സിൽക്യാര നൽകുന്ന സിഗ്നൽ

ഉത്തര കാശിയിലെ സിൽക്യാരയിൽ തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം 11 ദിവസങ്ങൾക്കിപ്പുറവും തുടരുകയാണ്. അപകടമുണ്ടായ നവംബർ 12ന് രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം വിജയത്തോടടുക്കുന്നുവെന്നാണ് വാർത്തകൾ. വെല്ലുവിളികൾ നിറഞ്ഞതാണ് ഓരോ രക്ഷാപ്രവർത്തനവും. പാളിച്ചപറ്റിയാൽ അപകടത്തിൽ പെട്ടവർ മാത്രമല്ല, രക്ഷാപ്രവർത്തകരുടെയും സുരക്ഷയെ ബാധിക്കുമെന്നുറപ്പ്. ഈ പർവതമേഖലയിൽ രക്ഷാപ്രവർത്തകർ നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളായിരുന്നു. എന്നാൽ, പത്തോളം വിദഗ്ധ വിഭാഗങ്ങളും അന്താരാഷ്ട്ര സംഘടനകളിലെ വിദഗ്ധരും കൈകോർത്ത് ഇറങ്ങിയാണ് തടസ്സങ്ങളെ തരണംചെയ്യുന്നത്. തൊഴിലാളികൾക്ക് ജീവന്റെ പുതുവെളിച്ചം പകരാൻ പരിശ്രമിക്കുന്ന രക്ഷാപ്രവർത്തകർക്കൊപ്പം രാജ്യത്തിന്റെ പ്രാർഥനകളും ആശിസുകളുമുണ്ട്.

ഇത്ര വലിയതോതിലുള്ള, ദിവസങ്ങൾ നീണ്ട ഒരു രക്ഷാപ്രവർത്തനം നമ്മുടെ രാജ്യത്ത് അസാധാരണമാണ്. ആകയാൽതന്നെ ഈ ദൗത്യം എത്രമാത്രം വിജയകരമാവുമെന്ന കടുത്ത ആശങ്കയിലായിരുന്നു രാജ്യം. ദൗത്യസംഘത്തിന്റെ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ തുരങ്കം നിർമിക്കുന്ന മലയിലെ താരതമ്യേന ബലംകുറഞ്ഞ പാറകൾ കൂടുതൽ തകർന്നത് ആശങ്ക വർധിപ്പിച്ചു. നിർമാണത്തിന്റെ ഭാഗമായ, തുരങ്കത്തിൽ കുടുങ്ങിയ ഇരുമ്പുപാളികൾ പല തവണ മുറിച്ചുനീക്കേണ്ടിവന്നതും രക്ഷാപ്രവർത്തകർ ലക്ഷ്യത്തിലേക്കെത്തുന്നത് വൈകിപ്പിച്ചു.

ഈ മാസം 12ന് പുലർച്ചെയാണ് ബ്രഹ്‌മഖൽ-യമുനോത്രി ഹൈവേയിൽ നിർമാണത്തിലിരുന്ന സിൽക്യാര-ദണ്ഡൽഗാവ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് തൊഴിലാളികൾ അപകടത്തിൽപെട്ടത്. കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ ചാർധാം പദ്ധതിയുടെ ഭാഗമാണ് റോഡ് നിർമാണം. ടണൽ പൂർത്തിയായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രി ധാമിലേക്കുള്ള ദൂരം വലിയതോതിൽ കുറയുമെന്നതാണ് തുരങ്കത്തിന്റെ നേട്ടം. കൊങ്കൺപാതയിലും കേരളത്തിലെ കുതിരാനിലുമുൾപ്പെടെ രാജ്യത്ത് മുമ്പും വലിയതോതിലുള്ള ടണലുകൾ ഏറെ നിർമിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടണലായ അടൽ ടണലും മറ്റൊരുദാഹരണം. എന്നാൽ, സിൽക്യാരയിലെ ദുരന്തം സമാനതകളില്ലാത്തതായിരുന്നു. പരിസ്ഥിതിലോലമായ ഹിമാലയത്തിൽ ഒരു തത്ത്വദീക്ഷയുമില്ലാതെ നടത്തുന്ന വൻതോതിലുള്ള നിർമാണങ്ങളാണ് ഇതിനു കാരണമായത്. പർവതംതന്നെ താഴേക്ക് അമരുകയായിരുന്നു എന്നാണ് പറയുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലും പരിസരങ്ങളിലും വിചിത്ര പ്രതിഭാസംമൂലം ഭൂമി ഇടിഞ്ഞുതാഴ്ന്നും വിള്ളൽ വീണും നിരവധി വീടുകൾ അപകടാവസ്ഥയിലായതിനെ തുടർന്ന് 600ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ട് അധിക കാലമായിട്ടില്ല. നിരവധി കെട്ടിടങ്ങളാണ് ഈ പ്രതിഭാസംമൂലം ഉപേക്ഷിക്കേണ്ടിവന്നത്. സിൽക്യാര അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർമാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത് സ്വാഗതാർഹമാണ്. ഒരു അപകടമുണ്ടായാൽ മാത്രം നടത്തേണ്ടതല്ല ഇത്തരം പരിശോധനകൾ. പരിസ്ഥിതിയെ അലോസരപ്പെടുത്താത്ത നിയന്ത്രിത വികസനം എന്ന രീതി പാലിച്ചേ തീരൂ.

ഭൂഗർഭ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളിൽ ഇനിയും വളർച്ച മുഴുവനായിട്ടില്ലാത്ത, ഉറച്ച പാറകളില്ലാത്ത പർവതമാണ് ഹിമാലയം. അവിടെ തുരക്കുമ്പോഴും മറ്റു വികസനപ്രവർത്തനങ്ങൾ നടത്തുമ്പോഴും അതീവ സൂക്ഷ്മത വേണമെന്ന് വളരെ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ച് ഏറെ പഠനങ്ങളുമുണ്ട്. എന്നാൽ, വികസനത്തിന്റെ പേരിൽ ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയതോതിലുള്ള നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ നിർമാണപ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങൾ തള്ളുന്നതും ഹിമാലയൻ താഴ്വരകളിലാണ്. താഴ്വരകളിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കങ്ങൾ നദീതടത്തിൽ തള്ളുന്ന അവശിഷ്ടങ്ങളുടെ തുടർച്ചയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

41 തൊഴിലാളികളെ രക്ഷിക്കാൻ 11 ദിവസങ്ങൾ എടുത്ത് നടത്തുന്ന രക്ഷാപ്രവർത്തനം ചരിത്രംകൂടിയാണ്. മുമ്പ് തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട 12 കുട്ടികളെയും ഫുട്ബാൾ കോച്ചിനെയും 17 ദിവസങ്ങൾക്കുശേഷം പുറത്തെത്തിച്ചതും ആമസോൺ വനാന്തരങ്ങളിൽ 11 മാസം മുതൽ 12 വയസ്സുവരെയുള്ള നാലു കുരുന്നുകളുടെ 40 ദിവസങ്ങൾ നീണ്ട അതിജീവനവും ചരിത്രമാണ്. ആ കൂട്ടത്തിലേക്ക് സിൽക്യാര രക്ഷാദൗത്യവും അഭിമാനപൂർവം എഴുതിച്ചേർക്കാൻ കഴിയട്ടെ.

ഓരോ പ്രകൃതിദുരന്തവും ഓർമപ്പെടുത്തലാണ്. അടുത്തൊരു ദുരന്തം വരുന്നതിനുമുമ്പ് നിങ്ങൾ ചെയ്തുകൂട്ടുന്നതിനെ സംബന്ധിച്ച് ഒന്നുകൂടി ചിന്തിക്കൂ, വിലയിരുത്തൂ എന്ന മുന്നറിയിപ്പ്. പുരോഗതിക്കും വികസനത്തിനും അത്യാവശ്യമായത് ചെയ്യാതിരിക്കാനാവില്ല. എന്നാൽ, ഒഴിവാക്കാവുന്നത്, ബദൽ മാർഗങ്ങൾക്ക് സാധ്യതയുള്ളത് എന്നിവ ആ രീതിയിൽ കൈകാര്യംചെയ്യപ്പെടണം. അതിന് ഭരണകൂടങ്ങൾ ജാഗ്രത കാണിക്കണമെന്ന സന്ദേശംകൂടിയായി ഈ ദുരന്തത്തെയും അതിന്റെ അഭിമാനകരമായ അതിജീവനത്തെയും കാണാനാവേണ്ടതുണ്ട്.

Tags:    
News Summary - Madhyamam ediorial on Tunnel rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT