റഫാൽ വിമാന ഇടപാടിൽ ഇടനിലക്കാരനും കോഴയും ഇല്ലെന്ന ഫ്രാൻസിലെയും ഇന്ത്യയിലെയും സർക്കാറുകളുടെ അവകാശവാദത്തെ ചോദ്യംചെയ്യുന്നതാണ് ഫ്രാൻസിലെ 'മീഡിയ പാർട്ട്' എന്ന ഓൺലൈൻ ജേണൽ മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട്. അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടിൽ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും ആരോപണവിധേയനായ സുഷേൻ ഗുപ്തയുടെ കമ്പനിക്ക് റഫാൽ കരാർ ഒപ്പിട്ടതിന് പിന്നാലെ ദസോ കമ്പനി 10 ലക്ഷം യൂറോ (എട്ടേമുക്കാൽ കോടി രൂപ) 'സമ്മാന'മായി നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇതോടെ രണ്ടു രാജ്യങ്ങളിലും കാര്യമായ അന്വേഷണമില്ലാതെ ഒതുക്കപ്പെട്ട അഴിമതിയാരോപണത്തിന് പുതുജീവൻ വെക്കുകയാണ്. വ്യക്തമാക്കപ്പെടാതെപോയ നിഗൂഢതകളും പൂർണമായി നീങ്ങാത്ത സംശയങ്ങളും വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. സുഷേൻ ഗുപ്തയും ഫ്രഞ്ച് അധികൃതരും പുതിയ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ചോദ്യങ്ങൾ ബാക്കിയുണ്ട്. മീഡിയ പാർട്ട് അന്വേഷണത്തിൽ കണ്ടെത്തിയതനുസരിച്ച്, ഫ്രഞ്ച് അഴിമതിവിരുദ്ധ ഏജൻസിയായ എ.എഫ്.എ തന്നെ, ഇടനിലക്കാരന് ദസോ നൽകിയ കനത്ത തുകയെപ്പറ്റി സംശയമുയർത്തിയിരുന്നു. അന്ന് കമ്പനി നൽകിയ വിശദീകരണം, റഫാൽ വിമാനത്തിെൻറ 50 വലിയ മാതൃകകൾ നിർമിച്ചതിന് ഇന്ത്യയിലെ സ്ഥാപനത്തിന് നൽകിയതാണ് ആ തുക എന്നത്രെ. എങ്കിൽ അത് എന്തുകൊണ്ടാണ് 'കക്ഷിക്കുള്ള സമ്മാന'മെന്ന് കണക്കിൽ ചേർത്തത് എന്നതിന് മറുപടി ഉണ്ടായില്ല.
വിമാനമാതൃകകൾ ഉണ്ടാക്കിയതായി ഒരു തെളിവും (ഫോട്ടോ പോലും) ഇല്ലതാനും. ഇതൊക്കെയായിട്ടും അത് ഫ്രാൻസിലെ എ.എഫ്.ഐ കേസാക്കാതിരുന്നതും ദുരൂഹമാണെന്ന് മീഡിയ പാർട്ട് പറയുന്നതിൽ കാര്യമുണ്ട്. ഇന്ത്യയിലും റഫാൽ ഇടപാടിനെക്കുറിച്ച് ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഏറെയാണ്. മുൻ സർക്കാർ മോശമല്ലാത്ത നിരക്കിൽ ഉറപ്പിച്ച കരാർ മോദി ഭരണമേറ്റശേഷം മാറ്റിയപ്പോൾ ഇന്ത്യക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി എന്നായിരുന്നു ഒരു ആരോപണം. 2015ൽ മോദി ഫ്രാൻസ് സന്ദർശിക്കുേമ്പാൾ റഫാൽ ചർച്ചചെയ്യുമോ എന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ചിരുന്നു. ഇല്ലെന്നാണ് അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കർ പറഞ്ഞത്. പക്ഷേ, മൂന്നാം നാൾ ഇരു പ്രധാനമന്ത്രിമാരും കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചത് അമ്പരപ്പോടെ രാജ്യം കേട്ടു. ഇന്ത്യയിലെ പ്രതിരോധ വകുപ്പിൽനിന്നുതന്നെ കരാറിലെ വ്യവസ്ഥകളോട് വിയോജിപ്പ് ഉയർന്നതായും കേട്ടിരുന്നു. സുപ്രീംകോടതിയാകട്ടെ വിശദാംശങ്ങളിലേക്ക് പോകാതെ അന്വേഷണാവശ്യം തള്ളി. ആ തീർപ്പിനെതിരായ പരിശോധനാ ഹരജികളും തള്ളി.
റഫാൽ ഇടപാട് പിന്നീടും വാർത്തകളിൽ വന്നത് അതിലെ ദുരൂഹത മൂലമായിരുന്നു. 2016 സെപ്റ്റംബറിൽ ഒപ്പിട്ട കരാർ, 59,000 കോടി രൂപക്ക് 36 റഫാൽ ജെറ്റുകൾ നിർമിച്ചുനൽകുമെന്നതായിരുന്നു. അഴിമതിവിരുദ്ധ വ്യവസ്ഥകൾ കരാറിൽ ഒഴിവാക്കി. വിതരണക്കാർ പകുതി പണം ഇന്ത്യയിൽ ചെലവഴിക്കണമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്തു. അതുവഴി ഇന്ത്യൻ കമ്പനിയായ എച്ച്.എ.എല്ലിന് നൽകാമായിരുന്ന നിർമാണപ്രവൃത്തി, പക്ഷേ അവരെ ഒഴിവാക്കി അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനാണ് നൽകിയത്. ഇന്ത്യൻ സർക്കാർ അങ്ങനെ ആവശ്യപ്പെട്ടതിനാൽ വേറെ നിർവാഹമുണ്ടായില്ലെന്ന്, അന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയായിരുന്ന ഓലൻഡ് പിന്നീട് വെളിപ്പെടുത്തിയതും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ മീഡിയ പാർട്ടിെൻറ അന്വേഷണ റിപ്പോർട്ടിൽ മറ്റൊന്നുകൂടി പറയുന്നുണ്ട്. സുഷേൻ ഗുപ്തക്ക് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് രേഖകൾ ചോർത്തിക്കിട്ടി എന്നതാണത്. മാത്രമല്ല, ഇന്ത്യയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ (ഇ.ഡി) നിന്നുള്ള കേസ്ഫയലുകൾ അവർ റിപ്പോർട്ടിന് ആധാരമാക്കിയിട്ടുമുണ്ട്. ഹെലികോപ്ടർ ഇടപാടിലെ കുറ്റാരോപിതൻ തന്നെയാണ് റഫാൽ ഇടപാടിലും ഇടനിലക്കാരനെന്ന് ഇ.ഡിക്ക് അറിയാമായിരുന്നത്രെ. ഇനിയും വിവരങ്ങൾ പുറത്തുവിടാനുണ്ടെന്നുകൂടി മീഡിയ പാർട്ട് പറയുന്നു.
വെറുമൊരു ഇടപാടിെൻറ മാത്രം പ്രശ്നമല്ല ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ. അവ അടിസ്ഥാനരഹിതമാണെങ്കിൽ അക്കാര്യം വസ്തുതകളുടെ പിൻബലത്തോടെ തെളിയിക്കാൻ സർക്കാറിന് കഴിയണം-മറിച്ചാണെങ്കിൽ, അഴിമതിമുക്ത ഇന്ത്യ എന്ന വാഗ്ദാനത്തിൽനിന്ന് വിപരീതദിശയിലേക്കാണ് മോദി രാജ്യത്തെ നയിക്കുന്നതെന്ന് പറയേണ്ടിവരും. ട്രാൻസ്പെരൻസി ഇൻറർനാഷനൽ ഈയിടെ പ്രസിദ്ധപ്പെടുത്തിയ 'ആഗോള അഴിമതിസൂചിക' ഇന്ത്യയെ അഴിമതിനിറഞ്ഞ രാജ്യമായി വിശേഷിപ്പിക്കുന്നു. റഫാൽ വിഷയത്തിൽതന്നെ, വിവരാവകാശപ്രകാരം ഒരു വിവരവും പുറമേക്ക് ലഭ്യമല്ലെന്നു മാത്രമല്ല, 'രാജ്യരക്ഷ'യുടെ പേരിൽ സുപ്രീംകോടതിപോലും പൂർണ പരിശോധന ഒഴിവാക്കി. ഇടപാടന്വേഷിക്കാൻ ഒരുെമ്പട്ട അലോക്വർമയെ സി.ബി.ഐ ഡയറക്ടർ പദവിയിൽനിന്ന് അർധരാത്രിയിലെ ഉത്തരവുവഴി നീക്കിയതും വിവാദമായിരുന്നു.
റഫാൽ ഇടപാടിൽ അഴിമതി ഒന്നുമില്ലെന്ന് വിധിപറഞ്ഞ സുപ്രീംകോടതി ബെഞ്ചിെൻറ തലവൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ചശേഷം രാജ്യസഭാംഗമായി. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ ശുഷ്കാന്തികാട്ടുന്ന ഇ.ഡി, മീഡിയ പാർട്ടിെൻറ റിപ്പോർട്ട് ശരിയെങ്കിൽ, റഫാൽ ഇടപാടിൽ സംശയിക്കാൻ വകകണ്ടിട്ടും അനങ്ങിയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഉന്നതതലങ്ങളിൽവരെ അഴിമതി നടക്കുന്നു എന്നുമാത്രമല്ല, ഭരണാധികാരികളുടെ കാർമികത്വത്തിൽ അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു എന്നുകൂടിയാണ്. അഴിമതിനിരോധന നിയമങ്ങളും പരിശോധക ഏജൻസികളും ഇല്ലാത്തതല്ല പ്രശ്നം. അവ ആവശ്യത്തിലേറെയാണ്. പക്ഷേ, അവയെപ്പോലും രാഷ്ട്രീയതാൽപര്യങ്ങൾ നോക്കി അഴിമതി സ്വതന്ത്രമായ അന്വേഷണത്തിന് വിധേയമാക്കിയാൽ ഈ പ്രവണതയെ അത്രത്തോളമെങ്കിലും ചെറുക്കാൻ കഴിയും. പക്ഷേ, ആര് അന്വേഷിക്കും? ആര് അന്വേഷിപ്പിക്കും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.