കണ്ടത്. ലാഭമില്ലെങ്കിലും മറ്റു പല പരിഗണനകളും വെച്ച് നിർബന്ധമായും നിലനിർത്തേണ്ട സേവന മേഖല. എത്രയും വേഗം കാർബൺ ന്യൂട്രലിലേക്ക് സഞ്ചരിക്കേണ്ട സംസ്ഥാനത്തിന്‍റെ മുൻഗണനകളിൽ വളരെ അനിവാര്യവുമാണ് സജീവവും വ്യാപകവുമായ പൊതുഗതാഗതം എന്നത്.

അതിലേക്ക് ജനങ്ങളെ ആകർഷിക്കണമെങ്കിൽ യുക്തിസഹമായ നിരക്കുകളും സൗകര്യപ്രദമായ സഞ്ചാരസംസ്കാരവും വേണ്ടതുണ്ട്. സ്വകാര്യ പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ റോഡ് ടാക്സുകളിലെ ഇളവുകളടക്കമുള്ള ധാരാളം മാർഗങ്ങൾ ആലോചിക്കാൻ സർക്കാർ സന്നദ്ധമാകണം. പൊതുയാത്രാ വാഹനങ്ങളിൽ ഇലക്ട്രിക്, പ്രകൃതി വാതക ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നത് ഒരേസമയം ഇന്ധനച്ചെലവ് കുറക്കാനും പ്രകൃതിസംരക്ഷണത്തിനും പ്രയോജനപ്പെടും. ചുരുങ്ങിയപക്ഷം, കഴിഞ്ഞ 11 വർഷമായി വിലവർധനയല്ലാതെ പൊതുഗതാഗതത്തെ രക്ഷിക്കാൻ ഒരു പരിഹാരവും നിർദേശിക്കാത്ത ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ പിരിച്ചുവിട്ട് ആ ചെലവ് ലാഭിക്കാനെങ്കിലും സർക്കാർ തയാറാകേണ്ടതാണ്.

Tags:    
News Summary - Life travel slows down and weight gain increases as travel costs increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT