സ്വാതന്ത്ര്യദിന പ്രസംഗങ്ങൾക്ക് ഇന്ന് ഉള്ളടക്കത്തേക്കാൾ പ്രതീകാത്മകതയാണുള്ളത്. പ്രധാനമന്ത്രിമാർ ചെേങ്കാട്ടയിൽ നിന്ന് നടത്തുന്ന പ്രസംഗങ്ങൾ മുമ്പും അവകാശവാദങ്ങളുടെയും ശുഭാപ്തി ചിന്തയുടെയും പട്ടികകളായിരുന്നു. എങ്കിൽപോലും ജനമനസ്സുകളുടെ വികാരവിചാരങ്ങൾ തൊട്ടറിയാനും നേട്ടങ്ങളെപ്പോലെ ജനങ്ങളുടെ ഉള്ളിലെ ആശങ്കകളെകൂടി അഭിസംബോധന ചെയ്യാനും മുമ്പ് പ്രധാനമന്ത്രിമാർ ശ്രമിച്ചുവന്നിരുന്നു. നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളാകട്ടെ വർഷം ചെല്ലുന്തോറും പ്രചാരണ പ്രധാനമാവുകയാണ്. അതുകൊണ്ടുതന്നെ, അത്യുക്തികളും ധാരാളം. ജനങ്ങളുടെ മനസ്സിൽ ഭീതിയായി തീർന്ന അനേകം വിഷയങ്ങളിൽ മൗനം. ഈ വിശ്വാസ്യതക്കമ്മി ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വല്ലാതെ ബാധിച്ചു. രാജ്യം കോവിഡിനെതിരെ ധീരമായി പോരാടിയതായി അറിയിച്ച അദ്ദേഹത്തിന് കുത്തിവെപ്പിലെ മെല്ലെപ്പോക്കിനെക്കുറിച്ചോ ലോക്ഡൗൺ ദുരിതങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ല.
ഒളിമ്പ്യന്മാരുടെ അഭിമാനകരമായ നേട്ടങ്ങൾ എടുത്തുപറഞ്ഞു; പക്ഷേ, കായികമേഖലക്കുള്ള ബജറ്റ് വിഹിതത്തിലെ വെട്ടിക്കുറവ് വിശദീകരിച്ചില്ല. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് പ്രസ്താവിച്ചു; ആ രംഗത്ത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠകളെ സ്പർശിച്ചില്ല. ആശുപത്രികളിൽ ഒാക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കുമെന്നറിയിച്ചപ്പോഴും ഓക്സിജൻ ക്ഷാമം മൂലം മരിച്ചവരെ ഓർത്തില്ല. കർഷകരെ സഹായിക്കാൻ ഉദ്ദേശിക്കുന്നതായി അറിയിച്ചെങ്കിലും മാസങ്ങളായി നടക്കുന്ന കർഷകപ്രക്ഷോഭം അറിഞ്ഞതായിപ്പോലും നടിച്ചില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതിനെപ്പറ്റി പറഞ്ഞു; വർഗീയതയുടെ അഴിഞ്ഞാട്ടത്തെ പരാമർശിച്ചില്ല.
ചൊല്ലും ചെയ്തിയും തമ്മിലുള്ള വിടവിന് നല്ല ഉദാഹരണമാണ്, വാണിജ്യമേഖലയിലും നിത്യജീവിതത്തിലും നിയമങ്ങൾകൊണ്ട് പ്രയാസമല്ല ഉണ്ടാകേണ്ടതെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം. ആ ന്യായമായ നിലപാടിനെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ബിസിനസ് നടത്തിപ്പ് പ്രയാസകരമാക്കുന്ന പഴഞ്ചൻ നിയമങ്ങൾ മാറ്റണം'. എന്നാൽ, ഇ-കോമേഴ്സ് രംഗത്ത് പുതുതായി കൊണ്ടുവരാൻ പോകുന്ന നിയമങ്ങൾ പ്രയാസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയതിനാണത്രെ, ടാറ്റ ഗ്രൂപ്പിനെ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം രൂക്ഷമായി ആക്ഷേപിച്ചത്. ഇത് മോദി അറിഞ്ഞതായി തോന്നിയില്ല. ഇതിനു പുറമെ, വിരുദ്ധോക്തിയുെട മറ്റൊരു മാതൃക കൂടി: ''ജനങ്ങളുടെ ജീവിതത്തിൽ സർക്കാറിന്റെയും സർക്കാർ നടപടിക്രമങ്ങളുടെയും അനാവശ്യ ഇടപെടൽ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു'' എന്നാണ് മോദി പറഞ്ഞത്. ശരിയായ ജനാധിപത്യ നിലപാടുതന്നെ ഇത്. എന്നാൽ, ഇന്ന് കത്തിനിൽക്കുന്ന പെഗസസ് വിവാദം, ഇന്ത്യ ഇന്നോളം കണ്ടതിൽവെച്ച് ഏറ്റവും വ്യാപകവും തീവ്രവും അപകടകരവുമായ തരത്തിൽ സ്വകാര്യ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും ഇടപെടലുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അതേപ്പറ്റി ചർച്ച ചെയ്യാൻപോലും തയാറില്ലാത്ത സർക്കാറിന്റെ തലവനാണ് മോദി. എന്തു തിന്നണം എന്നുപോലും സർക്കാർ തീരുമാനിക്കുന്നു!
ഇന്ത്യൻ ജനാധിപത്യത്തെച്ചൊല്ലി അഭിമാനം കൊള്ളുന്ന പ്രധാനമന്ത്രി ഇന്ന്, പാർലമെൻററി ജനാധിപത്യത്തിനേൽപിച്ച ഗുരുതരമായ ക്ഷതത്തിന്റെ പേരിൽ വിമർശനം നേരിടുകയാണ്. ജനാധിപത്യത്തിൽ ഭരണനിർവഹണ വിഭാഗത്തിന് പരമമായ അധികാരമില്ല. ജുഡീഷ്യറിയുടെയും നിയമനിർമാണസഭകളുടെയും പരിശോധനക്കും തിരുത്തലിനും വിധേയമാണ് അത്. എന്നാൽ, ഈ അധികാര വിഭജന തത്ത്വത്തെ മറികടന്ന് സർക്കാറിൽ എല്ലാം കേന്ദ്രീകരിക്കുന്ന പ്രവണത വന്നിരിക്കുന്നു. പാർലമെൻറിനെ ആദരിക്കാൻ മോദി തയാറല്ല. ജനപ്രതിനിധികളുടെ ശബ്ദത്തിന് ചെവികൊടുക്കുന്നില്ല. ഇപ്പോൾ കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ അദ്ദേഹം ആകെ പങ്കെടുത്തതുതന്നെ ആറേകാൽ മിനിറ്റാണ്. നിയമങ്ങൾ പരിശോധന കൂടാതെ ചുട്ടെടുക്കപ്പെടുന്നുവെന്നു മാത്രമല്ല, അതുപോലും ഏതാനും വ്യക്തികളുടെ മാത്രം അധികാരമെന്ന് വന്നിരിക്കുന്നു. മന്ത്രാലയങ്ങളോ മന്ത്രിമാരോ അറിയാതെ നിയമങ്ങൾ ട്വിറ്റർ വഴി വിളംബരം ചെയ്യപ്പെടുന്നു.
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ധ്യാൻചന്ദിെൻറ പേരിലാക്കിയത് ഇത്തരമൊരു വിളംബരത്തിലൂടെയാണ്. ''പൊതുജനങ്ങളുടെ ആവശ്യ''പ്രകാരമത്രെ ഇത്. ജനങ്ങളുടെ ആവശ്യങ്ങൾ അറിയേണ്ടത് പാർലമെൻറിലൂടെ, സുതാര്യമായിട്ടാണ്. ''വിഭജന ഭയങ്കരതകൾ'' ഓർമിക്കാനുള്ള ദിനത്തെ കുറിച്ചുള്ള തീരുമാനം മാത്രമല്ല, അത് വന്ന വഴിയും ആശങ്കയുണ്ടാക്കണം. സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച മോദി അതിന് നൽകിയ വിശദീകരണം, ''നിരവധി പെൺകുട്ടികൾ പ്രധാനമന്ത്രിയോട് ആഗ്രഹം' പ്രകടിപ്പിച്ചു'' എന്നാണ്. നല്ല തീരുമാനങ്ങൾപോലും സുതാര്യമല്ലാത്ത രീതിയിലല്ലേല്ലാ എടുക്കേണ്ടത്. പാർലമെൻറിൽ നന്നായി ചർച്ച ചെയ്യാതെ ഉണ്ടാക്കുന്ന നിയമങ്ങളെപ്പറ്റി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞതും പ്രസക്തമാണ്. മുമ്പ് എല്ലാ വശങ്ങളും നിശിതമായി പാർലമെൻറ് പരിശോധിച്ചിരുന്നതിനാൽ നിയമങ്ങളെ ശരിയായ അർഥത്തിൽ മനസ്സിലാക്കാൻ കോടതികൾക്ക് കഴിയുമായിരുന്നു എന്നാണ് അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. തട്ടിക്കൂട്ട് നിയമങ്ങളും സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.