ഫെഡറലിസത്തിന്റെ പരിധികളെക്കുറിച്ച് അഭിപ്രായഭിന്നതയുണ്ടാകാമെങ്കിലും നിർണിത വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിയമനിർമാണത്തിനും വൈവിധ്യങ്ങൾക്കും അവസരം നൽകുന്ന നിലയിൽ ഇന്ത്യയുടെ ഫെഡറൽ ഭാവങ്ങൾ നിർവചിതമാണ്. അധികാരപരിധിയുടെ മൂന്ന് പട്ടികകൾ-യൂനിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്-ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ കൃത്യമായി നിർണയിക്കപ്പെട്ടിരിക്കുന്നു. ഇതുകാരണം പരിധികളുടെ കാര്യത്തിൽ കേന്ദ്രഭരണവും സംസ്ഥാനങ്ങളും തമ്മിൽ തർക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും സാധ്യത കുറവാണെന്നുപറയാം.
എന്നാൽ, ഈ സന്തുലനത്തിന് കേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങൾ കാരണം ഊനം തട്ടുന്ന പ്രവണതകൾ ഉയർന്നുവരുന്നുണ്ടെന്നതും സത്യമാണ്. ഉദാഹരണത്തിന്, ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ വിഷയമാണ്. എന്നാൽ, അന്തർസംസ്ഥാന കുറ്റങ്ങൾക്കും, ദേശീയതലത്തിലും ചിലപ്പോൾ അന്തർദേശീയ തലത്തിലുമുള്ള ഭീകരപ്രവർത്തനങ്ങൾ തടയാനുമായി, ഒന്നാം യു.പി.എ ഭരണകാലത്ത് പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആക്ട് പാർലമെന്റിൽ പാസാക്കി നിലവിൽവന്നു. 2008ലെ മുംബൈ സായുധാക്രമണത്തിന്റെയും നക്സൽ ഭീഷണിയുടെയും പശ്ചാത്തലത്തിലായിരുന്നു അതെങ്കിലും ദേശസുരക്ഷ, രാഷ്ട്രത്തിന്റെ പരമാധികാരം, അഖണ്ഡത എന്നിവയെ ഹനിക്കുന്നതോ, ഒന്നിലധികം സംസ്ഥാനങ്ങളിൽ പരന്നുകിടക്കുന്നതോ യു.എ.പി.എ നിയമമനുസരിച്ചുള്ളതോ ആയ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യമായിരുന്നു മുഖ്യം.
എൻ.ഐ.എ സ്റ്റേറ്റ് ലിസ്റ്റിലെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിനെക്കുറിച്ച് നിയമവൃത്തങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും-കോടതിയിൽ വന്ന ചില കേസുകൾ ഉൾപ്പെടെ- കേന്ദ്രസർക്കാർ കൂടുതൽ അധികാരം കൈയടക്കുകയും സംസ്ഥാനങ്ങളുടെ അപേക്ഷയോ അറിവോ സമ്മതമോ ഇല്ലാതെ കേസുകളുമായി എൻ.ഐ.എ മുന്നോട്ടുപോവുന്ന സ്ഥിതി വരുകയും ചെയ്തു. അതിനിടയിൽ 2019ലെ നിയമഭേദഗതികൾ വഴി എൻ.ഐ.എക്കു വിപുലമായ അധികാരങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തോടെ ലഭിച്ചു. ഏറ്റവും അവസാനം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്, 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻ.ഐ.എക്ക് കാര്യാലയങ്ങളുണ്ടാകുമെന്നാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈയിടെ സംഘടിപ്പിച്ച സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പല കുറ്റകൃത്യങ്ങളും പരാമർശിച്ച കൂട്ടത്തിൽ സംസ്ഥാനങ്ങൾക്ക് പൊതുവായ നിയമ സമാധാന നയം ഉണ്ടാവണമെന്നും അമിത് ഷാ സൂചിപ്പിച്ചു. ഒറ്റ രാഷ്ട്രം, ഒറ്റ യൂനിഫോം എന്ന ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞുവെച്ചു. മൊത്തത്തിൽ ഒറ്റ രാഷ്ട്രം എന്ന സങ്കല്പത്തിൽ പലതും പൊതുവായും ഏകരൂപത്തിലും വേണമെന്ന ആശയത്തിൽ സംസ്ഥാനങ്ങൾ വ്യത്യസ്തമാവുന്നതിനോട് അസഹിഷ്ണുത പ്രതിഫലിക്കുന്നതുകാണാം. ഇതിനുപുറമെ ജി.എസ്.ടി നിലവിൽ വന്നശേഷം, വിശിഷ്യാ കോവിഡ് കാലത്തെ ശോഷിച്ച നികുതി വരുമാന ഘട്ടത്തിൽ, സംസ്ഥാനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലായിരുന്നു കേന്ദ്ര നടപടികൾ. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ടിയിരുന്ന തുക വെച്ചുതാമസിപ്പിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കി. കൂടാതെ, പുതുതായി ചുമത്തിയ പല അധിക നികുതികളും സെസ് ഇനത്തിൽ പെടുത്തിയതുകൊണ്ട് വ്യവസ്ഥയനുസരിച്ച് സെസിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കാതായി.
വിദ്യാഭ്യാസ മേഖലയിൽ 1986ലെ നയത്തിൽനിന്ന് വ്യത്യസ്തമായി 2021ലെ നയത്തിൽ ഘടനയും സംവിധാനങ്ങളും ഏകപക്ഷീയമായി നിഷ്കർഷിക്കുന്ന രീതിയാണുള്ളത്. കൺകറൻറ് ലിസ്റ്റിലാണ് എന്ന കാരണത്താൽ മാത്രം രാജ്യം മുഴുവൻ ഒരേ രീതിയിലാകണമെന്നും സംസ്ഥാനങ്ങൾക്കൊരു പങ്കുമില്ലെന്നും ഫലത്തിൽ സിദ്ധാന്തിക്കുകയാണ്. ഇതിനു പുറമെ യു.ജി.സി എന്ന കേന്ദ്ര സംവിധാനത്തിന്റെ ലക്ഷ്യംതന്നെ വഴിമാറുകയാണ്. കേന്ദ്ര ഫണ്ടിങ്ങും അഭിവൃദ്ധി പദ്ധതികളും ഗുണനിലവാരം ഉറപ്പുവരുത്തലും എന്നതിൽനിന്ന് സർവകലാശാല വി.സിമാരുടെ കുഞ്ചികസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാറിന്റെ ഇഷ്ടക്കാരെ ഇരുത്തുന്നതായി മാറുന്നതാണ് കാണുന്നത്.
ഒരു പ്രദേശത്തെ മാത്രം സംസാര ഭാഷയായ ഹിന്ദിയെ ഇന്ത്യയുടെ ദേശീയ- ഔദ്യോഗിക ഭാഷയായി ഉയർത്താനുള്ള ശ്രമങ്ങളും ഇതിനിടയിൽ നടക്കുന്നു. പ്രാദേശിക ഭാഷകൾ വികസിക്കണമെന്ന മേമ്പൊടി ചേർത്തുകൊണ്ടാണെങ്കിലും, ഇംഗ്ലീഷിനുപകരം ബന്ധ ഭാഷയായി വാഴിച്ച് ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലയിലെ ജനവിഭാഗത്തിന് മേൽക്കൈ നൽകുംവിധം ഹിന്ദിയെ അവരോധിക്കുന്നത് ഹിന്ദിയിതര സംസ്ഥാനങ്ങളെ അന്യവത്കരിക്കുന്നതിലേക്ക് മാത്രമേ നയിക്കൂ. അതാവാം നിലവിലെ കേന്ദ്രഭരണം ആഗ്രഹിക്കുന്നതും. എന്നാൽ, ഇപ്പറഞ്ഞ ഒന്നും സുഗമമായ ഫെഡറൽ സംവിധാനത്തിനോ ഉദ്ഗ്രഥിതമായ ഒരു ജനസഞ്ചയത്തിനോ ഉതകുന്നതല്ല എന്നും, ഭാഷ-മത-ജാതി ബഹുത്വമുള്ള രാഷ്ട്രത്തിന്റെ കെട്ടുറപ്പിന് വൈവിധ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള സമീപനമാണ്, മനീഷികൾ അത്യധ്വാനത്തിലൂടെ രചിച്ച ഭരണഘടനയുടെ താൽപര്യമെന്നും ഭരിക്കുന്നവർ എത്രവേഗം മനസ്സിലാക്കുന്നുവോ അത്രയും നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.