യൂനിയൻ സർക്കാർ അടുത്തുതന്നെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ബ്രോഡ്കാസ്റ്റിങ് സർവിസസ് (റെഗുലേഷൻ) ബിൽ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റിയും മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റിയും പുതിയ ആശങ്കകൾ ഉയർത്തിയിരിക്കുന്നു. കഴിഞ്ഞ നവംബറിൽ തയാറാക്കിയ ബില്ലിന്റെ രണ്ടാമത്തെ കരടാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ആദ്യ ഡ്രാഫ്റ്റ് പൊതുചർച്ചക്ക് വെച്ചപ്പോൾ മാധ്യമമേഖല അടക്കം വിവിധ ഭാഗങ്ങളിൽനിന്ന് എതിർപ്പ് വന്നിരുന്നു. രാജ്യത്തെ വാർത്ത, വിനോദ, പ്രക്ഷേപണ മേഖലയിൽ ഭരണകൂടത്തിന് അമിതാധികാരം നൽകുന്നതും മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ പ്രാപ്തവുമായ നിയമമാണ് അതെന്ന് വിലയിരുത്തപ്പെട്ടു. അതിന്റെ പുതുക്കിയ കരടാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളിലും യൂട്യൂബ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വരുന്ന അഭിപ്രായങ്ങൾക്കും ചർച്ചകൾക്കും മീതെ യൂനിയൻ സർക്കാറിന്റെ നിയന്ത്രണം ഉറപ്പുവരുത്തുന്നതാണ് പുതിയ ബിൽ. ഒ.ടി.ടി അടക്കം ഇവയെ മുഴുവൻ ‘ന്യൂസ് ബ്രോഡ്കാസ്റ്റർ’ ഗണത്തിൽ ഉൾപ്പെടുത്തുന്നു നിയമം. അവ അടക്കം മാധ്യമങ്ങളിൽ വരുന്ന വിഡിയോ, ഓഡിയോ, ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങളും ചിത്രങ്ങളും ചിഹ്നങ്ങളും മാത്രമല്ല എഴുത്തുരൂപത്തിലുള്ള ഉള്ളടക്കവും (ടെക്സ്റ്റ്) നിയന്ത്രണത്തിന് വിധേയമാകും.
ഇതിനെപ്പറ്റി ‘ഹിന്ദുസ്ഥാൻ ടൈംസ്’ പ്രസിദ്ധപ്പെടുത്തിയ വാർത്ത അടിസ്ഥാനമാക്കി രാജ്യസഭയിൽ ജവഹർ സർകാർ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടി അവ്യക്തതയും നിഗൂഢതയും വർധിപ്പിക്കാനേ ഉതകിയിട്ടുള്ളൂ. ബിൽ ഇപ്പോഴും തയാറാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും നിയമം ബാധിക്കാൻ പോകുന്നവരുമായി (സ്റ്റേക് ഹോൾഡർമാർ) കൂടിയാലോചനകൾ നടന്നുവരുന്നുണ്ടെന്നും അഭിപ്രായങ്ങളറിയാനായി ബിൽ പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി അറിയിച്ചത്. എന്നാൽ, അത് പൊതുമണ്ഡലത്തിൽ ലഭ്യമല്ല എന്നതാണ് വസ്തുത. സർക്കാർ കൂടിയാലോചന നടത്തുന്ന ‘സ്റ്റേക് ഹോൾഡർമാരി’ൽ ഏറ്റവും പ്രധാനപ്പെട്ടവർ ഡിജിറ്റൽ വേദികളിൽ സജീവമായി ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന യൂട്യൂബർമാരും മറ്റുമാണ്. അവ ശ്രദ്ധിക്കുന്ന പൊതുജനങ്ങളും നിയമബാധിതരിൽ പ്രധാനപ്പെട്ടവർ തന്നെ. ഇവരൊന്നും കൂടിയാലോചനകളിൽ ഉൾപ്പെട്ടിട്ടില്ല-അവർക്കാർക്കും നിയമത്തിന്റെ പുതുക്കിയ ഭാഷ്യത്തെപ്പറ്റി വിവരമേ ഇല്ല. ചർച്ചക്ക് ക്ഷണിക്കപ്പെട്ടവർക്ക് തന്നെയും കരടിന്റെ കോപ്പി ശാസ്ത്രിഭവനിൽ ചെന്ന് കൈപ്പറ്റാനാണ് നിർദേശം-മറ്റാർക്കും അത് കാണിക്കില്ലെന്ന് ഒപ്പിട്ടുകൊടുത്താലേ അത് കിട്ടൂ. ഇത്ര രഹസ്യാത്മകമായി, സർക്കാർ തിരഞ്ഞുപിടിച്ചവരുമായി മാത്രം ബിൽ പങ്കുവെക്കുന്നതിനെ എങ്ങനെയാണ് ‘പൊതുമണ്ഡലത്തിൽ ലഭ്യമാക്കി’ എന്ന് പറയുക?
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ദേശീയ മാധ്യമങ്ങൾ സർക്കാറിനോട് അമിത വിധേയത്വം കാണിച്ച് പൊതുചർച്ചയെ വഴിതെറ്റിക്കാൻ ശ്രമിച്ചപ്പോൾ ജനകീയ വിഷയങ്ങൾ പൊതുമണ്ഡലത്തിലേക്ക് എടുത്തിട്ടതും തെരഞ്ഞെടുപ്പിന്റെ ജനാധിപത്യപരവും ജനപങ്കാളിത്തപരവുമായ സ്വഭാവം പുനഃസ്ഥാപിച്ചതും ഏതാനും യൂട്യൂബർമാർ ഉൾപ്പെടുന്ന സമൂഹമാധ്യമ പ്രവർത്തകരാണ്. തെരഞ്ഞെടുപ്പുകാല സംവാദങ്ങളുടെ ദിശ നിർണയിക്കുന്നതിൽ അവ വഹിച്ച പങ്ക് നിസ്സാരമല്ല. ലോകത്തിലെ ‘ആദ്യത്തെ യൂട്യൂബ് തെരഞ്ഞെടുപ്പെ’ന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിന് പേരുവീണത് അങ്ങനെയാണ്. ജനകീയ വിഷയങ്ങൾ പൊതുചർച്ചയിലെത്തുമ്പോൾ അതിനെ സ്വാഗതം ചെയ്യുകയാണ് യഥാർഥ ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടത്. എന്നാൽ, പാരമ്പര്യ മാധ്യമങ്ങൾക്കുമേൽ സർക്കാർ കൈവരിച്ച നിയന്ത്രണം നിഷ്ഫലമാക്കിയ സമൂഹമാധ്യമങ്ങൾ അധികാരികളുടെ നോട്ടപ്പുള്ളിയാവുകയായിരുന്നു. ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്കിനെപ്പറ്റി ‘ബി.ബി.സി’ ചെയ്ത ഡോക്യുമെന്ററി ഒരു ഉദാഹരണം.‘ബി.ബി.സി’യെ വിലക്കാൻ സർക്കാറിന് കഴിഞ്ഞെങ്കിലും സമൂഹമാധ്യമങ്ങൾ വഴി ആ ഡോക്യുമെന്ററി കൂടുതൽ പ്രചാരം നേടി. തെരഞ്ഞെടുപ്പിൽ വസ്തുതകളും കണക്കും നിരത്തിയുള്ള ആധികാരിക വിഡിയോ അവതരണങ്ങളും ആക്ഷേപഹാസ്യവും പ്രതിപാദനങ്ങളും സാധാരണക്കാരുമായുള്ള ആശയവിനിമയങ്ങളുമായി സമൂഹമാധ്യമങ്ങൾ മുന്നോട്ടുവന്നപ്പോൾ സർക്കാറിന്റെ മറ്റു മാധ്യമ നിയന്ത്രണങ്ങൾ അപ്രസക്തമായി.
വാസ്തവത്തിൽ, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെകൂടിയാണ് നിയന്ത്രണങ്ങൾ വഴി സർക്കാർ നിഷേധിക്കുന്നത്. പുതിയ നിയമം വഴി നേരിടാനുദ്ദേശിക്കുന്ന സാമൂഹിക തിന്മകൾ തടയാൻ നിലവിലെ മറ്റു നിയമങ്ങൾ പര്യാപ്തമാണ്. സമൂഹമാധ്യമങ്ങളിലൂടെ ദ്രോഹകരമായ ഉള്ളടക്കം പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മിക്കവാറുമെല്ലാം സർക്കാർപക്ഷ കേന്ദ്രങ്ങളിൽനിന്നായിരുന്നു-അതിനെതിരെ എടുക്കാവുന്ന നടപടികൾ പലപ്പോഴും എടുത്തതുമില്ല. ഇപ്പോൾ സമൂഹമാധ്യമ ഉള്ളടക്കത്തെ സെൻസർ ചെയ്യാനും നടത്തിപ്പുകാരെക്കൊണ്ടുതന്നെ സ്വയം സെൻസർ ചെയ്യിക്കാനുമാണ് അറിഞ്ഞിടത്തോളം പുതിയ നിയമം പ്രയോജനപ്പെടുക. മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ താഴോട്ട് കുതിക്കുന്ന രാജ്യത്തിന് അത് മറ്റൊരു പതനം കൂടിയാകും. നിയമത്തിന്റെ പുതിയ കരട് മന്ത്രിസഭയുടെ പരിഗണനക്ക് അടുത്തുതന്നെ എത്തുമെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. അതിനുമുമ്പ് അതിന്മേൽ നടക്കേണ്ട പൊതുചർച്ച ഇനിയും നടന്നിട്ടില്ല. പൊതുജനങ്ങളെയോ ബന്ധപ്പെട്ട പ്രധാന ‘സ്റ്റേക് ഹോൾഡർമാരെ’യോ കൂടിയാലോചനകളിൽ പങ്കെടുപ്പിച്ചിട്ടില്ല. സ്വതന്ത്രമായി അഭിപ്രായം പറയുന്നതുപോലും കുറ്റകരമാക്കുന്ന തരത്തിൽ അവ്യക്തമായ നിർവചനങ്ങളും വിയോജിപ്പും വിമർശനവും ഇല്ലാതാക്കാൻ പോന്ന വ്യവസ്ഥകളും ഭയത്തിന്റെ അന്തരീക്ഷമുണ്ടാക്കി ആശയവിനിമയത്തെ അടിച്ചമർത്തുന്ന സ്വഭാവവും അതിനുണ്ടെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. ജനങ്ങളും ജനാധിപത്യ വിശ്വാസികളും ഇടപെടേണ്ട സമയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.